MediaAppUSA

വില്‍ക്കാനുണ്ട് അവയവങ്ങള്‍....(ഉയരുന്ന ശബ്ദം-8: ജോളി അടിമത്ര)

Published on 26 September, 2020
വില്‍ക്കാനുണ്ട് അവയവങ്ങള്‍....(ഉയരുന്ന ശബ്ദം-8: ജോളി അടിമത്ര)
ഇതെന്റെ ശരീരം,വാങ്ങി പങ്കിട്ടുകൊള്ളുവിന്‍...എന്നു പറഞ്ഞ യേശു ക്രിസ്തുവിന്റെ അവസാന  അത്താഴ വേളയാണ് ഞാനപ്പോള്‍ ഓര്‍മ്മിച്ചത്. ആ അമ്മയുടെ പാതി മറച്ച മുഖം.. നീര്‍നിറഞ്ഞു പെയ്യാന്‍
ഒരുങ്ങുന്ന കണ്ണുകള്‍..മുഖത്തു വായിച്ചെടുക്കാവുന്ന  നിസ്സഹായതയുടെ ഏക അവയവം ആ കണ്ണുകളായിരുന്നല്ലോ. ചാനലുകള്‍ ആ കാഴ്ചയിലേക്ക് വീണ്ടും വീണ്ടും പ്രേക്ഷകരെ നയിച്ചുകൊണ്ടിരുന്നു.  കൊറോണയെ അവഗണിച്ചും പെട്ടെന്ന്  ആളുകളുടെ എണ്ണം ഇരട്ടിച്ചു. കൊച്ചിയിലെ ജനത്തിരക്കേറിയ വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന്റെ ഓരത്ത് നാല്‍പ്പത്തിനാലുകാരിയായ ഒരമ്മ തന്റെ ശരീരത്തിലെ ഉപയോഗപ്രദമായ എല്ലാ അവയവങ്ങളും പരസ്യമായി വില്‍ക്കാന്‍ വച്ച  കാഴ്ച.അവരുടെ അഞ്ചു മക്കളും നിറകണ്ണോടെ സാക്ഷികള്‍.അരികില്‍ ഒരു ബോര്‍ഡും ഉണ്ടായിരുന്ന.കുഞ്ഞുങ്ങളുടെ ചികിത്സാവശ്യങ്ങള്‍ക്കായി  അമ്മയുടെ ശരീരാവയവങ്ങള്‍ വില്‍പ്പനയ്ക്ക് എന്നെഴുതിയ ബോര്‍ഡ്.

ഹൃദയം,കരള്‍,കണ്ണുകള്‍,കുടല്‍,കൈകാലുകള്‍.ഇവയൊക്കെ ഇപ്പോള്‍ മാറ്റി വയ്ക്കുന്ന വാര്‍ത്തകള്‍ അവര്‍ വായിച്ചിട്ടുണ്ടാവും.അങ്ങനെയെങ്കില്‍ തന്റെ ശരീരത്തിലെ അവയവങ്ങളുടെ  വില എത്രയെന്ന് അവര്‍ മന:കണക്കു കൂട്ടിയിട്ടുണ്ടാവും.എല്ലാം കൂടി വിറ്റാലും കടം വീട്ടിയിട്ട് മക്കളുടെ ശസ്ത്രക്രിയ നടത്തിയതിന്റെ തുടര്‍ ചികിത്സയ്ക്കു തികയുമോ എന്ന ആകുലതയുടെ മന:ക്കണക്ക്. 

അഞ്ചു മക്കളില്‍ മൂന്നുപേര്‍ക്കും  ശസ്ത്രക്രിയ നടത്തിയതിനു തുടര്‍ ചികിത്സ വേണം.മൂത്ത മകന്‍ 26 വയസ്സുള്ള രാജേഷിന് ബൈക്കപകടത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ .വയറ്റില്‍  മുഴയ്ക്കാണ് രണ്ടാമത്തെ മകന്‍ 23 വയസ്സുളള  രഞ്ജിത്ത് ശസ്ത്രക്രിയയ്ക്കു വിധേയനായത്.11 വയസ്സുള്ള ഏക മകള്‍ ജസീക്കയുടെ കണ്ണിനാണ് അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടത്. പത്തു പൈസ വരുമാനമില്ല. ആറു വയറുകള്‍  ദിവസം ഒരു നേരമെങ്കിലും ആഹാരം കഴിക്കണം.കേറിക്കിടക്കാന്‍ ഒരു കൂരയില്ല.പലിശപെരുകിയ 18 ലക്ഷത്തിന്റെ കടം.വാടകക്കുടിശ്ശിക പെരുകിയപ്പോള്‍ വീട്ടുടമ ഇറക്കിവിട്ടു.മുകളില്‍ ആകാശം ,താഴെ ഭൂമി.അഞ്ചു മക്കളെ കൊന്ന് വേണേല്‍ ജീവിതം അവസാനിപ്പിക്കാം.എളുപ്പ വഴിയായി ഇപ്പോള്‍ എല്ലാവരം സ്വീകരിക്കുന്ന ഒളിച്ചോട്ടം അങ്ങനെയാണല്ലോ.അവിടെയാണ് ശാന്തിയെന്ന മലപ്പുറത്തെ അമ്മ വ്യത്യസ്ഥയാവുന്നത്.അവസാന പോരാട്ടത്തിന്റെ ഉശിരോടെ  അവര്‍ പേനയെടുത്തു.ആത്മഹത്യാക്കുറിപ്പെഴുതാനല്ല,വില്‍ക്കാനുള്ള അവയവങ്ങളുടെ ഡിസ്പ്‌ളേ തയ്യാറാക്കാന്‍.പിന്നെ  തെരുവോരത്ത് പ്‌ളാസ്റ്റിക്ക് ടാര്‍പോളിന്‍ വലിച്ചു കെട്ടി.ഇന്നലെ ഓറഞ്ച് അലര്‍ട്ടായിരുന്നു കൊച്ചിയില്‍.മരിക്കാന്‍ പോകുന്നവന് എന്ത് അലര്‍ട്ട്.ചീറിയടിക്കുന്ന കാറ്റും മഴയിലും പാതി നനഞ്ഞ് തെരുവോരത്ത് മക്കളെ ചേര്‍ത്തുപിടിച്ച് അവരിരുന്നു.

ബോര്‍ഡ് കണ്ട് സംഭവം നഗരത്തിലാകെ പരന്നു,മാധ്യമങ്ങള്‍ ചൂടന്‍  വാര്‍ത്തയാക്കിയപ്പോള്‍ അധികാരികള്‍ ഇളകി.ആകെ നാണക്കേടായി.കേരളത്തിലിപ്പോള്‍ പട്ടിണി കിടക്കുന്നവരുണ്ടോ,റേഷനരി,ഫ്രീ കിറ്റ് ,എന്തിന്റെ കുഴപ്പം എന്നൊക്കെ മേനി പറയുന്നവരുടെ മുന്നിലാണ് വിശന്നൊട്ടിയ വയറുമായി ആറുപേര്‍ തെരുവോര കാഴ്ചയായത്.ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചതിനു പുറമേ വാടക ഏറ്റെടുത്ത് ലയണ്‍സ് ക്‌ളബ്ബ് രംഗത്തെത്തി.അതോടെ ശാന്തി വാടകവീട്ടില്ക്കു മടങ്ങാന്‍ തയ്യാറായി.തത്ക്കാലം തിരശ്ശീല വീണു,അല്ല വീഴ്ത്തി.നിലമ്പൂര്‍ സ്വദേശിയായ ശാന്തി ഒമ്പതു വര്‍ഷമായി വരാപ്പുഴയ്ക്കടുത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു.എന്റെ സംശയം അതൊന്നുമല്ല.അവര്‍ താമസിക്കുന്ന സ്ഥലത്ത് ഒരു  വാര്‍ഡുമെമ്പര്‍ ഇല്ലായിരുന്നോ.ഇതുവരെയും ഈ വീടിന്റെ പരിതാപകരമായ സ്ഥിതി അവര്‍ അറിഞ്ഞില്ലായിരുന്നോ ? അതോ സ്വന്തം പാര്‍ട്ടിയല്ലാത്തതുകൊണ്ട് അവഗണിക്കുകയായിരുന്നോ..ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ പലതും കാണുന്നില്ല,അതോ കണ്ണടച്ച് ഇരുട്ടാക്കുകയാണോ?.
 
എന്തുമാവട്ടെ,ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ പിടിച്ചു നില്‍ക്കണമെന്ന് ശാന്തി സമൂഹത്തെ പഠിപ്പിച്ചു .ബിസിനസ്സ് തകര്‍ന്നാല്‍,ജോലി നഷ്ടപ്പെട്ടാല്‍ ,കാമുകന്‍ ചതിച്ചാല്‍,ഭാര്യ വഞ്ചിച്ചാല്‍,പരീക്ഷയില്‍ തോറ്റാല്‍,മാര്‍ക്കു കുറയുമോ എന്നു പേടിച്ചാല്‍ ജീവിതമവസാനിപ്പിക്കാന്‍ ധൃതി വയ്ക്കുന്നവര്‍ക്കു മുന്നില്‍  ശാന്തി നിശബ്ദമാതൃകയാവുകയായിരുന്നു.എത്രയെത്ര ശാന്തിമാര്‍ നാമറിയാതെ ഇവിടെ  പ്രതിസന്ധികളെ അവഗണിച്ചു ജീവിക്കുന്നുണ്ട്.ജീവനൊടുക്കാന്‍ പ്രലോഭിപ്പിച്ച ചിന്തകളെ ആട്ടിപ്പായിച്ച് ഈ ലോകം തനിക്കും മക്കള്‍ക്കും കൂടിയുള്ളതാണെന്ന വലിയ തിരിച്ചറിവ്..
കൊറോണക്കാലം കഴിയട്ടെ,ശാന്തിയെ പോയൊന്നു കാണാന്‍ മനസ്സ് തുടിക്കുന്നു.
സങ്കടകരമായ എന്തെന്തു കാഴ്ചകളിലൂടെയാണിപ്പോള്‍ യാത്ര.
കഴിഞ്ഞയാഴ്ച എന്റെ വിദേശത്തുള്ള ഒരു സുഹൃത്ത് എനിക്കൊരു കത്തും വീഡിയോയും് ഫോര്‍വേഡ് ചെയ്തു.ഏക മകള്‍ക്കു വിവാഹം,അവളെ ചേര്‍ത്തുപിടിച്ച് വിതുമ്പി സംസാരിക്കുന്ന വീഡിയോ.പത്തു പൈസ കയ്യിലില്ല.വാടകവീട്ടിലാണ് താമസം.കുട്ടിയ്ക്ക് ആറുമാസമായപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ്.കൂലിപ്പണിയുള്‍പ്പടെ ചെയ്ത് അമ്മ മകളെ വളര്‍ത്തി.കുട്ടിയുടെ ചെറിയ ജോലിയില്‍നിന്നുള്ള വരുമാനം ആറായിരം രൂപ. 2500 രൂപ വീട്ടുവാടക നല്‍കി അമ്മയും മകളും അരിഷ്ടിച്ചു കഴിയുന്നു.ഞാനാ അഡ്രസ്സ് വച്ച് എന്റെ കൂട്ടുകാരി പ്രമീളയെ കൊണ്ട് സംഭവം അന്വേഷിപ്പിച്ചു.കാര്യം നൂറു ശതമാനം ശരിയാണെന്ന് റിപ്പോര്‍ട്ട് കിട്ടി.ഞാന്‍ അമ്മയെ വിളിച്ചു.കല്യാണപ്പെണ്ണിനോടും സംസാരിച്ചു .സപ്തംബര്‍ 24- നു കല്യാണം.ഇനി ഏഴു ദിവസം മാത്രം.എങ്ങനെ നടക്കുമെന്നു ചോദിച്ചാല്‍ അമ്മയ്ക്കറിയില്ല !.തിങ്കളാഴ്ച വിരുന്നിന് 20 പേര്‍ക്കുള്ള ഭക്ഷണം മതിയല്ലോ-ആ അമ്മ ആശ്വസിക്കുന്നു.എനിക്കു വല്ലാതെ പൊള്ളി.

അതേ കൊറോണക്കാലം കുറേപേര്‍ക്കെങ്കിലും അനുഗൃഹം ആകുകയാണ്.അമ്പതുപേര്‍ക്ക് കല്യാണസദ്യ ഒരുക്കിയാല്‍ മതില്ലോയെന്ന് സമാധാനിക്കുന്ന സാധുക്കളായ അച്ഛനമ്മമാരുടെ നാടുകൂടിയാണിത്. !.അവരുടെ മുന്നിലാണ് വിവാഹമാമാങ്കങ്ങള്‍ അരങ്ങു തകര്‍ത്തിരുന്നത്.
പല കോഴ്‌സ് ഭക്ഷണവിഭവങ്ങളൊരുക്കി തിന്നു തീര്‍ക്കാനാവാതെ മിച്ചം വന്ന് വലിയ കുഴികളെടുത്തു വെട്ടി മൂടിയ ആര്‍ഭാടകാലത്തിന് തടയിടാന്‍ ഏഴുമാസം മുമ്പു വരെ ആര്‍ക്കും കഴിയുമായിരുന്നില്ല.പക്ഷേ കുഞ്ഞന്‍ കൊറോണ വൈറസ്സ് നല്ല പാഠങ്ങള്‍ പലതും നമ്മെള പഠിപ്പിച്ചു.ഒരു ലക്ഷത്തിന്റെ കല്യാണ സാരി എന്തിനു വാങ്ങണം,കാണാനാളില്ലല്ലോ..വധു നൂറു പവന്‍ എന്തിനു ധരിക്കണം,ആരു കാണാനാണ്.നാട്ടുകാരോ കൂട്ടുകാരോ അതു കണ്ട് അസൂയപ്പെടാന്‍ വരില്ലല്ലോ..മകള്‍ക്ക് വാങ്ങിക്കൊടുത്ത ഡയമണ്ട് നെക്ലസ് കാണാന്‍ സഹപ്രവര്‍ത്തകര്‍ പോയിട്ട് ഒരീച്ചപോലും വരാനില്ലാത്ത കലികാലം.നമ്മുടെ എല്ലാ അഹന്തകളും കുട മടക്കി.

അടുത്തൊന്നിരിക്കാന്‍ ,കൈയ്യിലൊന്നു തലോടാന്‍ ,വിരലൊന്നു മുറുകെ പിടിക്കാന്‍ മക്കള്‍ അരികിലെത്തിയിരുന്നെങ്കിലെന്നു കാത്തിരുന്ന് മരിച്ചു വീഴുന്ന വയോജനങ്ങള്‍.ചുറ്റും പ്രാണവായുവുണ്ടെങ്കിലും ആഞ്ഞൊന്നു വലിച്ചിട്ടും കിട്ടാതെ ഒക്‌സിജന്‍ സിലിണ്ടറിന്റെ  വരവിനായി കാത്തുകിടക്കുന്ന ആയിരങ്ങള്‍..ജീവിതം നമ്മളെ എന്തൊക്കയോ പുതിയതായി പഠിപ്പിക്കുകയാണ് ..
ഈ കാലം കഴിയുമ്പോള്‍ നമ്മള്‍ ഇപ്പോഴത്തെ നമ്മളായി ലളിത ജീവിതം തുടരുമോ അതോ പഴയതിനേക്കാള്‍ കഷ്ടമാകുമോ..
വില്‍ക്കാനുണ്ട് അവയവങ്ങള്‍....(ഉയരുന്ന ശബ്ദം-8: ജോളി അടിമത്ര)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക