Image

നീലച്ചിറകുള്ള മൂക്കുത്തികൾ -29 സന റബ്സ്

Published on 06 September, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ -29 സന റബ്സ്
മുംബൈയില്‍  മടങ്ങിയെത്തിയ മിലാന്‍ തന്റെ വിവാഹനിശ്ചയത്തിരക്കുകള്‍ എത്തുംമുന്‍പേ ചെയ്തുതീര്‍ക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങളുടെ ഒരു മാസ്റ്റര്‍പ്ലാന്‍  തയ്യാറാക്കി. ദുര്‍ഗ, കരോലിന്‍, നടാഷ എന്നിവരുമായും എന്‍ജിഒയുമായും  ഉടനെ മീറ്റിംഗ് അറേഞ്ച് ചെയ്യാന്‍ മാനേജരോട് നിര്‍ദ്ദേശിച്ചു. അവരെ വിളിക്കുംമുന്‍പേ മാനേജര്‍ ധർഷക് മിലാനോട് മറ്റൊരു കാര്യം സൂചിപ്പിച്ചു.

“മേം, നമ്മുടെ പ്രൊജക്റ്റ്‌ കുറച്ചു വിപുലമാണല്ലോ, തനൂജാമേഡം സോനഗാച്ചിയിലെ കാമ്പയിനില്‍ മുന്‍പേ തന്നെ പങ്കെടുത്തിരുന്നു. അവരെ വിളിക്കുന്നില്ലേ?”

മിലാന്‍ ധർഷകിനെ നോക്കി. “വേണം, അതില്‍ നമുക്കുള്ള കൂടുതല്‍ നേട്ടം?”

“നേട്ടം അവരുടെ കയ്യിലെ പണം തന്നെയാണ് മേം.... അവരുടെ സ്വാധീനവും നമ്മുടെ വര്‍ക്കിനെ എളുപ്പമാക്കുകയില്ലേ?”

“ഉം.... ശരിയാണ്, അവരുടെ ഓഫീസിലേക്കും ഇന്‍വിറ്റേഷന്‍ അയക്കുക. അവരെ നേരിട്ട് വിളിക്കുകയും ചെയ്യൂ...”

തനൂജയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ ഇപ്പോഴത്തെ മീറ്റിംഗില്‍ നേരിട്ട്  പങ്കെടുക്കാന്‍ സമയമില്ലെന്നും മിലാന് പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മുഴുവന്‍ സപ്പോര്‍ട്ടും ഉണ്ടാകുമെന്നും അറിയിപ്പ് കിട്ടി. അതിനിടയിലാണ് മിലാന് ദാസ്‌ അയച്ച മെസ്സേജ് കിട്ടിയത്. “നിന്‍റെ പരിപാടികള്‍ നിരഞ്ജനെ അറിയിച്ചില്ലേ?  അയാള്‍ക്ക്‌ ഈ പ്രോജെക്റ്റില്‍ താല്പര്യമുണ്ട്.”

സത്യത്തില്‍ മിലാന്‍ ആ കാര്യം മറന്നുപോയിരുന്നു. ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള സോളാര്‍പവര്‍കമ്പനിയുടെ സിഇഓയുടെ മുഴുവനായുള്ള പിന്തുണ തന്നെ വല്ലാതെ ഹെല്പ് ചെയ്യുമെന്നത് അവളുടെ ആലോചനയ്ക്ക് ഊര്‍ജം പകര്‍ന്നു. അവള്‍ അപ്പോള്‍ത്തന്നെ അയാളെ വിളിച്ചു.

“എന്തൊക്കെയാണ് മിലാന്‍ ചെയ്യാന്‍ തീരുമാനിച്ചത്?” നിരഞ്ജന്‍ ആരാഞ്ഞു.

“നടാഷ അവിടെത്തെ ഇരുപതു വീടുകളുടെ കെയര്‍ടേക്കര്‍ ആണ്. അവരുടെ ഭാഷയില്‍ “മാ” എന്ന് പറയും. അത്തരം മാതാക്കളെ സംഘടിപ്പിച്ചു അവരുടെ കുട്ടികള്‍ക്ക് നമുക്കൊരു ആദരം ഒരുക്കണം. സ്കൂള്‍കുട്ടികള്‍ അതില്‍ ഏറെയുണ്ട്. അവര്‍ക്കാവശ്യമായ പഠനസാമഗ്രികള്‍, വസ്ത്രം, യൂണിഫോറം എന്നിവ വിതരണം ചെയ്യാം. മാത്രമല്ല ചില കുട്ടികള്‍ സൈക്കിള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.”

“ഒക്കെ, ഇതിനുള്ള പണം എങ്ങനെയെല്ലാം കണ്ടെത്തും?” 

“നമ്മുടെയെല്ലാം ഒരു ഷെയര്‍ ഉണ്ടാകും. ബായ്ഫോട്ടോ നമ്മള്‍ നടത്തുന്നു എന്നത് പരസ്യം ചെയ്യണം. സംഭാവന ആ വഴി കിട്ടും. പിന്നെ പരിപാടി സ്പോന്‍സര്‍ ചെയ്യനുള്ളവരെ കണ്ടെത്തണം. ബായ്ഫോട്ടോ എന്ന ചടങ്ങിനു മുന്പായി സോനഗച്ചിയില്‍ വെച്ച് കുട്ടികള്‍ക്കുള്ള ഗിഫ്റ്റുകള്‍ നമ്മള്‍ വിതരണം ചെയ്യുന്നു. കാരണം ആ പരിപാടിയില്‍ അവര്‍ പങ്കെടുക്കുന്നത് നിറഞ്ഞ മനസ്സോടെയാവണം.”

"സോനാഗാച്ചിൽ വെച്ചോ?  അവിടെ വെച്ചൊരു പരിപാടി എളുപ്പമാണോ? " നിരഞ്ജൻ ആരാഞ്ഞു. 

" സംശയമാണ്. അല്ലെങ്കിൽ നമുക്ക് യൂണിവേഴ്‌സിറ്റിയിൽ ചെയ്യാം?  അല്ലെങ്കിൽ കാളിഘട്ട് ക്ഷേത്രത്തിന് പരിസരത്തോ ആവാം"

"സ്ഥലം ഉടനെ ഉറപ്പാക്കണം. പരിപാടി സ്പോന്‍സര്‍ ചെയ്യുന്നവര്‍  സമ്മാനങ്ങളും ആ ദിവസം തന്നെ  വിതരണം ചെയ്താല്‍ മതിയെന്ന് പറയാനുള്ള  സാധ്യതയുണ്ട്.  പല കമ്പനികളും   അവരുടെ പേര്   പൊതുജനസമക്ഷം കാണിക്കാൻ ഉത്സാഹിക്കും. പ്രത്യേകിച്ച് ഇവിടെ."

“പക്ഷെ ഇവിടെ സോനാഗച്ചിയിലെ തെരുവിലെ കുട്ടികളെ അങ്ങനെ പബ്ലിക്കിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നടാഷ  തയ്യാറാവും എന്നെനിക്കു തോന്നുന്നില്ല നിരഞ്ജന്‍. മാത്രമല്ല, നമ്മളിത് ചെയ്യുന്നത് വെറും പബ്ലിസിറ്റി ആഗ്രഹിച്ചല്ലല്ലോ. ഞാൻ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെടാം. അതായിരിക്കും കൂടുതൽ സേഫ്."

“ഓക്കേ മിലാന്‍... ഇപ്പോള്‍ ഉടനെയായി ഞാന്‍ എന്താണ് ചെയ്യേണ്ടത്?”

“സ്പോന്സര്‍മാരെ കണ്ടെത്തണം. പരസ്യചിത്രം ഉടനെ ചെയ്യണം. അതിന് വേണ്ട മോഡല്‍സിനെ കണ്ടെത്തി രണ്ടു ദിവസത്തിനുള്ളില്‍ പരസ്യം തീര്‍ക്കണം.”

“മിലാന് ചെയ്യാമല്ലോ...” നിരഞ്ജന്റെ ചോദ്യം പെട്ടെന്നായിരുന്നു.

മിലാന്‍ അല്‍പനേരം നിശബ്‌ദയായി.

“ഹലോ....” അയാളുടെ സ്വരം വീണ്ടും കേട്ടപ്പോള്‍ അവള്‍ പറഞ്ഞു. 
“അത് വേണ്ട നിരഞ്ജന്‍... ഒരു പരസ്യം ഞാനും വിദേതും ചെയ്തിരുന്നു. അതില്‍ ചില ഇഷ്യൂസ് ഉണ്ടായി. ആ കാരണം കൊണ്ടാണോ എന്നറിയില്ല വിദേതിന്റെ ഒരു ബിസിനസ് പാര്‍ട്ണര്‍ പിന്മാറി. അതെല്ലാം ഞാന്‍ പിന്നീടാണ്‌ അറിഞ്ഞത്.” താഴ്ന്ന സ്വരത്തില്‍ മിലാന്‍ പറയുമ്പോള്‍ നിരഞ്ജന്‍ അതേനിമിഷം മനസ്സില്‍ കണക്കുകള്‍ കൂട്ടി.

“ഡോണ്ട് ബി സില്ലി മിലാന്‍.... ആരെങ്കിലും അങ്ങനെ വിചാരിച്ചാല്‍ തകരുന്ന സാമ്രാജ്യമാണോ വിദേത് കെട്ടിപ്പൊക്കിയത്. അയാള്‍ക്ക്‌ ടാഗ് ചാര്‍ത്താന്‍ അങ്ങനൊരു ബിസിനസ് കുലപതി ഉണ്ടായിട്ടില്ല. ഒരു കാര്യം ചെയ്യൂ... പരസ്യം ഞാന്‍ സ്പോന്‍സര്‍ ചെയ്യുന്നു. നിങ്ങള്‍ രണ്ടുപേരും എന്റെ കാസ്റ്റിംഗ് ആണ്. ഇപ്പോള്‍ പ്രോബ്ലം തീര്‍ന്നില്ലേ...”

“അത് വേണ്ട നിരഞ്ജന്‍, നിര്‍ബന്ധമാണെങ്കില്‍ വിദേത് ചെയ്യട്ടെ, തനൂജ ഉണ്ടല്ലോ, അവള്‍ക്കു അന്ന് ആ പരസ്യം ചെയ്യാന്‍ വളരെ ഇഷ്ടമായിരുന്നു. അവര്‍ രണ്ടുപേരും  ചെയ്യട്ടെ...”

“ആര്‍ യൂ മാഡ് മിലാന്‍..? ഭ്രാന്തുണ്ടോ മിലാന്‍?” നിരന്ജനറെ ചോദ്യത്തില്‍ അമ്പരപ്പും ദേഷ്യവും ഉണ്ടായിരുന്നു. 

“ഞാന്‍ വിദേതിനെ വിളിക്കുന്നു. മിശ്രയും കൂട്ടരും ഈ ആഡ് ചെയ്യാന്‍ മുംബൈയില്‍ സെറ്റ് ഇടുന്നു. തനൂജ കരോലിന്‍ എന്നിവരും ഉണ്ടാകും.  ഇതേക്കുറിച്ച് ജനങ്ങള്‍ക്ക്‌  വിവരം കൊടുക്കുന്ന പരസ്യവും നമ്മള്‍ ചെയ്യുന്നു. ഒരുമിച്ചുള്ള പരസ്യം നിങ്ങള്‍ രണ്ടുപേരും ചെയ്യും. ഓരോരുത്തരുടെ സീനുകള്‍ അഞ്ചുമിനിറ്റ് ഷൂട്ട്‌ ചെയ്യുന്നു. എല്ലാം ഒരു ദിവസം കൊണ്ട് അവസാനിക്കുന്നു.” മറുപടിക്ക് കാത്തുനില്‍ക്കാതെ നിരഞ്ജന്‍ ഫോണ്‍ കട്ട്‌ ചെയ്തു.
   മിലാന്‍ ഇതുവരെ ആലോചിക്കാത്ത പ്രതിസന്ധിയാണ് പെടുന്നനെ   മുന്നിലേക്ക്‌ വന്നുവീണത്‌. വീണ്ടുമൊരു ശത്രുത ഈ സമയത്ത് തനൂജയുമായി ഉണ്ടാക്കാന്‍ അവള്‍ക്കു ഒട്ടും മനസ്സുണ്ടായിരുന്നില്ല. നിരന്ജനും ദാസും കൂടി ഒരുമിച്ചു തീരുമാനിച്ചാല്‍ അതില്‍ നിന്നും മാറ്റമുണ്ടാവുക അസാധ്യമാണെന്നും  മിലാന് അറിയാമായിരുന്നു.

വൈകീട്ട് നിരഞ്ജന്‍ വീണ്ടും വിളിച്ചു. “മിലാന്‍ ഞാന്‍ മിശ്രയുമായി സംസാരിച്ചു. മിശ്ര റെഡിയാണ്. അവിടെനിന്ന് അഭിനയിക്കാനുള്ള അഞ്ചോ ആറോ ട്രാന്‍സ്ജെന്ടറുകളെ കിട്ടണം. അതുപോലെ കുറച്ചു കുട്ടികളെയും. ഒന്നോ രണ്ടോ സീനില്‍ സോനഗാച്ചി തെരുവുകള്‍ ഉള്‍പ്പെടണം.   ഇനിയവര്‍ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അഭിനേതാക്കളെ നമുക്ക് പുറത്തുനിന്നു അറേഞ്ച് ചെയ്യാം. അതിന് സമാനമായ സെറ്റ് ഇടുകയും ചെയ്യാം. മിലാന്‍ അവരോട് സംസാരിക്കുമല്ലോ അല്ലെ?”

 മുന്നോട്ടു നീങ്ങുന്ന നിരന്ജനോട് വീണ്ടും നോ പറയാന്‍ മിലാന് കഴിഞ്ഞില്ല. കാര്യങ്ങള്‍ ദ്രുതഗതിയിലായി. മിശ്ര കൊല്‍ക്കത്തയിലെ സീനുകള്‍ ചിത്രീകരിക്കാനുള്ള കാര്യങ്ങള്‍ അറേഞ്ച് ചെയ്തു. നടാഷ മിലാനെ വിളിച്ചു ഒരു കാര്യം ഓര്‍മ്മിപ്പിച്ചു.

“നിങ്ങള്‍ പറഞ്ഞ ആളുകളെ ഞാന്‍ വിട്ടുതരാം. പക്ഷെ സെറ്റ് നിങ്ങള്‍ ഇടേണ്ടി വരും. സോനഗച്ചിയിലെ തെരുവുകളുടെ ഗൂഢമായ ഉള്ളടക്കങ്ങള്‍ പുറംലോകത്തിന് ഞങ്ങള്‍ കൊടുക്കാറില്ല. സഹകരിക്കുമല്ലോ...” നടാഷയുടെ പരുപരുത്ത സ്വരത്തിലെ അര്‍ഥങ്ങള്‍ മിലാന് മനസ്സിലാകാതിരുന്നില്ല. അവള്‍ തലകുലുക്കി. 

"പക്ഷെ നടാഷ, ഒരു പ്രശനമുണ്ട്.  ആ തെരുവിനെ കാണിക്കണമെങ്കിൽ അതേക്കുറിച്ചു ഒരു ഔട്ട്‌ലൈൻ നമുക്ക് കിട്ടണ്ടേ? 

" അതിനെന്താ... നിങ്ങൾ ആളുകളുമായി വന്നോളൂ.. കണ്ടു മനസ്സിലാക്കിക്കൊള്ളൂ.  വേണ്ടത് വീഡിയോ എടുത്തോളൂ.. പ്രൈവസി കീപ് ചെയ്യണം. എന്റെ ആളുകളെ കൂടെ വിടാം... " നടാഷ സമ്മതിച്ചു. 

പിന്നീടെല്ലാം നിരഞ്ജന്റെ നിയന്ത്രണത്തിലായിരുന്നു. തനൂജയെ നിരഞ്ജന്‍ നേരിട്ടാണ് വിളിച്ചത്. “ഞാനും റായും തമ്മിലുള്ള കോംബിനെഷന്‍ സീനുകള്‍ ഉണ്ടോ?” തനൂജ ആദ്യം ചോദിച്ചത് അതായിരുന്നു.

നിരഞ്ജന്‍ ചിരിച്ചു. “നമ്മുടെ ഷോയുടെ മേക്ക്ഓവര്‍ അതിലൂടെ കൂടുമെങ്കില്‍ തീര്‍ച്ചയായും അത് നല്ലതല്ലേ. നമുക്ക് അങ്ങനെയും ചിന്തിക്കാം.”

രാത്രി മിലാൻ മിശ്രയെയേയും നിരഞ്ജനെയും വീഡിയോ കോൺഫറൻസിൽ വിളിച്ചു. 
"മിശ്രസാബ്... എന്താണ് പ്രൊജക്റ്റ്‌? തീം ആയെങ്കിൽ പറയാമോ? "

തനിക്കു കുഞ്ഞു പിറന്ന സന്തോഷം പങ്കുവെയ്ക്കുവാന്‍ ഹിജഡകളുടെ ആട്ടവും പാട്ടും ഏര്‍പ്പാടാക്കുന്ന ഒരു   നോർത്തിന്ത്യൻ കുടുംബം. ആഘോഷമെല്ലാം കഴിഞ്ഞു ഗൃഹനാഥന്‍ അവരെ യാത്രയാക്കുന്നു. അവരുടെ കൂട്ടത്തിലുള്ള ഒരു ട്രാന്‍സ്ജെന്റര്‍ ഗേറ്റിനു വെളിയില്‍ തന്നെ കാത്തുനില്‍ക്കുന്ന അമ്മയുടെ അരികിലെത്തുന്നു. ജനിച്ചിട്ട്‌ അധികം ദിവസങ്ങള്‍ ആകാത്ത ഒരു കുഞ്ഞുണ്ട്‌ ആ അമ്മയുടെ കൈകളില്‍. ആ കുഞ്ഞിനേയും വാരിയണച്ചു ആ കുടുംബം അന്ന് കിട്ടിയ പൈസയുമായി തെരുവോരത്ത്നിന്നും ആ രാത്രിയില്‍ പാല് വാങ്ങി ആ കുഞ്ഞിനു നല്‍കുന്നത് ഗൃഹനാഥനും ഭാര്യയും കാണുന്നു. ആ കുഞ്ഞിന്‍റെ കണ്ണുകളാണ് അപ്പോള്‍ ഫോകസ് ചെയ്യപ്പെടുന്നത്. ഇതുകണ്ട ഗൃഹനാഥനും ഭാര്യയും അവരെ പിന്തുടരുന്നതും തെരുവിലെ എല്ലാ കുട്ടികള്‍ക്കും വേണ്ടി പിന്നീട് ആഘോഷങ്ങള്‍ ഒരുക്കുന്നതുമായിരുന്നു മിശ്ര മനസ്സില്‍ കണ്ട ദൃശ്യങ്ങള്‍.

ത്രെഡ് കേട്ട മിലാന് വളരെ സന്തോഷമായി. തന്‍റെ പ്രൊജെക്റ്റ്മായി വളരെ അടുത്തതാണ്.  എന്നാൽ  ഇതിലേക്ക് തനൂജയെ എങ്ങനെ സമന്വയിപ്പിച്ച് കൊണ്ടുവരും എന്നത് അവളില്‍ ആശങ്കയുണര്‍ത്തി.

“അതെക്കുറിച്ച് മിലാന്‍ വിഷമിക്കേണ്ട. ഈ കാര്യമല്ല നമ്മള്‍ തനൂജയോടു പറയുന്നത്. അവര്‍ ഉള്ള ഭാഗങ്ങള്‍ നമുക്ക് മറ്റൊരു തരത്തില്‍ ഷൂട്ട്‌ ചെയ്യാം. മോഡലുകളെ വ്യത്യസ്തസമയത്ത് വിളിച്ചാല്‍ മതി.   ദാസും മിലാനുമായുള്ള സീനുകള്‍ അവസാനം മാത്രം ഷൂട്ട്‌ ചെയ്താല് മതിയല്ലോ.     കരോലിനും  തനൂജയും മറ്റുള്ളവരുമായുള്ള സീനുകള്‍ ആദ്യം കഴിഞ്ഞാല്‍ ഇവരെ പാക്ക് ചെയ്തു തിരികെ വിടാം." പ്ലാനുകൾ മിശ്രയും നിരഞ്ജനും കൈമാറി. 


“ഇത് കൊല്‍ക്കത്തയോ മുംബൈയോ മാത്രം കാണുന്ന പരസ്യമല്ല. ഇന്ത്യ മുഴുവനും ഈ പരസ്യം കാണണം. ഈ പരസ്യം കൊണ്ട് നമ്മള്‍ എന്താണ് മുന്നോട്ടു വെക്കുന്ന ആശയം എന്ന് മനസ്സിലാവണം. സൗത്ത്ഇന്ത്യയില്‍ ഒരുപക്ഷെ ബായ്ഫോട്ടോ എന്നതിനെക്കുറിച്ച് ആളുകള്‍ക്ക് അല്പം അപരിചിതത്വം ഉണ്ടാവാം. ആദ്യം കാണുന്നവര്‍ക്കും കൂടി കാര്യം മനസ്സിലാവണം. അപ്പോൾ തനൂജയ്ക്കു കൊടുക്കുന്ന വേഷം നായികയുടേതുതന്നെ ആയിരിക്കണ്ടേ?" മിലാൻ ഉത്കണ്ഠപ്പെട്ടു. 

"ആദ്യം മിശ്ര തെരുവുകളിലെ ഷൂട്ട്‌ തീർക്കട്ടെ. സമാധാനമായിരിക്കൂ." നിരഞ്ജൻ മിലാനെ ആശ്വാസിപ്പിച്ചു. 

“നോര്‍ത്ത് ഇന്‍ഡ്യന്‍ കുടുംബത്തിനെ കാണിക്കുന്നത് വലിയൊരു കാന്‍വാസില്‍ ആണ്. അതിനു വേണ്ടി സെറ്റ് ഒരുക്കുന്നത് അല്പം സമയമെടുക്കുന്ന കാര്യമാണ്. ഒരാഴ്ചയെങ്കിലും വേണം” മിശ്ര പറഞ്ഞു.

ബാക്കിയുള്ള സീനുകള്‍ എടുക്കാനും പൂര്‍ത്തിയാക്കാനുമുള്ള തീരുമാനമുണ്ടായി കാൾ അവസാനിപ്പിച്ചു അവർ പിരിഞ്ഞു. 

പിറ്റേന്ന് മിലാൻ കരോലിനെയും ദുർഗ്ഗയെയും കണ്ടു. 
“കാ... നീ നമ്മുടെ ക്യാമ്പസ് പരമാവധി കവര്‍ ചെയ്യുമല്ലോ, അതുപോലെ ദുര്‍ഗ വ്യാപാരികളെ ഏകോപിപ്പിച്ചു ഫണ്ട് ഉണ്ടാക്കണം. മുഴുവനായും നിങ്ങളെ ഏല്‍പ്പിക്കുകയാണ്. നിങ്ങളെ  അതിനു വേണ്ടി എന്റെയും വിദേതിന്റെയും ഓഫീസ് സഹായിക്കും.” മിലാന്‍ ഇരുവരെയും ഓര്‍മ്മിപ്പിച്ചു.

നടാഷ അപ്പോഴേക്കും അവരുടെ തെരുവുകൾ കാണാനും പരിചയപ്പെടാനുമുള്ള കാര്യങ്ങൾ ഏർപ്പാടാക്കി. മിശ്രയുടെ ഒരു ടീം സോനാഗച്ചിയിലേക്ക് പോയി.  

രണ്ടു ദിവസം കഴിഞ്ഞൊരു രാത്രിയില്‍ ദാസ് മിലാനെ വിളിച്ചു. “മിലാന്‍, നമ്മുടെ കോംബിനേഷന്‍ സീനുകള്‍ എടുക്കുന്നത് എന്റെ വീട്ടില്‍ വെച്ചാണ്. അത്രയും വലിയ സെറ്റ് ഉണ്ടാക്കുന്ന സമയവും പണവും ലാഭിക്കാം. എന്ത് പറയുന്നു?”

“ഒഹ്, വളരെ നന്നായി..”

“നീ നേരത്തെ വരണം. നമ്മുടെ സീനുകള്‍ ആദ്യമേ ഷൂട്ട്‌ ചെയ്യണം. ശേഷം തനൂജയുമായുള്ള സീനുകളുണ്ട്. നിരഞ്ജന്റെ പ്ലാന്‍ അനുസരിച്ച് തല്ക്കാലം നമുക്ക് കോംബിനേഷന്‍ സീനുകള്‍ ഉള്ളത് തനൂജയോടു പറയുന്നില്ല.”

മിലാന്‍ ചിരിച്ചു. “തനൂജയൊരു വിഡ്ഢിയാണെന്ന് വിദേതിനു എപ്പോഴാണ് തോന്നിയത്?”

“നോ...., തല്ക്കാലം അറിയുന്നില്ല എന്ന്.... ശേഷം അറിയട്ടെ,,, പരസ്യം എപ്പോഴും പരസ്യം തന്നെയാണല്ലോ.... അതുപോലെ വേറെയും നടികളുടെ അഭിപ്രായങ്ങളും സ്പോട്ട് സീനുകളും ഉണ്ട്. ഇത് മുന്‍പേ എല്ലാവരോടും പറഞ്ഞിട്ടുണ്ട്.”

“ഉം.... അപകടം ഉണ്ടാവാതെ കൈകാര്യം ചെയ്യേണ്ടത് വിദേത് ആണ്. നമ്മുടെ ഇടയില്‍ തന്നെ ചാരപ്പണികള്‍ ചെയ്യാന്‍ ആളുകള്‍ ഉണ്ടാവാം. മുന്‍പേ ധാരണയായ സീനുകള്‍ക്കപ്പുറം പിന്നീട് അഴിച്ചുപണികള്‍ ഉണ്ടായാല്‍ തനൂജ കേസ് വരെ കൊടുത്തെന്നും വരാം. ഇതൊരു ഇഷ്യുവിലേക്ക് വളര്‍ത്തരുത്.”

“ഒന്നുമില്ല മൈ ഗേള്‍.... ഇപ്പൊള്‍ ഉറങ്ങൂ.. ഉടനെ നമുക്ക് കാണാം എന്ന സ്വപ്നം കാണൂ....” പതിഞ്ഞ ചിരിയോടെ ദാസ്‌ ഫോണ്‍ വെച്ചു.

തനൂജയോടു മുന്പേയുണ്ടായിരുന്ന ആകര്‍ഷണം ദാസില്‍ ഇപ്പോഴില്ല എന്നത് മിലാന് വ്യക്തമായിരുന്നു. എങ്കിലും തനൂജയുടെ വിപുലമായ സാമ്രാജ്യവും സ്വാധീനവും ദാസിന് തലവേദന സൃഷിടിക്കാന്‍ പര്യാപ്തമാണെന്നും അവള്‍ക്ക് തോന്നി.

പിന്നീട് നിരഞ്ജന്‍ നേരിട്ടായിരുന്നു തനൂജയോടു സീനുകളെക്കുറിച്ച് സംസാരിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളുടെ താരമൂല്യവും ദാസിന്‍റെ പോപ്പുലാരിറ്റിയും ഒരുമിച്ച് നേട്ടം കൊയ്യുന്നത് തനൂജയെ മനസ്സിലാക്കിക്കുന്നതില്‍ അയാള്‍ വിജയിച്ചു എന്നതിന്റെ സൂചനയായിരുന്നു ദാസിന്‍റെ വീട്ടില്‍ വെച്ചുള്ള ഷൂട്ടിനു തനൂജ സമ്മതിച്ചത്.

ദാസും മിലാനും കൂടിയുള്ള സീനുകള്‍ തനൂജ വരുംമുന്‍പേ മിശ്ര ചിത്രീകരിച്ചു. നിരഞ്ജന്‍ തലേന്നുതന്നെ എത്തിയിരുന്നു. ആ വലിയ വീടിന്റെ ഉള്ളറകള്‍ നടന്നു കാണുകയായിരുന്നു നിരഞ്ജന്‍ ആ ദിവസം മുഴുവനും. തനൂജ എത്തുമ്പോള്‍ അന്ന് വൈകുന്നേരമായി. ഷൂട്ടിങ്ങിനായി അലങ്കരിച്ച ആ വീടും പരിസരവും അവളുടെ നെഞ്ചിനുള്ളില്‍ നുരകള്‍ ഉയര്‍ത്തി. ഈ വീടിനും ദാസിനും ഒരു പരമ്പര ഉണ്ടാകുന്നെങ്കില്‍ അത് താന്‍ തന്നെയായിരിക്കും എന്ന വാക്യത്തിനടിയില്‍ ചുവന്ന മഷികൊണ്ട് വരച്ചിട്ടായിരുന്നു തനൂജ കാറില്‍ നിന്നിറങ്ങിയത്.

സീനുകള്‍ വിശദീകരിക്കുമ്പോള്‍ നിരഞ്ജന്‍ അരികിലെത്തി. “ഹായ് തനൂ, ഞാനൊരു ഐഡിയ പറയട്ടെ?”

“ഒഹ് പറയൂ മൈ ഡിയര്‍....” തനൂ എന്ന വിളി തനൂജയെ സന്തോഷിപ്പിക്കുമോ എന്നറിയാന്‍ നിരഞ്ജന്‍ മനപൂര്‍വ്വം കൈയ്യില്‍നിന്നും ഇട്ട നിമിഷത്തെ നാരായണസാമി തിരിഞ്ഞുനോക്കി. നിരഞ്ജന്‍ അയാളെനോക്കി തനൂജ കാണാതെ കണ്ണിറുക്കി.

“ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് കണ്ടിട്ടില്ലേ..., ഷാരൂഖാനും ആമിര്‍ഖാനുമൊക്കെ രണ്ട് നായികമാരുമായി ഒരേ ആഡുകള്‍ ചെയ്യുന്നത്. പുതിയ ലക്സ് പരസ്യം കണ്ടില്ലേ? കരീനയും കരീഷ്മയും ശര്‍മിളയുമൊക്കെ ഒരുമിക്കുന്നത് ചില സീനുകളില്‍?”

“സൊ....?”

“എന്തുകൊണ്ട് വ്യത്യസ്ത രീതിയില്‍ തനൂജയും മിലാനും വിദേതുമായി ഒരേ പരസ്യം ചെയ്തുകൂടാ? ഇഫ്‌ യു നെവെര്‍ മൈന്‍ഡ്.... മാധുരി, ആഷ് എന്നിവര്‍ ഒരുമിച്ചു നൃത്തം ചെയ്തിട്ടുണ്ട്. അറിയാമല്ലോ അതെല്ലാം അല്ലെ? രണ്ടു നടികളുടെ കരിയറില്‍ വല്ലാത്തൊരു പീക്ക്മൊമെന്റ് ആയിരിക്കില്ലേ അതെല്ലാം? എന്ത് പറയുന്നു?”

തനൂജ നിരഞ്ജന്റെ ചെവിയിലേക്ക് തന്‍റെ മുഖം അടുപ്പിച്ചു. “യൂ മീന്‍, റായ് രണ്ട് ഭാര്യമാരെ സഹിക്കണം എന്നാണോ?”

നിരഞ്ജന്‍ പൊട്ടിച്ചിരിച്ചു. “അതേ, തനൂജ അനുവദിക്കുമെങ്കില്‍....”

തനൂജ തന്റെ വശ്യമായ ചുണ്ടുകളില്‍ ഒന്ന് കടിച്ചു. “എങ്ങനെ വിട്ടുകൊടുക്കും നിരഞ്ജന്‍.... മിലാനെ സ്റ്റെപ്പിനി ആക്കാന്‍ എങ്ങനെ പറയും....” തനൂജ ചിരിച്ചപ്പോള്‍ നിരന്ജനും ആ ചിരി പങ്കുവെച്ചു.

“മിലാനോട് ഇത്തരം സീനുകളെക്കുറിച്ചു സംസാരിച്ചില്ല. ആദ്യം തനുവിന്‍റെ അഭിപ്രായം അറിയട്ടെ എന്നുകരുതി.”

“അങ്ങനെയാവട്ടെ, മിലാനോട് സംസാരിക്കൂ...” 

വലിയൊരു പ്രഹേളികയില്‍നിന്നും തലയൂരാന്‍ സാധിച്ച സന്തോഷം ഉടനെ അയാള്‍ ദാസിനെ അറിയിച്ചു.

വ്യത്യസ്തമായ രംഗങ്ങളോടെ സീനുകള്‍ പുനരാവിഷ്കരിക്കുമ്പോള്‍ റായ് വിദേതന്‍ ദാസിന്‍റെ ഭാര്യാവേഷത്തില്‍ തനൂജ ആടിത്തിമര്‍ത്തു. അല്‍പമകലെ ഒരു സോഫാചെയറില്‍ തനൂജയുടെ കണ്ണുകളിലെ സ്ഫോടനരശ്മികള്‍ കണ്ട് മിലാന്‍ പ്രാണോതി കൈയ്യിലൊരു വൈന്‍ഗ്ലാസ്സോടെ അലസമായി  ചാഞ്ഞിരിപ്പുണ്ടായിരുന്നു.

തനൂജ അകലെയിരുന്ന മിലാനെ ഓരോ സീനിലും നോക്കി. “നീ ജീവിതം മുഴുവനും ഇങ്ങനെയിരുന്നു എന്റെയും റായുടെയും ജീവിതം കാണും. ഏഴായിരം  തീണ്ടാപ്പാട് അകലെ നിന്നെ നിറുത്താന്‍ ഈ തനൂജയ്ക്കറിയാം.... നിന്റെ നിഴല്‍ പോലും പിന്നീടു റായ് വിദേതനില്‍ വീഴുകയില്ല മിലാന്‍....”

അവസാനസീനില്‍ തന്‍റെ ‘ഭാര്യയുടെ’ വിരലുകളില്‍ കൊരുത്തുകൊണ്ട് ദാസ്‌ തനൂജയുടെ കണ്ണുകളിലേക്ക് നോക്കി. ആ മനസ്സ് അവളോട്‌ അമർന്ന സ്വരത്തിൽ സംസാരിച്ചു. 
'എനിക്കറിയാം തനൂജാ, നീ എന്റെ ഇടതുഭാഗം ചേര്‍ന്ന് എന്നും നില്‍ക്കാന്‍ കൊതിക്കുന്നു എന്ന്. നിന്റെയാ വ്യര്‍ഥമായ ആശ ഈ സീനുകളില്‍ മാത്രം സാക്ഷാല്‍ക്കരിച്ചു നല്‍കുകയാണ് ഞാന്‍. ഇതുകൊണ്ട് നീ തൃപ്തിപ്പെടുക'

 തന്‍റെയരികില്‍ എത്തിയ അഷ്ടവക്രയെ തഴുകിത്തലോടിയ കൃഷ്ണനെ അപ്പോള്‍ ദാസ്‌ ഓര്‍ത്തു. ഭഗവാന്‍ കൃഷ്ണന്‍ തന്നെ ഭജിച്ചവര്‍ക്ക് ആശ്രയവും മോഹസാക്ഷാല്‍ക്കാരവും നല്‍കിയിരിക്കാം. എന്നാല്‍ എന്നെ സ്നേഹത്തോടെ കീഴടക്കിയവള്‍ അതാ അപ്പുറത്തിരിക്കുന്നു. അവളെ ഞാന്‍ കാണാതെ പോകുമെന്ന് നീ കരുതുന്നുണ്ടോ....

നൃത്തത്തിന്‍റെ അവസാന താളത്തിൽ തന്‍റെ നെഞ്ചിലേക്ക് കറങ്ങിത്തിരിഞ്ഞുവന്ന തനൂജയുടെ തോളുകള്‍ക്കപ്പുറത്തുകൂടി അയാളുടെ നോട്ടം മിലാന്റെ ഹൃദയവുമായി കനകരേഖ തീര്‍ത്തു.
                                              തുടരും..

                          

നീലച്ചിറകുള്ള മൂക്കുത്തികൾ -29 സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക