Image

ദേവാസുരം (കവിത : ജോസഫ് നമ്പിമഠം)

Published on 31 August, 2020
ദേവാസുരം (കവിത : ജോസഫ് നമ്പിമഠം)
അസുര ജന്മം ദൈവകല്പിതമാസുര ജയം ക്ഷണികം
സുരജീവിതം ധന്യം, സദ് ജീവിതം മുക്തിമാർഗം
അസുരജയത്തെയതിജീവിക്കും സുരജീവിമോ 
സ്വർഗോപമം, കാലാതിശയം, നിത്യസ്മരണീയം

അസുര ചാപങ്ങൾ മഹാമാരിയായ് മേൽക്കുമേൽ
പതിക്കിലും, ശരപഞ്ജരമായി പൊതിഞ്ഞീടിലും
സുരജീവിതമതിനെ തൃണമായ്  ഗണിക്കും,
കല്ലും പിളർന്നങ്ങുയിർത്തെണീൽക്കും

സുരജീവിതം, പ്രളയമതിൽ മുങ്ങിയൊടുങ്ങീടിലും
കാലമതിൻ ഗർഭത്തിൽ കരുതുമൊരുഭ്രുണമായ്
മന്വന്തരങ്ങൾ കഴിഞ്ഞാലുമതു പൊട്ടിമുളയ്‌ക്കും,
തളിർത്തു കായ്ച്ചു, വന്മരമായി പടരും മണ്ണിൽ

സുരാസുര ജന്മങ്ങളും, ധർമ്മാധർമങ്ങളും 
നന്മ തിന്മകളും, സാത്താനും ദൈവവും,
ജനനവും മരണവും, സ്വർഗ്ഗവും നരകവുമൊക്കെ
യൊരെ നാണയത്തിൻ ഭിന്ന മുഖങ്ങൾ മാത്രം

സൃഷ്ട്ടി സ്ഥിതി സംഹാരങ്ങളാം കഥകളിയരങ്ങിൽ
പച്ചയും കത്തിയും കരിയും താടിയും, മിനുക്കും
മാറിമാറിയണിയുമാട്ടക്കാർ തൻ വേഷപ്പകർച്ചകൾ
മാത്രം, വിഭ്രമിപ്പിക്കും മായികക്കാഴ്ചകൾ മാത്രം

ഇതിലൊന്നിലും ഭ്രമം വേണ്ട, അഴലെഴുകയും വേണ്ട 
കർമം ചെയ്യുക നിരന്തര മന്യുനം ലോഭമെന്യേ
കർമ്മത്തിൻ ഫലം ഭുജിപ്പതില്ല ചിലർ, പക്ഷെ
പിൻതലമുറയതിൻ ഫലം ഭുജിക്കും പുഷ്ടി നേടും നിശ്ചയം.
Join WhatsApp News
Sudhir Panikkaveetil 2020-08-31 13:15:50
ധര്മാധർമ്മങ്ങളുടെ അസന്തുലിതവസ്ഥയിൽ ജീവിതം ഉലയുമ്പോഴും പരിഭ്രമിക്കാതെ കർമ്മം ചെയ്തു മുന്നോട്ടു പോകുക എന്ന സിദ്ധാന്തത്തെ മുറുകെ പിടിക്കയാണ് കവി. ശുഭാപ്തി വിശ്വാസം വായനക്കാരുടെ മനസ്സിൽ നിറച്ച് തരുന്നു കവി. ശ്രീ ജോസഫ് നമ്പിമഠം അമേരിക്കൻ മലയാള സാഹിത്യത്തിലെ ഒരു നിറദീപമാണ്. വായനക്കാർ കുറവായതുകൊണ്ട് അത് കുടത്തിലെ വെളിച്ചം പോലെ ഒതുങ്ങി നിൽക്കുന്നു. പ്രബുദ്ധരായ വായനക്കാർ വരും, ആ ദീപം എങ്ങും പ്രഭ പരത്തുമെന്നു ആശിക്കാം.
Joseph Nambimadam ജോസഫ് നമ്പിമഠം 2020-08-31 14:17:49
വായനയ്‌ക്കും, ആസ്വാദനത്തിനും, നല്ല വാക്കുകൾക്കും നന്ദി സുധിർ പണിക്കവീട്ടിൽ.
Samuel Geevarghese 2020-09-05 15:03:54
Excellent. samgeev
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക