Image

ജാതി ജന്മനാ കിട്ടുന്ന അനുഗ്രഹമോ, ശാപമോ? (എഴുതാപ്പുറങ്ങള്‍ - 68-ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 02 September, 2020
ജാതി ജന്മനാ കിട്ടുന്ന അനുഗ്രഹമോ, ശാപമോ? (എഴുതാപ്പുറങ്ങള്‍ - 68-ജ്യോതിലക്ഷ്മി നമ്പ്യാര്‍)
(ശ്രീ നാരായണ ഗുരുദേവജയന്തി ദിവസം ചില ജാതി ചിന്തകള്‍)

ജാതിയുടെ പേരില്‍ അകലം പാലിക്കുന്ന വിഭാഗങ്ങള്‍ക്ക് എങ്ങനെ ഒരു സമൂഹമാകാന്‍ കഴിയും.? സവര്‍ണ്ണരില്‍ പലരും തൊട്ടുകൂട്ടായ്മയെ എതിര്‍ത്തിരുന്നതായി കാണുന്നുവെങ്കിലും ജാതി വ്യവസ്ഥയെ അനുകൂലിച്ചിരുന്നു. ഹിന്ദുരാജ്യം വേണമെന്ന് അവകാശപ്പെട്ടിരുന്ന സവര്‍ക്കര്‍ പോലും തൊട്ടുകൂടായ്മയെ അനുകൂലിച്ചില്ലെങ്കിലും ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ വിശ്വസിച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം തുല്യ അവകാശങ്ങള്‍ നല്കപ്പെട്ടപ്പോള്‍ താഴ്ന്ന ജാതി എന്ന് മുദ്ര കുത്തിയിരുന്നവര്‍ സാമ്പത്തികമായി ഉയരുകയും ഉയര്‍ന്ന ജാതി എന്ന് അവകാശപ്പെട്ടവര്‍ ക്ഷയിക്കുകയും ചെയ്തു. ഒരു പക്ഷെ സാമ്പത്തികമായ ഈ ഉയര്‍ച്ച-താഴ്ച്ച സവര്‍ണ്ണ വിഭാഗങ്ങളെ അസ്വസ്ഥരാക്കുന്നത് മനസ്സിലാക്കാവുന്നതാണ്. ഹിന്ദുത്വ എന്ന പേരില്‍ വടക്കേ ഇന്ത്യയില്‍ നടക്കുന്ന അശാന്തിക്ക് കാരണവും സവര്‍ണ്ണ വിഭാഗങ്ങളുടെ മനസ്സില്‍ ഉയരുന്ന ഭയാശങ്കകളുടെ പ്രതിഫലനമാണോ? നമുക്കെല്ലാം പരിചിതമായ ഒരു വിശേഷണമുണ്ട്. ''കേരളം ഭ്രാന്താലയം.'' കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണുന്നു.

'Was there ever a sillier thing before in the world than what I saw in Malabar country? The poor Pariah is not allowed to pass through the same street as the high-caste man, but if he changes his name to a hodge-podge English name, it is all right; or to a Mohammedan name, it is all right. What inference would you draw except that these Malabaris are all lunatics, their homes so many lunatic asylums, and that they are to be treated with derision by every race in India until they mend their manners and know better. Shame upon them that such wicked and diabolical customs are allowed; their own children are allowed to die of starvation, but as soon as they take up some other religion they are well fed. There ought to be no more fight between the castes.

ജാതി, ഭാരതത്തിന്റെ ഐക്യത്തിനുമേല്‍ വീണ ഒരു കരിനിഴല്‍ ആണ്. ഈ 2020 ലും നമ്മള്‍ ജാതിയില്‍ നിന്നും വിമുക്തരല്ല. ഗുരുവിനെ കുറിച്ച് ഒരു ലേഖനമെഴുതാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ സവര്‍ണ്ണര്‍ എന്തിനാണ് അവര്‍ണ്ണരെക്കുറിച്ച് എഴുതുന്നത് ചോദിച്ച കുറച്ചുപേരെ സഹതാപത്തോടെ ഓര്‍ക്കുന്നു. പക്ഷെ ആ ചോദ്യത്തില്‍ ഒരു ദുഃഖസത്യമുണ്ട്. ജന്മം കൊണ്ട് കിട്ടുന്ന ജാതിയില്‍ നിന്നും ആരും മോചിതരാകുന്നില്ല. താന്‍ ജനിച്ച മതത്തിന്റെ നന്മ തിന്മകളെ വിലയിരുത്താന്‍ ശ്രമിയ്ക്കാതെ, എല്ലാവരും മനുഷ്യരാണ് എന്ന് ചിന്തിയ്ക്കാതെ, മതമാറ്റം കൊണ്ട് അതിനെ മാറ്റിമറിയ്ക്കാമോ എന്ന് ചിന്തിയ്ക്കുന്ന കുറെ വിഡ്ഢികളായ മനുഷ്യര്‍ ഇന്നും ഈ സമൂഹത്തിലുണ്ട്. നമ്മുടെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എഴുതിയവര്‍ ഇന്നത്തെ ചിന്താഗതി വച്ച് നോക്കുമ്പോള്‍ സവര്‍ണ്ണരല്ല. ദൈവപുത്രനെങ്കിലും യേശുനാഥന്റെ വളര്‍ത്തച്ഛന്‍ ആശാരി (വിശ്വകര്‍മ്മ) വിഭാഗത്തില്‍ പെട്ടവനായിരുന്നു. 

ഭാരതത്തില്‍ ഒരുകാലത്ത് വിശ്വകര്‍മ്മ വിഗത്തില്‍ പെട്ടവരെ ഉന്നത ജാതിയായി കരുതിയിരുന്നു.
വലിയ തോതില്‍ ഈഴവ സമൂഹം കൃസ്താനികള്‍ ആയികൊണ്ടിരിക്കുമ്പോഴാണ് അവര്‍ക്ക് ആത്മീയമായ ധൈര്യവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി ഗുരു അവതരിക്കുന്നത്. നായര്‍ മേല്‍ക്കോയ്മായുടെ തകര്‍ച്ച (The Decline of Nair Dominance,) എന്ന പുസ്തകം എഴുതിയ റോബിന്‍ ജെഫ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ആറ്റിങ്ങല്‍, തിരുവനന്തപുരത്തിനു കൊല്ലത്തിനും ഇടക്കുള്ള സ്ഥലത്ത് ഇരുപത് വര്‍ഷമായി വന്‍തോതില്‍ ഈഴവ വിഭാഗം മതപരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നത് ഗുരുവിന്റെ വരവോടെ നിന്നുപോയി എന്നാണു. ഇത് 1900 ലെ കഥയാണ്. 

അപ്പോള്‍ ഗുരു ജനിച്ചിട്ട് നാല്പത്തിനാല് വര്‍ഷം പിന്നിട്ടിരുന്നു. തിരുവനന്തപുരത്തിനടുത്ത് ഗ്രാമപ്രദേശമായ ചെമ്പഴന്തിയിലാണ് 1856 ആഗസ്റ്റ് 20 ചതയം നക്ഷത്രത്തിലാണ് ഗുരുദേവന്‍ ജനിച്ചതെന്ന് പറയപ്പെടുന്നു.
അന്ന് ഈഴവര്‍ മുതല്‍ താഴെക്കിടയിലുള്ള ജാതികള്‍ക്ക് അമ്പലത്തില്‍ പ്രവേശനമില്ലായിരുന്നു. ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി ഒരു അമ്പലം സ്ഥാപിച്ച്‌കൊണ്ട് ദേവപൂജ കുത്തകയായി വച്ചിരിക്കുന്ന സവര്‍ണ്ണരുടെ കണ്ണ് തുറപ്പിച്ചു. അന്ധവിശ്വാസങ്ങള്‍ ഓരോന്നായി പ്രവര്‍ത്തിയിലൂടെ ഗുരു നീക്കം ചെയ്തുകൊണ്ടിരുന്നു. ഈ പ്രവൃത്തികള്‍ ബ്രാഹ്മണരെ തരം താഴ്ത്തുക എന്ന ഉദ്ദേശത്തിനുവേണ്ടി അല്ലായിരുന്നു. മറിച്ച് മനുഷ്യര്‍ക്കിടയിലുള്ള ഉയര്‍ച്ച താഴ്ചകളെ തുലനാവസ്ഥയില്‍ കൊണ്ടുവരിക എന്നതായിരുന്നു. ബ്രാഹ്മണന്‍ പ്രതിഷ്ഠ നടത്തിയാല്‍ മാത്രമേ ഈശ്വരന്‍ പ്രസാദിക്കു ഈശ്വരന്റെ സാന്നിധ്യമുണ്ടാകു എന്ന് വിശ്വസിച്ചിരുന്നവരെ ഗുരുവിന്റെ ശിവ പ്രതിഷ്ഠ ചിന്തിപ്പിച്ചു. 

ആ പ്രതിഷ്ഠയുടെ നടയില്‍ അദ്ദേഹം ഇങ്ങനെ കൊത്തിവച്ചു.

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരതേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.

എത്രയോ ഉദാത്തമായ ഒരു സന്ദേശമാണ് അദ്ദേഹം മനുഷ്യ രാശിക്ക് നല്‍കുന്നത്. കൂടാതെ മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന സന്ദേശവും ലോകത്തിനു നല്‍കി. ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍വമത സമ്മേളനം വിളിച്ചുകൂട്ടിയതും അദ്ദേഹമായിരുന്നു. അതിന്റെ കാര്യപരിപാടിയില്‍ പറഞ്ഞിരുന്നത് ഈ സമ്മേളനം അറിയാനും അറിയിക്കാനും എന്നായിരുന്നു.

മലയാളം, തമിഴ്, സംസ്‌കൃതം എന്നീ മൂന്നു ഭാഷകള്‍ വശമുണ്ടായിരുന്ന ഗുരുദേവന്‍ ഒരു കവിയും അറുപതോളം (മലയാളത്തിലും തമിഴിലും) പുസ്തകങ്ങളുടെ രചിയിതാവും ആയിരുന്നു. അവര്‍ണരെ സവര്‍ണ്ണരാക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. അവര്‍ണ്ണരായി കഴിയുന്നവരെ ഉന്നതിയിലേക്ക് എത്തിക്കുക എന്നതായിരുന്നു. അതിനായി അദ്ദേഹം പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ - വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനാ കൊണ്ട് ശക്തരാകുക, വ്യവസായം കൊണ്ട് ധനികരാകുക. 

ഗുരുവിനെ കണ്ടശേഷമത്രെ ഗാന്ധിജി ഹരിജന്‍ പത്രം ആരംഭിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഗുരു മനുഷ്യരാശിയെ പഠിച്ചെങ്കിലും മനുഷ്യന്‍ എന്നും ജാതി തിരയുന്ന തിരക്കിലാണ്. ശ്രീ നാരായണ ഗുരുദേവന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാതെ അദ്ദേഹത്തെ ഹിന്ദു സന്യാസിയാക്കാനും ഈഴവ സ്വാമിയാക്കാനും ശ്രമിച്ചത്, അല്ലെങ്കില്‍ ശ്രമിയ്ക്കുന്നത് അദ്ദേഹത്തിന് തത്വങ്ങളെ മനസ്സിലാകാതെ പുറകെ വന്ന ഒരു കൂട്ടം സ്വാര്‍ത്ഥമോഹികളാണ് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ അദ്ദേഹത്തിന്റെ ഉദ്ദേശം, അന്ന് കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥകളാല്‍ മനുഷ്യര്‍ താഴ്ന്നവരെന്നും ഉയര്‍ന്നവരെന്നും രണ്ടു വിഭാഗമായി മാറികൊണ്ടിയ്ക്കെ അതില്‍ നിന്നും ജനതയെ ബോധവത്കരിച്ച് ഒറ്റകെട്ടായി മാറ്റുക എന്ന് മാത്രമായിരുന്നു. മനുഷ്യരാശിയുടെ നന്മയ്ക്കും കെട്ടുറപ്പിനും വേണ്ടി തന്റെ ജീവിതവും, പ്രവര്‍ത്തനങ്ങളും സമര്‍പ്പിച്ച ഇദ്ദേഹത്തെ ഒരു വിഭാഗത്തിന്റേത് മാത്രമാക്കി മാറ്റുന്നത് ഒരുപക്ഷെ ആ മഹാത്മാവിന്റെ ഉദ്ദേശശുദ്ധിയോടു ചെയ്യുന്ന അവജ്ഞത ആയിരിയ്ക്കും.

കേരളം ഒരു കാലത്ത് ജാതിയുടെ ഭ്രാന്താലയം ആയിരുന്നെങ്കിലും, ഇത് അറിവില്ലാഴ്മയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഒരു പരിധിവരെ അത് ഇന്ന് തിരുത്താന്‍ കഴിഞ്ഞു. രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി പറഞ്ഞു പരത്തുന്ന ഉച്ചനീചത്വങ്ങള്‍ ഉണ്ടെങ്കിലും ഇന്ന് മനുഷ്യ മനസ്സില്‍ അത് അത്രകണ്ട് ഇല്ല. ഗുരുദേവന്‍ ഒരു സാമൂഹ്യ പരിഷ് കത്താവ് എന്ന പദവിയാണ് അര്‍ഹിക്കുന്നത്. പലരും അദ്ദേഹത്തെ ദൈവമായി കരുതുന്നുവെന്നത് ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ പ്രകടമാകുന്ന ഒരു ദൗര്‍ബല്യമാണ്. സിന്ധുനദീതട സംസ്‌കാരം തൊട്ട് മനുഷ്യര്‍ക്ക് അറിയാന്‍ കഴിയാത്തതിനെ ഭയക്കുകയും ആരാധിക്കുകയും ചെയ്യുക എന്ന ഒരു പ്രവണത നില നിന്നിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ അഭിവൃദ്ധിക്ക് അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ ഉപകാരപ്രദമായപ്പോള്‍ അവര്‍ അദ്ദേഹത്തെ ദൈവമായി കാണുന്നതില്‍ തെറ്റ് കാണാന്‍ കഴിയില്ല. 

എങ്കിലും അതിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് നിരക്കാത്ത മറ്റൊരു സ്വാര്‍ത്ഥതയാണെന്ന് വിളിയ്ക്കാം.
ശ്രീ നാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ കാലഹരണപ്പെട്ടുപോകാത്ത മഹത്വ്യക്തിത്വങ്ങളെ ഒരു ജാതിയുടെയോ മതത്തിന്റെയോ പേരില്‍ മുദ്രകുത്താതെ അവര്‍ എത്തിപിടിച്ച മാനുഷിക തത്വങ്ങള്‍ക്കൊപ്പം നമ്മുടെ മനസ്സിനെ വളര്‍ത്തിയെടുക്കുവാനുള്ള ശ്രമമായിരിയ്ക്കണം ഇവരുടെ സ്മരണയില്‍ നിന്നും ഉരുത്തിരിയേണ്ടത്.
കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മാറ്റങ്ങളുടെ ശങ്കൊലി മുഴക്കിയ ആരാധ്യനായ ആ മഹാത്മാവിന്റെ ആത്മാവിനു നിത്യശാന്തി നേരാം.
Join WhatsApp News
amerikkan mollakka 2020-09-02 18:36:32
അള്ളാഹു അക്ബർ..നമ്പ്യാർ സാഹിബ ലേഖനം ചെറുതും ബിബരങ്ങൾ ബലുതും ആയിരുന്നു. ഗുരുദേബനെ ഒരു ജാതിയിൽ കെട്ടിയിടുന്നവർ ഇബ്‌ലീസുകളാണ്. നമ്പ്യാർ സാഹിബയുടെ ലേഖനങ്ങൾ ഇമ്മിണി ബല്യ ഒന്നാണ്. ഓണമൊക്കെ അടിച്ചുപൊളിച്ച് കാണുമല്ലോ. ഞമ്മള് ഇക്കൊല്ലം മൂത്ത ബീബിയുടെ കൂടെ നാട്ടിലാണ്. അമേരിക്കയിൽ രണ്ട് ബീവിമാർ ഉള്ളതുകൊണ്ട് ഞമ്മള് മഹാബലിയെപോലെ അബരുടെ നടുവിൽ ഇരുന്നു ഉണ്ണേണ്ടി ബന്നിരുന്നു. മൂത്ത ബീവിയെ ലേഖനം ബായിച്ച് കേൾപ്പിച്ച്. ഓള് കോളേജിൽ ബാദ്ധ്യാര് ആയിരുന്നു.എങ്കിലും ഞമ്മള് ബായിച്ചുകേൾക്കണം. അപ്പൊ സാഹിബ പെരുത്ത് നല്ല ബിഷയങ്ങൾ എയ്‌തുക. ഇങ്ങടെ എയ്തു ബഹു വിശേഷം. അപ്പൊ അസ്സലാമു അലൈക്കും. ഒരു ജാതി ഒരു മതം ഇത് മനുസ്യന്മാര് സമ്മതിക്കോ? മതത്തിന്റെ പേരിൽ കശപിശ ഉണ്ടാക്കുന്നവർ ഇമലയാളിയിൽ ഉണ്ട്. അബ്‌രെക്കുറിച്ച് എയ്തു സാഹിബ...
Sudhir Panikkaveetil 2020-09-02 20:55:56
പലരും പല [പുസ്തകങ്ങളിൽ നിന്നും പകർത്തി എഴുതുന്ന ഗംഭീര ലേഖനത്തെക്കാൾ ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരുടെ മൗലികമായ ആശയങ്ങൾ ഉൾകൊള്ളുന്ന ലേഖനം ശ്രദ്ധേയമായി. ഗുരുവിനെകുറിച്ച് വായിച്ചറിഞ്ഞ വിവരങ്ങൾ സ്വതന്ത്രമായ ചിന്തകളിലൂടെ നോക്കി കാണുമ്പോൾ ലഭിക്കുന്ന ഒരു നേർചിത്രം അവർ വരച്ചുവയ്ക്കുന്നു. ഭാരതീയരെ സംബന്ധിച്ച് ഏതു ജാതിയായാലും അത് അനുഗ്രഹവും ശാപവും ആകാറുണ്ട്. വായനക്കാർക്ക് ചിന്തയുടെ ഒരു തിരി കൊളുത്തികൊടുത്ത് അവരോട് വെളിച്ചം തേടാൻ ഉപദേശിക്കുന്ന ഹൃസ്വ ലേഖനം ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർക്ക് അഭിനന്ദനങ്ങൾ.
കോരസൺ 2020-09-03 00:01:58
ഒരു ജാതി ജാതിത്തിമിരം ബാധിച്ച ഒരു സമൂഹത്തിനു നേർവഴി കാട്ടിയ ഒരു ദീപം. പക്ഷെ എത്ര ഗുരുദേവന്മാർ വന്നാലും മായ്ക്കാനാവാത്ത കനത്തിന്ന് ജാതി തേച്ചുഒട്ടിച്ച ഒരു ജനക്കൂട്ടമാണ് മലയാളികൾ. ഇടക്ക് ഇത്തരം ഓർമ്മപ്പെടുത്തലുകൾ ഉണ്ടാവണം. പാർശ്വൽക്കരിക്കപ്പെട്ട ഒരു ചിന്തയല്ല ഗുരുവിന്റേത്. അത് മലയാളിയുടെ പൊതു സത്വത്തെ ഉണർത്തുന്ന ചാലക ശക്തിയായി നിറയട്ടെ. ഗുരുദേവന്റെ ദീപ്തമായ ഓർമകളെ കോർത്തിണക്കി നല്ല ഒരു ലേഖനം കാഴ്ചവച്ച ജ്യോതിലക്ഷ്മിക്കു അഭിനന്ദനം. - കോരസൺ
prg 2020-09-03 01:50:52
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കായി ആരാധനാലയം ഉണ്ടാക്കി എന്നതിലുപരി വിദ്യ നിഷേധിക്കപെട്ടവർക്ക് വേണ്ടി വിദ്യാലയങ്ങൾ ഉണ്ടാക്കിയുമാണ് സാമൂഹ്യ പരിഷ്കരണത്തിന് തുടക്കം കുറിച്ചത്. മത ഭ്രാന്തൻമാരുടെ കണ്ണുതുറക്കാൻ ഉതകുന്ന ലേഖനത്തിനു അഭിനന്ദനം.
Das 2020-09-04 02:13:06
Thought-provoking, indeed ... Great reading Jyoti !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക