MediaAppUSA

ചര്‍ച്ച് ആക്ടിനെ ക്രിസ്ത്യന്‍സഭകള്‍ എന്തിനാണ് പേടിക്കുന്നത്. ....? (ഉയരുന്ന ശബ്ദം-4)

Published on 29 August, 2020
ചര്‍ച്ച് ആക്ടിനെ ക്രിസ്ത്യന്‍സഭകള്‍ എന്തിനാണ്  പേടിക്കുന്നത്. ....? (ഉയരുന്ന ശബ്ദം-4)
എല്ലാ വഴികളും അടയുമ്പോള്‍ മനുഷ്യര്‍ അഭയം തേടുന്ന ചില കേന്ദ്രങ്ങളുണ്ട്.ദൈവസന്നിധിയും നിയമ ദേവതയുടെ സന്നിധിയും .കേരളത്തില്‍ യാക്കോബായ സഭയിലെ പുരോഹിതര്‍  ആരാധനാസ്വാതന്ത്ര്യം തേടി അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിക്കഴിഞ്ഞു.ഒരു റമ്പാച്ചനെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.തലസ്ഥാനനഗരി ഉള്‍പ്പടെ സമരം വ്യാപിപ്പിക്കാനും നീക്കമുണ്ട്.സ്വര്‍ണ്ണക്കടത്തും സെക്രട്ടേറിയറ്റിലെ തീച്ചൂടിലും നട്ടംതിരിയുന്ന പിണറായ് സര്‍ക്കാറിന് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തലവേദനയാകും  സഭാസമരം.

പോയവാരത്തില്‍ പുറത്താക്കപ്പെട്ട യാക്കോബായ വിശ്വാസികള്‍ക്ക് ആരാധിക്കാന്‍ ഇടമില്ലാതെ ആരുടെയൊക്കയോ കെട്ടിടത്തിലെ താത്കാലിക മദ്ബഹയില്‍ കുര്‍ബ്ബാന അര്‍പ്പിച്ചു.ഇപ്പോള്‍ വിശ്വാസികള്‍ക്ക് ഒന്നു മനസ്സിലായി ഈശ്വരനെ ആരാധിക്കാന്‍ കൊത്തുപണികളുള്ള ദേവാലയങ്ങളും ധാടിമോടികളുമൊന്നും വേണ്ടെന്ന് .പുറംപൂച്ചുകളിലല്ല ഉള്ളിലെ അനുതാപത്തില്‍ പ്രസാദിക്കുന്ന ഈശ്വരസങ്കല്‍പ്പം എത്ര ആശ്വാസദായകമാണ്. മലങ്കര കാത്തലിക് സഭ,ക്‌നാനായ സഭ ,തുടങ്ങിയുള്ള ഇതരസഭകളും ബിജെപിയും സഹായവാഗ്ദാനങ്ങളുമായി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

യാക്കോബായ സഭയാവട്ടെ ആവനാഴിയില്‍നിന്ന്  പുതിയ ആയുധങ്ങള്‍ പുറത്തെടുത്തു തുടങ്ങി.അവയിലൊന്ന് വര്‍ഷിപ്പ് ആക്ട്.അടുത്തത് അല്‍പം കടുപ്പമാണ്-ചര്‍ച്ച് ആക്ട്..രണ്ടും ഇത്തിരി വെട്ടിലാക്കുന്നതാണ്.എന്നു വച്ചാല്‍ മടിയില്‍ കനമുള്ളവന് പേടിക്കേണ്ടിവരുമെന്നു സാരം.

വര്‍ഷിപ്പ് ആക്ട്

1991-ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ആക്ട് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങള്‍ ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞതാണ്.സ്വാതന്ത്ര്യ ലബ്ധി സമയത്തുള്ള ആരാധനാലയങ്ങള്‍ ഒരു   അപ്പീലുകൊണ്ടോ അന്യായം കൊണ്ടോ  മറ്റൊരു വ്യക്തിക്കു കൈമാറാനുള്ള നീക്കത്തെ ആക്ട് നിര്‍വ്വീര്യമാക്കുന്നു.ആക്ട് നടപ്പാക്കുന്നത് സംബന്ധിച്ച് അതാത് സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാം. പള്ളികളില്‍നിന്ന്  ഇടവകജനങ്ങളെ പുറത്താക്കുന്ന നീക്കത്തെ ഈ നിയമത്തിലെ സാധ്യതകള്‍ ഉപയോഗിച്ചുതന്നെ തടയാമെന്ന ശുഭപ്രതീക്ഷയിലാണ് യാക്കോബായ സഭാനേതൃത്വം.

ചര്‍ച്ച് ആക്ടിനെതിരെ ക്രിസ്ത്യന്‍ സഭകളുടെ പടയോട്ടം..

ഓരോ വിഭാഗക്കാരുടെയും വിവിധ സ്രോതസ്സുകളില്‍നിന്നു വരുന്ന സ്വത്തുക്കളും വരുമാനങ്ങളും ചെലവുകളും സുതാര്യമായി പബ്‌ളിക്ക് ഓഡിറ്റിംഗിനു വിധേയമാക്കണമെന്നുള്ള ലക്ഷ്യമാണ് ഈ ബില്ലിന്റെ സുപ്രധാന ധര്‍മ്മം.

2009-ല്‍ അന്നത്തെ കേരള നിയമ പരിഷ്‌കാര ചെയര്‍മാനായിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരാണ്  ചര്‍ച്ച് ആക്ടിന് രൂപം നല്‍കിയത്.സഭയുടെ ട്രസ്റ്റ് ,ഇടവക അംഗങ്ങള്‍ യോഗം ചേര്‍ന്ന്  തിരഞ്ഞെടുക്കുന്നവര്‍  ഭരിക്കുന്ന സംവിധാനമാണ് ഇത്.പക്ഷേ ,ചര്‍ച്ച് ആക്ടിന് കടുത്ത എതിര്‍പ്പാണ് ഇതര സഭകളില്‍നിന്നുയരുന്നത്.കഴിഞ്ഞവര്‍ഷം കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ 2019 എന്ന തലക്കെട്ടില്‍ ബില്ലിന്റെ കരട് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ കെ സി ബി സി ഉള്‍പ്പടെ വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്‍മാരുടെ ഭാഗത്തു നിന്ന് അതിശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.അന്ന് പിന്തുണയുമായി വന്നത് യാക്കോബായ സഭ മാത്രമാണ്.നിയമത്തെ എന്തിനാണ് ഇത്ര എതിര്‍ക്കുന്നതെന്ന് സ്വാഭാവികമായും തോന്നാം.
  പലസ്രോതസ്സുകളില്‍നിന്നായി കുമിഞ്ഞുകൂടുന്ന പണത്തിന്റെയും സ്വത്തുക്കളുടെയും അവകാശത്തിന്റെയും ക്രയവിക്രയങ്ങളുടെയും പേരിലുള്ള തര്‍ക്കങ്ങളും വഴക്കുകളും പൊതുസമൂഹത്തില്‍   അപഹാസ്യമായനിലയിലാണിപ്പോള്‍.ചര്‍ച്ച് ആക്ട് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ വിറളിയെടുക്കുന്നത് കയ്യിലുള്ള പണത്തിന്റെ കണക്ക് പൊതുവില്‍ വെളിപ്പെടുത്തേണ്ടി വരുമോ എന്ന പേടി കൊണ്ടു മാത്രമാണ്. ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ ഒഴികെയുള്ള മതവിഭാഗങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ പാസ്സാക്കിയത് നിലവിലുണ്ട്.
കരടു ബില്ലില്‍  സമുദായത്തിന്റെ നടത്തിപ്പിനെയോ മതസ്വാതന്ത്ര്യത്തെയോ ഹനിക്കുന്ന യാതൊരു വ്യവസ്ഥയും ചേര്‍ക്കപ്പെട്ടിട്ടില്ലെന്ന്  കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ടി.തോമസ് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.മറിച്ചുള്ള എല്ലാ പ്രസ്താവനകളും വിശ്വാസികളെ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയുള്ള പ്രചരണതന്ത്രമാണ്.ക്രൈസ്തവ സഭകള്‍ തമ്മിലും സഭകള്‍ക്കുള്ളിലും മെത്രാന്‍മാര്‍ തമ്മിലും സ്വത്തിന്റെ പേരില്‍ നടത്തുന്ന കലഹവും തമ്മിലടികളും നില്‍ക്കണമെങ്കില്‍ അവരുടെ വരുമാനങ്ങളും സ്വത്തുക്കളും ചെലവുകളുമെല്ലാം ഓഡിറ്റിംഗിനു വിധേയമാക്കണം.

വര്‍ഷങ്ങളായി തകര്‍ത്തുവാരുന്ന കോഴകളുടെ കണക്കുകള്‍ പൊതുജനം അറിയുന്നില്ല.മിക്ക ക്രിസ്ത്യന്‍ സഭകള്‍ക്കും സ്വന്തമായി സ്‌കൂളുകളും കോളേജുകളുമുണ്ട്.കോളജ് -സ്‌കൂള്‍ അധ്യാപകനിയമനത്തിന് വാങ്ങുന്നത് ലക്ഷങ്ങളാണ്.ശമ്പളം നല്‍കുന്നതാവട്ടെ ഗവണ്‍മെന്റും.എത്ര പരിഹാസ്യമാണിത്.പാവപ്പെട്ട വിശ്വാസികളുടെ മക്കള്‍ എത്ര അര്‍ഹതയുള്ളവരാണെങ്കിലും അവര്‍ക്ക് പണമില്ലെങ്കില്‍ ജോലി കൊടുക്കില്ല.പകരം കനത്ത കോഴ കൊടുക്കാന്‍ തയ്യാറായി കാത്തുകെട്ടിക്കിടക്കുന്ന ,താരതമ്യേന അര്‍ഹതയില്ലാത്തവര്‍  ജോലിനേടി കസേര സ്വന്തമാക്കുന്ന കാഴ്ച.പ്യൂണ്‍ ജോലിക്കുപോലും ലക്ഷങ്ങള്‍..   കോളേജ് അഡ്മിഷന് വാങ്ങുന്ന കോഴ,സഭയുടെ ഇതര സ്ഥാപനങ്ങളില്‍നിന്നുള്ള വരുമാനം,ഇടവകജനങ്ങളുടെ കാണിക്ക,സ്‌തോത്രകാഴ്ചകള്‍,മറ്റു ചടങ്ങുകള്‍വഴി കിട്ടുന്ന് നൂറുകൂട്ടം വരുമാനങ്ങള്‍ ..കൈയ്യും കണക്കുമില്ലാത്ത വരവ്.പക്ഷേ പെരുപ്പിച്ച ചിലവുമാത്രം വിശ്വാസികളുടെ മുന്നിലെത്തുന്നു.ഇതിനു മാറ്റം ഉണ്ടാവണം.വിദേശ ഫണ്ടിംഗിന്   കേന്ദ്ര സര്‍ക്കാര്‍ മൂക്കുകയറിട്ടു.അത്രയും ആശ്വാസമായി.
       
ആര്‍ക്കും തുടങ്ങാവുന്ന ചില ന്യൂജന്‍ ക്രിസ്തീയ സഭകളുമുണ്ട്  ചര്‍ച്ച് ആക്ടിനെതിരെ എതിര്‍പ്പുമായി രംഗത്ത്..ആദ്യമഴയില്‍ തകര മുളയ്ക്കുമ്പോലെ തല നീട്ടുന്ന സഭകള്‍.ദിവസം ഏഴും എട്ടും തവണ ചാനലില്‍ പ്രസംഗിക്കുന്ന നേതാക്കളുടെ  വരുമാന സ്രോതസ്സ് പൊതുജനം അറിയുമെന്ന പേടിയാണ് കാരണം.യാതൊരു ഉളിപ്പുമില്ലാതെ ചാനലില്‍ത്തന്നെ അക്കൗണ്ട് നമ്പര്‍ എഴുതിക്കാട്ടി പരസ്യമായ സംഭാവന ചോദിക്കലും കേള്‍ക്കാം. വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്കൊണ്ട് കോടികളുടെ ആസ്തിയുണ്ടാക്കിയവരും നാലും അഞ്ചും വീടുകളും എസ്റ്റേറ്റും മൂന്നോ നാലോ വര്‍ഷംകൊണ്ട് വാങ്ങിക്കൂട്ടിയവരും  ഇക്കൂട്ടത്തിലുണ്ട്.എല്ലാം വിദേശ -സ്വദേശ പിരിവുകളാണ്.വരവു-ചിലവ് കണക്ക് ആര്‍ക്കും കൊടുക്കേണ്ടതില്ല .കാരണം സഭ എന്നു പറഞ്ഞാള്‍ ഒറ്റയാള്‍ പട്ടാളമാണ്.ചെയര്‍മാന്‍ നേതാവ് ,വൈസ്.ചെയര്‍മാന്‍ മരുമകന്‍,സെക്രട്ടറി മകന്‍,പ്രസിഡന്റ് ഭാര്യ,ട്രസ്റ്റി മകള്‍..വിശ്വാസികള്‍ പണം തന്നോണം .എതിര്‍ത്താല്‍ പുറത്ത്.കേരളത്തിലല്ലേ ഇതൊക്കെ നടക്കൂ.പിഴിയാന്‍ പാകത്തിന് നിന്നുകൊടുക്കുന്ന മണ്ടന്‍മാരായ പാവം വിശ്വാസികളുടെ നാടാണ് കേരളം.ചര്‍ച്ച് ആക്ട് പുറത്തുവന്നാല്‍ ഈ നേതാക്കളുടെയെല്ലാം കള്ളി പുറത്താകും.മറിച്ചുള്ള എല്ലാ പ്രസ്താവനകളും വിശ്വാസികളെ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയുള്ള പ്രചരണതന്ത്രമാണ്.

ചര്‍ച്ച് ആക്ടിനെ നഖശിഖാന്തം എതിര്‍ക്കുന്നതും തെരുവിലിറങ്ങി സമരപ്രഘോഷണം നടത്തുന്നതും എന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ അല്ലേ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക