MediaAppUSA

ഹത്രാസിലെ പെണ്‍കുട്ടീ മാപ്പ്...(ഉയരുന്ന ശബ്ദം-10-ജോളി അടിമത്ര)

Published on 02 October, 2020
ഹത്രാസിലെ പെണ്‍കുട്ടീ മാപ്പ്...(ഉയരുന്ന ശബ്ദം-10-ജോളി അടിമത്ര)

ചേര്‍ത്തുപിടിച്ചൊരു കുഞ്ഞിനെ അമ്മയുടെ കണ്ണുതെറ്റിയ നിമിഷം റാഞ്ചിയെടുക്കുന്ന കഴുകന്‍മാരുടെ ലോകം.ഒരു നിമിഷം അമ്മയുടെ കണ്ണുതെറ്റിയതോടെ മകളെ കാണാനില്ല !.നമ്മള്‍ ഏതു ഭാരതത്തിലാണ് ജീവിക്കുന്നത്. അമ്മ ഒപ്പമുണ്ടായിട്ടും ഒന്നുറക്കെനിലവിളിക്കാന്‍  കഴിയും മുമ്പ് അവള്‍ അപ്രത്യക്ഷമായി.പിന്നെ ജീവിതത്തില്‍നിന്നും എന്നന്നേക്കുമായി മാഞ്ഞുപോയി. ഉത്തര്‍ പ്രദേശിലെ ഹത്രാസ് എന്ന ഗ്രാമത്തിലെ 19 വയസ്സുകാരിയാണ് നമ്മുടെപുതിയ നൊമ്പരം.2012-ലെ നിര്‍ഭയ കൂട്ടബലാത്സംഗത്തിന്റെ ചോരപ്പാടുകള്‍ മനസ്സില്‍നിന്ന് ഉണങ്ങുംമുമ്പാണ് ക്രൂരത അരങ്ങേറിയത്.
          സെപ്തംബര്‍ 14-നാണ് അമ്മയ്‌ക്കൊപ്പം അവള്‍ പുല്ലരിയാന്‍ പോയത്.ഒരു പക്ഷേ കുടിലില്‍ ഒറ്റയ്ക്കു സുരക്ഷിതയല്ലെന്നു കണ്ടതിനാലാവണം അമ്മ മകളെ ഒപ്പം കൂട്ടിയത്. അമ്മയില്‍നിന്ന് അല്‍പ്പം മാറി പുല്ലരിഞ്ഞുകൊണ്ടിരുന്ന അവള്‍ പൊടുന്നനെ അപ്രത്യക്ഷയായി.വലിച്ചിഴച്ച പാടുനോക്കി  ഹൃദയം തകര്‍ന്ന് അലമുറയിട്ടുചെന്ന അമ്മ കണ്ടത്  പൂര്‍ണനഗ്നയായി രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ. ഗുരുതരമായ പരുക്കുകള്‍ .ബലാല്‍സംഗം ചെറുക്കാനുള്ള ശ്രമത്തിനിടെ കഴുത്തുഞെരിച്ചപ്പോള്‍ സ്വന്തം പല്ലിനിടെ  കുടുങ്ങിയ നാവ് അറ്റുപോകാറായ നിലയില്‍ ആയിരുന്നു.ഇരുകാലുകളും പൂര്‍ണമായും തകര്‍ന്നു.കൈകളുടെ ചലനശേഷിയും ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.ആസ്പത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പെണ്‍കുട്ടി 29 -ന് നരകവേദനകള്‍ക്കൊടുവില്‍ യാത്രയായി.അവള്‍ക്കും ഉണ്ടായിരുന്നില്ലേ 19 വയസ്സിന്റെ
മധുര സ്വപ്‌നങ്ങള്‍.. നല്ലൊരു ചെറുപ്പക്കാരനൊപ്പം ദാരിദ്ര്യമില്ലാത്ത ഒരു കുടുംബജീവിതം,കുഞ്ഞുങ്ങള്‍..

         പെണ്‍കുട്ടിയുടെ  അയല്‍വാസികളായ  നാലു ചെറുപ്പക്കാരാണ് അവളെ  പീഡിപ്പിച്ചത്്.പ്രതികള്‍ പിന്നിലൂടെയെത്തി കഴുത്തില്‍ ദുപ്പട്ടകുരുക്കി ചോളപ്പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു.വലിയ രോഷപ്രകടനത്തിനുശേഷമാണ് പ്രതികളെ അറസ്റ്റുചെയ്തത്.ഉയര്‍ന്ന ജാതിക്കാരായ യുവാക്കളാണ് ദളിത് പെണ്‍കുട്ടിയെ ആക്രമിച്ചത്.
പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായിട്ടില്ലെന്ന് ആണയിടുന്ന എഡിജിപി നാണംകെട്ട കാഴ്ചയാകുന്നു.പിന്നെന്തിന് നാലുപേര്‍ ചേര്‍ന്ന് വലിച്ചിഴച്ചുകൊണ്ടുപോയി ,ശരീരത്തെ മുറിവുകള്‍,നാവു സ്വയം കടിച്ചു മുറിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരം ഇല്ല.അതിനിടെ ബല്‍റാംപൂരില്‍ 22 വയസ്സുകാരിയെ രണ്ടുപേര്‍ചേര്‍ന്ന് ലഹരിമരുന്ന് കുത്തിവച്ചശേഷം പീഡിപ്പിച്ചു.അവശയായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ ആസ്പത്രിയലേക്കു കൊണ്ടുപോകുമ്പോള്‍ മരിച്ചു.
       സ്ത്രീ പീഢനങ്ങളും ബലാത്സംഗങ്ങളും പെരുകുമ്പോഴും എല്ലാം ഭദ്രമാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ പീഡിക്കപ്പെട്ട കേസുകളില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് യുപി.2020 ജൂണ്‍ 26-നും ജൂലൈ മൂന്നിനുമിടയില്‍ സംസ്ഥാനത്ത് 50 കൊലപാതകങ്ങള്‍ നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

  ചിതയൊരുക്കാന്‍ പൊലിസ്..
*****************************
ഉത്തര്‍ പ്രദേശിലെ പൊലിസ് ചിതയൊരുക്കാനും മുന്നില്‍.സേവനമാണെന്ന് ആരും ധരിക്കരുത്.തെളിവു നശിപ്പിക്കാനുള്ള മുന്‍കരുതല്‍.ഹത്രാസില്‍ പീഡനത്തെത്തുടര്‍്ന്ന് മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍
ഉയര്‍ത്തിയ പ്രതിഷേധമൊന്നും ആരും വകവച്ചില്ല.ആചാരമനുസരിച്ച് മകളെ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ യാചിച്ചെങ്കിലും സമ്മതിച്ചില്ല.ആംബുലന്‍സിനു മുന്നില്‍ തടസ്സമുണ്ടാക്കിയും  നടുറോഡില്‍ കിടന്നും അമ്മയും ബന്ധുക്കളും പ്രതിഷേധിച്ചത് ഗ്രാമം മുഴുവന്‍ നോക്കിനിന്നു.'' അവളെ അവസാനമായി ഒന്നുകാണാന്‍ പോലും  അനുവദിച്ചില്ലെ''ന്ന് അച്ഛന്‍ പറയുന്നു.പൊലിസ് ഭീഷണിയില്‍ , കതകടച്ച് ഭീതിയോടെ വീടിനുള്ളിലിരിക്കുമ്പോള്‍ പോലീസുകാര്‍ ശ്മശാനത്തിലേക്കു ശരീരം ബലമായി എടുത്തുകൊണ്ടുപോയി , ചിതയൊരുക്കി ദഹിപ്പിച്ചു.അതും പുലര്‍ച്ചെ രണ്ടര മണിക്ക് !.വീട്ടുകാരെ പൂട്ടിയിടുകയായിരുന്നെന്നും ആരോപണം ഉണ്ട്.മൃതദേഹവുമായി എത്തുന്നതു ഉറക്കമൊഴിഞ്ഞു കാത്തുനിന്ന  നാട്ടുകാരെ ലാത്തിവീശി പൊലിസ് സംഘം ഭയപ്പെടുത്തി ഓടിക്കയും ചെയ്തു.

ജാതിവെറിയാണ് ക്രൂരതയ്ക്കു പിന്നിലെന്ന് പറയപ്പെടുന്നു.200 കുടുംബങ്ങള്‍ മാത്രമുള്ള ഗ്രാമത്തില്‍ നാലും ദളിത് കുടുംബങ്ങള്‍ മാത്രമാണിള്ളത്.ബാക്കിയെല്ലാം ഉന്നതജാതിക്കാരായ താക്കൂര്‍മാരും ബ്രാഹ്‌മണരും.ഗ്രാമം വിടാതെ ഇനി രക്ഷയില്ലെന്ന് പറയുന്ന സഹോദരന്റെ ഭയം നമ്മള്‍ക്ക് ഊഹിക്കാനാവും.
           ഒരേ ഗ്രാമത്തിലെ ജനങ്ങള്‍.അയല്‍വാസികള്‍.പെറ്റുവീഴുന്നതു മുതല്‍ പരസ്പരം
കണ്ടുവളരുന്നവര്‍.പക്ഷേ ഉയര്‍ന്ന ജാതിക്കാരന് കീഴ്ജാതിക്കാരനോട് എന്തുമാകാം.അവരുടെ പെണ്‍കുഞ്ഞുങ്ങള്‍ വളരുന്നത് മേല്‍ജാതിക്കാരന് കാമദാഹം തീര്‍ക്കാനാണ്,കടിച്ചു കുടയാനാണ്.ചോളപ്പാടങ്ങള്‍ സാക്ഷിയാക്കി എത്രയെത്ര പീഡനങ്ങള്‍,കൊലപാതകങ്ങള്‍ അരങ്ങേറുന്നു.പലതും പുറം ലോകം അറിയുന്നേയില്ല.
ദളിതരായി പിറന്നപോയ കുറ്റത്തിന് ഏറെ ശിക്ഷിക്കപ്പെടുന്നത് അധികവും സ്ത്രീകളാണ്.ഏതു സര്‍ക്കാര്‍ വന്നാലും ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍ അരക്ഷിതരാണ്.അവര്‍ക്കു സുരക്ഷിതത്തമില്ല.അവര്‍ വോട്ടുചെയ്യാന്‍ മാത്രമുള്ള യന്ത്രങ്ങളാണ്.അവരുടെ ശരീരത്തില്‍ കൈവക്കാന്‍ മേല്‍ജാതിക്കാരന് എപ്പോള്‍ വേണമെങ്കിലും അവകാശമുണ്ട്.മകളെ കൊന്നവര്‍ക്ക് ശിക്ഷ അര്‍ഹിക്കുന്ന ശിക്ഷ കിട്ടണമെന്ന അമ്മയുടെ നിലവിളിയ്ക്ക് മറുപടി കിട്ടാന്‍ എത്ര വര്‍ഷം  ഇനി അവര്‍ കാത്തിരിക്കണം,പോരാടണം..
നമ്മുടെ ഭാരതം ഇനി എന്നു മാറും ?.

Sudhir Panikkaveetil 2020-10-03 02:48:39
എല്ലാ പെൺകുട്ടികൾക്കും തോക്ക് കൈവശം വയ്ക്കാനുള്ള ഒരു നിയമം വന്നാൽ മതി. പെൺകുട്ടികൾ ആ ആനുകൂല്യം ഉപയോഗിച്ച അവർക്കിഷ്ടമില്ലാത്തവരെ കൊല്ലും അതുകൊണ്ട് വേണ്ട എന്ന് ജനം പ്രക്ഷോഭണം ഉയർത്തും. ശരിയായിരിക്കാം ചില പെൺകുട്ടികൾ അങ്ങനെ ചെയ്യുമായിരിക്കും. എല്ലാ കാര്യത്തിലും അങ്ങനെയാണ് കുറച്ചുപേർ നിയമങ്ങളും അവസരങ്ങളും ദുരുപയോഗം ചെയ്യുമെന്നത്കൊണ്ട് ഭൂരിപക്ഷം മറ്റുള്ളവരുടെ ഇരകളാകുക. ഭാഗ്യലക്ഷ്മിയെപ്പോലെ നിയമം കയ്യിലെടുക്കുക പെൺകുട്ടികൾ. ഒരു തോക്കു വാങ്ങി ബാഗിൽ വച്ച് ഒന്നുരണ്ടാളെ കൊന്നുകഴിയുമ്പോൾ നിയമം ഉണരും , രാജ്യം ഉണരും , ബലാൽസംഗക്കാർ പേടിക്കും. അങ്ങനെ ഒരു സ്ഥിതിവിശേഷം അകലെയല്ല. പോത്തിന്റെ ചെവിയിൽ വേദം ഓതുന്നപോലെ എഴുതിലൂടെയുള്ള പ്രതികരണം വിലപ്പോവില്ല. ഇനി എഴുത്തു നിർത്തി പ്രവർത്തിയിലേക്ക് എല്ലാവരും തിരിയട്ടെ.
Reavthy.NY 2020-10-08 10:01:55
Let All WOMEN in India walk with a helmet which looks like a Cow Head. Then Rape may stop. Indian men worship Cow. But Don't respect women.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക