MediaAppUSA

ആരാണ് ദല്‍ഹിവംശഹത്യയുടെ (2020) പിന്നില്‍? (ദല്‍ഹികത്ത് - പി വി തോമസ്)

പി വി തോമസ് Published on 18 September, 2020
ആരാണ് ദല്‍ഹിവംശഹത്യയുടെ (2020) പിന്നില്‍? (ദല്‍ഹികത്ത് - പി വി തോമസ്)
വംശഹത്യകള്‍, വര്‍ഗീയ കലാപങ്ങള്‍ ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. അഗ്നിപര്‍വ്വതം പൊട്ടുന്നത് പോലെ അത് നിരന്തരമായ ഒരു പ്രക്രിയയുടെ ബഹിസ്മരണം ആണ്. വംശഹത്യകള്‍ തികച്ചും ആസൂത്രണം ആണ്. സംഘടിതം ആണ്. അതിന്റെ പിന്നില്‍ വെറുപ്പിന്റെ, വെറിയുടെ, വര്‍ഗ്ഗാധിപത്യത്തിന്‍രെ ഒരു തത്വശാസ്ത്രം ഉണ്ട്. 1984 ലെ സിക്ക് വിരുദ്ധ വംശഹത്യ ഒരു പരിധിവരെയും 2002 ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ വംശഹത്യ പൂര്‍ണ്ണമായും ചൂണ്ടികാണിക്കുന്നത് ഇതാണ്. 1984 ലെ ദല്‍ഹി വംശഹത്യയും 2002 ലെ ഗുജറാത്ത് വംശഹത്യയും മാപ്പ് അര്‍ഹിക്കാത്ത കൊടും ക്രൂരതയാണ്. ആദ്യത്തെതില്‍ രാജീവ് ഗാന്ധിയും കോണ്‍ഗ്രസും പ്രതികൂട്ടില്‍ ആണ്, മന്‍മോഹന്‍ സിംങ്ങും സോണിയ ഗാന്ധിയും പിന്നീട് മാപ്പ് പറഞ്ഞെങ്കിലും. രണ്ടാമത്തെതില്‍ നരേന്ദ്ര മോദിയും അമിത്ഷായും ബി ജെ പി സംഘപരിവാറും പ്രതികൂട്ടില്‍ ആണ്. പക്ഷെ ഇവര്‍ ഇന്നുവരെ ഇതിന് ഒരു കുണ്ഠിതം പോലും രേഖപ്പെടുത്തിയിട്ടില്ല. ഇരുകൂട്ടരും ദേശീയ (രാജീവ് ഗാന്ധി), സംസ്ഥാന (മോദി) ഗവണ്മെന്റുകളെ വംശഹത്യക്കായി ഉപയോഗിച്ചു.

2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ വീണ്ടും ഒരു വംശഹത്യ നടന്നു. 1984 ലെയും 2002 ലെയും പോലെ ആയിരങ്ങള്‍ മരിച്ചു വീണില്ലെങ്കിലും അമ്പതിലേറെ ജനങ്ങള്‍ ചത്തൊടുങ്ങി. മുന്‍ സംഭവങ്ങളിലെ പോകല ഏറെയും ന്യൂനപക്ഷ മുസ്ലീങ്ങ്ള്‍.

സംഭവത്തിന്റെ ഉത്സവം ഇതായിരുന്നു. കേന്ദ്രഗവണ്മെന്റിന്റെ പൗരത്വ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവക്കെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചു. ഇവരില്‍ എല്ലാ വിഭാഗത്തില്‍പെട്ടവരും ഉണ്ടായിരുന്നു. ഈ രണ്ട് ഭേദഗതികള്‍ മുസ്ലീം വിവേചന പരം ആയിരുന്നു. ഇവയ്‌ക്കെതിരെ ഇയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തെ ഒരു ഹിന്ദു- മുസ്ലീം വര്‍ഗ്ഗീയ ലഹള ആക്കുവാന്‍ ബി ജെ പിയും സംഘപരിവാറും ശ്രമിച്ചു വിജയിച്ചു. അതിന്റെ പരിണിതഫലം ആയിരുന്നു 2020 ഫെബ്രുവരിയിലെ ദല്‍ഹിവംശഹത്യ.

ആറ്മാസങ്ങള്‍ക്ക് ശേഷം അമിത്ഷായുടെ ദല്‍ഹി പോലീസ് ഇപ്പോള്‍ ഈ കലാപത്തിന്റെ കുറ്റപത്രം സമര്‍പ്പിക്കുകയാണ്. 17050 താളുകള്‍ ഉണ്ട്. 15 പേരെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ എല്ലാവരും തന്നെ മുസ്ലീങ്ങള്‍ ആണ്. ഇവര്‍ പൗരത്വ ഭേദഗതി നിയമവിരുദ്ധന്‍ സമരത്തിന്റെ സജീവ ഭാഗവും ആയിരുന്നു. ഇനി അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുമ്‌ടെങ്കിലും ഉടന്‍തന്നെ അവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. ഇവരെല്ലാം മുസ്ലീങ്ങള്‍ ആണ്. ഇവരെക്കൂടാതെ സപ്ലിമെന്‍രറി കുറ്റപത്രത്തില്‍ സീതാറാം യെച്ചൂരി (സി പി എം ജനറല്‍ സെക്രട്ടറി), യോഗേന്ദ്രയാദവ് (സ്വരാജ് അഭിയാന്‍ നേതാവ്), ജയതി ഘോഷ് (സാമ്പത്തിക വിദഗ്ദ്ധ), അപൂര്‍വ്വാനന്ദ് (ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍), രാഹുല്‍ റോയ്(ഡോക്യുമെന്ററി പിലിം നിര്‍മ്മാതാവ്) എന്നിവരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ദല്‍ഹി പോലീസിന്റെ അരവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം! ഈ രാഷ്ട്രീയ- സാംസ്‌ക്കാരിക- സാമ്പത്തിക നേതാക്കന്മാര്‍ ദല്‍ഹി വംശഹത്യയിലെ പങ്കാളികളും ആസൂത്രകരും ആയിരുന്നുവെന്നാണ് ദല്‍ഹി പോലീസിന്‍രെ ഏകപക്ഷീയമായ കണ്ടെത്തല്‍.

എന്നാല്‍ എന്താണ് വര്‍ഗീയ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ട് സംഘട്ടനാത്മകമായ പ്രസ്താവനകള്‍ നടത്തിയ ബി ജെ പി നേതാക്കന്മാര്‍ക്ക് സംഭവിച്ചത്? ഇവരില്‍ ആരും തന്നെ പ്രതിപട്ടികയില്‍ ഇല്ല. ഉദാഹരണമായി കേന്ദ്ര മന്ത്രി അനുരാഗ പട്ടേല്‍. ഇദ്ദേഹം ആക്രോശിച്ചത് ദേശദ്രോഹികളെ വെടിവെയ്ക്കുവാനാണ്. മറ്റൊരു ബി ജെ പി നേതാവ് കപില്‍ മിശ്ര പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് അട്ടഹസിച്ചത് മൂന്ന് ദിവസത്തിനകം സമരക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ ആ ജോലി മിശ്രയും അനുയായികളും ഏറ്റെടുക്കും എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ആണ് മിശ്ര പറഞ്ഞത് മറ്റൊരു നേതാവ് പര്‍വേശ് വര്‍മ്മ ഹിന്ദുക്കളായ അനുയായികളെ ഓര്‍മ്മപ്പെടുത്തിയത് സമരക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ അവര്‍ വീടുകളില്‍ കയറി ബലാല്‍സംഗം ചെയ്യും എന്നാണ്. എന്നിട്ടും യാതൊരു നടപടിയും ഇല്ല. ഇവര്‍ ഒന്നും കുറ്റപത്രത്തിലോ പ്രതിപട്ടികയിലോ ഇല്ലതാനും.

ഏകപക്ഷീയമായ കുറ്റാന്വേഷണത്തിനും പ്രതിപട്ടികക്കും എതിരായി ഒമ്പത് പോലീസിനെതിരെ അണിനിരക്കുകയുണ്ടായി. ഇവര്‍ക്ക് മുമ്പ് മുന്‍ മുബൈ, പഞ്ചാബ് പോലീസ് മേധാവി ജൂലിയോ റിബേര ദല്‍ഹി പോലീസിനോട് നിഷ്പക്ഷമായി ദല്‍ഹിവംശഹത്യ പുനരന്വേഷിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. പക്ഷേ ഫലം ഒന്നും ഇല്ല. ഇതുകൊണ്ടാണ് ദല്‍ഹിവംശഹത്യയുടെ മൂന്ന് ഭാഗങ്ങള്‍ പോലീസ്, പോളിറ്റീഷ്യന്‍, പോളറൈസേഷന്‍ (മതദ്രുവീകരണം) ആണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മോദി ഗവണ്മെന്റ് അധികാരത്തില്‍ വരുന്നതിന് ശേഷം ഒട്ടേറെ നിയമ- പോലീസ് ജുഡീഷ്യല്‍ വിഷയങ്ങളില്‍ ഗവണ്മെന്റും അധികാരികളും ഏകപക്ഷീയമായ, ന്യൂനപക്ഷ വിരുദ്ധമായ നിലപാടാണ് എടുക്കുന്നതെന്ന് വിമര്‍ശനം ഉണ്ട്! ദല്‍ഹിവംശഹത്യ ഒരു ഉദാഹരമമാണ്. ഗുജറാത്ത് വംശഹത്യയില്‍ 28 വര്‍ഷം ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മായാബെന്‍ കൊടനാനി ഇന്ന് വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. ഇതും ഒരു മോദി ഷാ മാജിക്ക് ആണ്.

2013 ഓഗസ്റ്റ് - സെപ്റ്റംബറില്‍ നടന്ന മുസഫര്‍ നഗര്‍ വര്‍ഗ്ഗീയ കലാപം മറ്റൊരുദാഹരണം ആണ്. ഈ കലാപത്തില്‍ 62 പേര്‍ മരിച്ചു. ഭൂരിഭാഗവും മുസ്ലീങ്ങള്‍ (42 മുസ്ലീങ്ങള്‍ 20 ഹിന്ദുക്കള്‍). 93 പേര്‍ക്ക് പരിക്കേറ്റ് 50000 പേര്‍ ഭവനരഹിതരായി. മിക്കവാറും മുസ്ലീങ്ങള്‍. എന്നിട്ടെന്തുണ്ടായി? 72 കേസുകള്‍ യോഗി അദിത്യ നാഥ് ഗവണ്മെന്റ് പിന്‍വലിച്ചു. ഇതില്‍ ബി ജെ പി എം എല്‍എ സംഗീസ് സോമിനെതിരെയുള്ള കേസും ഉള്‍പ്പെടുന്നു. അതുകൂടാതെ 41-ല്‍ 40 കേസുകളിലെയും എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു കാരണം സാക്ഷികള്‍ കൂറുമാറി.! ഇതുകൂടാതെ യോഗിയുടെ ഉത്തര്‍പ്രദേശില്‍ ദേശീയ സുരക്ഷനിയമം ചുമത്തി അറസ്റ്റ് ചെയ്യുന്നവരില്‍ നല്ല ഒരു വിഭാഗം പശു കടത്തുകാരാണ് (139-ല് 76). രാഷ്ട്രീയമായും മതപരമായുമുള്ള എതിരാളികളെ എന്‍ എസ് എയു എ പി എ പോലുള്ള മാരക നിയമങ്ങളില്‍ കുരുക്കു ജയിലിലെറിയുകയാണ് സര്‍ക്കാരിന്റെ കുതന്ത്രങ്ങളില്‍ പ്രധാനം.

അതിനുള്ള ശ്രമം ആണ് ജവഹര്‍ലാല്‍ നെഹ്രു, ജാമിയ യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ നേരെ നടത്തുന്നത്. ഒട്ടേറെ പേര്‍ ഉമര്‍ ഖാലിദ്, ഫെയ്‌സല്‍ ഖാന്‍ ഉള്‍പ്പെടെ അകത്തായി. യെച്ചൂരിയും യോഗേന്ദ്രയാദവും പോലുള്ളവരുടെ നേരെ തിരിഞ്ഞത് ശക്തമായ ഒരു മുന്നറിയിപ്പ് ആണ്, ഭീഷണി ആണ്. സംശുദ്ധമായ രാഷ്ടരീയവും സര്‍വ്വകലാശാലക്ക് പിതാവും കലാസാംസ്‌ക്കാരിക സേവനവും  നടത്തുന്ന വ്യക്തികളെയും നാളത്തെ പ്രതീക്ഷയായ വിദ്യാര്‍ത്ഥി നേതാക്കന്മാരെയും ദേശദ്രോഹ കുറ്റത്തിനും ഭീകരവാദത്തിനും പഴിചാരി കരിവാരിത്തേക്കുന്നത് ചരിത്രാപരാധം ആണ്.

ഇനിയും ആരാണ് ദല്‍ഹി വംശഹത്യയുടെ പിന്നിലെന്ന് വെളിവായിട്ടില്ല. പ്രതികളാക്കപ്പെട്ട ഈ മുസ്ലീം നേതാക്കള്‍ തന്നെ മുസ്ലീം ഹത്യ നടത്തുമോ? ദല്‍ഹി പോലീസ് ആരെയാണ് വിഡ്ഢികള്‍ ആക്കുവാന്‍ ശ്രമിക്കുന്നത്. ലജ്ജാകരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക