Image

നമ്മള്‍ക്ക് അടിച്ച് പിരിയാം; കാനഡക്കും വേണം സ്വന്തം അംബ്രല്ല (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 10 September, 2020
നമ്മള്‍ക്ക് അടിച്ച് പിരിയാം; കാനഡക്കും വേണം സ്വന്തം അംബ്രല്ല  (രാജു മൈലപ്രാ)
അല്ലെങ്കില്‍ വേണ്ടാ കോവിഡ് കാലമാണ് അടിച്ചു പിരിഞ്ഞാല്‍ അത് സാമൂഹ്യ സമ്പര്‍ക്കമാകും. സാമൂഹ്യ വ്യാപനമാകും, പിന്നെ കേസ്സായി, കോടതിയായി ക്വാറന്റൈനായി. ആകപ്പാടെ പൊല്ലാപ്പ്. അതുകൊണ്ട് പവിത്രമായ ആര്‍ഷഭാരത സംസ്‌കാകരത്തെ പിന്തുടര്‍ന്ന് 'നമസ്‌തേ' പറഞ്ഞ് പിരിയാം. പൊട്ടിക്കരച്ചിലും കൊട്ടിപ്പിടുത്തവുമൊക്കെ പിന്നീട്.

പറഞ്ഞു വരുന്നത് അമേരിക്കന്‍ കാനഡ മലയാളികളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന സംഘടനകളുടെ സംഘടനകളായ 'ഫൊക്കാന'യേയും ഫോമായെ പറ്റിയുമാണ്. തുടക്കത്തില്‍ 'സെന്റ് ജോര്‍ജ്' എന്ന ലേബലുള്ള ഒരു കുടക്കീഴിലായിരുന്നു രണ്ട് പേരും.

'പണ്ടൊക്കെ ഞങ്ങല്‍ ഒരു കുടക്കീഴിലേ പള്ളിയില്‍ പോകാറുള്ളൂ' എന്നുള്ള ഗാനം ഇവര്‍ക്ക് വേണ്ടി വയലാര്‍ രചിച്ചതാണ്.

വളര്‍ന്ന്വലുതായി, പുരയ്ക്കു മുകളിലായപ്പോള്‍ അവര്‍ അടിച്ച് പിരിഞ്ചാച്ച്! ഒരാള്‍ പോപ്പി കുടക്കീഴിലും മറ്റെയാള്‍ ജോണ്‍സ് കുടക്കീഴിലും.

കുളിരോട് കുളിരെടി, ഇനി വിറയ്ക്കാതെ
ഇടിമിന്നലില്‍ നീയെന്നരികത്ത് വാ- 
നീയീ കുടക്കീഴില്‍ വാ...

എന്ന പാട്ടും പാടി, പ്രലോഭനങ്ങളുമായി, അമേരിക്കന്‍ മലയാളികളുടെ പിന്നാലെ ഫൊക്കാനയും, ഫോമയും വെറുതെ മണ്ണുകൊണ്ട് നടന്നു.

പക്ഷെ എന്തു ചെയ്യാം? ആരുടേയോ ഓരു മുന്മജന്മ ശാപം ഈ സംഘടനകളെ പിന്‍തുടരുന്നു.

യുവതലമുറക്ക് മുന്‍തൂക്കം എന്ന കാലഹരണപ്പെട്ട മുദ്രാവാക്യവുമായി ഇന്നും കടല്‍ക്കിളവന്മാര്‍ ഈ സംഘടനകളുടെ തലപ്പത്തിരിക്കുന്നു. അധികാര കേന്ദ്രങ്ങളില്‍ നിന്നും ഇവര്‍ ഒരിക്കലും പിടിവിടുന്നില്ല. ഇവരുടെ താളത്തിനൊത്ത് തുള്ളുന്ന മരപ്പാവകളെ കാതലായ സ്ഥാനങ്ങളില്‍ അവരോധിച്ച ശേഷം ഇവര്‍ പിന്നില്‍ നിന്നും ചരട് വലിക്കുന്നു.

'ഞാന്‍ പറയും നീ അനുസരിക്കും' അതാണ് ലൈന്‍.

അങ്ങിനെ അമേരിക്കന്‍ മലയാളികളുടെ വലിയ ഉപദ്രവമൊന്നുമില്ലാതെ കുറച്ച് പേരാല്‍ തിരഞ്ഞെടുക്കപ്പെട്ട്, കുറച്ച് പേരാല്‍ നയിക്കപ്പെട്ട്, കുറേയാളുകള്‍ ഒരുമിച്ച്കൂടി വെള്ളമടിച്ച് ഒരു കണ്‍വെന്‍ഷന്‍ നടത്തി, അതൊരു വലിയ സംഭവമായിരുന്നു എന്ന വാര്‍ത്തകളും നല്‍കി സമാധാനത്തിലെ പോരുകയായിരുന്നു.

അപ്പോഴായണ് ഈ കൊപ്പിലെ ഒരു കൊറോണ. എല്ലാം തകിടം മറിഞ്ഞില്ലേ? അറ്റാലാന്റിക് സിറ്റിയിലെ മണികിലുക്കത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറാനിരുന്ന ഫൊക്കാനാ കണ്‍വെന്‍ഷനും അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഓളങ്ങളില്‍ ആടിയാടി നടത്തേണ്ടിയിരുന്ന 'ഫോമ' കണ്‍വെന്‍ഷനും ഓര്‍ക്കുമ്പോള്‍... ഓര്‍ക്കാതിരിക്കുന്നതാണ് ഭേദം.

സൂം മീറ്റിംഗും വെര്‍ച്വല്‍ മീറ്റിംഗും ടെലി കോണ്‍ഫ്രന്‍സും മറ്റും നടത്തിയാല്‍ കണ്‍വന്‍ഷന്‍, കണ്‍വന്‍ഷനാകുമോ? ആണിന്റേയും പെണ്ണിന്റേയും മോന്തായം എല്ലാം ഒന്നുപോലെ ബഹിരാകാശത്തു നിന്നും വന്ന ഏതോ വിചിത്ര ജീവികളെപ്പോലെ!

അന്ത കാലത്തെ കണ്‍വന്‍ഷനായിരുന്നു കണ്‍വെന്‍ഷന്‍.

കണ്ണാടി പോലെ മിന്നും കാഞ്ചിപുരം സാരി ചുറ്റി 
കഴുത്തില്‍ കവിതചൊല്ലും കല്ലുമണി മാല ചാര്‍ത്തി 
അന്നം പോല്‍ നടന്ന് പോകും അഭിരാമി...
എവിടെത്തിരിഞ്ഞു നോക്കിയാലും സുന്ദരികള്‍- കോളിനോസ് പുഞ്ചിരിയോടെ

മല്‍മല്‍ മുണ്ടും, പി ജി സില്‍ക്ക് ജുബ്ബായും 10 പവന്റെ മുത്തുമണി മാലയും 5 പവന്റെ തടവളയും ഇട്ട, ചെറുതായി ഒന്ന് മിനുങ്ങി, പാണ്ടി മണിയന്മാരെപ്പോലെ വിലസുന്ന അച്ചായന്മാര്‍.

ഹോ അതൊരു കാലമായിരുന്നു. ഹെന്റമ്മോ! ഇതൊന്നും ഓര്‍ക്കാന്‍ ഈ ബലഹീനന്റെ മനസ്സിന് കട്ടി പോരാ.

കൊറോണയായാലും കൊലപാതകമായാലും 'ദി ഷോ മസ്റ്റ് ഗോ ഓണ്‍' എന്നാണല്ലോ പ്രമാണം. അങ്ങിനെ നിയമാവലി വള്ളിപുള്ളി തെറ്റാതെ സമയമായപ്പോള്‍ 'പൊക്കാന' എന്ന മഹത് സംഘടന തിരഞ്ഞെടുപ്പ് നടത്തി. കൈ പൊക്കിയാണോ കാല് പൊക്കിയാണോ, പോസ്റ്റല്‍ വോട്ടാണോ, ഇലക്ട്രോണിക് വോട്ടാണോ, ഒരു നിശ്ചയവുമില്ല. പറഞ്ഞ സമയത്ത്, പറഞ്ഞത് പോലെ തെരഞ്ഞെടുപ്പ് നടത്തി. എന്റെ സുഹൃത്ത് ജോര്‍ജി പ്രസിഡന്റായി. ബോബി തിരഞ്ഞെടുപ്പ് കമ്മീഷണര്‍. അന്ന് തന്നെ അധികാരം ഏല്‍പിച്ച് സംതൃപ്തിയോടെ ഇലക്ഷന്‍ കമ്മീഷണന്മാര്‍ പടിയിറക്കി.

ആണുങ്ങളായാല്‍ അങ്ങിനെ വേണം.

എല്ലാം ഓകെയാണെന്ന് കരുതി സമാധാനമായിട്ടൊന്നുറങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ഇതാ യിപ്പുറക്ക് ലീലാ മാരേട്ട് എന്ന പേരില്‍ ഒരു ഉണ്ണിയാര്‍ച്ച പടവിളിയുമായി ഇറങ്ങിയിരിക്കുന്നത്. കളി കാര്യമായി. സംഗതി കോടതിയിലെത്തി. രണ്ട് കൂട്ടരും പറഞ്ഞത് കോടതിക്ക് പിടി കിട്ടിയില്ല. ഇവിടെ കറുമ്പന്റെ കഴുത്ത് ഞെരിച്ച വെള്ളക്കാരന്റെ വിചാരണ നടക്കുകയാണ്. അതിനിടയിലാണ് ഒരു ഫൊക്കാന ഇനി ഒരു വിധി വരുന്നത് വരെ 'പൊക്കാന'  ഫൊക്കാന എന്ന നാമം ആരം ഉച്ചരിക്കരുതെന്ന ഒരു താക്കീതുണ്ട്. 

ഇതിന് പിന്നില്‍ 'നാമം' എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റ് മാധവന്‍ നായര്‍ ഉണ്ടെന്ന് പറയുന്നത് വെറും ആരോപണമാ അങ്ങിനെ ഫൊക്കാനയുടെ കാര്യത്തില്‍ ഏതാണ്ട് ഒരു തീരുമാനമായി. പന്നിപ്പടക്കം കടിച്ചുപൊട്ടിച്ച് വയനാട്ടില്‍ ഒരു ആന ചരിഞ്ഞു എന്നൊരു വാര്‍ത്ത ഈയ്യിടെ കേട്ടിരുന്നു.

ഇനി നമുക്ക് ഫോമായുടെ കാര്യത്തിലേക്ക് കടക്കാം. കടന്നിട്ടെന്ത്, കാര്യമൊന്നുമില്ല. ഇതൊരു ശീലമായിപ്പോയി എന്നാണ് ഉത്തരം.

ഫോമയില്‍ കാര്യങ്ങളെല്ലാം ശാന്തമായ ഒരു തടാകം പോലെയാണ്. അവിടെ കരച്ചില്‍ ഇല്ല. പല്ലുകടിയില്ല. ഫൊക്കാന എന്ന ടൈറ്റാനിക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടതിന് ശേഷം ക്യാപ്റ്റന്‍ അനിയന്‍ ജോര്‍ജിന്റെ മേല്‍ നോട്ടത്തില്‍ കാര്യങ്ങളെല്ലാം നല്ല ഞെരിപ്പായി നടക്കുകയാണ്. മൂന്ന് നേരവും ബിരിയാണിയാണ്. രാവിലെ ചിക്കന്‍,  ഉച്ചയ്ക്ക് മട്ടണ്‍, രാത്രി ബഫേ!! കൂട്ടത്തില്‍ കഞ്ഞി കുടിക്കുന്നവരും ഉണ്ട്. കഞ്ഞികള്‍ എന്നും കഞ്ഞിയല്ലേ കുടിക്കത്തുള്ളു.

എല്ലാം കൊണ്ടും അടുത്ത ഫോമാ പ്രസിഡന്റാകുവാന്‍ എന്റെ സ്‌നേഹിതനേക്കാളുപരി, ഞാന്‍ അനുജനായി കരുതുന്ന അനിയന്‍ ജോര്‍ജാണ്.

സംഗതി ഏതെണ്ടെല്ലാം വേണ്ടപ്പെട്ടവരു തമ്മില്‍ പറഞ്ഞൊപ്പിച്ചതാണ്. പല സ്ഥാനാര്‍ത്ഥികള്‍ക്കും എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. സംഘടനയുടെ ബലക്ഷയം കൊണ്ടാണോ, അതോ ഇതുപോലെയുള്ള ഉഡായിപ്പ് സംഘടനകളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടാണോ?

എല്ലാം ഭദ്രമായി പടക്കം പൊട്ടിച്ച് ആഘോഷിക്കുമ്പോഴാണ്. കാനഡായില്‍ നിന്നും ഒരു അശുഭ വാര്‍ത്ത. ഇവിടുത്തെ അഭിഷേകാഗ്നി നയാഗ്രയിലെ വെള്ളമൊഴിഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ് തോമസ് കെ തോമസ്. തോമസ് കെ തോമസ് അത്ര മോശക്കാരനൊന്നുമല്ല. 'ചിരിയരങ്ങ്' എന്നൊരു പരിപാടി ഡോ എം വി പിള്ളയുടെ ശുപാര്‍ശ പ്രകാരം, എന്റെ പ്രിയ സ്‌നേഹിതന്‍ ജോണ്‍ ഇളമതയുടെ സഹകരണത്തോടെ, ആദ്യമായി അരങ്ങേറിയത് ആ കണ്‍വെന്‍ഷനില്‍ വെച്ചാണ്. പരസ്പരം ചെളിവാരിയെറിയുന്നില്ലെങ്കിലും, വെള്ളം തെറിപ്പിച്ചു തുടങ്ങിയെന്നാണ് പിന്നാമ്പുറ വാര്‍ത്ത.

ഇതിനിടയില്‍ ഇന്ത്യാ ചൈന അതിര്‍ത്തി പുകയുന്നതൊക്കെ എന്ത് വാര്‍ത്ത? കനേഡിയന്‍ അതിര്‍ത്തി ഇടക്കാലത്ത് അടച്ച വിവരം ആരും അറിഞ്ഞില്ലേ?

പ്രിയ മാന്യ മഹാജനങ്ങളെ ഇനി ഞാന്‍ പറയുന്നതിന് നിങ്ങള്‍ ചെവി തരണം.

ഞാനല്ല ജ്ഞാനിയായ ശലോമന്റെ ആത്മാവാണ് എന്നിലൂടെ ഇത് നിങ്ങളിലെത്തിക്കുന്നത്.

നോര്‍ത്ത് അമേരിക്ക എന്ന ഭൂഖണ്ഡത്തിലുള്‍പ്പെടുന്നത് കൊണ്ട് മാത്രം, അമേരിക്കയും കാനഡയും ഒരേ രാജ്യമല്ല, ടു കണ്‍ട്രീസാണ്. കാനഡായുടെ സുപ്രീം ഹെ്ഡ് ബ്രിട്ടീഷ് രാജ്ഞിയും അമേരിക്കയുടെ തലവന്‍ ട്രംമ്പ് രാജകുമാരനുമാണ്.

അതുകൊണ്ട് എന്റെ പ്രിയ കനേഡിയന്‍ സുഹൃത്തുക്കള്‍, അമേരിക്കന്‍ മലയാളികളുടെ പിന്നാമ്പുറത്ത് കിടക്കാതെ ഫൊക്കാനയും ഫോമയും മറ്റും ഉള്‍പ്പെടുന്ന എല്ലാ കാനേഡിയന്‍ മലയാളി സംഘടനകളേയും ഒരുമിച്ച് ചേര്‍ന്ന് ഒരു കനേഡിയന്‍ മലയാളി അംബ്രല അസോസിയേഷന്‍ രൂപീകരിക്കണം. പോരിടുമ്പോള്‍ കൂട്ടത്തില്‍ ആന, ആമ എന്ന സഫിക്‌സ് വരാതെ ശ്രദ്ധിക്കണം.

പിന്നെ ഒരു കാര്യം.

കാനഡയിലാണ് ഏറ്റവുമധികം മലയാള വിദ്യാര്‍ത്ഥികള്‍ സമാധാനത്തോടെ ജോലി ചെയ്ത് പഠിച്ചു ജീവിക്കുന്നത്. അവരുടെ ഇടയില്‍ പോയി, അവരെ ഉദ്ധരിക്കാമെന്ന് പറഞ്ഞ് കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്. ഇതുവരെ അവര്‍ സ്വന്തം കാലിലാണ് നില്‍ക്കുന്നത് അവരെ വെറുതെ വിടുക.

ഫോമ, ഫൊക്കാന, കാനഡാ ക്ലബ്, ഇതൊന്നും തലമുറ തലമുറ കൈമാറി ആരും കൊണ്ടു നടക്കുമെന്നു കരുതേണ്ടാ കാരണം നമ്മുടെ പിന്‍ഗാമികള്‍ നമ്മളെപ്പോലെ വെറും പൊട്ടന്മാരല്ല.

പിണങ്ങരുത്- സ്‌നേഹം കൊണ്ട് പറയുന്നതല്ലേ?
Join WhatsApp News
Old timer 2020-09-10 13:29:16
പണ്ട് കാനഡക്കാര് ഒന്ന് ട്രൈ ചെയ്തതതാ. തുടങ്ങുന്നതിനു മുൻപേ തല്ലിപ്പിരിഞ്ഞു. ഇനി വേണോ. ആർക്കു വേണം പുതിയ സംഘടനകൾ.
ST GEORGE KUDAKAL 2020-09-10 14:21:37
അന്നൊക്കെ ഞങ്ങൾ ഒരു കുടക്കീലെ പള്ളിയിൽ പോകാറുള്ളൂ. ഇത് ഭാര്യ എന്ന സിനിമയിൽ ബെന്നിക്കും (സത്യൻ) ലീലക്കും (രാഗിണി) വേണ്ടി വയലാർ രചിച്ചതാണ്. " അന്നം പോൽ നടന്നുപോകും" അഭിരാമി നിന്റെ " ആരാമം ഒന്നുകാണാൻ മോഹമായി" എന്ന ഭാഗം എന്തെ മൈലപ്ര വിട്ടുകളഞ്ഞു.
Lawyer 2020-09-10 14:26:51
The bylaws of both fokana and fomma clearly states that only organizations registered in the U.S. as per the rules of non-profit institutions are entitled to be a member of these organizations. So, please the Canadian malayalees contesting for fomma or fokana official titles stop advertising or propaganding through facebook.
Mathew V. Zacharia, New Yorker 2020-09-10 14:57:15
Raju Myelapra: Hilarious musical story telling. For me this was a medicinal laughter. Mathew V. Zacharia, New Yorker
Canadian Malayalee 2020-09-11 07:25:52
Canadian Malayalees are happy without any umbrella organization. Please let us live peacefully
Thomas Koshy 2020-09-11 13:40:21
Truly Hillarious! Thanks Raju.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക