MediaAppUSA

വിധവകളുടെയും അനാഥരുടെയും നാടായി കേരളം മാറുകയാണോ..? ( ഉയരുന്ന ശബ്ദം-5: ജോളി അടിമത്ര)

Published on 04 September, 2020
വിധവകളുടെയും അനാഥരുടെയും നാടായി കേരളം മാറുകയാണോ..? ( ഉയരുന്ന ശബ്ദം-5: ജോളി അടിമത്ര)
സങ്കടക്കാഴ്ചയായി പിഞ്ചു മുഖങ്ങള്‍ വീണ്ടും..ഒന്നേകാല്‍ വയസ്സുള്ള ഐറാദിനീന്‍ എന്ന പെണ്‍കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് വിങ്ങിപ്പൊട്ടുന്ന യുവതി  ,മുഹമ്മദ് ഇസ്ഹാന്‍,മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുരുന്നുകളെ നോക്കി വാവിട്ടുകരയുന്ന അവരുടെ ഉമ്മ..  തിരുവനന്തപുരവും കണ്ണൂരായി മാറുകയാണോ?അനാഥരുടെയും ആശയറ്റവരുടെയും നാടായി ഈ നാടിനെ മാറ്റുന്നവര്‍ ആരാണ്..ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചുമതലപ്പെട്ടവര്‍ പരസ്പരം ചെളിവാരിയെറിയാനുള്ള തിരക്കിലാണ്.തിരുവനന്തപുരം വെഞ്ഞാറമൂട് എന്ന സ്ഥലത്തെ രണ്ടു ചെറുപ്പക്കാരാണ് ഞായറാഴ്ച രാത്രി നടുറോഡില്‍ വെട്ടേറ്റു മരിച്ചത്.24-ഉം 32-ഉം വയസ്സ് മാത്രം പ്രായമുള്ള ഡി വൈഎഫ് ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കള്‍ ശേഷിപ്പിച്ചു കടന്നു പോയത് അനാഥരായ മൂന്നു കുരുന്നുകളെയും രണ്ടു വിധവമാരെയും നാലു മാതാപിതാക്കളെയും .ഇവരുടെ കണ്ണീരിന് മറുപടി നല്‍കാന്‍ ഏതു രാഷ്ട്രീയത്തിന് കഴിയും.വളര്‍ന്നു വരുന്ന കുഞ്ഞുമനസ്സുകളില്‍ അച്ഛനെ കൊന്നവരോടുള്ള ആളിക്കത്തുന്ന പക .പ്രതികാരം ചെയ്യാനുള്ള വാഞ്ച.അതില്‍ രാഷ്ട്രീയത്തിന്റെ ഇന്ധനം കൂടിയാവുമ്പോള്‍ ....

 കോവിഡ് രോഗികളുടെ അന്നന്നുള്ള കണക്ക് സര്‍ക്കാറിപ്പോള്‍ പരസ്യമായി പ്രഖ്യാപിക്കാറുണ്ടല്ലോ. കേരളത്തിലെ രാഷ്ട്രീയക്കൊലകളിലെ വിധവകളുടെയും കുഞ്ഞുങ്ങളുടെയും പ്രായമായ അച്ഛനമ്മമാരുടെയും എണ്ണമെടുക്കണം.നടുങ്ങിപ്പോകും നമ്മള്‍ .കൊണ്ടും കൊടുത്തും കേരള രാഷ്ട്രീയം മുന്നേറുമ്പോള്‍ സൃഷ്ടിക്കുന്നത് കുറേ ചാവേറുകളെക്കൂടിയാണെന്നു മറക്കരുത്.പൊലിസ് പറയുന്നത് പൊതു ജനം വിശ്വസിക്കണമല്ലോ..അവര്‍ ഉറപ്പിച്ചു പറയുന്നു രാഷ്ട്രീയമാണ് കൊലയ്ക്കു കാരണമെന്ന് .ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ .  ഇത്തവണ കോണ്‍ഗ്രസ്സാണ് പ്രതിക്കൂട്ടില്‍.കുറേ കോണ്‍ഗ്രസ്സ് ഓഫീസുകള്‍ നശിപ്പിച്ച്് പ്രതിഷേധം,കുറേ ചെറുപ്പക്കാരെ അറസ്റ്റുചെയ്തു.അതവിടെ തീര്‍ന്നു.കൊറോണ കാരണം ഹര്‍ത്താലിന് സാധ്യതയുമില്ല,അഞ്ചുമാസമായി എന്നും ഹര്‍ത്താലാണല്ലോ ഇപ്പോള്‍..  ഇനി അശേഷിക്കുന്നത് കുറെ ഏങ്ങലടികള്‍ മാത്രം.അത് മരിച്ചവരുടെ വീടിന്റെ അകത്തളങ്ങളില്‍നിന്നുയരുന്നവയാണ്. 
         
തികഞ്ഞ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ളയാളാണ് ഞാന്‍.പക്ഷേ ഒറ്റ പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ല.വോട്ടുചെയ്യും കൃത്യമായി, പക്ഷേ കൊടിപിടിക്കാനും കുത്തിയിരുന്ന് ഒരു പാര്‍ട്ടിക്കാരെയും പിന്തുണയ്ക്കാനും എന്നെ വിട്ടുകൊടുത്തിട്ടില്ല.എന്റെ മകന്‍ രാഷ്ട്രീയ താല്‍പ്പര്യം കാണിക്കുന്നതറിഞ്ഞപ്പോള്‍ ചുവട്ടിലേ ഞങ്ങള്‍ വെട്ടിനിരത്തി.കാരണം കേരളത്തില്‍ പാര്‍ട്ടിക്കുവേണ്ടി അടിയും തൊഴിയും കൊള്ളുന്ന എത്ര യുവാക്കള്‍ നേതൃസ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. മിടുമിടുക്കരായിട്ടും രാഷ്ട്രീയം തലയ്ക്കു പിടിച്ച് പഠിത്തം ഉഴപ്പി ജീവിതം എങ്ങുമെത്താതെ ,വരുമാനമില്ലാതെ ,തെക്കോട്ടും വടക്കോട്ടും നടക്കുന്ന യുവാക്കള്‍ നമ്മള്‍ക്കിടയിലെത്ര വേണമെങ്കിലുമുണ്ട്. രാജവാഴ്ച പോലെ അപ്പന്‍മാരുടെ പിന്നാലെ മക്കള്‍ നാടു ഭരിക്കുന്ന ഭാരതത്തില്‍  കുട്ടി കുരങ്ങന്‍മാര്‍ ചൂടുചോറ് വാരാന്‍ മാത്രമുള്ളതാണല്ലോ.കിട്ടിയ അടിയുടെ ബാക്കിപത്രം ശരീരത്തേല്‍ക്കുന്ന ക്ഷതവും മാറാ രോഗങ്ങളും മാത്രമാണെന്ന തിരിച്ചറിവ് നമ്മുടെ യുവാക്കള്‍ മനസ്സിലാക്കുമ്പോഴേക്ക് വൈകിപ്പോയിരിക്കുമല്ലോ.അതും കടന്ന് രാഷ്ട്രീയ വൈരം തീര്‍ക്കാനുള്ള വേദിയായി പരസ്പരമുള്ള കൊലപാതകം മാറുമ്പോള്‍ വോട്ടുനേടി ഭരണത്തിലേറാന്‍ ഒരു കൂട്ടരും ചാകാനും ജയിലഴിയെണ്ണാനും മാത്രം മറ്റൊരു വിഭാഗവും.

   മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജീവിക്കാനുള്ള ഉപാധിയായി സര്‍ക്കാര്‍ ജോലി നല്‍കാറുണ്ട്.അതു കൊണ്ട് കടമ തീര്‍ന്നോ.പകരം വയ്ക്കാനില്ലാത്ത ഒരാളാണ് അവള്‍ക്ക് നഷ്ടപ്പെട്ടത്.ആ പെണ്‍ കുട്ടികളുടെ ശിഷ്ട ജീവിതം എന്താവും.ഭര്‍ത്താവിന്റെ അരുംകൊലയ്ക്ക്  കിട്ടിയ നഷ്ടപരിഹാരമാണ് ജോലി.ആ ജോലിയിലിരുന്ന് മറ്റൊരു വിവാഹത്തിന് കഴിയില്ല.കൊല്ലപ്പെട്ടവന്റെ പ്രായമായ രക്ഷിതാക്കളെ നോക്കാന്‍ ആരാണുള്ളത്.മുതലക്കണ്ണീരുകൊണ്ട് ഇതിനൊന്നും പരിഹാരമാവില്ല.ഒരു കൊലപാതകത്തിന്റെ ഒച്ചപ്പാടുകള്‍ തീരും മുമ്പേ അടുത്തതെത്തുകയായി.

നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.കേരളത്തില്‍ ഇന്നു വരെ നടന്ന ഒറ്റ രാഷ്ട്രീയ കൊലപാതകങ്ങളിലും ഇന്നു വരെ ഒരു മന്ത്രിയുടെയോ എംഎല്‍എയുടെയോ അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്റെയോ മക്കളുണ്ടായിട്ടില്ല.അവരെ ആരും തൊടാറില്ല,പേടിയുണ്ട്.പക്ഷേ നടുറോഡിലിട്ട് കൊലവിളി നടത്തി വെട്ടിയും കുത്തിയും ജയിച്ചുകാണിക്കാന്‍ തിരഞ്ഞെടുക്കുന്നത് സാധാരണക്കാരെയും താഴേതട്ടിലുള്ളവരെയുമാണ്.ഇന്നലെ വരെ ഒരുമിച്ചു ചിരിച്ചും കളിച്ചും ഒരേ ബഞ്ചിലിരുന്ന്  പഠിച്ചും വളര്‍ന്നവര്‍ ,സ്‌നേഹിച്ചവര്‍.  അവരില്ലാതെ കേരള രാഷ്ട്രീയമില്ലെങ്കിലും കൊല്ലാനുള്ള ഇരകളായി നോട്ടമിടുന്നതും അവരെ തന്നെയാണ്.രാഷ്ട്രീയപ്പിശാച് ബാധിച്ചവര്‍ക്കു പിടിച്ചുനില്‍ക്കണമെങ്കില്‍ ഇനിയും ഇത്തരം കൊലപാതകങ്ങളും പകപോക്കലുകളും ഉണ്ടായേ പറ്റൂ.വോട്ടു നേടാനും ഭരണം കൈയ്യാളാനും  ലക്ഷ്യമിട്ടു നീങ്ങുന്നവര്‍ ഇരകളെ നോട്ടമിട്ടു വച്ചിരിക്കയാണ്.അതിനിടയില്‍ അമ്മമാരുടെ ,ഭാര്യമാരുടെ,കുഞ്ഞുമക്കളുടെ, അച്ഛന്‍മാരുടെ,കെട്ടുപ്രായം കഴിഞ്ഞ സഹോദരിമാരുടെ  നിലവിളിക്കെന്തു പ്രസക്തി...
വിധവകളുടെയും അനാഥരുടെയും നാടായി കേരളം മാറുകയാണോ..? ( ഉയരുന്ന ശബ്ദം-5: ജോളി അടിമത്ര)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക