Image

ചിത്രശില്പശാല (രമാ പ്രസന്ന പിഷാരടി)

Published on 04 October, 2020
ചിത്രശില്പശാല (രമാ പ്രസന്ന പിഷാരടി)
മതിലായൊരാൾ  
ചിത്രം വരയ്ക്കുന്നു
വിരലിൽ  നിന്നൊരു 
സൂര്യൻ ചിരിക്കുന്നു

മിഴി തുറക്കുന്നു  
പൂവൊന്നു മെല്ലവെ!
പുഴയതൊന്ന് 
കുതിച്ചു പാഞ്ഞീടുന്നു

കടലിരമ്പുന്നു, 
വാനം ചുമക്കുന്നു
മഴ  തുളുമ്പി വീഴാ-
നൊയൊരുങ്ങുന്നു

വര തുടരുന്നു 
മൗനത്തിൽ നിന്നതാ-
കിളികൾ പാടാനു
ണർന്നുവന്നീടുന്നു

ഇടയിടെ മുഷി-
വേറുന്ന കീശയിൽ
പലവിധമുള്ള 
വർണ്ണം തിരയുന്നു

പൊടിയുമോരോ 
നിറത്തുണ്ടിലും നിന്ന്
അവിടെ മദ്ധ്യാഹ്ന-
മാളിപ്പടരുന്നു

വയലിൽ കർഷകർ
 പണിതുടർന്നീടുന്നു
കുയിലുകൾ പാട്ടു-
പാടിത്തിമിർക്കുന്നു

ചിറകിലേതോ പ്രപഞ്ച
സത്യത്തിൻ്റെ
നിറവു തേടി 
ചകോരം പറക്കുന്നു

പൊഴിയുമോർമ്മയിൽ 
മാമ്പൂ തിരഞ്ഞു-
കൊണ്ടവിടെ ബാല്യം 
ചിരിച്ചുല്ലസിക്കുന്നു

തറികളിൽ പോയ 
നൂറ്റാണ്ടിനോർമ്മകൾ
പതിയെ നെയ്ത് 
ചേർക്കുന്നു പ്രതീക്ഷയെ 

ഇത് നഗരമാണീ
നഗരത്തിലായ്
പഴയ ഗ്രാമം
 പുനർജനിച്ചീടുന്നു

നദിയൊഴുകുന്നു 
കൈതകൾ പൂക്കുന്നു 
പഴയ പുള്ളുവൻ 
പാടാനിരിക്കുന്നു

നിറമതല്ലാം നര-
ച്ചോരു ജീവനിൽ 
നിറമൊരായിരം 
ചിത്രങ്ങളാകവെ!

അവിടവിടെയായ് 
വീഴുന്ന നാണയ-
പ്പെരുമാ കാണാതെ
 വര തുടരുന്നയാൾ

പ്രകൃതി വന്ന് 
തലോടവെ കാറ്റിൻ്റെ
വയലിനേതോ സ്വരം 
തേടി നിൽക്കവെ

മതിലിൽ  ജീവൻ 
തുടിക്കുന്നതും കണ്ട്
തെരുവിലേയ്ക്ക് 
നടന്ന് പോകുന്നയാൾ

വഴിയിലേതോ നിറം 
മാഞ്ഞ ബിന്ദുവിൽ
അലിയുവാനായ് 
തിടുക്കം നടന്നയാൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക