Image

ഉണ്ണി കണ്ടത് മിഥ്യയോ അതോ സത്യമോ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 18 September, 2020
ഉണ്ണി കണ്ടത് മിഥ്യയോ അതോ സത്യമോ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഉണ്ണി കുട്ടിക്കാലത്തു കണ്ട നാടകങ്ങളില്‍ ഇന്നും മറക്കാനവാത്ത ഒന്നാണ് രക്ത രക്ഷസ്. അന്ന് ഒരു സിനിമയെ വെല്ലുന്ന തരത്തില്‍ ആയിരുന്നു ആ നാടകത്തിന്റെ അവതരണം. അവതരണ ശൈലിയില്‍ ഏറ്റവും പുതുമയോടെ ആണ് ആ നാടകം അവതരിപ്പിച്ചു വന്നത്. സ്റ്റേജില്‍ കുടി കാര്‍ ഓടിച്ചു വരുന്നതും അങ്ങനെ പല പുതുമകളും നിറഞ്ഞ ഭയാനകമയ ഒരു നാടകം. ഇന്നും ആ നാടകത്തെ പറ്റി ഓര്‍ക്കുബോള്‍ ആര്‍ക്കും ഒരു ഭയം മനസ്സില്‍ കൂടി കടന്നു പോകും.

ഒരു സ്ത്രിയെ സ്‌നേഹം നടിച്ചു കൊല്ലുന്നതും അവളുടെ ആത്മാവ് ഒരു രക്തരക്ഷസായി രൂപപ്പെടുന്നതും, ആ രക്തരക്ഷസ് അവളുടെ മരണത്തിന് കാരണക്കാരായ ഓരോരുത്തരെയും തെരഞ്ഞു പിടിച്ചു കൊല്ലുന്നതും വളരെ നല്ലരീതില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഓരോ തവണയും ആ രക്ഷസിന്റെ രംഗപ്രവേശനം ചെറുപ്രായത്തിലുള്ള ഒരു കുട്ടിക്ക് കണ്ടുകൊണ്ടു ഇരിക്കാന്‍ പറ്റുന്ന രീതിയില്‍ ആയിരുന്നില്ല.

സ്റ്റേജില്‍ എങ്ങും ഇരുട്ട് നിറയും, അതിശക്തമായ ഇടിയും മിന്നലും, ആ മിന്നലിന്റെ വെളിച്ചത്തില്‍ വെളുത്ത സാരിയുടുത്ത ഒരു സ്ത്രി അവളുടെ മരണത്തിന് കാരണക്കാരായ ഓരോരുത്തരുടെയും മുന്നില്‍ പ്രത്യക്ഷപെടുന്നു. ആ സുന്ദര സ്ത്രീ രൂപത്തെ കണ്ടു ഭ്രമിച്ചു അവര്‍ അവളുടെ പിന്നാലെ പോകുന്നു. പെട്ടെന്ന് തന്നെ ആ സ്ത്രീ രൂപം രക്ഷസായി രൂപാന്തരപ്പെടുന്നതും അവരുടെ രക്തം കുടിച്ചു കൊല്ലുന്നതും വളരെ ഭീതിയോടെ ഉണ്ണിക്കുട്ടന്‍ കണ്ടു വിറച്ചു അച്ഛന്റെ മടിയിലേക്കു മാറിയിരുന്നിട്ടുണ്ട് . ആ സീനുകള്‍ ഓര്‍ക്കുബോള്‍ ഇപ്പോഴും മനസിന്റെ ഉള്ളില്‍ ഭീതിയാണ്. അതിന് ശേഷമാണു ഉണ്ണി ഇരുട്ടിനെ ഭയക്കാന്‍ തുടങ്ങിയത്.

ഉണ്ണിയെ പോലെ തന്നെ തന്റെ പ്രായത്തിലുള്ള മിക്ക കുട്ടികളും ഈ നാടകം കാണുകയുണ്ടായി. അത് വരെ ഇല്ലാതിരുന്ന ഒരു ഭയം എല്ലാ കുട്ടികളും ഒരു പോലെ പങ്കുവെച്ചു. രാത്രിയായാല്‍ പുറത്തു ഇറങ്ങാന്‍ പേടിയായി തുടങ്ങി. ആ രൂപം മനസ്സില്‍ തങ്ങിനില്‍ക്കുകയാണ്.

നന്നേ ചെറുപ്പത്തിലേ ഉണ്ണിക്ക് കഥകള്‍ കേള്‍ക്കുന്നത് ഇഷ്ടമാണ്. മുത്തശ്ശിയോട് യക്ഷികളുടെ തുടക്കത്തെ പറ്റി ഉണ്ണിക്കുട്ടന്‍ അറിയാന്‍ ശ്രമിച്ചു. മുത്തശ്ശിയുടെ മടിയില്‍ തല ചായ്ച്ചു ഉറങ്ങാന്‍ ശ്രമിച്ച ഉണ്ണിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.

മുത്തശ്ശിയുടെ ഭാഷയില്‍ അകാലത്തില്‍ ദുര്‍മരണം സംഭവിക്കുന്ന സ്ത്രികള്‍ യക്ഷികള്‍ ആയി പിറവി എടുക്കും. ആ യക്ഷികള്‍ പ്രതികാര ദാഹികള്‍ ആയി നിലനില്‍ക്കും . രാത്രി കാലങ്ങളില്‍ വഴിയേ പോകുന്നവരെ, വിശേഷിച്ചു സുന്ദരന്മാരെ ആകര്‍ഷിച്ചു കൂട്ടിക്കൊണ്ടുപോകും. പിറ്റേന്ന് അവരുടെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ എന്നെക്കെയാണ് കേട്ടിരുന്നത്.

പക്ഷേ യക്ഷിയെ പറ്റിയുള്ള ഒരു രൂപം മനസ്സില്‍ രൂപപ്പെട്ടത് ഈ നാടകം കണ്ടതിനു ശേഷമാണ് . ഒരു ദിവസം വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞു ഇറങ്ങുബോഴേക്കും ഇരുട്ടു മൂടി തുടങ്ങിയിരുന്നു. വീട്ടിലേക്ക് പോകുവാന്‍ ഒരു ഭയം, പോകാതിരിക്കാനും പറ്റില്ല, പിന്നെ തിരിഞ്ഞു നോക്കാതെ ഒറ്റനടത്തം ആയിരുന്നു.

ആരോ പിന്‍തുടരുന്നത് പോലെ തോന്നി, പിന്നെ ഒന്നും നോക്കിയില്ല ഒറ്റയോട്ടം. വേഗത കുടുന്നതനുസരിച്ചു എന്തോ ഒരു സൗണ്ടും ഉണ്ണിയെ പിന്‍തുടരുന്നതായി തോന്നി. ഉണ്ണിയുടെ പേടി വര്‍ദ്ധിച്ചു ഹൃദയം ഒരു ചെണ്ട മേളം തന്നെ നടത്തി. പേടിമാറ്റാന്‍ ഉണ്ണി ഉറക്കെ പാട്ടുപാടി. അതിനൊപ്പം ഓട്ടത്തിന്റെ വേഗതയും കുട്ടി.

അറിയാവുന്ന ആ പാട്ടുപാടി തിര്‍ന്നപ്പോഴേക്കും ഉണ്ണി വീട്ടില്‍ എത്തി. തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നും തന്നെ പുറകില്‍ ഇല്ല. എങ്കിലും ഉണ്ണിയുടെ മനസ് പറയുന്നുണ്ടായിരുന്നു തന്നെ ആരോ പിന്തുടര്‍ന്നുണ്ടായിരുന്നു എന്ന്.

മുത്തശ്ശി കഥകളില്‍ നിന്നും പനയിലും പാലമരത്തിലുമാണ് യക്ഷി താമസം എന്നാണ് ഏവരുടെയും വിശ്വാസം. രാത്രിയില്‍ പാലപൂവിന്റെ മണം കേട്ടാല്‍ പഴമക്കാര്‍ പറയും യക്ഷിയുടെ മണമാണെന്നു . അതുകൊണ്ടു തന്നെ രാത്രിയില്‍ ഈ മരങ്ങളുടെ അടുത്തുകൂടി പോകുവാന്‍ തന്നെ ആളുകള്‍ക്ക് പേടിയാണ് .

പല രാത്രിയുടെ നിശബ്ദതയില്‍ നായ്ക്കള്‍ ഓരിയിടുന്നതു കേള്‍ക്കാം. വാവലുകളുടെ ചിറകടിശബ്ദം കേള്‍ക്കാ. ജനാലകള്‍ തുറക്കുന്നത് പോലെ കേള്‍ക്കാം. ഇരുട്ടിന്റെ നിശബ്ദതയില്‍ കാല്‍പ്പെരുമാറ്റം കേള്‍ക്കാം. ഇതെല്ലാം കേള്‍ക്കുബോള്‍ യക്ഷിയാണ് എന്ന് വിചാരിച്ചു പലപ്പോഴും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു ശ്വാസം വിടാതെ കിടന്നിട്ടുണ്ട് .

ഒരു ദിവസം ഉണ്ണിയുടെ സൈക്കിള്‍ പഞ്ചറായി. ഒരു പാല മരത്തിന്റെ അരികില്‍ കൂടെ വേണം ഉണ്ണിക്ക് വീട്ടിലേക്ക് പോകുവാന്‍ . എങ്ങും ഇരുട്ട്, കൂട്ടിന് ആരും ഇല്ല താനും. രണ്ടും കല്‍പിച്ചു നടക്കുവാന്‍ തന്നെ തീരുമാനിച്ചു . ആരോ തന്നെ പിന്തുടരുന്നപോലെ , എവിടെയോ പാല പൂത്ത മണം, കാറ്റും മഴയും കൊള്ളിയാനും ഇടിവെട്ടലും എല്ലാം കേള്‍ക്കാം.

ഓരോ നിമിഷം കഴിയുന്തോറും കാറ്റിന്റെ ശക്തി കൂടി വന്നു . എവിടെയോ കണ്ടു മറന്ന സ്ത്രീരൂപം. ആ സ്ത്രീരൂപം ഉണ്ണിയുടെ അടുക്കലേക്കു വരുന്നത് പോലെ തോന്നി പാദത്തോളം നീണ്ടുകിടക്കുന്ന മുടികളും, ചുമന്നു തുടുത്ത ചുണ്ടുകളും, തൂവെള്ള മേനിയും. അവള്‍ ഉണ്ണിയുടെ അരികിലേക്ക് വന്നുകൊണ്ടിരുന്നു. ഇടിമിന്നലിന്റെ വെളിച്ചത്തില്‍ അവള്‍ ഒരു അപ്‌സരസ്സിനെ പോലെ തോന്നിച്ചു.

അവള്‍ ഉണ്ണിയിലേക്ക് അടുക്കും തോറും പാലപ്പൂവിന്റെ മണം അടുത്തടുത്ത് വരുന്നത് പോലെ. പനംകുലപോലുള്ള മുടിയുടെയിടയിലൂടെ തീ പറക്കുന്ന ചുമന്ന കണ്ണുകള്‍ കാണാം . അവള്‍ ഉണ്ണിയുടെ അരികില്‍ എത്തി.
നിലാവില്‍ അതിസുന്ദരിയായ ഒരു യുവതി എത്തുന്നതും മുറുക്കാന്‍ ഇത്തിരി ചുണ്ണാമ്പ് ചോദിക്കുന്നതും നാണംനടിച്ച് മണ്ണില്‍ കാല്‍നഖംകൊണ്ട് വര വരയ്ക്കുന്നതുമൊക്കെ മുത്തശ്ശി കഥകളില്‍ കേട്ടത് ഉണ്ണിയുടെ ഓര്‍മ്മയില്‍ വന്നു. യക്ഷി ആണെന്ന് ഉണ്ണി വിശ്വസിച്ചു.

അപ്പോള്‍ ആ സ്ത്രിയുടെ ചോദ്യം. 'ഉണ്ണി എന്താ വൈകി പോയത്?' . പിന്നെയും ഉണ്ണിക്കു സംശയം യക്ഷികള്‍ വിശേഷങ്ങള്‍ ചോദിക്കുമോ? സകല ദെവങ്ങളെയും വിളിച്ചുകൊണ്ടു യക്ഷിയുടെ മുഖത്തേക്ക് ഒന്ന് നോക്കി, അത് അപ്പുറത്തെ വീട്ടിലെ കമല ചേച്ചി ആണ് . ആശ്വാസമായി, ഉണ്ണിക്ക് സന്തോഷമായി. കമലച്ചേച്ചിയുടെ വീട് വഴിയാണ് ഉണ്ണി കടന്നു പോകുന്നത്. അതുവരെ കുട്ടു ഉണ്ടല്ലോ എന്ന് സമാധാനിച്ചു. അവര്‍ പലകാര്യങ്ങളും സംസാരിച്ചുകൊണ്ടു കമലച്ചേച്ചിയുടെ വീട് വരെ എത്തിയത് അറിഞ്ഞില്ല.

കമല ചേച്ചിയുടെ വീടിന് അടുത്ത് എത്തിയപ്പോള്‍ ഒരു ആള്‍ക്കൂട്ടം. അവന്‍ ചേച്ചിയോട് തിരക്കി എന്താണ് കാരണം. ചേച്ചി പറഞ്ഞു ഞാന്‍ വീട്ടില്‍ പോയി നോക്കിയിട്ടു വരാം. ചേച്ചി അകത്തേക്ക് പോയി പിന്നെ തിരിച്ചു വന്നില്ല. ഉണ്ണി അവിടെ നിന്നവരോട് തിരക്കി. എന്താണ് കാരണം?. കമല ചേച്ചി കുറച്ചു മുന്‍പ് കിണറ്റില്‍ ചാടി മരിച്ചു . ഉണ്ണിക്കു പേടി ഒന്നുകൂടി വര്‍ദ്ധിച്ചു , അപ്പോള്‍ ഇത്രയും നേരം എന്റെ കൂടെ നടന്നത് കമലച്ചേച്ചിയുടെ ആത്മാവ് ആയിരുന്നോ? അതോ യക്ഷി തന്നെ ആയിരുന്നോ ?

(ചിലപ്പോള്‍ ചിലതെക്കെ നടക്കുന്നു എന്നത് വെറും മനസ്സിന്റെ തോന്നലുകള്‍ ആകാം. ചിലതിന് യുകതിപരമായാ വിശദീകരണങ്ങള്‍ ഉണ്ടാകാം. ചിലതിനു യുക്തിയില്‍ ഉത്തരം കിട്ടാതെ വന്നേക്കാം. എന്നിരിക്കലും ഈ കഥയിലെ ഉണ്ണി എപ്രകാരം അനുഭവിച്ചോ അത് പോലെ തന്നെ എഴുതിയിരിക്കുന്നു.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക