മാധ്യമരംഗത്ത് വിപ്ലവകരമായ സ്ഥാനമാണ് യൂട്യൂബിനുള്ളത്. വർഷങ്ങളുടെ പാരമ്പര്യമുള്ള പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകളേക്കാൾ പ്രേക്ഷകരെ നേടിയെടുക്കാൻ അതിന് പ്രത്യേക കഴിവുണ്ട്. രാഷ്ട്രീയം, മതം ഒന്നും നോക്കാതെ ഏതു ഉയരത്തിലിരിക്കുന്ന ആളെക്കുറിച്ച് ലഭിക്കുന്ന വാർത്തയും നൽകാൻ എഡിറ്റർമാരുടെ അനുമതി തേടേണ്ടതില്ല എന്ന മെച്ചവുമുണ്ട്. തിരുത്താൻ ആളില്ലാതെ പൂർണ സ്വാതന്ത്ര്യം ലഭിക്കുന്നത് അതെങ്ങനെ വിനിയോഗിക്കണമെന്ന് അറിയാത്ത വ്യക്തിയുടെ കയ്യിലാണെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും.
ലക്ഷോപലക്ഷം യൂട്യൂബ് ചാനലുകളിൽ നിന്ന് അഭിരുചിക്കനുസൃതമായി നമ്മളാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തങ്ങളുടെ സബ്സ്ക്രൈബേർസ് ഏതുതരക്കാരാണെന്ന് കണ്ടാണ് യൂട്യൂബർ കണ്ടന്റ് സൃഷ്ടിക്കുന്നത്.
ഒരിക്കൽ കണ്ട വീഡിയോ ഏതു വിഭാഗത്തിൽ പെട്ടതാണോ അത്തരത്തിലുള്ളവ മുന്നിലേക്ക് 'സജഷനായി' എത്തും. പാചകം വേണ്ടവർക്ക് പാചകം, കൃഷിതല്പരർക്ക് കൃഷിപാഠങ്ങൾ ,ഗോസിപ്പുകൾ ഇഷ്ടപ്പെടുന്നവർക്ക് അതും വയററിഞ്ഞ് വിളമ്പും.
കണ്ടതും കേട്ടതും എല്ലാം വാർത്തയല്ല. പറയുന്ന കാര്യങ്ങൾ വസ്തുതാപരമായിരിക്കണം. റേറ്റിംഗ് കൂട്ടാൻ ന്യൂസ് ചാനലുകൾപോലും തരംതാഴ്ന്ന തലക്കെട്ടുകളും വളച്ചൊടിച്ച വാർത്തകളും നൽകുന്ന സമൂഹത്തിൽ, ഓരോ യൂട്യൂബ് വ്യൂവും പണമായി മാറുന്നെന്ന് കാണുമ്പോൾ
ഐ ടി ആക്ട് എന്നൊന്നുണ്ടെന്നുപോലും ചിലർ മറക്കും.
കേരളത്തിൽ വിവാദ യൂട്യൂബർ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. വ്യക്തിഹത്യ നടത്തുന്ന നിരവധി വ്ലോഗർമാർക്കിതൊരു താക്കീതാണ്. ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്നുണ്ടെങ്കിലും അവനവന്റെ വാക്കുകൾക്ക് ചില അതിർവരമ്പ് നിശ്ചയിക്കുന്നതാണ് നമ്മുടെ സംസ്കാരം. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുകയും സ്ത്രീകൾക്കും പുരുഷന്മാർക്കും സുരക്ഷിതമായ ജീവിതം സാധ്യമാവുകയും വേണം. പ്രതികരിച്ചത് കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണെന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞത്. വിവാദപരമായ വിഡിയോയിൽ അവരുടെ പേരെടുത്ത് അധിക്ഷേപിച്ചിട്ടില്ല എന്നാണ് അറസ്റ്റിലായ വിജയ് പി.നായർ ചൂണ്ടിക്കാണിക്കുന്ന ന്യായം. പേരെടുത്ത് പറയുന്നതും സൂചനകൾ നൽകുന്നതുമെല്ലാം ഒരുപോലെ തന്നെയാണെന്നതുകൊണ്ട് അയാൾ മാപ്പ് അർഹിക്കുന്നില്ല. പരാതിപ്പെടാൻ അവർ തിരുവനന്തപുരത്തെ പല പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി എന്നാണ് അറിയുന്നത്. സെലിബ്രിറ്റി ആയ വ്യക്തിക്ക് ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരു സാധാരണക്കാരി പരാതിയുമായി ചെന്നാൽ എന്താകും അവസ്ഥ എന്നാണിവിടെ ചിന്തിക്കേണ്ടത്. തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ വരുന്ന കേസുകൾ മാത്രമേ അന്വേഷിക്കൂ എന്ന നിയമപാലകരുടെ ശാഠ്യം കൊണ്ട് നീതിലഭിക്കാത്തത് ഇതാദ്യ സംഭവമല്ല. അടുത്തുള്ള സ്റ്റേഷനിലേക്ക് പരാതിയുമായി പ്രതീക്ഷയോടെ ഓടിയെത്തുമ്പോൾ പോലീസുകാർ തന്നെ ബന്ധപ്പെട്ട സ്റ്റേഷനിലേക്കത് കൈമാറുന്നതിനുള്ള സൗകര്യം ഉണ്ടാക്കണം. നിസ്സഹായരായി മടങ്ങിപ്പോകേണ്ടി വരുമ്പോൾ കുറച്ചുനേരത്തേക്കെങ്കിലും നമ്മുടെ നിയമസംവിധാനത്തോട് അവർക്ക് വിയോജിപ്പ് തോന്നും. ഇത്തരത്തിൽ സമനില തെറ്റിപ്പോയ അവസ്ഥയിലാണ് വിവാദ യൂട്യൂബറെ കയ്യേറ്റം ചെയ്തതും പറഞ്ഞ തോന്ന്യവാസങ്ങൾക്ക് അതേ ഭാഷയിൽ മറുപടി നല്കിയതെന്നുമാണ് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരിക്കുന്നത്. നിനക്കും അമ്മയും പെങ്ങന്മാരുമില്ലേ എന്ന് ചോദിക്കുന്നതായി ഫേസ്ബുക്ക് ലൈവിൽ കാണാം. അയാളിലൂടെ ഒരു സ്ത്രീയും അപമാനിതയാകരുതെന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ ഫേസ്‌ബുക്ക് ലൈവിലൂടെ ആക്ടിവിസ്റ്റുകളുമായി ചേർന്നൊരു നീക്കം നടത്തേണ്ടിയിരുന്നില്ല. അയാളുടെ ഭാര്യ, മകൾ, പെങ്ങൾ തുടങ്ങിയ സ്ത്രീകൾ ആ രംഗം നേരിൽ കാണുമ്പോഴുള്ള മാനസികാവസ്ഥയും എല്ലാ സ്ത്രീകളെയുംകുറിച്ച് ആകുലപ്പെടുന്ന വ്യക്തികൾ ചിന്തിക്കേണ്ടിയിരുന്നു.
ഒരാളെ നേരിടാൻ അയാളുടെയത്ര തന്നെ നമ്മളും താഴേണ്ടതില്ല. സെലിബ്രിറ്റി കൂടി ആയതിനാൽ അവരുടെ പ്രവൃത്തി സമൂഹത്തിലേക്ക് പകരുന്നത് എന്ത് സന്ദേശമായിരിക്കുമെന്ന വീണ്ടുവിചാരവും വേണ്ടിയിരുന്നു. പുരുഷന്റെ മാനത്തിനും വിലകുറച്ചു കാണരുത്. അയാളുടെ വസ്ത്രത്തിൽ പിടിച്ചുവലിക്കുന്നതും കരി ഓയിൽ ഒഴിക്കുന്നതുമെല്ലാം പ്രതിഷേധ മുറകളാണെന്നും സ്ത്രീത്വത്തിന്റെ പ്രതികരണമാണെന്നുമാണോ പെൺകുട്ടികൾ പഠിക്കേണ്ടത് ? ലൈവ് പോകുമെന്നും ലോകം കാണുമെന്നും ഉറപ്പുള്ള വീഡിയോയിൽ അസഭ്യവാക്കുകൾ ഏത് പ്രകോപനത്തിന്റെ പേരിലായിരുന്നാലും ഒഴിവാക്കാമായിരുന്നു. വിവാദം കൊഴുത്തപ്പോൾ ആ വീഡിയോ കാണാതിരുന്നവർക്കിടയിലും ഇതൊരു ചർച്ചയായി എന്നതിൽ കവിഞ്ഞ് പ്രത്യേകിച്ചൊരു നേട്ടം ഉണ്ടാകാനിടയില്ല. സംഭവം നടന്ന് ആദ്യ ആഴ്ച പിന്തുണച്ചും എതിർത്തും എത്തുന്നവരൊക്കെ അടുത്ത വാർത്ത കിട്ടുമ്പോൾ അതിനു പിന്നാലെ പോകുന്നതാണ് കണ്ടുവരുന്ന ശീലം. അറിയപ്പെടുന്ന വ്യക്തികളെ ഏതോ ഒരാളിരുന്ന് പുലഭ്യം പറഞ്ഞതൊന്നുമല്ല സ്ത്രീകൾ ഇറങ്ങി പ്രതികരിക്കേണ്ട വിഷയങ്ങൾ. നായ്ക്കൾ നിർത്താതെ കുരച്ച് സഹികെടുമ്പോൾ തനിയെ നിർത്തും എന്ന രീതിയിൽ ഒരു പരിധിവരെ അവഗണിച്ച് നിയമത്തിന് നടപടി കൈക്കൊള്ളാനുള്ള സാവകാശം കൊടുക്കാം.
മലപ്പുറത്തുള്ള കോവിഡ് മുക്തയായ സ്ത്രീക്ക് മൂന്ന് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് അവരുടെ ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ആക്ടിവിസ്റ്റുകൾ എന്തുകൊണ്ട് പ്രതികരിച്ചില്ല? സ്ത്രീധനം കൊടുക്കാൻ കഴിയാതെ വരുമ്പോൾ പ്രണയിച്ച പുരുഷൻ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യുന്ന സഹോദരിമാർക്കുവേണ്ടി ഇവർ എന്തു ചെയ്തു? കോവിഡിന്റെ പശ്ചാത്തലത്തിൽ ഉപജീവനമാർഗം നിലച്ച കുറച്ചുവീടുകളിലേക്കെങ്കിലും അന്നം എത്തിക്കുന്നതും സ്ത്രീയുടെ ശക്തി കാണിക്കാനുള്ള മാർഗ്ഗമാണ്. സഹായവുമായി ഏത് രാത്രിയും ഓടിയെത്താൻ സ്ത്രീകൾക്കുമാകും എന്നൊക്കെ തെളിയിച്ച് വേണം തുല്യത ഉറപ്പുവരുത്താൻ. കേരളത്തിലെ മുഴുവൻ പുരുഷ സമൂഹത്തെ കണക്കിലെടുത്താൽ വിജയ് പി നായരെപ്പോലുള്ളവർ അൻപതുശതമാനത്തിൽ താഴെയേ വരൂ. പയറ്റിത്തെളിഞ്ഞ പഴയമുറകൾ കൊണ്ടുതന്നെ നമ്മുടെ സ്ത്രീകൾക്ക് അവരെ കൈകാര്യം ചെയ്യാവുന്നതേ ഉള്ളു. സൈബർ ലോകത്തിന്റെ മറവിലിരുന്ന് തോന്നുന്നത് വിളിച്ചുപറയുന്നവർ ശരിക്കും ഭീരുക്കളാണ്. അവരെ നേരിടാൻ ആക്ടിവിസ്റ്റിന്റെ മേലങ്കി ഒന്നും ആവശ്യമില്ല. പുരുഷന്മാരെ അസഭ്യം പറയുന്ന സ്ത്രീകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. മൂന്ന് ആണുങ്ങൾ ചേർന്ന് ഇതുപോലെ ഒരു പെണ്ണിനോട് പെരുമാറിയാൽ അതിനെ ന്യായീകരിക്കാൻ കഴിയുമോ? ആ പെൺകുട്ടി പറഞ്ഞത് എത്ര മുറിപ്പെടുത്തുന്ന വാക്കുകളായാലും , അതാരും പറയില്ല. പുരുഷനെ തോല്പിച്ചു എന്ന് സ്വയം ചിന്തിച്ച് സായൂജ്യം കണ്ടെത്തുന്നതല്ല ഫെമിനിസം. തുല്യതയായിരിക്കണം ലക്ഷ്യം. ശരികളെ ശരികളായും തെറ്റുകളെ തെറ്റുകളായും വേർതിരിച്ചു കാണാൻ കഴിയണം. അവിടെ ആണെന്നോ പെണ്ണെന്നോ വ്യത്യാസമുണ്ടാകരുത്.