MediaAppUSA

ഫാ. സ്റ്റാൻ സ്വാമിയെപറ്റി ഓർക്കുമ്പോൾ: അരുത്, പടയോട്ടങ്ങളെ എളുപ്പമാക്കരുത്..(ഉയരുന്ന ശബ്ദം-12-ജോളി അടിമത്ര)

Published on 17 October, 2020
ഫാ. സ്റ്റാൻ സ്വാമിയെപറ്റി ഓർക്കുമ്പോൾ:  അരുത്, പടയോട്ടങ്ങളെ എളുപ്പമാക്കരുത്..(ഉയരുന്ന ശബ്ദം-12-ജോളി അടിമത്ര)
 
ജീവിതത്തിന്റെ ഒരു കരയില്‍ നിന്നുകൊണ്ട് മറുകരയിലേക്കു നോക്കുന്ന ഞാന്‍. നദിയുടെ ഇപ്പുറത്തു ഞാന്‍, പിന്നിട്ട മറുകരയിലേക്കു നോക്കുമ്പോള്‍ നടക്കുന്നതിനേക്കാള്‍  കൂടുതലും ഓട്ടമത്സരമായിരുന്നു ഇതുവരെ എന്ന വലിയ തിരിച്ചറിവ്. എന്തിനു വേണ്ടിയൊക്കെയോ കൂറേ ഓടി. മത്സരങ്ങള്‍, വാശി, നിരാശ, ജയം, പരാജയം, നേട്ടങ്ങള്‍, നഷ്ടങ്ങള്‍.. അതിനിടെ ഇത്തിരി സന്തോഷങ്ങള്‍ . അവ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ ഇരുണ്ട ദിനങ്ങളെ ലേശം തിളക്കമുള്ളതാക്കുന്നു. ഇവ മതി ശേഷിക്കുന്ന കാലം പിന്നിടുവാനെന്ന് മനസ്സിനെ ആശ്വസിപ്പിക്കുന്ന ഞാന്‍.. മിക്കവാറും എല്ലാവരുടെയും ചിന്തകള്‍, അനുഭവങ്ങള്‍ സമാനമായിരിക്കും. എങ്കിലും ഏറ്റവും നഷ്ടബോധത്തോടെ സൂക്ഷിക്കുന്ന ഒരാഗ്രഹം ഉണ്ട്, ഒരു സന്യാസിയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദം.

ഒരു പക്ഷേ എന്റെ സന്യാസി മിത്രങ്ങളുടെ സ്വാധീനമാകാം കാരണം.  കുടുംബജീവിതമെന്ന ബന്ധനമില്ലാത്ത, രക്തബന്ധങ്ങളുടെ കുടുക്കില്ലാത്ത ജീവിതം. ഒന്നിനെക്കുറിച്ചും ആകുലത ഇല്ലാതെ, മറ്റുള്ളവര്‍ക്കായി സമര്‍പ്പണം ചെയ്ത , ഒരു ജീവിതം. സമൂഹത്തിനു മാത്രമായി വച്ചു നീട്ടിയ ആയുസ്സ്. ഇഹവുമായി ഒരു നൂല്‍ക്കനത്തില്‍പ്പോലും ബന്ധനം വേണ്ട. ഒടുവില്‍ യാത്രയാവുമ്പോള്‍ വീതം വയ്ക്കാന്‍ ഒന്നും ശേഷിക്കാത്തൊരു മനസ്സും, പൊക്കണവും. മക്കളെ ചൊല്ലി ആകുലതയും തന്‍പാതിയെ ഓര്‍ത്ത് വ്യാകുലതയും വേണ്ട. ചെയ്തു തീര്‍ത്ത നന്‍മകള്‍ ഓര്‍ത്ത് പുഞ്ചിരിയോടെ, ഒരു തൂവല്‍ പോലെ പറന്ന് പറന്ന്,.. പക്ഷേ ഈ തോന്നലൊക്കെ വന്നപ്പോഴേക്ക്  കെണിയില്‍പ്പെട്ട പക്ഷിയുടെ നിസ്സഹായത.

പക്ഷേ എന്റെ  ഗുരുവായ  സന്യാസിവര്യനോട്  ഈ സങ്കടം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുതന്നു,'' നാം ആരാകണമെന്ന് നാമല്ല നിശ്ചയിക്കുന്നത്, അത് നമ്മള്‍ ജനിക്കുംമുമ്പ് മുകളിലിരിക്കുന്ന ആള്‍ നിശ്ചയിച്ചു കഴിഞ്ഞതാണ്. നീയൊരു പട്ടം മാത്രമാണ്, നിന്നെ നയിക്കുന്ന നൂലിന്റെയറ്റം മുകളിലിരിക്കുന്ന ആളിന്റെ കയ്യിലാണ് ''.

അദ്ദേഹത്തിന്റെ മറുപടി, അതെന്നെ സാന്ത്വനപ്പെടുത്തി.

ഇപ്പോള്‍ ഞാന്‍  ഓര്‍മിച്ചുപോകുന്നത് ഫാദര്‍. സ്റ്റാന്‍ ലൂർദ്സ്വാമിയെയാണ്. ജസ്യൂട്ട് സഭാംഗം. 83 വയസ്സുകാരന്‍. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശി.  ചില ദിനങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹം ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെ കണ്ട ജ്ഞാനവൃദ്ധനാകേണ്ടതാണ്. പക്ഷേ അത് തടവറയ്ക്കുള്ളിലെ ഇരുട്ടിലായിരിക്കുമോ എന്ന്   ഞാന്‍ ഭയപ്പെടുന്നു.  ഒരിക്കല്‍ അദ്ദേഹം സുന്ദരനായ യുവാവായിരുന്നു, നമ്മളെപ്പോലെ ജീവിതകാമനകളും പ്രലോഭനങ്ങളും ഉള്ള   മനുഷ്യജീവി .പക്ഷേ,നമ്മള്‍ക്കു കഴിയാത്ത തിരഞ്ഞെടുപ്പിനു പിന്നാലെ അദ്ദേഹം തിരിഞ്ഞുനോക്കാതെ നടന്നുപോയി. നസ്രത്തിലെ ആ മരപ്പണിക്കരന്റെ വിളിയെ തിരസ്‌കരിക്കാനാവാത്ത വിധം പ്രലോഭിതനായ ഫാ. സ്റ്റാന്‍ , ജന്‍മനാടിന്റെ പിന്‍വിളികളെ കേട്ടില്ല. അഷ്ടിക്കു വകയില്ലാത്ത, ജോലിക്കു കൂലികിട്ടാത്ത, എഴുത്തും വായനയുമറിയാത്ത,വൃത്തിയും വെടിപ്പുമില്ലാത്ത, ആദിവാസി ഗോത്രങ്ങളുടെ നിസ്സഹായത അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. തന്റെ യൗവ്വനം ഈശോയ്ക്കു കാഴ്ചയായി സമര്‍പ്പിച്ച് നടന്നുപോയത് , സഭയുടെ അരമനകളുടെ സുഖലോലുപതയിലേക്കായിരുന്നില്ല.. ഒരു ജന്‍മത്തിന്റെ  നല്ല ദിനങ്ങള്‍ മുഴുവന്‍ മറ്റുള്ളവരുടെ നന്‍മയ്ക്കായി സമര്‍പ്പിച്ചു കഴിഞ്ഞപ്പോഴേക്കും അദ്ദേഹമറിയാതെ താന്‍ വയോവൃദ്ധന്‍ ആയിക്കഴിഞ്ഞു..

ആദിവാസി ഗ്രാമങ്ങളലെ ഇല്ലായ്മകളിലും പ്രതികൂല കാലാവസ്ഥയുടെ പ്രതിസന്ധികളിലും തളരാതെ പോരാടിയ പോരാളി. ഗോത്രവര്‍ഗക്കാരുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന  അദ്ദേഹം അവരുടെ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിച്ചു. മനുഷ്യരായി  നിവര്‍ന്നു നില്‍ക്കാന്‍ അവരെ പ്രചോദിപ്പിച്ചു. അവരുടെ  ജീവിതത്തിലെ ഇരുട്ടില്‍  വെളിച്ചമാകാന്‍ സ്വയം കൈത്തിരിയായ ഒരാള്‍.  വിദ്യ പകര്‍ന്നു നല്‍കുന്നത് സര്‍ക്കാരിനെതിരായ കുറ്റമാണോ? മാടുകളെപ്പോലെ ആര്‍ക്കാനും വേണ്ടി പണിയെടുത്ത് ചത്തൊടുങ്ങേണ്ട ജന്‍മമല്ല മനുഷ്യജീവിതമെന്ന തിരിച്ചറിവു നല്‍കുന്നത് സര്‍ക്കാരിനെതിരായ കുറ്റകൃത്യമാണോ. അജ്ഞതയുടെ ഇരുട്ടിനെ അകറ്റാന്‍ തുണയായ എത്രയോ മിഷ്യനറിമാരുടെ സേവനം എടുത്തുപറയാനുണ്ട്.

 മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് കലാപക്കേസിലാണ്  നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമ (യുഎപിഎ ) പ്രകാരം  അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തിന് പണം ലഭിച്ചിരുന്നെന്നാണ്  മുഖ്യ ആരോപണം. എന്നാല്‍ കലാപപ്രദേശം താന്‍ കണ്ടിട്ടുപോലുമില്ലെന്ന് അറസ്റ്റിനു മുമ്പ് മുമ്പ് ഒക്ടോബര്‍ ആറിന് പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നു. തന്നെ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ 15 മണിക്കൂര്‍  ചോദ്യം ചെയ്തതായും വെളിപ്പെടുത്തി. യഥാര്‍ത്ഥസത്യം പുറത്തുവരേണ്ടതുണ്ട്. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും  അദ്ദേഹം തടവറയെ ഭയക്കുമെന്ന് ചിന്തിക്കാനാവില്ല. കാരണം സര്‍വ്വ സുഖങ്ങളും പരിത്യജിച്ചവന്, ഇല്ലായ്മകളെ ആഘോഷമാക്കിയവന് തടവറയിലും അതൃപ്തിയുണ്ടാവില്ല. മറ്റുള്ളവരുടെ അമാവാസികളെ പൗര്‍ണ്ണമാസികളാക്കാന്‍ സ്വയം ഇറങ്ങിത്തിരിച്ചവനാണേല്ലാ സ്വാമി. പക്ഷേ സത്യമെന്താണ്..?അതിനെക്കാള്‍ അമ്പരപ്പിക്കുന്ന മറ്റൊന്നുണ്ട്.

ഒരു വൈദികന്‍ തടവറയിലായിട്ടും കേരളത്തിലെ  വൈദികരൊന്നും അദ്ദേഹത്തിനായി ശബ്ദമുയര്‍ത്തിയതായി കണ്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചില ചെറുസംഘടനകളും അദ്ദേഹത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതു മറക്കുന്നില്ല. ചെറിയ കാര്യത്തിനു പോലും കേരളത്തിലെ നിരത്തുകളിലിറങ്ങി പ്രതിഷേധിക്കുന്ന പുരോഹിതരെയും കന്യാസ്ത്രീകളെയും കാണാനില്ല. സ്വര്‍ണ്ണക്കടത്തിന്റെയും ഫെമിനിസ്റ്റുകളുടെ കരിമഷിപ്രയോഗത്തിന്റെയും നാണംകെട്ട രാഷ്ട്രീയ കാലുമാറ്റത്തിന്റയും ചാനല്‍ ചര്‍ച്ചകള്‍ക്കിടയിലും ഫാ. സ്റ്റാന്‍ വിഷയമായില്ല. ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകുമോ ഇല്ലേ എന്നുപോലും  ചാനലില്‍ കൊടുമ്പിരികൊണ്ട ചര്‍ച്ച നയിച്ചവര്‍ വന്ദ്യവയോധികനായ ഒരു പുരോഹിതനെ അറസ്റ്റു ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട സംഭവം അറിഞ്ഞില്ല ! .

 ക്രിസ്ത്യാനികള്‍ക്കിടയിലാണെങ്കില്‍ ഒരുമയേയില്ലല്ലോ.കത്തോലിക്കര്‍ക്ക് അവരുടെ കാര്യം. യാക്കോബായക്കാര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍, ഓര്‍ത്തഡോക്‌സുകാരന് സ്വന്തം കാര്യങ്ങള്‍, പ്രൊട്ടസ്റ്റന്റുകാര്‍ക്കും ബാക്കിയുള്ള സഭക്കാര്‍ക്കും അപ്‌നാ  അപ്‌നാ സ്വാര്‍ത്ഥതകള്‍. ഇതിപ്പോള്‍ തമിഴനായ ഫാ. സ്റ്റാനെ അറസ്റ്റു ചെയ്താലെന്താ ജയിലിലിട്ടാലെന്താ ?. അവിടെക്കിടന്ന് ആ വയോധികനായ സന്യാസിയ്ക്ക് വല്ലതും സംഭവിച്ചാലെന്താ.. ആര്‍ക്കും മേലു നോകുന്നില്ല, മനസ്സും. ഈ മനസ്സികാവസ്ഥ  അമ്പരപ്പിക്കുന്നു. പ്രതിഷേധിക്കേണ്ടവര്‍ നിശബ്ദത പാലിക്കുമ്പോള്‍ പടയോട്ടങ്ങള്‍ എളുപ്പമാകുന്നു. നാളെ അത് നമ്മുടെ വാതില്‍ക്കലുമെത്തുമെന്നറിയുക.

ഫാ. സ്റ്റാൻ സ്വാമിയെപറ്റി ഓർക്കുമ്പോൾ:  അരുത്, പടയോട്ടങ്ങളെ എളുപ്പമാക്കരുത്..(ഉയരുന്ന ശബ്ദം-12-ജോളി അടിമത്ര)
Abey Joseph 2020-10-17 18:51:41
https://youtu.be/rYj7X4Nf5zs ഫാ: സ്റ്റാൻ സ്വാമിയെ മോചിപ്പിക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക