Image

തൊണ്ടിമുതലും ദൃക്‌സാക്ഷിയും (രാജു മൈലപ്ര)

Published on 12 October, 2020
തൊണ്ടിമുതലും ദൃക്‌സാക്ഷിയും (രാജു മൈലപ്ര)
ഒരു നല്ല ചില്ല് ഗ്ലാസില്‍, മൂന്നാല് ഐസ് ക്യൂബിട്ട്, അതിനു മുകളില്‍ രണ്ടു പെഗ് "ഹെന്നസി' ഒഴിച്ച്, കശുവണ്ടിപ്പരിപ്പും കൊറിച്ച്, കൂട്ടുകാരുമായി സൊറ പറഞ്ഞ് സിപ്പ് സിപ്പായി കുടിക്കണം. കൂട്ടത്തില്‍ കുറച്ച് കുരുമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും അരച്ചു ചേര്‍ത്ത് വരട്ടിയെടുത്ത പോത്തിറച്ചികൂടി ടച്ചിംഗിനുണ്ടെങ്കില്‍ സംഗതി പ്രമാദം. ഒരു അമേരിക്കന്‍ റിട്ടയേര്‍ഡ് റിട്ടേണിന് ഇത്രയൊക്കെ ആശിക്കുവാനുള്ള ന്യായമായ അവകാശമില്ലേ? പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത് അടച്ചുപൂട്ടി അകന്നിരുന്നിരുന്ന് മൊരടിക്കുമ്പോള്‍?

എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം-
ഭര്‍ത്താക്കന്മാര്‍ മദ്യപിക്കുന്നത് ഭാര്യമാര്‍ക്ക്, പ്രത്യേകിച്ചും മലയാളി സ്ത്രീകള്‍ക്ക് പൊതുവെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. പക്ഷെ എന്നെ ആ കൂട്ടത്തില്‍ കൂട്ടാമോ? ഞാനൊരു അമേരിക്കന്‍ മലയാളിയല്ലേ? "ഫൊക്കാന'യുടെ ആരംഭകാലത്ത് ആ അംബ്രല്ലാ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി, പ്രസിഡന്റ് ജോര്‍ജ് കോശിയോടൊപ്പവും, ന്യൂയോര്‍ക്ക് റീജണല്‍ വൈസ് പ്രസിഡന്റായി കളത്തില്‍ പാപ്പച്ചനോടൊപ്പവും അമേരിക്കന്‍ മലയാളികളെ ഉദ്ധരിച്ച  പൊതുപ്രവര്‍ത്തകനല്ലേ? പത്തു മുപ്പത് കൊല്ലക്കാലം ന്യൂയോര്‍ക്ക് സിറ്റിയെ സേവിച്ച ഒരു തൊഴിലാളിയല്ലേ? ഈ ന്യായമായ അവകാശങ്ങള്‍ ഞാന്‍ നേടിയെടുത്തതല്ലേ? ഇതൊക്കെയല്ലേ എന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍?

എവിടെ? ഇതു വല്ലതും പറഞ്ഞാല്‍ എന്റെ ഭാര്യയ്ക്ക് മനസിലാകുമോ?
"കുടിച്ചു വയറും വീര്‍ത്ത് അവിടെങ്ങാനും കിടന്നാല്‍ ഞാന്‍ തിരിഞ്ഞുനോക്കുകയില്ല' എന്നൊരു മുന്നറിയിപ്പ് അവള്‍ ഇടയ്ക്കിടെ തരുന്നുണ്ട്.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ അവളെ "ബെനിഫിഷ്യറിയായി' വെച്ചിരിക്കുന്ന എന്റെ ഇന്‍ഷ്വറന്‍സ് പോളിസി എടുത്ത് വലിച്ചുകീറി കളഞ്ഞാലോ എന്നു ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട്.

സത്യത്തില്‍, ഈ മദ്യപാനികളല്ലേ നമ്മുടെ സര്‍ക്കാരിനെ സാമ്പത്തകമായി, ഈ സാമ്പത്തിക മാന്ദ്യകാലത്ത് താങ്ങിനിര്‍ത്തുന്നത്? അതുകൊണ്ടുതന്നെയല്ലേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ "ബെവ്‌കോ ആപ്പ്' എന്ന കോപ്പ് അവര്‍ പിന്‍വലിച്ചത്. സ്വപ്ന സുരേഷും, ശിവശങ്കറും വിദേശങ്ങളില്‍ നിന്നും എത്തിച്ച സ്വര്‍ണ്ണ നിക്ഷേപവും ഈ അവസരത്തില്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. പൊതുജനത്തിന് ഈ ഇടപാടില്‍ ലാഭവുമില്ല, നഷ്ടവുമില്ല.

പക്ഷെ, "പോപ്പുലര്‍ ഫിനാന്‍സുകാര്‍' കാണിച്ചത് ശുദ്ധ പോക്രിത്തരമായിപ്പോയി. പാവങ്ങളുടെ കണ്ണീരിന്റെ വിലയാണ് അവര്‍ കവര്‍ന്നെടുത്തത്. മാന്യനും ശുദ്ധനുമായിരുന്ന എന്റെ ഗുരുനാഥന്‍ ദാനിയേല്‍ സാറിന്റെ സന്തതികളാണ് അവരെന്ന് വിശ്വസിക്കാന്‍ പ്രയാസം. കാലം എന്താണോ അവര്‍ക്കുവേണ്ടി കരുതിവെച്ചിരിക്കുന്നത്?

ഇതൊക്കെ ബഡ് ബഡാ ആള്‍ക്കാരുടെ കാര്യം-
ഒരു "പത്തു വീശണമെന്നു' തോന്നുമ്പോള്‍, വിന്‍സെന്റിനെക്കൊണ്ട് ഒരു ചെറുത് വാങ്ങിപ്പിക്കും. മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന മീറ്റര്‍ ബോക്‌സാണ് സ്റ്റോറേജ് ഏരിയ. 

നമുക്ക് ലോക്കറൊന്നും എടുത്തു തരാന്‍ ആരുമില്ല എന്റെ പൊന്നേ!
ആരും കാണാതെ മുറ്റത്തെ പൈപ്പ് വെള്ളം ഒഴിച്ച് അകത്താക്കും. ടച്ചിംഗായി ഏലാദി ഗുളിക കരുതി വെച്ചിട്ടുണ്ട്. 

"നിങ്ങളെന്തിനാണ് എപ്പോഴും ഇങ്ങനെ ഏലാദി ഗുളിക ചവച്ചുകൊണ്ടു നടക്കുന്നത്?' പ്രിയതമയ്‌ക്കൊരു സംശയം. 

"എടീ. എന്റെ തൊണ്ണയ്‌ക്കൊരു കരുകരുപ്പ്- നീ പരസ്യം കണ്ടിട്ടില്ലേ- കരുകരുപ്പിന് ഏലാദി ഗുളിക നല്ലതാണെന്ന്. 99.9 പേര്‍സെന്റ് രോഗാണുക്കളേയും ഇത് നശിപ്പിക്കും. നീയൊക്കെ എന്തിനാ എപ്പോഴും ടിവിയിലേക്ക് നോക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട കാര്യമൊന്നും ശ്രദ്ധിക്കില്ല.' വാദിയെ പ്രതിയാക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി.

"നിങ്ങളുടെ ഒരു കരുകരുപ്പ്.- എനിക്കൊന്നും മനസിലാകുന്നില്ലായെന്നാ വിചാരം. - ഞാനത്ര പൊട്ടിയൊന്നുമല്ല.'

അവള്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയതിനുശേഷം, രാത്രിയുടെ മറവില്‍ പൂച്ചപാദങ്ങളോടെ ഞാന്‍ വീണ്ടും മീറ്റര്‍ ബോക്‌സിലേക്ക് പോകും- ടാപ്പ് തുറക്കും- ഏലാദി ചവയ്ക്കും- പതിയെ ബെഡ്ഡിലേക്ക് ചായും.

"ഈ പാതിരാത്രിക്ക് ഇങ്ങേര് എവിടെപ്പോയതാ?'
കര്‍ത്താവേ, കൂര്‍ക്കംവലിച്ച് ഉറങ്ങിക്കിടന്നിരുന്ന ഇവള്‍ ഇത് എഭ്ഭനെ മനസിലാക്കി. ഇനി വല്ല ദിവ്യജ്ഞാനവും കാണുമോ?
"അതു പിന്നെ ഞാന്‍ മുറ്റത്ത് ഒന്നിറങ്ങിയതാ. ഇച്ചിരെ കാറ്റ് കൊള്ളാന്‍. കിടന്നിട്ട് അങ്ങോട്ട് ഉറക്കം വരുന്നില്ല.'- ഒരു നെടുമുടി വേണു സ്റ്റൈലില്‍ ഞാന്‍ സംഭവത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചു.

"പിന്നെ! പാതിരാത്രിക്കല്ലേ കാറ്റ് കൊള്ളാന്‍ മുറ്റത്തിറങ്ങുന്നത്.? നേരമൊന്നു വെളുത്തോട്ടെ! ഞാന്‍ കണ്ടുപിടിച്ചോളാം'.

ഇവള്‍ എന്റെ ഭാര്യായി ഇങ്ങനെ ജന്മം പാഴാക്കേണ്ടവളല്ല. വല്ല വിജിലന്‍സിലോ, സി.ബി.ഐയിലോ ചേര്‍ന്ന് കുറ്റവാളികളെ കണ്ടുപിടിച്ച്, അഴിക്കുള്ളില്‍ ആക്കേണ്ടവളാണ്. ആവശ്യമില്ലാത്ത കാര്യത്തിന് അവള്‍ക്ക് ആയിരം ബുദ്ധിയാണ്.

ഏതായാലും ഇന്നത്തെ രാത്രി കാളരാത്രിയാണ്. ഭാര്യ ഉണരുന്നതിന് മുമ്പുതന്നെ തെളിവ് നശിപ്പിക്കണം. 

എവിടെയോ ഒരു കോഴി കൂവി. കൂവല് കേട്ടിട്ട് ഒരു പിടക്കോഴിയാണെന്നു തോന്നി. ഞാന്‍ പാതി മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. ഭാര്യ നല്ല ഉറക്കമാണ്. ഞാന്‍ കതക് തുറന്ന് പുറത്തിറങ്ങി. തെളിവ് അവിടെത്തന്നെയുണ്ട്. ഒരു പത്തുതുള്ളി ബാക്കിയുണ്ട്. കളയാന്‍ മനസു വന്നില്ല. പെന്‍ഷന്‍ കാശ് കൊടുത്തു വാങ്ങിച്ചതല്ലേ? വെള്ളം തൊടാതെ ഞാന്‍ അത് അകത്താക്കി. അണ്ണാക്ക് പൊള്ളിപ്പോയി.
ഏതായാലും ഇനി കുറെക്കാലത്തേക്ക് തൊണ്ണയില്‍ അണുക്കളുടെ ശല്യമുണ്ടാകില്ല എന്നുറപ്പ്.

ഞങ്ങളുടെ വീടിനു പിന്നില്‍ ഒരു കരിമ്പിന്‍ തോട്ടമുണ്ട്. കരിമ്പ് വളര്‍ന്ന് പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. സര്‍വ്വശക്തിയും ആവാഹിച്ച്, സര്‍വ്വ ദൈവങ്ങളേയും മനസില്‍ ധ്യാനിച്ചുകൊണ്ട് കുപ്പി ഞാന്‍ കരിമ്പിന്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സമാധാനത്തോടെ തിരിഞ്ഞു നടക്കുമ്പോള്‍ ഒരു നിലവിളി ശബ്ദം. - "കര്‍ത്താവേ, അടിയന്‍ ഇതാ വരുന്നേ.!'
'ഇതെന്താ കള്ളുകുപ്പിക്കും ഭ്രാന്തിളകിയോ' എന്നു സംശയിച്ച് ഞാന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോള്‍  ആ ശബ്ദത്തിനു പിറകേ ഒരു മെലിഞ്ഞ രൂപം താഴേക്ക് വീഴുന്നു.

സംഭവമിതാണ്. ആ കരിമ്പിന്‍ തോട്ടത്തിന്റെ തോട്ടക്കാരന്‍ ഒരു ഉപദേശിയാണ്. "യജമാനന്‍ വരുമ്പോള്‍  തന്റെ "കരിമ്പിന്‍ തോട്ടത്തില്‍' ഉണര്‍വ്വുള്ളോരായി വേല ചെയ്യുന്നോര്‍ ഭാഗ്യവാന്മാര്‍' എന്ന തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു ഉപദേശി.

'എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണേ എന്റെ ശാശ്വാത നാട്
അവിടെ നിനക്കൊരു ഭവനമുണ്ട്'

എന്ന പാട്ടും പാടിക്കൊണ്ട് തോട്ടത്തിലെ കളകള്‍ പറിച്ചുകളയുകയായിരുന്നു ഉപദേശി.
ഞാന്‍ എറിഞ്ഞ കുപ്പി ഉപദേശിയുടെ തിരുനെറ്റിക്കാണ് ലാന്‍ഡ് ചെയ്തത്. കരച്ചില്‍ കേട്ട കുറെ ബ്രദേഴ്‌സ് മറുകരയില്‍ നിന്നും ഓടിവന്ന് ഉപദേശിയെ താങ്ങിയെടുത്ത് ഒരു ഓട്ടോയില്‍ കയറ്റി പത്തനംതിട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍, തലയില്‍ ബാന്‍ഡ് എയ്ഡും കെട്ടി ഉപദേശി വീണ്ടും വയലിലിറങ്ങി.
'എന്തുപറ്റി ഉപദേശി? കഴിഞ്ഞ ദിവസം അവിടെ ഒരു കരച്ചിലും ബഹളവുമൊക്കെ കേട്ടല്ലോ'
പതിവില്ലാതെ എന്റെ ഭാര്യയുടെ കുശലാന്വേഷണം. 

'എന്തു പറയാനാ സഹോദരീ- ഏതോ സാത്താന്റെ സന്തതികള്‍ അതിരാവിലെ കള്ളും കുടിച്ചേച്ച് കുപ്പി വലിച്ചെറിഞ്ഞതാ- അത് എന്റെ തലമുണ്ടയ്ക്കാ കൊണ്ടത്.'
"ഉപദേശിക്ക് പോലീസില്‍ ഒരു പരാതി കൊടുക്കരുതോ?'
"ഓ, കേസിന്റെ പുറകെയൊക്കെ പോകുന്നത് വല്യ പൊല്ലാപ്പാ' അതിനുള്ള പിടിപാടൊന്നും നമുക്കില്ല സഹോദരീ' ഉപദേശി തന്റെ ദൈന്യാവസ്ഥ വെളിപ്പെടുത്തി. 

'ഉപദേശിക്ക് ആരെയെങ്കിലും സംശയമുണ്ടോ'? ഇവളാരാ വനിതാ പോലീസോ?
"എനിക്കൊരാളെ സംശയമുണ്ട്. എന്നെങ്കിലും പരുവത്തിന് അയാളെ എന്റെ കൈയ്യില്‍ കിട്ടും.' അതു പറഞ്ഞിട്ട് കരിമ്പ് വെട്ടുന്ന കത്തികൊണ്ട് ഉപദേശി ചെവി ചൊറിഞ്ഞു.

ഉപദേശിയുടെ നോട്ടം എന്നിലേക്കാണെന്ന് എനിക്ക് മനസ്സിലായി. അയാളുടെ കണ്ണുകളില്‍ കത്തിയെരിയുന്ന നരകാഗ്നിയുടെ ചൂട് സഹിക്കാനാവാതെ ഞാന്‍ ഉള്ളിലോട്ട് വലിഞ്ഞു. 

പിന്നാലെ എന്റെ എത്രയും പ്രിയപ്പെട്ട പ്രിയതമയും.
"എന്നതാടീ, നീ ഉപദേശിയോട് ഏതാണ്ട് ചോദിക്കുന്നത് കേട്ടല്ലോ!' എന്റെ പൊട്ടന്‍കളി ഏറ്റില്ല.
'ഇങ്ങേരുടെ പാതിരാത്രിയിലെ ഒടുക്കത്തെ ഒരു കാറ്റുകൊള്ളലും, തൊണ്ടയിലെ കരുകരുപ്പും - ഞാന്‍ കാണിച്ചുതരാം'. അവള്‍ ഉറഞ്ഞുതുള്ളി അകത്തേക്ക് പോയി.
"ഞാന്‍ വിടമാട്ടേ!!'
എവിടെനിന്നോ ഒരു നാഗവല്ലി എന്റെ നെഞ്ചില്‍ സംഹാരതാണ്ഡവമാടി.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും (രാജു മൈലപ്ര)
Join WhatsApp News
Texan 2020-10-12 15:10:32
A reading relief from the usual serious crap articles.
Anubavasthan 2020-10-12 14:44:15
ഇതു വെറും കഥയല്ല, ഒരു സാദാ അമേരിക്കൻ മലയാളിയുടെ കദനകഥ, പുരുഷപീഡനത്തിരത്തായി ഒരു സംഘടന ഉടനെ തുടങ്ങണം. Women's Forum പോലെ ഒരു Men's Forum രൂപീകരിക്കണം. ഫൊക്കാനായോ, ഫോമായോ ആരു തുടങ്ങിയാലും വലിയ സപ്പോർട്ട് കിട്ടും. അടുത്ത ഇലക്‌ഷൻ അജണ്ടയിൽ ഇതുകൂടി ഉൾപ്പെടുത്തണം. അനുഭവം തുറന്നു പറഞ്ഞ മൈലപ്രയിക്കു അഭിനന്ദനങ്ങൾ.
George Panicker 2020-10-13 13:42:21
ഞാൻ ധാരാളം ചിരിച്ചു താങ്കളുടെ ഈ ഹ്യൂമർ സെൻസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തിരിച്ച് ഇവിെട എത്തിയോ അതോ നാട്ടിലാണോ.
Josukutty 2020-10-15 19:17:17
നർമം ശെരിക്കു ആസ്വദിച്ചു. നല്ല ഭാവന. രസകരമായ അവതരണം. എങ്കിലും ഒരു സംശയം. നേരം വെളുക്കുന്നതിനു മുൻപാണല്ലോ കാലി കുപ്പി എറിഞ്ഞതു. ഇരുട്ടത്തായിരുന്നോ ഉപദേശി മുറ്റത്തെ പുല്ലു പറിച്ചിരുന്നതു? അതു കൊണ്ടു ലേശം change വരുത്താമോ? നേരം വെളുത്തിട്ടു കുപ്പി കളഞ്ഞു. സൈക്കിളിൽ വരികയായിരുന്ന പത്രക്കാരൻ പയ്യൻറെ തലയിൽ വീണു. ബാക്കിയൊക്കെ കഥയിൽ പറഞ്ഞത് പോലെ. അങ്ങനെ മാറ്റാമോ ?
S S Prakash 2020-10-15 19:26:09
A true story 🥱
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക