MediaAppUSA

ആ തല്ല് വേണ്ടിയിരുന്നില്ലേ? ഓൺലൈനിലെ വസ്ത്രാക്ഷേപം സഹിക്കാനോ? (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 29 September, 2020
ആ തല്ല് വേണ്ടിയിരുന്നില്ലേ? ഓൺലൈനിലെ വസ്ത്രാക്ഷേപം സഹിക്കാനോ? (ശ്രീകുമാർ ഉണ്ണിത്താൻ)
കഴിഞ്ഞ രണ്ടു ദിവസമായി  എല്ലാ ചാനലുകളും മത്സരിച്ചു സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന  ശ്രീമതി ഭാഗ്യലക്ഷ്മിയുടെയും  കൂട്ടരുടെയും അടിയും  മഷി  പ്രയോഗവു  തന്നെയാണ് ഈ കുറിപ്പിന് ആധാരം.  കുറെ പേർ സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നു. മറ്റുചിലർ ആ  പൊട്ടൻ 'ഡോക്ടറിന് വേണ്ടി വാദിക്കുന്നു.

ഒരു യുട്യൂബ് ചാനലിലൂടെ ഒരു സ്ത്രിയുടെ കിടപ്പറ രഹസ്യങ്ങൾ ഒരു  ആഭാസൻ വിളിച്ചുപറയുബോൾ അയാൾ ഒരു മാനസിക രോഗി ആണ് എന്നു പറഞ്ഞു   അയാളെ  ആ തലത്തിലല്ലേ നേരിടേണ്ടെതെന്നും പറഞ്ഞു വാദിക്കുന്നവരുണ്ടായിരിക്കാം നമ്മുടെ സമൂഹത്തിൽ. പക്ഷേ അമ്മേ തല്ലിയാലും രണ്ടു പക്ഷം  പറയുന്ന ഒരു സമൂഹമാണ് നമ്മളുടേത് .

യുട്യൂബ് ചാനലുകളിൽ     കാണികളെ കൂട്ടാൻ  മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങൾ  വിളിച്ചു പറയുന്നതല്ല   ആവിഷ്കാര  സ്വാതന്ത്ര്യം. സ്വബോധം നഷ്ടപ്പെട്ട ഒരു മനുഷ്യന്  മാത്രമേ   സ്ത്രീകളെ  പറ്റി ഇത്രയും  മോശമായ ഭാഷ ഉപയോഗിക്കാനും ഈ   രീതിയിൽ പറയാനും  കഴിയുകയുള്ളു . നമ്മൾ  ഈ  സമൂഹത്തിൽ ജീവിക്കുന്ന  മനുഷ്യരാണ് . നമ്മളുടെ സമൂഹത്തിന്റെ  അന്തസ് തകർക്കാൻ ആരെയും അനുവദിക്കാൻ പാടില്ല.

ഭാഗ്യലക്ഷ്മി  കേരളം അറിയുന്ന വനിതയാണ്. കേരളത്തിന്റെ കലാ   സാംസ്കാരികരംഗങ്ങളിൽ  അവർക്ക് തനതായ ഒരു  ഇടമുണ്ട്. രാഷ്ട്രീയരംഗത്തും  അവർ സജീവം തന്നെ. അവരെ പൊതുമദ്ധ്യത്തിൽ പരസ്യമായി അപമാനിച്ച ഒരുത്തനെതിരെ  ഭാഗ്യലക്ഷ്മി പോലീസിന് പരാതി നൽകിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും
പോലീസ്  കേസ് രെജിസ്റ്റർ ചെയ്തില്ല. അയാളെ ഒന്ന്   കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിൽ അവിടെ  തീരുമായിരുന്ന ഒരു പ്രശ്‌നം ഒരു സാമുഹ്യ  പ്രശ്‍നം ആക്കി തീർത്തത്  പോലീസിന്റെ കഴിവില്ലായ്മയാണ്.

ഒരു സ്ത്രിയെ എത്ര  ഹീനമായി ചിത്രികരിക്കാമോ  അത്രയും ഹീനമായി, ഒരു മനുഷ്യത്വവും ഇല്ലാതെയാണ് അവരെ അപമാനിച്ചത് . ഇത്രയും  ഹീനമായി അവരെ ചിത്രികരിച്ച ആ  മനുഷ്യനോട് ഇത്രയെങ്കിലും ചെയ്തില്ലായിരുന്നു എങ്കിൽ ചരിതം അവർക്ക്  മാപ്പു കൊടുക്കില്ലായിരുന്നു.  അവർ  പല വട്ടം  കേസിന്റെ കാര്യം   പലരെയും ഓർമിപ്പിച്ചു എന്നാണ് അറിയുന്നത്  . ഒടുവിൽ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ നീതി സ്വയം നേടിയെടുക്കാൻ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും തീരുമാനിച്ചു.
അതിന്റെ പരിണതഫലമാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്.

നിയമത്തിന്റെ  മുന്നിൽ ഇപ്പോൾ ആ സ്ത്രികളും   കുറ്റവാളികളായിരിക്കാം . പക്ഷേ, മാനവികതയുടെ കണ്ണുകൾക്കു മുന്നിൽ ഈ വനിതകളല്ല ഭരണകൂടം തന്നെയാണ് പ്രതിസ്ഥാനത്തുള്ളത്. ഏതെങ്കിലും  സ്ത്രികൾ  അപമാനിതരാകുമ്പോൾ നമ്മുടെ  നീതിന്യായ വ്യവസ്ഥ  ഒന്ന് ഉണർന്ന്  പ്രവർത്തിച്ചാൽ പല  പ്രശ്നങ്ങളും  തീരാവുന്നതേ ഉള്ളു. അത് ചെയ്യാതെ വരുബോൾ ആണ്  പലരും നിയമം കൈയ്യിൽ  എടുക്കാൻ ശ്രമിക്കുന്നത് .  

പോലീസിന്റെ ഭാഷ്യം:  ഐ.ടി. നിയമം 66 എ സുപ്രീംകോടതി എടുത്തുകളഞ്ഞതോടെ, സൈബർ നിയമം ഇപ്പോൾ വളരെ ദുർബ്ബലമാണെന്നും അതിനാൽ പോലീസിന് കാര്യമായൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നും ആണ്.   ഇതൊക്കെ  പറയുന്നത് അവരുടെ കഴിവുകേട് മറക്കാൻ  വേണ്ടിയാണു എന്ന് ആർക്കും മനസിലാകും .

മാവോ സാഹിത്യം വായിച്ചതിന് യു.എ.പി.എ. ചുമത്തി രണ്ട് വിദ്യാർത്ഥികളെ പത്ത് മാസം ജയിലിലിട്ട ഒരു സേനയിലെ   പോലീസുകാർ പറയുന്നു  സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നവരെ കൈകാര്യം ചെയ്യാൻ നിയമത്തിന്റെ പരിമിതിയുണ്ടെന്ന് .  മുഖ്യമന്ത്രിയോ , മന്ത്രിമാരെപ്പറ്റിയോ  എന്തെങ്കിലും അനാവശ്യ പോസ്റ്റു കണ്ടാൽ പോലീസ്  അവരെ അറസ്റ്റ് ചെയ്യാൻ അതെ നിയമം തന്നെ  ഉപയോഗിക്കുകയും ചെയ്യുന്നു.

സംസ്ഥാന ഭരണകൂടം ചെയ്യേണ്ടതു ചെയ്തിരുന്നെങ്കിൽ ഈ വനിതകൾക്ക് ഈ ഗതികേടുണ്ടാവുമായിരുന്നില്ല. കെ.കെ. രമയും രമ്യ ഹരിദാസുമൊക്കെ അധിക്ഷേപിക്കപ്പെട്ടപ്പോഴും വാളയാറിലെ കുഞ്ഞുങ്ങൾ കൊല ചെയ്യപ്പെട്ടപ്പോഴും, അങ്ങനെ പല കാര്യങ്ങളിലും  ഭരണകൂടം പുലർത്തിയ നിസ്സംഗതയും നിശ്ശബ്ദതയും ചോദ്യം ചെയ്യാതിരിക്കാനാവില്ല. സമൂഹത്തിന്റെ അന്തസ് സംരക്ഷിക്കേണ്ട ഭരണഘടനപരമായ ബാദ്ധ്യത പോലീസിനും ഗവണ്മെന്റിനും ഉണ്ട് .

ഓരോ സ്ത്രീയും ഒരമ്മയായിരിക്കാം , ഒരു സഹോദരി ആയിരിക്കാം, ഒരു മകളായിരിക്കാം , ഒരു ഭാര്യ ആയിരിക്കാം. ഇവരിൽ ഏവർക്കും നന്മ വരണമേ എന്ന് മാത്രമേ ഓരോ പുരുഷനും ആഗ്രഹിക്കുകയുള്ളു. സ്വന്തം കുടുബത്തിലെ സ്ത്രികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, അവരെ ആരെങ്കിലും അപമാനിച്ചാൽ  നമുക്ക് നോക്കിനിൽക്കാൻ കഴയുമോ.  മറ്റുള്ള വീടുകളിലെ സ്ത്രികൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ  അതിനെപ്പറ്റി വിമർശിക്കാൻ നൂറു നാവു കാണും "ആരാന്റമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല്"

സ്നേഹത്തോടെയും കരുതലോടെയും  പെരുമാറി അവരെ സംരക്ഷിക്കുമ്പോൾ , അത് അമ്മ ആയാലും , ഭാര്യ ആയാലും , മകൾ ആയാലും,  സഹോദരിയോ, സുഹൃത്തോ ആയാലും ആ സ്നേഹവും കരുതലും അവർ മനസ്സിലാക്കി തിരിച്ചു അവർ നമ്മളെ സ്നേഹിക്കുമ്പോഴും, വിശ്വസിക്കുമ്പോഴും ,  അംഗീകരിക്കുകയും   ചെയ്യുമ്പോൾ ആണ് നിങ്ങൾ ഒരു പുരുഷൻ ആണെന്നും നിങ്ങൾക്ക് പൗരുഷം ഉണ്ടന്നും തെളിയിക്കപ്പെടുന്നത്. ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ലിംഗ  വൈവിധ്യങ്ങള്‍ മറന്ന്  പ്രവർത്തിക്കേണ്ട  സമയം അതിക്രമിച്ചിരിക്കുകയാണ്. ലിംഗനീതിയും ലിംഗസമത്വവും കാലഘട്ടത്തിന്റെ ആവശ്യമാണ്. തെറ്റ് ചെയ്തത് ആരായാലും അവർ ശിക്ഷ വാങ്ങട്ടെ . അതിന്  സ്ത്രീ പുരുഷ വ്യത്യസം ആവശ്യമില്ല.
 
വീട്ടിലോ ഓഫീസിലോ കയറി അക്രമികളെ അടിക്കാമോ, നിയമം കൈയ്യിലെടുക്കാമോ എന്ന് ചോദിക്കുന്നവരുണ്ട്. സൈബർ ലോകത്ത് തെറി പറഞ്ഞും എഴുതിയും മനുഷ്യരെ അപമാനിക്കുന്നവർ ഒളിഞ്ഞിരിക്കുന്ന സ്ഥലത്തേക്ക് തന്നെ ഈ അക്രമണത്തിനിരയാവുന്നവർക്ക് ചിലപ്പോൾ പോകേണ്ടി വരും. അത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ്.
 
നമ്മുടെ സമൂഹം ഇപ്പോഴും സാമൂഹ്യ ജനാധിപത്യത്തിലേക്കെത്തിയിട്ടില്ല. ജാതിപരമായി മാത്രമല്ല, ലിംഗപരമായും ഒരു പാട് അനീതിയും അസമത്വവും നമുക്കിടയിൽ ഇപ്പോഴുമുണ്ട്. അതിന്റെ ജീവിക്കുന്ന തെളിവുകളാണ് ഭാഗ്യലക്ഷ്മിയും  സുഹൃത്തുക്കളും. പൊതു ഇടങ്ങളിൽ സ്ത്രീകൾ ശബ്ദമുയർത്തുമ്പോൾ വിറളി പിടിക്കുന്നവർ ഇപ്പോഴും നിരവധിയാണ്. അത് നമ്മുടെ സോഷ്യൽ മീഡിയയിൽ നിന്നും മനസിലാക്കാൻ പറ്റും.

സാങ്കേതികവിദ്യയുടെ വൻകുതിപ്പിലാണ്  ലോകം.  യുട്യൂബും ഫെയ്സ്ബുക്കുമാെക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് . സമൂഹമാധ്യമങ്ങൾക്ക് സെൻസറിങ് വേണമെന്നും കുറെ കാലമായി പലരും പറയുന്നുണ്ടായിരുന്നു . അടുത്ത കാലത്തുണ്ടായ പല മോശം സംഭവങ്ങളിലും  സോഷ്യൽ മീഡിയയുടെ  ദുരുപയോഗം നമുക്ക് കാണാൻ കഴിയും .  സൈബർ ഇടങ്ങളെക്കുറിച്ചോ അവിടെ മേയാനിറങ്ങുന്ന ക്രിമിനലുകളെ  നിയന്ത്രിക്കാനോ  കാതലായ ഒരു നിയമവും ഇല്ല  എന്നാണ് അറിയുന്നത്  . സമൂഹ മാധ്യമങ്ങളിൽ  മോണിറ്റർ ചെയ്യാനുള്ള ഒരു സംവിധാനം  ഇല്ലാത്തതു കൊണ്ട് ആർക്കും എന്തും ആരെപ്പറ്റിയും എഴുതാം പറയാം  എന്ന ദുരവസ്ഥയ്ക്ക് കാരണമാകുന്നു.

അതിനു വേണ്ടി  ഒരു പുതിയ നിയമം  തന്നെ നടപ്പാക്കേണ്ടത് ഈ  കാലത്തിൻറെ ആവശ്യം ആണ്. തെറ്റുചെയ്താല്‍ ഉറപ്പായും ശിക്ഷകിട്ടും എന്ന ഉള്‍ഭയം ഉണ്ടാക്കിക്കഴിഞ്ഞാല്‍ മാത്രമേ ഇതിനൊക്കെ അല്പം ശമനം വരുത്താന്‍ പറ്റൂ
Sudhir Panikkaveetil 2020-09-29 12:49:01
മിക്കവരും വ്യാജ ഡോക്ടറെ കണ്ട് അവരുടെ രോഗവിവരങ്ങൾ consult ചെയ്യാൻ ( അതായത് ഞങ്ങൾക്കും ഡോക്ടറെപ്പോലെ ഇങ്ങനെയൊക്കെ പറയണമെന്നുണ്ട്) ക്യൂ നിൽക്കുമ്പോൾ ശ്രീ ഉണ്ണിത്താൻ ധീരമായി താങ്കളുടെ അഭിപ്രായം പറഞ്ഞു.അഭിനന്ദങ്ങൾ. പിന്നെ വേറെ നിയമം ഒന്നും നിർമിക്കേണ്ട കാര്യമില്ല. ഉള്ള നിയമങ്ങൾ ഉപയോഗിച്ചാൽ മതി.
josecheripuram 2020-09-29 19:26:53
No body has any right on any one.even on your wife,children>You can disagree buy don't force any one to believe what you believe,even a sex worker has options to what to do with her body.You can't force.
szach 2020-09-30 03:40:40
Thank you Mr. Unnithan for a very sensible analysis of the incident. 💯
szachariah 2020-09-30 00:52:44
Thank you Mr. Unnithan for a very sensible analysis of the incident. 💯
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക