ഫിലാഡല്‍ഫിയ/ യു.എസ്.എ.: പത്തനംതിട്ട, പ്രാക്കാനം സ്വദേശി ഇടത്തില്‍ ആയിരുകുഴിയില് ഫിലിപ്പിന്റേയും രാജമ്മയുടെയും രണ്ടാമത്തെ മകള്‍ ഡോക്ടര്‍ സിസ്റ്റര്‍ ജോസ്ലിന് ഇടത്തില്‍ എം.ഡി. പി.എച്ച്.ഡി.യുടെ ത്യാഗോജ്വലമായ ജീവിതശൈലി അത്യധികം അത്ഭുതകരമാണ്. സകല സൗഭാഗ്യങ്ങളോടുകൂടി അമേരിയ്ക്കയില്‍ ഫിലഡല്‍ഫിയായിലെ ഉന്നത മലയാളി കുടുംബത്തില്‍ ജനിച്ച് ഉന്നത ഡിസ്റ്റിങ്ങ്ഷനോടുകൂടി സ്കൂള്‍ കോളേജ് പഠനശേഷം ലോകത്തിലെ ഏറ്റവും അംഗീകൃത പ്രൊഫഷനായ മെഡിക്കല്‍ ഡോക്ടറായി. കോടിക്കണക്കിന് ശമ്പളമുള്ള ഡോക്ടറായ സിസ്റ്റര്‍ ജോസ്ലിന് സകല ജീവിതസുഖങ്ങളും സ്വമനസ്സാലെ ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രോഗീപരിചരണത്തിലും മാത്രമായി ജീവിതം സസന്തോഷം സമര്‍പ്പിച്ചതില്‍ അമേരിക്കന്‍ മലയാളി സമൂഹത്തോടൊപ്പം ഭാരതീയരും അഭിമാനിയ്ക്കുന്നു.
ഉന്നത വിദ്യാഭ്യാസവും സ്ഥാനമാനങ്ങളുമുള്ള അപൂര്‍വ്വം യുവതികള്‍ മാത്രമേ സന്യാസി മഠത്തിലേയ്ക്കും ഏകാന്ത ജീവിതത്തിലേയ്ക്കും ഇപ്പോള്‍ എത്താറുള്ളു. സ്നേഹത്തിന്റെയും ത്യാഗത്തിന്റേയും അര്‍പ്പണതയുടെയും മൂര്‍ത്തീഭാവമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ധനാഢ്യരും ഉന്നത ഉദ്യോഗസ്ഥരും വിരളമായിപ്പോലും ഈ യുഗത്തില്‍ താത്പര്യര്‍ അല്ല; സ്വാര്‍ത്ഥതമാത്രം.
സിസ്റ്റര്‍ ജോസ്ലിന് വാഷിംഗ്ഡന്‍ ഡി.സി. മലങ്കര കാതോലിക്ക് ചര്‍ച്ച് വികാരി ഫാ. മീഖായേല്‍ ഇടത്തില്‍ അടക്കം രണ്ട് സഹോദരങ്ങളും ഒരു സഹോദരിയും ഉണ്ട്. ഉന്നത വിദ്യാസമ്പന്നരായ സഹോദരീ സഹോദരങ്ങളും ഫിലഡല്‍ഫിയായിലെ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ പിതാവായ ഫിലിപ്പ് ഇടത്തിലും ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ രജിസ്ട്രേഡ് നേഴ്സായ മാതാവ് രാജമ്മയും അടങ്ങുന്ന 6 അംഗ കുടുംബത്തിന്റെ ആത്മീകാന്തരീക്ഷത്തില്‍ ചിട്ടയാര്‍ന്ന ജീവിതശൈലി അത്യധികമായി മലയാളി സമൂഹമദ്ധ്യേ അംഗീകൃതമാണ്. ധനത്തിനും മാനത്തിനും മാത്രമായി നിലകൊള്ളുന്നത് അമേരിക്കന്‍ ജനതയിലും പ്രത്യേകിച്ചും മലയാളി സമൂഹത്തിലുമുള്ള നവയുഗ ചിന്താഗതിയില്‍ അശേഷം ആശ്രയിക്കാതെ 40-ല്‍ അധികം വര്‍ഷങ്ങള്‍ പിന്നിട്ട അമേരിയ്ക്കന്‍ ജീവിതത്തില്‍ ഇടത്തില്‍ കുടുംബം ശ്രേഷ്ഠത തന്നെ നിലനിര്‍ത്തി രണ്ടു ഉത്തമ സന്താനങ്ങളെ ലോക സേവനത്തിനായി ദാനം ചെയ്തു.
വൈദ്യശാസ്ത്രമടക്കം 25 വര്‍ഷത്തിലധികം പിന്നിട്ട പഠനശേഷം ഭയാനകമായ അഫ്ഗാനിസ്ഥാനിലെ കാബൂളിനും സിറിയായിയ്ക്കും തുല്യമായ ഫിലഡല്‍ഫിയായിലെ മയക്കുമരുന്നു കച്ചവടവും നിരന്തരം കൊലപാതകങ്ങളുമുള്ള നോര്‍ത്ത് ബ്രോഡ് സ്ട്രീറ്റിലെ ടെമ്പിള്‍ യുണിവേഴ്സിറ്റി ഹോസ്പിറ്റല്‍ യുവഡോക്ടറായി സിസ്റ്റര്‍ ജോസ്ലിന് സേവനം ആരംഭിച്ചു. ചുരുങ്ങിയ കാലഘട്ടം ഇന്‍ഡ്യയില്‍ എത്തി കുഷ്ഠരോഗികളെപ്പോലും ചികിത്സിച്ച സിസ്റ്റര്‍ കന്യാസ്ത്രീയുടെ പരിശുദ്ധമായ ശുഭ്രവസ്രധാരിയായി ടെമ്പിള്‍ ഹോസ്പിറ്റലില്‍ യാതൊരുവിധ ഭയമോ അവഗണന മനോഭാവമോ പുലര്‍ത്താതെ തുടര്‍ച്ചയായി കോവിഡ് 19 രോഗികളെ ഇപ്പോള്‍ പരിരക്ഷിയ്ക്കുന്നു. യുവത്വത്തിന്റെ നൈസര്‍ഗ്ഗീക പ്രഭയോടെ ശ്വസന ശക്തിക്ഷയിച്ച് വിവിധ വേദനയോടെ ആശുപത്രിയെ അഭയംപ്രാപിക്കുന്ന കൊറോണ വൈറസ് രോഗികളോട് ദയാപൂര്‍വ്വം ഇടപെടുവാന്‍ യാതൊരു വൈമനസ്യം പ്രകടമാക്കാതെയുള്ള ചിട്ടയാര്‍ന്ന രീതി വീക്ഷിച്ച സഹപ്രവര്‍ത്തകര്‍ ""ബ്രോഡ് സ്ട്രീറ്റിലെ മദര്‍ തെരേസാ'' എന്നു സംബോധന ചെയ്യുന്നു. സിസ്റ്റര്‍ ജോസ്ലിന് സസ്നേഹം ഒരു മാലാഖയെപ്പോലെ സമൂഹം വെറുക്കപ്പെട്ട മയക്കുമരുന്നിന് അടിമപ്പെട്ടവരും ഭവനരഹിതരുമായ അനേകം രോഗികളെ അനുദിനം കാണുന്നു.
സിസ്റ്റര്‍ ജോസ്ലിന് രോഗികളെ കാണുന്നതിനൊപ്പം മെഡിക്കല്‍ സ്റ്റുഡന്റ്സിനെയും റസിഡന്റ് ഡോക്ടേഴ്സിനേയും പഠിപ്പിക്കുന്നു. അമേരിക്കന്‍ ഹോസ്പിറ്റല്‍ മാനദണ്ഡാനുസരണം രോഗികള്‍ക്കുവേണ്ട പരിചരണവും അതോടൊപ്പം കൃത്യമായി ആവശ്യമായ മരുന്നുകള്‍ ലഭിക്കുവാന്‍വേണ്ടി രൂപീകരിച്ചിട്ടുള്ള വിവിധ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു.
അമേരിക്കന്‍ ശമ്പളനിരക്ക് അനുസരിച്ച് സിസ്റ്റര്‍ ജോസ്ലിന് കോടിക്കണക്കിന് കിട്ടുന്ന ശമ്പളം പരിപൂര്‍ണ്ണമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിനുവേണ്ടി ദാനമായി കൊടുക്കുന്നു. പള്ളിയിലെ ആത്മീക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പ്രത്യേക ക്ലാസ്സുകളില്‍ പഠിപ്പിക്കുകയും ചെയ്യുന്നു.
വില്ലാനോവ യൂണിവേഴ്സിറ്റിയിലും പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുംകൂടി മെഡിക്കല്‍ ഡിഗ്രിയും കെമിസ്ട്രിയില്‍ ഡോക്ട്രേറ്റും നേടി. ടെംപിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍നിന്നും റസിഡന്‍സിയും നടത്തി പരിപൂര്‍ണ്ണ അമേരിക്കന്‍ മെഡിക്കല്‍ ഡോക്ടറായി. 2016 ല്‍ ഇന്‍ഡ്യയിലെത്തി തിയോളജിക്കല്‍ പഠനം പൂര്‍ത്തീകരിച്ചശേഷം കന്യാസ്ത്രീ വൗ സ്വീകരിച്ചു. 100-ല്‍പ്പരം കന്യാസ്ത്രീകളുള്ള മഠത്തിന്റെ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനൊപ്പം കുഷ്ഠരോഗാശുപത്രിയിലും സേനവം നടത്തി. സിസ്റ്റര്‍ ജോസ്ലിന്റെ കുഷ്ഠരോഗാശുപത്രി സേവനകാലം സാമൂഹ്യമായും സ്വന്തം കുടുംബത്താലും അവഗണിക്കപ്പെട്ട അനേകം കുഷ്ഠരോഗികള്‍ പൂര്‍ണ്ണ സുഖം പ്രാപിച്ചു സ്വന്തം വീടുകളിലേക്കു മടങ്ങി. ലോകം മുഴുവനായി വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഏറ്റവും ഭീകരമായ പകര്‍ച്ചവ്യാധിയാണ് കുഷ്ഠം.
ശൈശവകാലംമുതല് തികച്ചും ആത്മീകാന്തരീക്ഷത്തില്‍ വളര്‍ന്ന സിസ്റ്റര്‍ ജോസ്ലിന്റെ ഹൈസ്കൂള്‍ പഠനകാലത്ത് ക്രിസ്തീയ വിശ്വാസങ്ങളെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും പല സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. വിവിധ ചര്‍ച്ച് റിട്രീറ്റുകളില്‍ സംബന്ധിച്ചതിനുശേഷമാണ് വന്‍ വ്യതിയാനങ്ങള്‍ ഉണ്ടായത്. 56-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞ പുരോഹിതനായ പിതൃസഹോദരന് ഫാ. എടത്തിലിന്റെ ജീവിതശുദ്ധിയും നിഷ്ഠയും നേരില്‍കണ്ടു ആകൃഷ്ടയായതിനുശേഷമാണ് സിസ്റ്റര്‍ ജോസ്ലിന് പൂര്‍ണ്ണമായും സകല ജീവിത സുഖങ്ങളും കൈവെടിഞ്ഞ് ആത്മീക ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇപ്പോള്‍ വെറും 41 വയസ്സുള്ള യുവസുന്ദരിയും സമര്‍ദ്ധയായ ഭിഷഗ്വരനുമായ സിസ്റ്റര്‍ ജോസ്ലിന് ബ്രഹ്മചാരിണിയായി ആദ്ധ്യാത്മികതയുടെ പരിവേഷത്തില്‍ സസന്തോഷം പരിലസിക്കുന്നു. കാലത്തിന്റെ തിരിവില്‍ സമൂഹത്തിലെ ഭീഷ്മാചാര്യനായോ, നവയുഗത്തിലെ മദര്‍ തെരേസയായോ സിസ്റ്റര്‍ ജോസ്ലിനെ ലോകം ചിത്രീകരിക്കും. യുഗാന്തരങ്ങളില് വീണ്ടും പല ജോസ്ലിനുകള് ജനിക്കട്ടെ.