Image

ഇതാ ഇവിടെ ഒരു മനുഷ്യൻ [A Down to Earth Personality] സന റബ്‌സ്

Published on 20 October, 2020
  ഇതാ ഇവിടെ ഒരു  മനുഷ്യൻ  [A Down to Earth Personality] സന റബ്‌സ്
പുരട്ചി തലൈവർ ഡോ എം ജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേസ്റ്റേഷൻ മദ്രാസ്:

ചെന്നെയിലെ  സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ ക്യു പാലിക്കാത്തവരോട് കയർത്തു അവരുടെ വരി നേരെയാക്കി ക്യൂ പാലിപ്പിക്കുന്ന ഒരാളോട് നിയമം പാലിക്കാൻ മനസ്സില്ലാത്ത ഒരാൾ  തമിഴിൽ കയർത്തു. 

 "ഞാൻ എനിക്കിഷ്ടമുള്ളിടത്തു നിൽക്കും...നിങ്ങളാരാ എന്നെ പഠിപ്പിക്കാൻ.....?"

തൂവെള്ളഖാദിയിൽ നിറഞ്ഞുനിന്ന ആ മനുഷ്യൻ  വെളുത്ത പഞ്ഞിപോലുള്ള തന്റെ തല ചെരിച്ചു ചോദ്യകർത്താവിനെ തിരിഞ്ഞുനോക്കി. ആ കണ്ണുകളിലെ തീക്ഷ്ണത കണ്ടു ചോദിച്ചയാളുടെ മുഖം കുനിഞ്ഞു.  അയാൾ വരിയിലേക്ക് ഒതുങ്ങി. 

സീൻ രണ്ട് :

മലപ്പുറം ജില്ലയിലെ സാംസ്കാരസാഹിതിയുടെ യോഗത്തിലേക്ക്  തിരക്കിട്ടു നടന്നുപോകുമ്പോൾ റോഡിൽ പി ഡബ്ലിയു ഡി പണി നടക്കുന്നുത് അദ്ദേഹം അൽപനേരം നിരീക്ഷിക്കുന്നു.  അരിപ്പപോലെ ചെറിയ ഓട്ടകളുള്ള തകരപ്പാട്ടയിലേക്കു ടാർ ഒഴിച്ചു റോഡിൽ പതുക്കെ ഇറ്റിച്ചുകൊണ്ടിരിക്കുന്ന ഒരു ബംഗാളി!
അപ്പുറത്തുനിൽക്കുന്ന എഞ്ചിനീയർഗ്രുപ്പിലേക്കുനോക്കി അവരുടെ അടുത്തേക്കു  ചെന്നു അദ്ദേഹം ചോദിച്ചു. 
"ഒരു ദിവസം എത്ര മീറ്റർ ദൂരം നിങ്ങൾ റോഡിനു ഓട്ടയടയ്ക്കും ? "
വേഷം ഖാദി ആണെന്നു കണ്ടിട്ടോ ചോദ്യത്തിന്റെ രൂക്ഷത മൂലമോ  ഉദ്യോഗസ്ഥർ പരുങ്ങി. 

"എന്താണ് സർ കാര്യം? "

"കാര്യമോ?  നിങ്ങൾക്ക് അറിയാത്തതല്ലല്ലോ ഈ ടാർപാട്ടയിൽ തീർത്ഥം തളിക്കുംപോലെ തളിച്ചാൽ ഈ കാണുന്ന റോഡിൽ ഓട്ടയടയാൻതന്നെ മാസങ്ങൾ വേണമെന്ന്?  ജനം ഇതെല്ലാം കാണുന്നുണ്ട് സുഹൃത്തേ.... നിങ്ങൾ ആരെയാണ് പറ്റിക്കുന്നത്?  ഈ ജനത്തെയോ അതോ നിങ്ങളെത്തന്നെയോ?"
 പൊള്ളിക്കുന്ന  ചോദ്യം ചോദിച്ചു തന്റെ വെള്ളമുണ്ടിന്റെ കര കൈയിലേക്ക് ചുരുട്ടിപ്പിടിച്ചു അദ്ദേഹം നടന്നുനീങ്ങി. 

സീൻ മൂന്ന് : കൊറോണകാലത്തെ ബാങ്കുകളുടെ മുന്നിലെ ക്യൂ! 

സാമൂഹിക അകലം പാലിക്കുക മാസ്ക് ധരിക്കുക സാനിറ്റയ്സർ ഉപയോഗിക്കുക എന്ന നിയമങ്ങൾ എഴുതിവെച്ചിട്ടുണ്ടെങ്കിലും  ഗ്രഹണിപിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ടപോലെ   ആർത്തുനിൽക്കുന്ന ജനക്കൂട്ടം!  ഇതിൽതന്നെ പലർക്കും നിയമം പാലിക്കാത്തവരോടു അമർഷമുണ്ട്.  ബാങ്ക് മാനേജരെ പലരും നോക്കുന്നുമുണ്ട്. പക്ഷേ അയാളും നിസ്സഹായനാണ്. ജനങ്ങൾക്ക് അനുസരണശീലം 'കൂടുതലാണല്ലോ..!'

"എന്താടോ സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാൻ ഇത്ര മടി. അകന്നുനിൽക്കാൻ പറ്റാത്തവരും മാസ്ക് ഇടാത്തവരും പുറത്തുപോടോ.... "
 സിംഹഗർജനമാണ്! കൂട്ടംകൂടിയവർ തിരിഞ്ഞുനോക്കി പതിയെ പിൻവാങ്ങി അതാതിടങ്ങളിലേക്ക് മടങ്ങി അകന്നുനിന്നു!!

 അതാണ്‌ ഡോ.  പി. ശങ്കരനാരായണൻ! അനീതികളോടും നീതികേടിനോടും സന്ധിയില്ലാസമരം പ്രഖ്യാപിച്ചു തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു ഉറക്കെ വിളിച്ചുപറഞ്ഞ മഹാത്മജിയുടെ അനുയായിയായി  ലോകത്തിന്റെ ഓരം ചേർന്നു നേരെ നടക്കുന്നവൻ.
 തികഞ്ഞ ഗാന്ധിയനായ അദ്ദേഹത്തിന്റെ അനീതികളോടുള്ള കലഹമാണ് മുകളിൽ കണ്ടതെല്ലാം. 

"താങ്കൾ നിരന്തരമായി അനീതിയോടുള്ള  സമരത്തിൽ ആണല്ലോ.... നമ്മൾ ചൂണ്ടികാണിച്ചു തിരുത്തിയാലും കൂട്ടാക്കാത്ത സമൂഹമാണ് ഭൂരിപക്ഷവും.  മടുക്കുന്നില്ലേ...?"

"അങ്ങനെ മടുത്താൽ പറ്റുമോ? അങ്ങനെ  പലർക്കും മടുത്തിരുന്നെങ്കിൽ ഇവിടെ നമുക്കു പലതും നേടാൻ കഴിയുമായിരുന്നോ... ജീവിതം സമരമാണ്. സമൂഹത്തിൽ പലതരക്കാർ ഉണ്ടല്ലോ. പതുക്കെ തിരിച്ചറിവ് വരും. "

"ഹോട്ടലിൽ ആഹാരം കഴിക്കുന്നവരെപോലും താങ്കൾ നിരീക്ഷിക്കുന്നു. ആഹാരം പാഴാക്കുന്നവരോട്  കയർക്കുന്നു. ഞങ്ങളുടെ പണം കൊണ്ടുവാങ്ങിയ ആഹാരം ഞങ്ങൾ കളയുന്നു, നിങ്ങൾ ആരാണ് ഇതെല്ലാം ചോദിക്കാൻ എന്നു തിരിഞ്ഞു കൊത്താറില്ലേ പലരും?  ആ ചോദ്യം ചോദിക്കാൻ അവർക്ക്‌ അവകാശമില്ലേ? "

"ആ ചോദ്യത്തിനു ഉത്തരമുണ്ട്. ഞാൻ ആരുമല്ല. സാധാരണ ഇന്ത്യൻ പൗരൻ! ഈ ഭൂമിയിലെ ഓക്സിജൻ ഇത്രയും കാലം ശ്വസിച്ചു എന്നതാണ് എന്റെ അവകാശം. ആ അവകാശം അടുത്ത തലമുറയ്ക്കു കിട്ടണമെങ്കിൽ ഇവിടെ കാര്യങ്ങൾ നേരെചൊവ്വേ നടക്കണം. ആഹാരം കളയാൻ ആർക്കും അധികാരമില്ല.  നാഷണൽ വേസ്റ്റ് ആണത്.   നമ്മൾ മാത്രം തിന്നുമുടിപ്പിച്ചു നശിപ്പിച്ചു പോയാൽ പറ്റുമോ...? അടുത്ത തലമുറ നമ്മെ ശപിക്കും. നിങ്ങൾ  ഞങ്ങൾക്കുവേണ്ടി എന്തു കരുതിവെച്ചു എന്ന ചോദ്യം ഇവിടെ മുഴങ്ങും"

അതെ; നിങ്ങൾ ഈ ഭൂമിക്കു പറ്റിയവരാണോ.. അതാണ് അദ്ദേഹം ചോദിക്കുന്നത്. 

നാൽപ്പത്തിയഞ്ചുവർഷത്തെ  അദ്ധ്യാപനസപര്യയുടെ നിറവിലാണ് 
ഡോ പി. ശങ്കരനാരായണൻ ഇപ്പോൾ. 
മലപ്പുറം ജില്ലയിലെ എരമംഗലത്തുള്ള പെരുമുടിശ്ശേരി  ഗ്രാമത്തിൽ  പൊറ്റയിൽ വീട്ടിൽ നാരായണന്റെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ച  (01.04.1947)
 ശ്രീ  ശങ്കരനാരായണന്റെ  നാല്പത്തിയഞ്ചു വർഷത്തെ അദ്ധ്യാപന ജീവിതത്തിലേക്ക് നോക്കുമ്പോൾ  മഹാസാഗരമായി  ഒരു ഗാന്ധിയൻ ജീവിതം  മുന്നിൽ അലയടിക്കുന്നു. 
രണ്ടായിരത്തിരണ്ടിൽ (2002 മാർച്ചിൽ) ഗുരുവായൂരിലെ അരിയന്നൂരുള്ള ശ്രീകൃഷ്ണ കോളേജിലെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും വിരമിച്ചു പടിയിറങ്ങിയ ഔദ്യോഗികജീവിതം  ഒരു പ്രൈമറി അദ്ധ്യാപകന്റെ  ജീവിതവിജയത്തിന്റെയും  കറതീർന്ന രാഷ്ട്രീയക്കാരന്റെ സൂക്ഷ്മമായ ജീവിതത്തിന്റെയും തികഞ്ഞ ഗാന്ധിയൻ ആദർശത്തിന്റെയും സത്യസന്ധതയുടെ  ചുവട്ടിൽ പച്ചമഷികൊണ്ട് സീൽചെയ്തു ഭദ്രമാക്കിയ 'പാക്കറ്റ് ഓഫ് എനർജി' (Packet of Energy) യുടെ കൂടെ  കഥയാണ്. 

ടീച്ചിങ്  കരിയർ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. Count On Begins :

മലപ്പുറം ജില്ലയിലെ ചേന്നമംഗലം എൽ പി സ്കൂളിൽ അദ്ധ്യാപകനാവുന്നതു ടീച്ചർ ട്രെയിനിങ് കഴിഞ്ഞ ഉടനെയാണ്. ജോലിയിൽ പ്രവേശിച്ചത് 1967-- ൽ.  അന്ന്  ഇരുപതാണ് പ്രായം എന്ന് അദ്ദേഹം ഓർക്കുന്നു !  ആയിരത്തിതൊള്ളായിരത്തി എഴുപത്തഞ്ചുവരെ (1967 -- 1975) എട്ടു വർഷം പ്രൈമറി അദ്ധ്യാപകനായി അവിടെ ജോലി ചെയ്തു. 
ചേന്നമംഗലം സ്കൂൾ പ്രൈമറി പള്ളിക്കൂടം ആയിരുന്നു.   
എല്ലാ ഡിവിഷനുംകൂടി അവിടെ ആറുക്ലാസ്സുകളെ അന്നുണ്ടായിരുന്നുള്ളു. പിന്നീട് 
 സഹപ്രവർത്തകരുടെ സഹകരണത്തോടെ  പള്ളിക്കൂടത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിച്ചു.  അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം   വർദ്ധിക്കുകയും   രക്ഷിതാക്കളുടെ  പങ്കാളിത്തത്തോടെ  ഒന്നാം ക്ലാസ് 3 ഡിവിഷൻ ആയി കൂടുകയും ചെയ്തു. 

1975 ലാണ്  ഗുരുവായൂർ  ശ്രീകൃഷ്ണഹൈസ്കൂളിൽ ഭാഷ അദ്ധ്യാപകനായി നിയമനം ലഭിക്കുന്നത്. 
ഓൾ പ്രൊമോഷൻ കാരണം പഠിപ്പിൽ  വളരെ മോശമായ കുട്ടികളും  ജയിച്ചു പൊയ്ക്കൊണ്ടിരുന്ന കാലത്തായിരുന്നു അദ്ദേഹം ശ്രീകൃഷണഹൈസ്കൂളിൽ അദ്ധ്യാപകനായി എത്തുന്നത്. ഒട്ടും പഠിക്കാത്ത കുട്ടികൾ ജയിച്ചുപോയി പത്തിൽ എത്തിയാൽ പലപ്പോഴും അച്ചടക്ക ലംഘനം പതിവായിരുന്നു. പത്തിൽ എത്തിക്കഴിഞ്ഞാൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളിൽ നിയന്ത്രണം ഇല്ലാതാവുന്ന അവസ്ഥയും സമരവും ബഹളവും എല്ലാം നടന്നുകൊണ്ടിരുന്നു. 
ഇതിനെല്ലാം പരിഹാരം കാണാനും സ്കൂളിൽ   അച്ചടക്കം ഉണ്ടാക്കാനും  അദ്ധ്യാപക - രക്ഷ കർത്താക്കളുമായും സഹകരിച്ചു പ്ലാനുകൾ തയ്യാറാക്കി.
 അതിന്റെ ഫലമായി ഉണ്ടാക്കിയ നിയമങ്ങൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ല. 
 പ്രൊമോഷൻ കിട്ടാത്ത  കുട്ടികൾ സമരം ചെയ്തു. 
സ്കൗട്ടിനുവേണ്ടി നിർമ്മിച്ച ഷെഡ്ഡ്  ആരോ നശിപ്പിച്ചുകളഞ്ഞു.  അദ്ധ്യാപകരെ ക്ലാസ് എടുക്കാൻപോലും  സമ്മതിച്ചില്ല. എങ്കിലും  അച്ചടക്കം എന്ന വാക്ക് വിട്ടുകൊടുത്തു വികലമാക്കാൻ സമ്മതിച്ചില്ല.
അവസാനം കുട്ടികൾക്കു മനസ്സിലായി അവരുടെ നന്മയാണ് ലക്ഷ്യമെന്ന്.  ജൂനിയർ ആയ കുട്ടികൾ പഠിച്ചു മുന്നേറിവന്നു തങ്ങളെ കടന്നുപോകുമ്പോൾ  തനിക്കും പഠിക്കണം എന്ന ചിന്തവരാനും മേൽപറഞ്ഞ നടപടികൾ  സഹായിച്ചു. 
പാഠ്യേതര പ്രവർത്തനങ്ങൾ  കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിൽ  നടത്തി. യൂത്തുഫെസ്റ്റിവലിൽ കൂടുതൽ ഇനങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു,  അവർക്ക്  സമ്മാനങ്ങൾ കിട്ടി. 
കുട്ടികൾക്കും ഉത്സാഹം വർദ്ധിച്ചു. അങ്ങനെ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. 

ഗാന്ധിജയന്തിയോടനുബന്ധിച്ചു സേവനവാരം മുൻപേ നടത്തിവന്നിരുന്നു.  സേവനവും പൊതുശുചിത്വവും  ഒക്ടോബർമാസത്തിൽ മാത്രം ഒതുക്കാതെ  വർഷം മുഴുവനും നീളുന്ന പരിപാടിയിലേക്കു  സംയോജിപ്പിക്കാൻ അധ്യാപകർ എല്ലാവരുംകൂടി ശ്രമിച്ചു.  
അഞ്ചുവർഷത്തെ അവിടുത്തെ അദ്ധ്യാപനജീവിതത്തിൽ സ്കൂളിന്റെ പൊതുവായ വികസനത്തിൽ കാര്യമായി പങ്കു വഹിക്കാൻ കഴിഞ്ഞു .  ഇതെല്ലാം സാധിച്ചതു ഒരുപറ്റം നല്ല അദ്ധ്യാപകർ അന്ന് ശ്രീകൃഷ്ണ ഹൈസ്കൂളിൽ ഉണ്ടായിരുന്നതുകൊണ്ടാണെന്നു അദ്ദേഹം സന്തോഷത്തോടെ ഓർക്കുന്നു. 

"ഒമ്പതുവർഷം അരിയന്നൂരിലെ  ശ്രീകൃഷ്ണ കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്നല്ലോ. എന്തായിരുന്നു കോളേജ് അന്തരീക്ഷം?  
പ്രിൻസിപ്പൽ ആയതിനുശേഷം കോളേജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുവാൻ കഴിഞ്ഞുവോ?"

"അതേ....   ഫിസിക്സ്‌, കോമേഴ്‌സ്,  മലയാളം എന്നിവയിൽ പോസ്റ്റ്‌ ഗ്രാറ്റുവേഷൻ തുടങ്ങി. 
ഡിഗ്രിയ്ക്കു ഫങ്ഷനൽ ആൻഡ്‌ കമ്മ്യൂണികേറ്റീവ്വ്  ഇംഗ്ലീഷ്, ബയോ കെമിസ്ട്രി എന്നീ കോഴ്സുകളും ആരംഭിച്ചു. പെൺകുട്ടികൾ പഠിക്കാൻ വരാൻ മടിച്ചിരുന്ന കോളേജ് ആയിരുന്നു ശ്രീകൃഷണ. പെൺകുട്ടികൾക്കായി സീറ്റ്‌ സംവരണം ചെയ്യേണ്ടിവരെ വന്നിട്ടുണ്ട്.  ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ചു പെൺകുട്ടികൾക്കു  മാത്രമായി കോളേജിൽ വരാൻ കോളേജ് ബസ് ഏർപ്പാടാക്കി. സമരം മൂലം പഠിപ്പുമുടങ്ങുന്ന ക്യാമ്പസ് രാഷ്ട്രീയമായിരുന്നു അന്നെല്ലാം.  ആ അവസ്ഥയിൽനിന്നെല്ലാം കോളേജ് അന്തരീക്ഷം മാറ്റിയെടുത്തു." 

"കുട്ടികൾക്കു വേണ്ടിയും കോളേജിന്റെ ക്ഷേമത്തിനുവേണ്ടിയും  പലരോടും ഗൗരവത്തിൽ പെരുമാറേണ്ടിവന്നിട്ടുണ്ടല്ലോ.  ഇത് കുട്ടികളുടെ ശത്രുത കൂട്ടിയില്ലേ?  അക്രമരാഷ്ട്രീയം നടക്കുമ്പോൾ അവിടെ ഗാന്ധിസത്തിനു പ്രസക്തിയുണ്ടായിരുന്നോ?  എന്താണ് അനുഭവങ്ങൾ?"

 "അക്രമത്തിനെതിരായി ഗാന്ധിജി അനുവർത്തിച്ച നയങ്ങൾ നമുക്കറിയാമല്ലോ. അക്രമത്തെ അക്രമംകൊണ്ടു  നേരിടാൻ കഴിയില്ല. 
 കോളേജിൽ  ഡിഗ്രിക്കു പഠിക്കുന്ന ഒരു പെൺകുട്ടിയുടെ കഴുത്തിനു കുത്തിപ്പിടിക്കയും അവൾ കൊണ്ടുവന്ന ചോറ്റുപാത്രത്തിൽ തുപ്പുകയും ചെയ്ത ഒരു വിദ്യാർത്ഥിയെ  കയ്യോടെ പിടിച്ചു പുറത്താക്കി. അങ്ങനെയുള്ളവരെയൊന്നും നമ്മൾ  അവിടെ വെച്ചുപൊറുപ്പിച്ചില്ല. 
 ക്ലാസ്സുസമയങ്ങളിൽ അനാവശ്യമായി മുൻവശത്തെ ഓപ്പൺസ്റ്റേജിൽ  കുട്ടികൾ സംഘം ചേരുകയും സ്റ്റഡി ക്ലാസുകൾ നടത്തുകയും ചെയ്യുമായിരുന്നു.  അക്രമവാസന തടയാനും അഹിംസ ഊട്ടി ഉറപ്പിക്കുന്നതിനും മഹാത്മജിയുടെ ജന്മദിനത്തോടനുബന്ധിച്ചു   അദ്ദേഹത്തിന്റെ  ഒരു പ്രതിമ കോളേജിൽ സ്ഥാപിച്ചു. ഗാന്ധിജി സമാധാനപ്രിയനായിരുന്നല്ലോ.. അതുവഴി അക്രമവാസനകൾ കുട്ടികളിൽനിന്നും തടയാനാവുമെന്ന് പ്രത്യാശിച്ചു.  മീറ്റിംഗുകൾ നടക്കുന്ന സ്ഥലത്താണ് ഗാന്ധിപ്രതിമ സ്ഥാപിച്ചത്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും  തടയിട്ടു. 

"അതുകൊണ്ട് സമരങ്ങൾ ഇല്ലാതായോ? വിദ്യാർത്ഥികളുടെ മനോഭാവം എന്തായിരുന്നു?"

"സമരങ്ങൾ ഇല്ലാതായില്ല. പക്ഷേ ആർക്കെങ്കിലും നല്ലതു തോന്നുന്നത് കൂടുതലാക്കാൻ ആ പ്രതിമ സഹായിച്ചിട്ടുണ്ട്. മാത്രല്ല ആ സ്ഥലത്തു കൂട്ടംകൂടിയുള്ള പരിപാടിയും  മറ്റും ഒഴിവാക്കാൻ കഴിഞ്ഞു. ആശയങ്ങളോട് മാത്രമേ എനിക്കും കുട്ടികൾക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുള്ളൂ. തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ സംഘടനാപ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുമല്ലോ." 

"കോളേജിലെ മതിലുകളിൽ ചെളിവാരി തേക്കുന്ന കുട്ടികളെയും പരസ്യം പതിക്കുന്ന കുട്ടികളെയും രൂക്ഷമായി നേരിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്.  മതിലിൽ ചെളിതെറിപ്പിച്ച കുട്ടിയെക്കൊണ്ട് അതു കഴുകിച്ചതായും കേട്ടിട്ടുണ്ട്. അതേക്കുറിച്ച്? "

അദ്ദേഹം ചിരിച്ചു. 
"കോളേജ് എന്നാൽ  ഒരു സരസ്വതി ക്ഷേത്രമാണ്. സംസ്‍കാരം പഠിക്കാനും സബ്ജെക്ട് പഠിക്കാനും വികസിക്കാനുമാണ് കുട്ടികൾ വരുന്നത്.  നഴ്സറി കുട്ടികൾ ചെളിവാരിതേയ്ക്കുംപോലെ കാണിക്കാനാണെങ്കിൽ നഴ്സറിയിൽതന്നെ പഠിച്ചാൽ മതിയല്ലോ.....വളരേണ്ടല്ലോ....  വെള്ളപൂശിയ മതിലിൽ ചെളി തേച്ചവരോടു  അതു കഴുകിയിട്ടു പോയാൽ മതിയെന്നു പറഞ്ഞു. ആ കുട്ടിയുടെ രക്ഷിതാവ് അതറിഞ്ഞപ്പോൾ അതുതന്നെയാണ്  ശരിയെന്നും പറഞ്ഞു.  കണ്ടുനിന്ന പല കുട്ടികളുടെ രക്ഷിതാക്കളും അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും പിന്നീട് അതേക്കുറിച്ചു പരാമർശിച്ചു. 'മതിലിലെ ചെളി കളയാൻ പറഞ്ഞപ്പോഴേ മനസ്സിലായി അവിടെത്തെ പ്രിൻസിപ്പൽ ആരാണെന്ന്. അതുകൊണ്ട് തന്റെ  മകനെ അവിടെത്തന്നെ ചേർത്താൽ മതിയെന്നു ഞാൻ തീരുമാനിച്ചു' എന്നെല്ലാം രക്ഷിതാക്കൾ  രക്ഷിതാവ് പിന്നീട് പറഞ്ഞു."

"കോളേജിലെ ഹോസ്റ്റൽ വാർഡൻ ആയിരുന്നില്ലേ കുറച്ചു കാലം. വളരെ സ്ട്രിക്ട് ആയ വാർഡൻ ആയിരുന്നു എന്നു  കേട്ടിട്ടുണ്ട്.  ദുഷ്ടനായ വാർഡൻ ആയിരുന്നോ? 
ആ കാലഘട്ടത്തെ  എങ്ങനെയായിരുന്നു  നേരിട്ടത്? ആ സമയത്തു ആരായിരുന്നു ശ്രീകൃഷ്‌ണയുടെ പ്രിൻസിപ്പൽ?"

"ഹഹഹ… ദുഷ്ടതയും അച്ചടക്കവും രണ്ടാണ്. അതാരും തെറ്റിദ്ധരിക്കാൻ ഇടയില്ല. ശരിയാണ് ;ഞാൻ സ്ട്രിക്ട് ആരുന്നു. രണ്ടുവർഷം ഹോസ്റ്റൽ  വാർഡൻ ആയിരുന്നു.
പ്രഭാകരമേനോൻ സാറായിരുന്നു അന്നത്തെ പ്രിൻസിപ്പൽ. ഞാൻ മലയാളം ലക്ചറർ ആയിരുന്നു.  കുട്ടികളെ സെക്കന്റ്‌ ഷോ സിനിമയ്ക്ക് വിടില്ല എന്നായിരുന്നു ഹോസ്റ്റൽ റൂൾ. പൂജാ അവധിക്ക് കോളേജ്  അടയ്ക്കുന്ന ദിവസത്തിന്റെ തലേന്നു കുട്ടികൾ സെക്കന്റ്‌ ഷോയ്ക്കു പോകാൻ അനുവാദം ചോദിച്ചു. രാത്രിയിൽ സിനിമയ്ക്ക് വിടാൻ കഴിയില്ല എന്നു ഞാൻ  കട്ടായം പറഞ്ഞു.  അന്നുരാത്രി  ആഹാരത്തിനുശേഷം ഒരു ഗ്രൂപ്പ് കുട്ടികൾ മുകളിലേക്ക് കയറിപ്പോയി. ഉടനെ ലൈറ്റ് ഓഫ്‌ ആയി. കൂടെ ഒരു കൂവലും കേട്ടു. എന്താണ് സംഭവം എന്നറിയാൻ ഞാനും കുറച്ചു സ്റ്റാഫും വാച്ച്മാനും മുകളിലേക്കു കയറുമ്പോൾ ആരോ മുകളിൽ നിന്നും വെള്ളം ഒഴിച്ചു ഞങ്ങളുടെ മേലേക്ക് ! ഒരു സ്റ്റാഫ് വഴുതിവീണു.  അതേക്കുറിച്ചു അന്വേഷണം നടന്നു കാര്യങ്ങൾ അറിയുംവരെ ഹോസ്റ്റൽ അടച്ചിട്ടു. എല്ലാവരും കുറ്റം നിഷേധിച്ചു. പല കുട്ടികൾക്കും ഹോസ്റ്റൽ അടച്ചതിനാൽ വല്ലാത്ത ബുദ്ധിമുട്ടുണ്ടായി. ഒരു കൂട്ടർ ചെയ്തതിനു എല്ലാവരും ശിക്ഷ അനുഭവിക്കുകയാണല്ലോ. അതുകൊണ്ട് തെറ്റുചെയ്തവരോടു തുറന്നു പറയാൻ ആവശ്യപ്പെട്ടു. ഏറെ മടിച്ചെങ്കിലും  ഒടുവിൽ ഇവർ ഫോണിൽ മാപ്പുപറഞ്ഞു.
'സാറേ ഞങ്ങൾക്ക് തെറ്റുപറ്റിയതാണ്. ക്ഷമിക്കണം' എന്നു പറഞ്ഞു. ഫോണിലാണു  പറഞ്ഞതെങ്കിലും മാപ്പ് അംഗീകരിക്കപ്പെട്ടു. തെറ്റ് തെറ്റാണ് എന്നു മനസ്സിലാക്കികൊടുക്കണമല്ലോ."

"കുട്ടികളുടെ സമീപനത്തിൽ പിന്നീട് മാറ്റം വന്നോ? "

"തീർച്ചയായും. ആ കാലത്തു തന്നെ മറ്റൊരു സംഭവം ഉണ്ടായി.  എന്റെ വിവാഹം കഴിയുന്നത് ഞാൻ വാർഡൻ ആയിരുന്ന കാലത്തായിരുന്നു. എന്റെ അച്ഛൻ മരിച്ച സമയംകൂടി ആയതിനാൽ  ഇരുപത്തൊന്നു ദിവസം എനിക്ക് കോളേജിലേക്കും ഹോസ്റ്റലിലേക്കും  പോകാൻ കഴിഞ്ഞില്ല. വിവാഹത്തിന് ആരെയും ക്ഷണിക്കാനും  കഴിഞ്ഞില്ല. ആ ദിവസങ്ങളിൽ കുട്ടികൾ വളരെ അച്ചടക്കത്തോടെയും സമാധാനത്തോടെയും ഹോസ്റ്റലിൽ കഴിഞ്ഞു. അത് വളരെ സന്തോഷമുണ്ടാക്കിയ കാര്യമാണ്. വിവാഹത്തിന് ക്ഷണിക്കാൻ കഴിയാതിരുന്നതിനാൽ പിന്നീട് ഹോസ്റ്റലിൽ കുട്ടികൾക്ക് മാത്രമായി  സദ്യ നൽകി. കുട്ടികൾ അതിലെല്ലാം സന്തോഷത്തോടെ പങ്കെടുത്തു."

"ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നതിന്റെ  നിരർത്ഥകത ബോധ്യം വന്നിട്ടില്ലേ?  മരിച്ചാലുള്ള കർമ്മങ്ങൾ?  ജോലിയെ തടസ്സപ്പെടുത്തുന്ന ആചാരങ്ങൾ?  അതെല്ലാം ജീവിതത്തിനും ജീവിച്ചിരിക്കുന്നവർക്കും ബുദ്ധിമുട്ടായി വരുമ്പോൾ ഒഴിവാക്കേണ്ടതല്ലേ?"

"മരിച്ച ആളും  അടുപ്പവും ആശ്രയിച്ചിരിക്കും അതെല്ലാം. പിന്നെ ചെയ്യാനുള്ള സൗകര്യവും. മുഴുവനും അന്ധവിശ്വാസം ആണെന്ന് അഭിപ്രായമില്ല. കുടുംബജീവിതത്തിലെ അറ്റാച്ച്മെന്റ് അനുസരിച്ചു ചിലതൊക്കെ ചെയ്യേണ്ടിവരും. കുറെയൊക്കെ തലമുറകളിലൂടെ പകർന്നു കിട്ടുന്നു.  എല്ലാം തള്ളിക്കളയാനും പറ്റുന്നില്ല. എല്ലാറ്റിന്റെയും റൂട്ട് കണ്ടുപിടിക്കാൻ മനുഷ്യബുദ്ധിക്ക്  കഴിയില്ലല്ലോ. നാട്ടിൽ ഒരു പഴങ്കഥ ഉണ്ട്. 
പണ്ടൊരു നമ്പൂരി ശ്രാദ്ധം നടത്തുമ്പോൾ അയാളുടെ വീട്ടിലെ പൂച്ച സാധനങ്ങൾ തട്ടിമറിച്ചിട്ടു. അയാൾ അതിനെ ഒരു കുട്ടയ്ക്കുള്ളിൽ അടച്ചിട്ടു. പിന്നത്തെ  തലമുറ സ്വന്തമായി പൂച്ച ഇല്ലെങ്കിൽ അടുത്തുനിന്നു പൂച്ചയെ വാടകയ്ക്ക് കൊണ്ടുവന്നു കുട്ടയ്ക്കുള്ളിൽ മൂടാൻ തുടങ്ങി. അത്തരം ബേസ്ലെസ്സ് ആയ കാര്യങ്ങൾ വിഡ്ഢിത്തമാണെന്നു എല്ലാവർക്കും അറിയാമല്ലോ. വിശ്വാസവും അന്ധവിശ്വാസവും വേറെ  വേറെയാണ്." 

"സ്കൂൾപോലെ കോളേജിൽ അച്ചടക്കം വേണമെന്ന് ഒരു പ്രിൻസിപ്പൽ ശഠിച്ചാൽ അതു എത്രമാത്രം പ്രായോഗികമാക്കാൻ കഴിയും? നടപ്പാക്കാൻ ബുദ്ധിമുട്ടും നടന്നാൽ വലിയൊരു സ്വപ്നസാക്ഷാൽക്കാരവും ആയിരുന്ന  വലിയൊരു ഉത്തരവാദിത്തമായിരുന്നില്ലേ ശ്രീകൃഷ്ണ കോളേജിനെ സംബന്ധിച്ചു  താങ്കളുടെ പ്രിൻസിപ്പൽഷിപ്? "

"അതെ, വലിയൊരു ലക്ഷ്യമായിരുന്നു.  നടപ്പാക്കാൻ കുറെയേറെ അദ്ധ്വാനവും ക്ഷമയും സമയവും വേണ്ടിവന്ന വലിയൊരു മിഷൻ! സമരവും പ്രക്ഷോഭവും പ്രിൻസിപ്പലെയും സ്റ്റാഫിനെയും ഘരോവോ ചെയ്യലും തടഞ്ഞു വെക്കലും കുട്ടികളുടെ പഠിപ്പു മുടക്കലും മാത്രമല്ല റാഗിങ്ങും കുത്തും വെട്ടും  അടക്കം എല്ലാ നെഗറ്റിവിറ്റിയും നിറഞ്ഞ  ക്യാമ്പസിന്റെ കറുത്ത കാലഘട്ടത്തിലാണ് ഞാൻ പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്. അങ്ങനെയൊരു അന്തരീക്ഷത്തിൽ നിന്നും അച്ചടക്കമുള്ള വിദ്യാലയമായി ശ്രീകൃഷ്‌ണയെ മാറ്റിയെടുക്കാൻ  നടന്നുതീർത്ത ദൂരങ്ങൾ ചെറുതല്ല. ഇപ്പോഴും അന്നത്തെ കുട്ടികൾ കാണുമ്പോൾ സ്നേഹത്തോടെ വന്നു പറയാറുണ്ട്. "സർ  സാർ അന്ന് പുറത്താക്കിയ ഇന്ന ബാച്ചിലെ ഇന്ന ആളാണ് ഞാൻ. സർ അന്ന്  ടി സി തന്നു വിട്ടപ്പോൾ എനിക്കൊരു തിരിച്ചറിവുണ്ടായി. മറ്റു പലയിടത്തും അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടിയപ്പോൾ ഞാൻ ആരെന്നും  എന്നിൽ എന്താണുള്ളതെന്നും തിരിച്ചറിയാൻ കഴിഞ്ഞു. അതിന് സറിനോട് എനിക്ക് കടപ്പാടുണ്ട്" എന്നു പറഞ്ഞ ധാരാളം ' മുതിർന്ന കുട്ടികളെ' പിന്നീട് കണ്ടു. 

റാഗിംഗ് നടത്താൻ   ആരെയും അനുവദിച്ചില്ല. എന്തെങ്കിലും മോശം പെരുമാറ്റം ഉണ്ടായാൽ കംപ്ലൈന്റ് ചെയ്യാനുള്ള ധൈര്യം പെൺകുട്ടികൾക്കുണ്ടായി. 
ഇതെല്ലാം നടപ്പിലാക്കിയത് എന്റെ കേമത്തം കൊണ്ടല്ല. അന്നത്തെ അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും  മാനേജുമെന്റിന്റെയും സഹായത്തോടെയാണ്. അവരെല്ലാവരും എപ്പോഴും കൂടെനിന്നു"

"ഗാന്ധിയൻ ആദർശത്തിലേക്കു ആകൃഷ്ടനാവാൻ  പ്രത്യേകകാരണം  ഉണ്ടായിരുന്നോ?" 

"ഗാന്ധിജി ഇപ്പോഴും എപ്പോഴും ഔഡേറ്റഡ് ആവാത്ത മനുഷ്യനും ആശയവുമാണ്. 
ഗാന്ധിജി ഇവിടെ ജീവിച്ചിരുന്നോ എന്നെല്ലാം  ആശ്ചര്യപ്പെടുന്ന ലോകത്താണ് നാമിപ്പോൾ ചരിക്കുന്നത്. ഭാഗ്യവശാൽ അദ്ദേഹം ജീവിച്ച കാലത്ത് അല്പകാലം ജീവിക്കാൻ എനിക്കു സാധിച്ചു. എന്റെ അച്ഛൻ  പൊറ്റയിൽ നാരായണൻ തികഞ്ഞ ഗാന്ധിയനായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പ്രത്യക്ഷമായി പങ്കെടുത്തില്ലെങ്കിലും ഗാന്ധിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന  അനുയായിയും  ആയിരുന്നു. 
അച്ഛൻ  തന്നെയായിരുന്നു എന്റെ ഗുരുനാഥനും.  ഞാൻ പലതരം കൃഷിരീതികൾ കണ്ടാണ് വളർന്നത്.  മനുഷ്യൻ മണ്ണിനോടും പ്രകൃതിയോടും മല്ലടിക്കുന്നതും കണ്ടു. കൗതുകകരമായി തോന്നിയ  മറ്റൊരു കാര്യം, അടുക്കളയിൽ എന്തെങ്കിലും തീർന്നാൽ കുട്ടികളെ അമ്മ കടയിൽ അയക്കുമായിരുന്നു. കടക്കാരൻ അച്ഛന്റെ അടുത്ത സുഹൃത്തായതിനാൽ  ഒരുകിലോ പഞ്ചസാര  ചോദിച്ചാൽ   ചിരിച്ചുകൊണ്ട് പറയും 'അരക്കിലോ മതി. അവിടെക്കൊണ്ടോയി  കലക്കി തീർക്കേണ്ട'  എന്ന്.
വളരെ ലളിതമായ ജീവിതമായിരുന്നു ഞങ്ങളുടേത്. 

ഞാൻ പറഞ്ഞല്ലോ നേർവഴിയാണ് എനിക്ക് എളുപ്പമായി തോന്നിയത്. നീതിയും സത്യസന്ധതയും നേരും എല്ലായിപ്പോഴും ജയിച്ചു നിൽക്കും. തിന്മ വളരുമെങ്കിലും വികാരങ്ങളെ ആളിക്കത്തിക്കുമെങ്കിലും നന്മയാണ്  ലക്ഷ്യം കാണുക. അതുറപ്പുള്ള കാര്യമല്ലേ..."
 
"രാഷ്ട്രീയത്തിൽ വളരെ സജീവമാണെങ്കിലും താങ്കൾ വലിയ നേതാവായില്ല.  എന്തുകൊണ്ടാണ് അങ്ങനെ ഒരു വിരോധാഭാസം സംഭവിച്ചത്? 

"എന്തിനാണ്   വലിയ നേതാവാവുന്നത്?   കർമ്മനിരതയും നിസ്സ്വാർത്ഥ സേവനവും ആവശ്യം വേണ്ട കസേരയാണ് നേതൃസ്ഥാനം. 
നന്മകൾ ചെയ്യാനും കാര്യങ്ങൾ കാണാനും  നേരിടാനും ജനപക്ഷത്തുണ്ടായാൽ മതി. നേതാവ് ഒന്നല്ലേ  ഉണ്ടാവൂ. നേതാവിനു തെറ്റിയാൽ അതു ചൂണ്ടിക്കാണിക്കാനും ശരിപക്ഷത്തേക്കു കൊണ്ടുവരാനും ശക്തമായ ജനാധിപത്യപക്ഷം ഉണ്ടായല്ലേ തീരൂ. നന്നായി  ഭരിക്കപ്പെടുന്നോ എന്നു വിലയിരുത്താനും ആളുകൾ വേണമല്ലോ"

"പക്ഷേ ഇന്നത്തെ രാഷ്ട്രീയത്തിൽ കുതികാൽവെട്ടലും അധികാരമോഹവും ചാണക്യസൂത്രങ്ങളും അരങ്ങു വാഴുന്നു. ഒരു ജനത അർഹിക്കുന്ന നേതാവിനെയാണ് അവർക്കു കിട്ടുക എന്നു വായിച്ചിട്ടുണ്ട്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ രസതന്ത്രത്തെ എങ്ങനെ വിലയിരുത്തുന്നു?"

"വളരെ മോശം അവസ്ഥയാണ് ഭാരതത്തിന്റെ. എവിടെയോ ഇരുന്നു നിയമനിർമ്മാണം നടത്തുന്നവരും നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാത്തവരും പാലിക്കപ്പെടണമെന്നു ആഗ്രഹിക്കുന്നവരും നിരന്തരമായി നിയലംഘനം നടത്തുന്നവരും നിറഞ്ഞതാണ് ഇന്നത്തെ ഇന്ത്യ! ഇന്ത്യയെ അറിയാത്തവരാണ്  ഇവരിൽ പലരും. ഇപ്പോഴത്തെ ഇന്ത്യൻ ജനതയ്ക്കു ശരിയായ വിദ്യാഭ്യാസം നൽകിയാൽ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടും.ഇന്ത്യയെ അറിയാനും മനുഷ്യത്വം മനസ്സിലാക്കാനും വേണ്ട കാര്യങ്ങൾ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തണം.  പോപ്പുലേഷൻ, പോവർട്ടി, പൊലൂഷൻ എന്നിവ അഭേദ്യബന്ധത്തിലാണ്. റെസിപ്രോക്കൽ റേയ്ഷോയിൽ അവ ഉയരുന്നു. ജനനന്മയും പുരോഗതിയുമാണ് ഭരണകർത്താക്കൾ നോട്ടമിടേണ്ടത്. അല്ലാതെ അധികാരമോഹമല്ല.  ജനതയ്ക്കു വിവരമില്ലാത്തതിനാൽ ആരാലും ഭരിക്കപ്പെടുന്നു എന്നുപറയുന്നതൊക്കെ  മൂഢമായ ആശയമാണ്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അവർ കണക്കു ചോദിക്കും. 

"ശ്രീകൃഷ്ണയിൽനിന്നും റിട്ടയർ ചെയ്തതിനു ശേഷമുള്ള ജീവിതം?" ഒഴിവുസമയം എങ്ങനെ വിനിയോഗിക്കുന്നു?"

"ഓരോ നിമിഷവും ജീവിതം ഓരോന്നു നമ്മെ പഠിപ്പിക്കുന്നു. ഇതുവരെ ഒന്നിൽനിന്നും റിട്ടയർ ചെയ്തിട്ടില്ല. ഒരുകാലത്തും വെറുതെയിരിക്കാൻ സമയമില്ലായിരുന്നു. അടിസ്ഥാനപരമായി ഞാനൊരു കർഷകനാണ്. മണ്ണിലെ  ജീവന്റെ സൂക്ഷിപ്പുകാരൻ എന്നു പറയാം.  കൃഷി എപ്പോഴും കൂടെയുണ്ട്. നെൽകൃഷിയും പച്ചക്കറികൃഷിയും ഉള്ളതിനാൽ സമയം തികയുന്നില്ല. 
അദ്ധ്യാപനം റിട്ടയർമെന്റിനുശേഷവും തുടർന്നു.  പല ബിഎഡ് കോളേജുകളിലും പ്രധാനാദ്ധ്യാപകനായി ജോലി ചെയ്തു. പൊന്നാനി, നാട്ടിക, , മഞ്ചേരി, കണ്ണൂർ എന്നിവിടങ്ങളിലെ  ബിഎഡ് കോളേജുകളിൽ പ്രവർത്തിച്ചു അദ്ധ്യാപക വിദ്യാർത്ഥികളെ നയിക്കാൻ കഴിഞ്ഞു. അവിടെയും ഞാൻ കാർക്കശ്യം കാണിച്ചു എന്ന പരാതി ഉണ്ടാവാം. കുട്ടികളെ നയിക്കേണ്ട അധ്യാപകരോട് അവരെ പഠിപ്പിക്കുന്ന  അദ്ധ്യാപകർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമല്ലോ."

"റിട്ടയർമെന്റിനു ശേഷമുള്ള വിദ്യാർത്ഥികളുമായുള്ള അനുഭവങ്ങൾ?"

"പലരെയും കാണാറുണ്ട്.  അവരെല്ലാം ഇപ്പോൾ പല മേഖലകളിൽ ഉള്ളവരാണ്. കാണുമ്പോൾ അവർ പറയും സർ അന്ന് കാണിച്ച കാർക്കശ്യം എന്തിനായിരുന്നു എന്നു ഓരോ കസേരകളിൽ നമ്മൾ ഇരിക്കുമ്പോഴാണ് മനസ്സിലാവുന്നതെന്ന്. എന്തായാലും കലാലയം വിട്ടു പുറത്തുപോയാലാണല്ലോ വിദ്യാലയ ജീവിതം കൂടുതൽ മധുരിക്കുക."

"എന്തുകൊണ്ടാണ് സംഘകളിയിൽ ഡോക്ടറേറ്റ് എടുത്തത്? 
വെല്ലുവിളി നിറഞ്ഞ ഒരു സബ്ജെക്ട് ആയിരുന്നില്ലേ ഗവേഷണവിഷയം?"

"ഉപരിപഠനം നടത്തുക, സ്വന്തം മേഖലയിൽ പ്രാവീണ്യം നേടുക എന്നതുതന്നെ ആയിരുന്നു ആദ്യലക്ഷ്യം.  മറ്റൊന്നുകൂടി ഉണ്ടായി. 
എന്റെ വീടിനടുത്തുള്ള അമ്പലത്തിൽ ഉത്സവങ്ങൾ നടക്കുമ്പോൾ പല നാടൻകലാരൂപങ്ങളും  അവതരിപ്പിക്കപ്പെടുമായിരുന്നു. വിവിധവേഷവിധാനങ്ങളോടെ അരങ്ങിൽ കളിക്കുന്ന  കലകൾ ഏതെന്നു അറിയാനുള്ള കൗതുകം കൂടിവന്നു. എന്റെ ഉപരിപഠനകാലം  ആയപ്പോഴേക്കും കുറേ കലാരൂപങ്ങൾ ജീർണ്ണിക്കാൻ തുടങ്ങി. ഇത്തരം കലാരൂപങ്ങൾ അന്യംനിന്നു പോവാതിരിക്കാൻ എന്താണു  ചെയ്യേണ്ടതെന്നു  അനേഷിക്കാനും തുടങ്ങി. ആ അന്വേഷണമാണ് സംഘകളിയെക്കുറിച്ചുള്ള  ഗവേഷണത്തിലേക്ക്  നയിച്ചതും."

"ഫോക്കലോർ അക്കാദമിയുടെ വൈസ് ചെയർമാൻ ആയും  സംസ്കാരസാഹിതിയുടെ ചെയർമാനായും കുറച്ചുകാലം പ്രവർത്തിച്ചല്ലോ. സംഘകളിയുടെ ആചാര്യൻ എന്ന നിലയിൽ നാടൻകലകളുടെ പ്രവർത്തനത്തെപ്പറ്റി പറയാമോ?"

"കണ്ണൂർ ഫോക്കലോർ അക്കാദമിയുടെ വൈസ് ചെയർമാൻ ആയത് 2004 ൽ ആയിരുന്നു. 2006 മെയ്‌ വരെ  അവിടെ പ്രവർത്തിച്ചു. പ്രഗത്ഭരായ കലാകാരന്മാർക്കും അവശരായ കലാകാരന്മാർക്കും   അവാർഡ് കൊടുക്കാൻ ശ്രമം നടത്തി. പലർക്കും അംഗീകാരം  കിട്ടി. നാടൻകലകളും സംസ്കാരവും   സാധാരണമനുഷ്യരുടെ ജീവിതത്തോടു   അഭേദ്യമായി   കലർന്നുകിടക്കുന്നു.  കലാരൂപങ്ങളുടെ അവതരണങ്ങൾ  നടത്തി അതിൽനിന്നും കിട്ടുന്ന വരുമാനംകൊണ്ടുമാത്രം ജീവിക്കുന്ന മനുഷ്യരുണ്ട്.  പല മേഖലയിലും ഇനിയും പുരോഗതി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.  നാടൻ കലാകാരന്മാരുടെ ജീവിതത്തെ പുതിയ കാഴ്ചപ്പാടുകളിലൂടെ കാണാനും അപഗ്രഥിക്കാനും  സർക്കാർ തലത്തിൽ കൂടുതൽ ശ്രമങ്ങൾ ഉണ്ടാവണം. സൗത്തിന്ത്യയിലും നോർത്തിന്ത്യയിലും  നാടൻകലകൾ അവതരിപ്പിക്കാൻ ക്ഷണം കിട്ടാറുണ്ട്.  അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയും ദൂരദർശനും  കലാരൂപങ്ങൾ അവതരിപ്പിക്കാൻ ഞങ്ങളെ ക്ഷണിക്കാറുണ്ട്."

"രാഷ്ട്രീയത്തിൽ വളരെ സജീവമാണല്ലോ  എന്നും. ചില സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ സമ്മർദ്ദങ്ങൾ ഉണ്ടാവാറില്ലേ?  എങ്ങനെയാണ് രാഷ്ട്രീയവും അതുൾപ്പെടുന്ന തൊഴിലും പരിക്കുകൾ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞത്?"

"പരിക്കുകൾ ഇല്ല എന്നു  പറയാൻ കഴിയില്ല.   ശ്രീകൃഷ്ണയുടെ പ്രിൻസിപ്പൽ ആയി ചുമതല ഏൽക്കുമ്പോൾ രാഷ്ട്രീയത്തിൽ ഞാൻ  വെളിയങ്കോട് ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്നു. പലപ്പോഴും പലയിടത്തും നോ പറഞ്ഞു ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. നമുക്കുചെയ്തു കൊടുക്കാൻ കഴിയാത്ത 'വലിയ' കാര്യങ്ങൾ വരുമ്പോൾ എന്തു ചെയ്യും?  രാഷ്ട്രീയപ്രവർത്തനത്തിൽ ശുപാർശകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രിൻസിപ്പൽ ആയപ്പോൾ അതിൽനിന്നെല്ലാം  ഒഴിവായി. അതായിരുന്നു ശരിയും.  ഇനിയും അങ്ങനെ ജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്നാണ് പ്രാർത്ഥന" 
അദ്ദേഹം കൈ കൂപ്പുന്നു. 

"ഒരു കസേരയ്ക്കു' ചെയ്യാൻ കഴിയും  എന്നു  മനസ്സിലാക്കിയിട്ടും ആ കസേരയുടെ ദൂരവ്യാപകഅധികാരങ്ങൾ മനസ്സിലാക്കിയിട്ടുമാണല്ലോ ആളുകൾ സമീപിക്കുക. അത്തരം കാര്യങ്ങൾക്കു നോ പറയുമ്പോഴുള്ള സമ്മർദ്ദം?"
 
"മനഃസാക്ഷിയുടെ സമർദ്ദത്തെക്കാൾ വലിയ സമ്മർദ്ദം ഇല്ല. നമ്മുടെ പരിമിതിയിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടും നടപ്പാക്കിയിട്ടും ഉണ്ട്. 
മറ്റുള്ളവരുടെ 'ആവശ്യങ്ങൾക്കനുസരിച്ചു  എല്ലാം' ചെയ്യാൻ നമുക്കു  കഴിയില്ല. വഴിവിട്ട ശുപാർശകൾ വരുമ്പോൾ ഒഴിയാറുണ്ട്. ഞാൻ വേണമെന്നില്ലല്ലോ അത്തരം കാര്യങ്ങൾക്ക്. അതിനു താല്പര്യമുള്ളവർ അതു ചെയ്യട്ടെ.  അഴിമതിയും പക്ഷപാതവും ചെയ്യാൻ തക്കം പാർത്തു നടക്കുന്ന ആളുകൾ എവിടെയുമുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾക്ക്  ശക്തമായി നോ പറയേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചു നേരായ വഴിയാണ് എനിക്കെളുപ്പം. 

"ഇപ്പോഴും എപ്പോഴും പറയാനുള്ള സന്ദേശം എന്താണ്? "

"സത്യസന്ധതയോടെയും ആത്മാർത്ഥയോടെയും കാര്യങ്ങളെ നേരിടുക. കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. മനസ്സാക്ഷിക്കു വിധേയമായി ജീവിച്ചാൽ ജീവിച്ചതായ ഒരു  കൃതാർഥത സ്വയം ഉണ്ടാവും. അല്ലാതെ ഈ ഭൂലോകത്തിൽ വെറുതെ ജീവിച്ചു മരിച്ചിട്ടു കാര്യമുണ്ടോ..... "

"പലരും ചോദിച്ച ഒരു ചോദ്യമുണ്ടല്ലോ...  'നിങ്ങൾ എന്തിനാണ് ഇതെല്ലാം ചെയ്യുന്നത്? 
നിങ്ങൾ ആരാണ്?  മറ്റുള്ളവർ ഇതിലൊന്നും ഇടപ്പെടുന്നില്ലല്ലോ.... നിങ്ങൾ ആരാണ്...?'    ഈ  ചോദ്യം ഇനിയും ഉണ്ടാവുമ്പോൾ? "

"പഠിപ്പിക്കൽ ആണ് എന്റെ ജോലി. അറിയാത്തവർക്ക്‌ പഠിപ്പിച്ചുകൊടുക്കൽ ആണ് എന്റെ ജോലി. അയാം എ ടീച്ചർ..... "

ശ്രീകൃഷ്ണയുടെ സുവർണകാലഘട്ടമായിരുന്നു ശ്രീ  ശങ്കരനാരായണന്റെ ഭരണകാലം. മിക്സഡ് കോളേജുകൾ എന്നും  അന്നത്തെ പ്രിൻസിപ്പൽമാർക്കെല്ലാം തലവേദനതന്നെ ആയിരുന്നു. 
പൂത്തുമ്പികളായി പാറിനടക്കുന്ന പെൺകുട്ടികളെയും ആൺകുട്ടികളെയും മെരുക്കാൻ ഓടിനടന്നിരുന്ന പ്രിൻസിപ്പലിനെ 'ക്യാമ്പസ്സിലെ പുലി' എന്നു അന്നത്തെ കോളേജുമാഗസിനുകൾ സ്ഥിരമായി വിശേഷിപ്പിച്ചിരുന്നു. 
'പ്രിൻസിപ്പൽ വരുന്നെടാ ' എന്നു ആദ്യം കാണുന്നവർ വിളിച്ചു പറയുമ്പോൾ  ചിതറിയോടിയിരുന്ന കുട്ടികളുടെ പുറകെ  അവരെ 'ഓടിത്തോൽപ്പിച്ചിരുന്ന' പ്രിൻസിപ്പൽ ഏതുകാലത്തും ക്യാമ്പസിനു പുതുമയായിരിക്കും.  
സംഘട്ടനങ്ങളുടെ നടുവിലേക്ക് യാതൊരു ഭയവും കൂടാതെ കയറി പലതരം മാരകായുധങ്ങളുമായി നിൽക്കുന്ന കുട്ടികളെ  പിടിച്ചുമാറ്റിയിരുന്ന ഒരദ്ധ്യാപകൻ ശത്രുക്കളെപോലും അത്ഭുതപ്പെടുത്തിയിരുന്നു!

തന്റെ അദ്ധ്യാപനജീവിതത്തിന്റെ അവസാനദിവസവും കുട്ടികളെ ശാസിച്ചിരുന്നതു  കണ്ടു പല അദ്ധ്യാപകരും  സരസമായി അന്നത്തെ ദിവസം  പ്രിൻസിപ്പലിനോടു ചോദിച്ചു. 'സർ ഇന്നത്തെ ദിവസവും  കുട്ടികളെ നന്നാക്കിയെ വിടൂ അല്ലേ' എന്ന്.... !
കർക്കശക്കാരനായ ആ കാരണവരുടെ ഉള്ളിന്റെ ഉള്ളിലെ മൃദുലത മനസ്സിലാക്കിയവർ തന്നെയാണ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന അദ്ധ്യാപകരും അവിടെ പഠിച്ചിറങ്ങിപ്പോയ വിദ്യാർത്ഥികളും എന്നതായിരുന്നു ആ വിജയത്തിന്റെ പുറകിലെ രഹസ്യവും. 
ആശയങ്ങളോട് മാത്രമാണ് തങ്ങളുടെ അദ്ധ്യാപകന്റെ സമരമെന്ന് കുട്ടികൾക്കും അറിയാമായിരുന്നു. 
തന്റെ റിട്ടയർമെന്റ് ദിവസം ആ കലാലയത്തിലെ മുഴുവൻ കുട്ടികൾക്കും സ്റ്റാഫിനും അന്നദാനം നടത്തിയാണ് അദ്ദേഹം പടിയിറങ്ങിയത്. 

താൻ പഠിപ്പിച്ച ഒരോ വിദ്യാലയത്തിലും തന്റേതായ  പാദമുദ്രകൾ പതിപ്പിക്കാനും ശരികളുടെയും സത്യത്തിന്റെയും  മിനുക്കം അവശേഷിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. 
ലോകത്തെ മുന്നോട്ടു നയിക്കാനുള്ള ഈ പ്രകാശം നീട്ടിയടിക്കുമ്പോഴാണ് സാധാരണക്കാർക്ക്  കണ്ണഞ്ചുന്നത്.  പ്രകാശത്തിന് ഇത്ര പ്രകാശമോ എന്നും സംശയിക്കേണ്ടിവരുന്നത്. 

തന്റെ വരുമാനത്തിന്റെ കാതലായ  ഭാഗം സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവഴിക്കുന്നു. 
പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ വിവാഹത്തിനും ജീവിതത്തിന്റെ ഏതു തുറയിലുള്ളവരായാലും  വീണുപോയെങ്കിൽ  സഹായിക്കാനും ആ മനസ് മുന്നിലുണ്ട്. 
  തൃശൂർ കളക്ടർ ആയിരുന്ന അനുപമ ഐ എ എസ്  അദ്ദേഹത്തിന്റെ കീഴിൽ മലയാളം റഫറൻസിനു വന്നിരുന്നു.
ആ ലാളിത്യത്തിനും അറിവിനും മുന്നിൽ  ഞാൻ  അത്ഭുതപ്പെട്ടിട്ടുണ്ട് എന്നവർ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 
അങ്ങനെ എത്രയെത്ര ശിഷ്യർ!
ഞാനും എന്റെ കുടുംബവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യരുടെ ഗണത്തിൽ ഉണ്ടല്ലോ  എന്നത് ഞങ്ങളുടെ ജന്മപുണ്യവും ആണല്ലോ. 

ഒരു നൂറ്റാണ്ടിൽ അപൂർവമായാണ് ഇത്തരം വെളിച്ചങ്ങൾ ഉണ്ടാവുക. ആ വെളിച്ചത്തിൽ ഇനിയും ഈ ഭൂമി മുന്നോട്ടു മുന്നോട്ടു പോകട്ടെ.... 
അദ്ദേഹത്തിനും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നുകൊണ്ടു അദ്ദേഹം പ്രചോദനം നൽകിയ അനേകായിരം ശിഷ്യർ പുറകിലുണ്ട്. 

എന്റെ കുടുംബം ഈ വസുധ മുഴുവനുമാണെന്ന് പറഞ്ഞു അദ്ദേഹം  പുഞ്ചിരിക്കുന്നു.

                             തയ്യാറാക്കിയത്  സന റബ്‌സ്
  ഇതാ ഇവിടെ ഒരു  മനുഷ്യൻ  [A Down to Earth Personality] സന റബ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക