MediaAppUSA

തീര്‍ത്ഥയാത്ര (നിരൂപണ ലേഖനം: വാസുദേവ് പുളിക്കല്‍)

Published on 21 October, 2020
തീര്‍ത്ഥയാത്ര (നിരൂപണ ലേഖനം: വാസുദേവ് പുളിക്കല്‍)
ശ്രീ സാംസി കൊടുമണ്ണിന്റെ ഇമലയാളിയില്‍ പ്രസിദ്ധീകരിച്ച "മോശയുടെ വഴികള്‍" വായിച്ചു തുടങ്ങിയപ്പോള്‍ വിഭിന്നമായ ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി. ഒക്‌ടോബറില്‍ ജനിച്ച നോവലിസ്റ്റിന്റെ ജന്മമാസം മഹാത്മഗാന്ധിജിയുടേതുമായി ബന്ധപ്പെടുത്തി ഗാന്ധിജിയുടെ ഗണവിശേഷങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ടു തുടങ്ങിയ ,മോശയുടെ വഴികള്‍' ഒരു ലേഖനമാണോ എന്നു സംശയിച്ചു. സോളമന്‍, ശാലോമി എന്നിവര്‍ കഥാപാത്രങ്ങളായി വരുന്നതു കണ്ടപ്പോള്‍ വേദപുസ്തകത്തില്‍ നിന്ന് ഇതിവൃത്തമെടുത്ത് ആവിഷ്കരിച്ച ഒരു കലാസൃഷ്ടി ആയിരിക്കാം എന്നു തോന്നി. കവികളും കഥാകാരന്മാരും വിശിഷ്ടരചനകളില്‍ നിന്ന് ഇതിവൃത്തമെടുത്ത് കവിതകളും കഥകളും എഴുതുന്ന സംബ്രദായമുണ്ടല്ലോ. ഇങ്ങനെ ഇതിവൃത്തമെടുത്തെഴുതുന്ന അവരുടെ രചനകള്‍ക്ക് മൂലകൃതിയോട് ചില സമാനതകളുണ്ടായാലും ഒരു പുനാരാവിഷ്കരണം ആയിരിക്കുകയില്ല. സ്വന്തം ചിന്താഗതിയില്‍ അധിഷ്ഠിതമായ ആവിഷ്കരണമായിരിക്കും അവരുടെ രചനകളില്‍ പ്രതിഫലിക്കുന്നത്. സച്ചിദാനന്ദന്റെ "എഴുത്തച്ഛന്‍ എഴുതുമ്പോള്‍', വള്ളത്തോളിന്റെ "കിളിക്കൊഞ്ചല്‍'', കുമാരനാശന്റെ " ചിന്താവിഷ്ടയായ സീത'' എന്നീ കവിതകള്‍ രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്ത് എഴുതിയിട്ടുള്ളവയാണ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രവാസജീവിതത്തില്‍ അദ്ധ്യാത്മികമായി ഒന്നും തന്നെ നേടാനായില്ല എന്ന തോന്നല്‍ കുറെ പ്രവാസികളെ ഒരു തീര്‍ത്ഥയാത്രയിലേക്ക് നയിച്ചപ്പോള്‍ ഒരു യാത്രാവിവരണത്തിന്റെ ലോകത്തിലേക്ക് നോവലിസ്റ്റ് പ്രവേശിക്കുന്നതായി അനുഭവപ്പെട്ടു. അദ്ധ്യാത്മിക ജ്ഞാനമായിരിക്കണം പരമമായ ലക്ഷ്യമെന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാട് വ്യക്തമാകുന്നു. ആത്മതത്ത്വം അറിയേണ്ടത് ആത്മജ്ഞാനത്തിന് അനിവാര്യമാണ്. ഒരുവന്‍ ബാഹ്യമായ ഒന്നിനേയും ആശ്രയിക്കാതെ സ്വന്തമായി ചിന്തിക്കാനും, ചിന്തുച്ചുറച്ച തീരുമാനത്തെ സ്വന്തമായി പറയുവാനും, തന്റേതായ രീതിയില്‍ കര്‍മ്മങ്ങളില്‍ വ്യാപൃതനാകാനും കരുത്തുള്ളവനാണെങ്കില്‍ മാത്രമേ ആത്മവിദ്യക്കും ജീവിതത്തിനും അനിവാര്യമായ അന്തര്‍മുഖത അവനില്‍ ഉറപ്പുള്ളതായിത്തിരുകയുള്ളൂ. നോവലിസ്റ്റില്‍ ഈ ഗുണവിശേഷം പ്രകടമാകുന്നുതായി കാണുന്നു.  മനുഷ്യര്‍ അവരുടെ എല്ലാത്തരം പ്രവൃത്തികളേയും ബാഹ്യലോകത്തെ അവലംബിച്ചുള്ളതാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഗീതയില്‍ പറയുന്നതു പോലെ എല്ലാ ഭൂതങ്ങളേയും തന്റെ ആത്മാവിലും തന്റെ ആത്മാവിനെ എല്ലാ ഭൂതങ്ങലിലും കാണാന്‍ കഴിയണം. ആത്മാവിനെ അറിയുന്നതിലൂടെ മാത്രമേ ആത്മാവിനെപ്പറ്റിയുള്ള അജ്ഞത ദുരീകരിക്കപ്പെടുകയുള്ളൂ. പ്രഞ്ചവസ്തുക്കള്‍ വിരിയിക്കുന്ന അമേയമായ ശക്തിവിശേഷത്തിന്റെ അംശമാണ് ജീവാത്മാവ്. ഓരോരുത്തരിലും പരിലസിക്കുന്ന ചേതന ഈശ്വരചൈതന്യമാണ്. പ്രപഞ്ചവസ്തുക്കള്‍ വിരിഞ്ഞു വരുന്നതിന്റെ നിദാനം മനസ്സിലാക്കുന്നതോടെ നമ്മള്‍ അജ്ഞതയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ആ അറിവ് പ്രകാശിക്കുന്നിടത്തോളം ആത്മാവില്‍ നിന്ന് അന്യമായി ഒരു പ്രിയവിഷയവും ഉണ്ടായിരിക്കാനിടയില്ല. ആത്മജ്ഞാനം കൊണ്ട് മുക്തി നേടാന്‍ സാധിക്കുന്നു. ലൗകികതയില്‍ അമര്‍ന്നു പോയപ്പോള്‍ അത്മാവിന്റെ ദാരിദ്ര്യത്തില്‍ നിന്ന് ഒരു മോചനത്തിനായി  കുറെ പ്രവാസികള്‍ ഒരു തീര്‍ത്ഥയാത്രക്കൊരുങ്ങി എന്നു കരുതാം. അറിവ് നേടിത്തരുന്നതിനൊപ്പം തീര്‍ത്ഥയാത്ര ഭക്തിനിര്‍ഭരവുമാണ്. ഭക്തി എന്നു പറഞ്ഞാല്‍ അറിവിന്റെ വെളിച്ചത്തോട് ചേരുക എന്നാണ്. "ഭക്തിയല്ലോ സതാം മോക്ഷപ്രദായിനി, ഭക്തിഫീനന്മാര്‍ക്കു കര്‍മ്മവും നിഷ്ഫലം'' അറിവിനെ നിത്യവും ശുദ്ധവും ആനുഭൂതികവുമായ സത്യമായി കാണണം. അറിവുകളെയെല്ലാം അറിയിക്കുന്ന സത്യമേതോ അതാണ് നാം അഥവ ആത്മസ്വരൂപം. പരമമായ സത്യം ദര്‍ശിക്കുമ്പോള്‍ അനുഭവപ്പെടുന്ന ശാന്തി ജീവിതത്തില്‍ സ്ഥായിയായിത്തിരുന്നു. നോവലിസ്റ്റ് വായനക്കാരെ ആത്മജ്ഞാനത്തിലേക്ക് വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്.

തീര്‍ത്ഥയാത്രയില്‍ ഉള്‍പ്പെട്ടിരുന്ന ഒരു പുരോഹിതനിലൂടെയാണ് നോവലിസ്റ്റ് യാത്രയുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. യാത്രാമദ്ധ്യേ വിശപ്പിന്റെ വിളി. വിശപ്പിന് അറുതിവരുത്താതിരിക്കാന്‍ നിവൃത്തിയില്ലല്ലോ എന്ന മട്ടില്‍ തീര്‍ത്ഥാടകര്‍ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ കനാന്‍ ദേശത്തേക്കുള്ള യാത്രയില്‍ യഹോവ മരുഭൂമിയില്‍ നിങ്ങള്‍ക്ക് മന്നയും കാടപ്പക്ഷികളേയും തന്നതു മറന്നോ എന്നു ചോദിച്ചുകൊണ്ട് പുരോഹിതന്‍ വീണ്ടും ഉപദേശങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി. ഇതൊരു തീര്‍ത്ഥയാത്രയാണെന്ന് മറ്റുള്ളവരെ ഓര്‍മ്മപ്പെടുത്തികയും ചെയ്തു. ഇതാ "മോശ'' എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് പരിഹാസത്തിന്റെ മുള്ളുകള്‍ പുരോഹിതന്റെ നേര്‍ക്കെറിഞ്ഞ ഒരു സാഡിസ്റ്റിനെ അവതരിപ്പിച്ചുകൊണ്ട് പ്രതികരണാത്മകമായ പരിതസ്ഥിതികള്‍ നോവലിസ്റ്റ് വരച്ചുകാണിക്കുന്നു. ആഹാരത്തിനു  വേണ്ടി മുറവിളി കുട്ടിയപ്പോള്‍ അപ്പം കൊണ്ടു മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത് എന്ന് പുരോഹിതന്‍ പറയാതിരുന്നതെന്ത്യേ എന്ന് തോന്നി. യേശുക്രിസ്തുവിന് ജ്ഞാനോദയം ഉണ്ടാകുന്നതിനു മുമ്പായി സാത്താന്‍ അദ്ദേഹത്തെ മലമുകളില്‍ കൊണ്ടുപോയി ലോകസൗഭാഗ്യം മുഴുവന്‍ കാട്ടിക്കൊടുത്തുകൊണ്ട് തന്നെ നമസ്ക്കരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യേശു മൂന്നു ലോകത്തിലെ സകല ഐശ്വര്യങ്ങളേയും വിലയില്ലാത്തതായി തള്ളിപ്പറയുകയാണ് ചെയ്തത്. ഇതുപോലൊരു ഒരു സന്ദര്‍ഭം കഠോപനിഷത്തിലുണ്ട്. നചികേതസ്സ് യമരാജാവിനോട് മൃത്യൂരഹസ്യം ആവശ്യപ്പെട്ടപ്പോള്‍ സമ്പത്തും പ്രതാപവും ആ രഹസ്യത്തിനു പകരം നല്‍കാമെന്ന് പറഞ്ഞതിനെ നചികേതസ്സ് പ്രപഞ്ചത്തിലുള്ള സമസ്ത ഐശ്വര്യങ്ങളേയും തുടര്‍ന്നു വരുന്ന മരണത്തോട് തട്ടിച്ചു നോക്കി നരര്‍ത്ഥകമെന്ന് പറഞ്ഞു തള്ളിക്കളയുകയാണ് ചെയ്തത്. പരമമായ ജ്ഞാനം കാംക്ഷിക്കുന്നവരൊക്കെയും ഐഹികമായ സകലഭോഗവിലാസങ്ങളേയും തുച്ഛമായേ കരുതുകയുള്ളൂ. സമയാസമയങ്ങളില്‍ നോവലിസ്റ്റ് മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതായി കാണുന്നതുകൊണ്ട് ഒരു തീര്‍ത്ഥയാത്രയിലൂടെ നോവലിസ്റ്റ് പരമമായ ജ്ഞാനസമ്പാദനം ഉന്നം വയ്ക്കുന്നത് മനസ്സിലാക്കാവുന്നതാണ്. യാത്രാവിവരണത്തിനിടയിലും നോവലിസ്റ്റ് നോവലിന്റെ ആവിഷ്കരണത്തില്‍ ശ്രദ്ധിക്കുന്നുണ്ട്.

മനോഹരമായ രണ്ടുനിലകെട്ടിടങ്ങള്‍കൊണ്ട് അലംകൃതമായ നൈല്‍ നദീതീരം സമ്പന്നരുടെ ആവാസകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. തീര്‍ത്ഥാടനസംഘം നൈല്‍നദിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ നദിയില്‍ നിന്ന് രാജകുമാരിക്ക് ഒരു കുട്ടിയെ കിട്ടിയതും ആ കുട്ടിക്ക് വെള്ളത്തില്‍ നിന്നും കിട്ടിയത് എന്ന അര്‍ത്ഥം വരുന്ന "മോശ'' എന്നു പേരിട്ട് കൊട്ടാരത്തില്‍ വളര്‍ത്തിയ സാഹചര്യവും വിവരിക്കുന്നു. അതുപോലെ ഗംഗയില്‍ നിന്ന് ലഭിച്ചതാണ് കര്‍ണ്ണനെ എന്ന് നോവലിസ്റ്റ് അനുസ്മരുക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ നിയോഗമുണ്ട്. അധര്‍മ്മത്തിന്റെ പ്രതീകമായ കൗരവപക്ഷം ചേര്‍ന്ന് ധര്‍മ്മിഷ്ഠരായ പാണ്ഡവരോട് യുദ്ധം ചെയ്യാനായിരുന്നു കര്‍ണ്ണന്റെ നിയോഗമെങ്കില്‍ ധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് ഈജിപ്റ്റിലെ എംബ്രായക്കാരെ ഫറവോന്റെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു മോശയുടെ നിയോഗം. തീര്‍ത്ഥാടനസംഘം ഇസ്താംബുളില്‍ എത്തിയപ്പോഴേക്കും നോവലിസ്റ്റ് നോവലിന്റെ ആവിഷ്കാരത്തിന്റെ കവാടം മെല്ലെ തുറന്നു തുടങ്ങി. യാത്രാവിവരണത്തിലൂടെ നോവലിന്റെ ആവിഷ്കാരവും നിര്‍വ്വഹിക്കുന്നു എന്നതാണ് നോവലിസ്റ്റിന്റെ പുതിയ രചനാവിധാനത്തിന്റെ പ്രത്യേകത. പിരമിഡുകള്‍, ഹാങ്ങിംഗ് ചര്‍ച്ച് തുടങ്ങിയ കാഴ്ചകള്‍ തീര്‍ത്ഥാടകര്‍ക്ക് പുതിയ അനുഭവമായി. പിരമിഡുകള്‍ ലോകാത്ഭുതമായി അഭിമാനിക്കുന്ന ഈജിപ്റ്റുകാരില്‍ പിരമിഡുകളുടെ നിര്‍മ്മാണത്തിനായി ചാട്ടവാറടികൊണ്ട് കല്ലുകള്‍ ചുമന്നുകൊണ്ടു വന്ന സാധുക്കളെ ഓര്‍ക്കുന്നവര്‍ വിരളമായിരിക്കും. കഥ തുടര്‍ന്നുകൊണ്ടിരുന്നു. സുയസ്സ് കനാല്‍ കടന്ന കഥ. മോശ ചെങ്കടല്‍ കടത്തി എംബ്രായക്കാരെ ഫറവോനില്‍ നിന്ന് രക്ഷിച്ച കഥ. ഇബ്രാഹിമിന്റേയും ലോത്തയുടേയും കഥ. ലോത്തയുടെ രണ്ടു പെണ്മക്കള്‍ ലോത്തയെ മയക്കി ഭോഗിച്ച കഥ. മച്ചിയായിരുന യിസഹാക്കിന്റെ ഭാര്യ ദൈവ കൃപയാല്‍ ഗര്‍ഭിണിയായ കഥ. യാക്കോബിനാല്‍ ഏറൊസ് ചതിക്കപ്പെട്ട കഥ. റെഗുവേലിന്റെ പുത്രിമാരുടെ കഥ. നിരവധി ശിഖരങ്ങളുള്ള  ഒരു വടവൃക്ഷത്തോട് നോവലിനെ താരതമ്യപ്പെടുത്തുമ്പോള്‍ നോവലില്‍ അവതരിപ്പിച്ചിരിക്കുന്ന കഥകള്‍ നോവലിന്റെ ചട്ടക്കൂട് ഭദ്രമാക്കുന്നുണ്ടെങ്കിലും യാത്രാവിവരണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അടിമത്വം അംഗീകരിക്കാന്‍ എംബ്രായക്കാര്‍ക്ക് സാധിക്കുമായിരുന്നില്ല. തങ്ങള്‍ അടിമകളായിരുന്നില്ലെന്നും ഒരു കാലത്ത് രാജഭരണത്തില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നെന്നും എബ്രായക്കാര്‍ അഭിമാനത്തോടെ പറയുകയും സ്വാതന്ത്ര്യത്തിനായി മോശയുടെ നേതൃത്വത്തില്‍ അണിനിരക്കുകയും ചെയ്യുന്നു. കൊട്ടാരത്തില്‍ രാജകുമാരനായി വളര്‍ന്നു വന്ന മോശ തന്റെ നിയോഗത്തിന്റെ നിവൃത്തിക്കായി, സ്വന്തം ജനങ്ങളുടെ മോചനം ലക്ഷ്യമാക്കി പോരാടിയത് ആത്മവീര്യത്തോടെയാണ്. ഒരാവര്‍ത്തനമെന്നപോലെ പുരോഹിതന്‍ മോശയുടെ കഥ പറഞ്ഞുകൊണ്ടിരുന്നു. നമുക്ക് കനാന്‍ ദേശത്തേക്ക് പോയിക്കൂടെ എന്ന മോശയുടെ അപ്പനോടുള്ള ചോദ്യത്തിന് കനാന്‍ ദേശം എവിടെയാണെന്ന് നമുക്കറിയില്ലല്ലോ, ആരു നമ്മേ അങ്ങോട്ടു കൊണ്ടു പോകും എന്നായിരുന്നു അപ്പന്റെ മറുപടി. അതു കേട്ട് "ഞാന്‍ കൊണ്ടുപോകും' എന്ന് മോശ മനസ്സില്‍ ഉറപ്പിച്ചു കാണും. ഒരു എംബ്രായക്കാരനെ ചാട്ടവാറുകൊണ്ടടിച്ച് താങ്ങാനാവത്ത ചുമടെടുപ്പിച്ചുകൊണ്ടു പോകുന്ന മിസ്രയക്കാരനെ മോശ കൊന്നുകളഞ്ഞു. സാറായുടെ സഹായത്താല്‍ മോശ ഫറവോന് പിടികൊടുക്കാതെ, എംബ്രായക്കാരെ മോചിപ്പിക്കാന്‍ താന്‍ തിരിച്ചുവരുമെന്ന ദൃഢനിശ്ചയത്തോടെ ഒളിച്ചോടി. സ്ത്രീയുടെ സൗന്ദര്യം ആസ്വദിക്കാനാണ് പുരുഷനു താല്‍പര്യം. സ്ത്രീയുടെ വിശുദ്ധിയും ഹ്രദയവിശാലതയും അറിയുന്നില്ല. സാറായില്‍ സ്ത്രീത്വത്തിന്റെ മഹത്വം മോശ മനസ്സിലാക്കി. സാറയോടുള്ള നന്ദിയും സ്‌നേഹവും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് മോശ തന്റെ ഒളിച്ചോട്ടം ആരംഭിച്ചു. മോശ യാത്ര തുടര്‍ന്നു. സാറ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്നു മോശ ആഗ്രഹിച്ചു. മോശക്ക് സാറായെ മറക്കാന്‍ സാധിക്കുന്നില്ല. മോശ എങ്ങോട്ടെന്നില്ലാതെ നടന്നു. മോശ റെഗുവേലിന്റെ മകള്‍ സിപ്പോറായെ വിവാഹം കഴിച്ച് ആട്ടിടയനായി കൂടി. കനാന്‍ ദേശത്തെപ്പറ്റി മോശ സ്വപ്നം കണ്ടുകൊണ്ടിരുന്നു. യഹോവയുടെ നിര്‍ദ്ദേശപ്രകാരം മോശ ഈജിപ്റ്റില്‍ തിരിച്ചെത്തി സാറായെ കാണുന്നു. സഹോദരന്‍ അഹറോനുമൊന്നിച്ച് എംബ്രായക്കാരെ ഫറവോന്റെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമം ആരംഭിക്കുന്നു.

ഗീതയുടെ സന്ദര്‍ഭം വച്ചു നോക്കിയാല്‍ ധര്‍മ്മജ്ഞാനം സംഭവിക്കുന്നത് രാജനീതിയിലും സമൂഹത്തെ നയിക്കുന്ന മാനവമൂല്യങ്ങളിലുമാണ്. ആത്മാവില്‍ നാനത്വമില്ലാതാകുമ്പോള്‍ ആത്മജ്ഞാനത്തിനു തകര്‍ച്ചയുണ്ടാകുന്നു. ഈ ആത്മജ്ഞാനത്തിന്റെ തകര്‍ച്ചയാണ് ഫറവോനെ അധര്‍മ്മിയാക്കി എംബ്രായക്കാരെ പീഢിപ്പിക്കാന്‍ ഇടയാക്കിയത്. സകല ജീവജാലങ്ങള്‍ക്കും അവരുടെ ആഹാരത്തിനും നിദ്രക്കും വിഹാരത്തിനും ആവശ്യമായ വിഭവങ്ങളെല്ലാം ലോകത്തില്‍ ഒരുക്കി വച്ചിട്ടുണ്ട്. ഈ ജീവിതവിഭവങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നതിന് എന്നെപ്പോലെ തന്നെ എന്റെ അയല്‍ക്കാരനും അവകാശമുള്ളവനാണ് എന്ന് സാമ്യബുദ്ധിയുണ്ടായിരിക്കണം. അതിനു പകരം സ്വാര്‍ത്ഥബുദ്ധിയുണ്ടാകുന്നതായല്‍ അയാളുടെ പ്രവൃത്തി വേറൊരാളുടെ ദുഃഖത്തിനു കാരണമായിത്തീരും. കൃപണന്മാരായി തന്റെ ലാഭം മുന്നില്‍ കണ്ടുകൊണ്ട് സ്വാര്‍ത്ഥമതികളായും പരദ്രോഹികളായും ജീവിക്കുന്നവരെ ദുഷ്കൃതന്മാരെന്നു പറയുന്നു. മോശ എംബ്രായക്കാരെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നു മനസ്സിലാക്കിയ ഫറവോന്‍ അവരെക്കൊണ്ട്  കൂടുതല്‍ ജോലി ചെയ്യിപ്പിച്ച് ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയും എംബ്രായക്കാര്‍ക്ക് കൂടുതല്‍ ജോലി ചേയ്യേണ്ടി വന്നതിന്റെ ഉത്തരവാദിത്വം മോശയുടെ മേല്‍ ചാര്‍ത്തിക്കൊടുത്ത് എംബ്രായക്കരെ മോശക്ക് എതിരാക്കാന്‍ ശമിക്കുകയും ചെയ്യുന്നതോടെ ഫറവോന്‍ തികച്ചും ദുഷ്കൃതനായിക്കഴിഞ്ഞു. ഭരണാധികാരി നിഷ്പക്ഷബുദ്ധിയുള്ള നീതിനിഷ്ഠനായിരിക്കണം. ഇവിടെ ഫറവോനെ കാണുന്നത് കേവലം ഇത്തരത്തിലുള്ള ഭരണാധികാരിയായിട്ടല്ല, ധര്‍മ്മജ്ഞനിയുടെ പ്രതീകമായിട്ടാണ്. മോശ എംബ്രായക്കാരെ ചെങ്കടലിനപ്പുറം കടത്തിയതോടെ ഫൊറവോന്റെ അടിമത്വത്തില്‍ നിന്ന് അവര്‍ മോചിതരായി. കുരുവംശജരുടെ ആവാസകേന്ദമായ കര്‍മ്മക്ഷേത്രം ധര്‍മ്മജ്ഞാനികൊണ്ട് ഒരു അഗ്നിപരീക്ഷയില്‍ പെട്ടുപോയെങ്കിലും, കുരുക്ഷേത്രം ധര്‍മ്മക്ഷേത്രമായി പരിണമിച്ചതുപോലെ എംബ്രായക്കാര്‍ക്കെതിരെ അധര്‍മ്മം നടമാടിയിരുന്ന ഫര്‍വോന്റെ രാജ്യത്ത് എംബ്രായക്കാരുടെ അഭാവത്തോടെ ധര്‍മ്മം പുനഃസ്ഥാപിക്കപ്പെട്ടു. എംബ്രായക്കാര്‍ മരുഭൂമിയിലൂടെ യാത്ര തുടര്‍ന്നു. കൊടും ചൂടില്‍ മണല്‍ക്കാറ്റിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നെങ്കിലും ജീവിതം ഒരു ആത്മഗീതമായിത്തിരണം എന്ന് അവര്‍ ആഗ്രഹിച്ചിരുന്നിരിക്കാം. അതുകൊണ്ട് അവര്‍ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടു നടന്നു. ഗാനത്തിലെ സ്വരഭേദങ്ങള്‍ രാഗത്തിനും താളത്തിനുമൊത്ത് വ്യത്യസ്ഥമായ ഭാവങ്ങള്‍ ഉളവാക്കിക്കൊണ്ട് ഒന്നിനോടൊന്ന് ലയിച്ചു ചേര്‍ന്ന് ആനന്ദാനുഭൂതിയായിത്തീരുന്നു. ആ അനുഭൂതിയില്‍ മണലാരണ്യയാത്രയുടെ ദുരിതങ്ങള്‍ മറക്കുന്നു. 

പുരോഹിതന്‍ മോശയുടെ സാഹസിക കഥ തുടര്‍ന്നു. അവര്‍ ഹരേബാപര്‍വ്വതത്തിന്റെ താഴ്‌വരയില്‍ എത്തി. ജനങ്ങളുടെ സംരക്ഷണച്ചുമതല അഹറോനെ ഏല്‍പ്പിച്ചിട്ട് മോശ മലമുകളിലേക്ക് പോയി. ദൈവത്തിന്റെ പര്‍വ്വതമായ ഹരേബായിലെത്തിപ്പോള്‍ അവിടെ മോശ ആശ്വാസം കണ്ടെത്തി. ദൈവത്തിന്റെ സാന്നിധ്യം അനുഭവവേദ്യമായി. പെട്ടെന്ന് മോശ ഒരു അശരീരി കേട്ടു, എന്റെ ജനങ്ങളെ നീ രക്ഷിക്കണം എന്ന് യഹോവ മോശയോടു പറയുന്നു. മുകളില്‍ ഒരു ലോകത്ത് ദൈവം (യഹോവ) ഇരിക്കുന്നു എന്നും അവിടെ നിന്ന് താഴോട്ട് ഇറങ്ങി വന്ന് മോശയോട് എംബ്രായക്കാരെ രക്ഷിക്കാന്‍ പറഞ്ഞു എന്നും വിശ്വസിക്കുന്നത് അവതാരകഥയോട് ചേര്‍ന്നു നില്‍ക്കുന്നു. യഹോവ മോശയുടെ ദേഹം അവലംബിച്ച് ഭൂമിയിലേക്ക് വന്നു ധര്‍മ്മസംസ്ഥാപനം നടത്തുന്നതായി സങ്കല്പിക്കാവുന്നതാണ്. അവതാരങ്ങള്‍ ഭാരതത്തില്‍ മാത്രം ഉണ്ടായിട്ടുള്ളതുകൊണ്ട് ധര്‍മ്മനാശം ഭാരതത്തില്‍ മാത്രമേ സംഭവിച്ചിട്ടുള്ളു എന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ധര്‍മ്മനാശം ലോകത്തെവിടേയും സംഭവിക്കുന്നു എന്നും എംബ്രായക്കാരെ അടിമകളാക്കിയ ഫറവൊമാരുടെ പ്രവൃത്തികള്‍ കാണിച്ചു തരുന്നു. എംബ്രായക്കാര്‍ക്ക്  ദുരിതപൂണ്ണമായ മരുഭൂമിജീവിതം അസഹ്യമായിത്തോന്നി. അടിമജീവിതമായിരുന്നു അഭികാമ്യം എന്ന് അവര്‍ക്ക് തോന്നി. പൂര്‍വ്വകാലസ്മരണകള്‍ അവരെ തട്ടിയുണര്‍ത്തി. അഹറോന്റെ നേതൃത്വത്തില്‍ അവര്‍ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി വണങ്ങി ആരാധിക്കാന്‍ തുടങ്ങി. മോശ കല്പലകകള്‍ ചെത്തിയുണ്ടാക്കി കൊട്ടാരത്തില്‍ നിന്ന് പഠിച്ചതെല്ലാം കല്പലകകളില്‍ എഴുതി. ഇവയെല്ലാം യഹോവായാല്‍ പ്രേരിതമാണെന്നു കുറിച്ചിട്ടു. അത് എംബ്രായാക്കാര്‍ക്കുള്ള ജീവിതനിയമങ്ങള്‍ എന്നു കണക്കാക്കി എഴുതിയ കല്ലുമായി മോശ മലയിറങ്ങി വന്നപ്പോള്‍ കണ്ടത് എംബ്രായക്കാര്‍ ഫറവോന്റെ ദൈവത്തിന് ഉത്സവം കൊണ്ടാടുന്നതാണ്. മോശ കോപംകൊണ്ടു ജ്വലിച്ചു. യഹോവായുടെ കല്പനകള്‍ താഴ്‌വാരത്തിലേക്കെറിഞ്ഞു. സാറാ മോശയെ സാന്ത്വനപ്പെടുത്തി. മോശ വീണ്ടും മലമുകളിലേക്കുപോയി എംബ്രായക്കാരുടെ ജീവിതം നിയന്ത്രിക്കാനുള്ള നിയമസംഹിതയുമായി ഇറങ്ങി വന്നു. ഹിന്ദുക്കളുടെ ജീവിതക്രമം നിശ്ചയിക്കുന്നതിനൂ രൂപീകരിക്കപ്പെട്ട മനുസ്മൃതിയെ അനുസ്മരിപ്പിക്കുന്ന നിയമസംഹിത.

മോശയെ മഹത്വപ്പെടുത്തിക്കൊണ്ട് സാഹിത്യകാരന്മാര്‍ സാഹിതിസൃഷ്ടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടെങ്കിലും ലക്ഷ്യം പൂര്‍ണ്ണമായും സാക്ഷാത്ക്കരിക്കാന്‍ സാധിക്കാതിരുന്ന മോശയെ ഒരു മാതൃകയായി അനുകരിക്കാമോ എന്ന കര്യം ചിന്താവിഷയമാണ്. തന്നെയുമല്ല സ്ര്തീവിഷയത്തിന്റെ കാര്യത്തിലും മോശക്കു മേല്‍ ചോദ്യച്ഛിഹ്നമുണ്ട്. സിപ്പോറായെ വിവാഹം കഴില്ലെങ്കിലും മോശക്ക് സാറായെ മനസ്സില്‍ നിന്ന് മായ്ച് കളയാന്‍ സാധിച്ചില്ല. അവളോടുള്ള വികാരവായ്പില്‍ ഒരു ദുര്‍ബലനിമിഷത്തില്‍ മോശ അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുന്നു. സാറയുടെ അനുജത്തി മോശയോട് പ്രേമപുരസ്സരം പെരുമാറുന്നതും സാറ മനസ്സിലാക്കുകയും മൗനസമ്മതം നല്‍കുകയും  ചെയ്തിട്ടുണ്ട്. മോശയുടെ രാസക്രീഡക്കായി ഒരു കശ്യാനകന്യകയേയും കൂടി ലഭിച്ചു. മോശയുടെ വിഷയാസക്തി വിമര്‍ശിക്കപ്പെട്ടു. ചെല്ലുന്നിടത്തെല്ലാം ഭാര്യമാരുള്ള ഇവനോ യഹോവായുടെ പ്രവാചകന്‍ എന്ന് ഒരു വിഭാഗം എംബ്രായക്കാര്‍ പരിഹസിക്കുന്നതു കേട്ട് തല കുനിച്ചു നില്ക്കാനേ മോശക്ക് കഴിഞ്ഞുള്ളൂ. ജനിച്ചും മരിച്ചും എംബ്രായക്കാര്‍ മരുഭൂമിയിലൂടെ നടന്നു. സാറാ മോശയുടെ മാറിലേക്ക് ചാഞ്ഞ് മരണമടഞ്ഞപ്പോള്‍ മോശയുടെ ഹൃദയം പിടഞ്ഞു, കണ്ണൂകള്‍ നിറഞ്ഞു. ആശാന്റെ നളിനി ദിവാകരന്റെ മാറിടത്തിലേക്ക് ചഞ്ഞതുപോലെത്തെ ഒരവസ്ഥ. അഹറോനും ദേഹം വെടിഞ്ഞു. വാഗ്ദത്തഭൂമിയില്‍ എത്തുമ്പോഴേക്കും ആരെങ്കിലും അവശേഷിക്കുമോ എന്ന ആശങ്ക മോശയെ നിരാശനാക്കി. മോശയുടെ ദൗത്യം എംബ്രായക്കാരുടെ സര്‍വ്വനാശത്തിന് ഇടവരുത്തിയേക്കുമെന്ന ഭയം മോശയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. എങ്കിലും യഹോവായുടെ പ്രവാചകന്‍ എന്ന ഭാവം വെടിയാതെ മോശ അഭിമാനത്തോടെ എംബ്രായക്കാരെ നയിച്ചുകൊണ്ടിരുന്നു. മദ്യപാനവും പരസ്തീബന്ധവും മൂലം മാനുഷികമൂല്യങ്ങള്‍ നഷ്ടപ്പെട്ട ഒരു ജനതയായി എംബ്രായക്കാര്‍ മറിക്കൊണ്ടിരുന്നു. അവരുടെ വൈരുദ്ധ്യങ്ങള്‍ക്കും ദുഃഖത്തിനും പരിഹാരം കാണാന്‍ മോശക്ക് കഴിഞ്ഞില്ല. മരുസാഗരതരംഗങ്ങളില്‍ പെട്ടുലുഴുന്ന എംബ്രായക്കാര്‍ക്ക് ഒരു നൗകയായാകാന്‍ മോശക്ക് സാധിക്കാതിരുന്നത് മോശയുടെ പരാജയം എന്നേ പറയാന്‍ നിവൃത്തിയുള്ളൂ.

ഫൊറവോന്റെ അടിമത്വത്തില്‍ നിന്ന് എംബ്രായക്കാരെ മോചിപ്പിക്ലെങ്കിലും മോശയുടെ ആഗ്രഹം പൂര്‍ണ്ണമായും സഫലമായിക്ല. യഹോവ നിര്‍ദ്ദേശിച്ചതു പോലെ അവരെ കനാന്‍ ദേശത്ത് എത്തിക്കാന്‍ സാധിച്ചില്ല. അടിമത്വം ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് താമസിക്കാന്‍ വീടും ഇഷ്ടാനുസരമുള്ള ആഹാരത്തിനുള്ള വകയുമുണ്ടായിരുന്നു. മോശയെ പിന്തുടര്‍ന്ന എംബ്രായക്കാരുടെ ജീവിതം മരുഭൂമിയില്‍ ഉണങ്ങിക്കരിഞ്ഞു. വാഗ്ദത്തഭൂമി എവിടെ എന്ന അവരുടെ ചോദ്യത്തിനു മുന്നില്‍ മോശക്ക് നിശബ്ദനാകേണ്ടി വന്നു. ഒരു മല ചൂണ്ടിക്കാണിച്ചുകൊണ്ട് ആ മലക്കപ്പുറത്താണ് വാഗ്ദത്തഭൂമി - കനാന്‍ ദേശം എന്നു പറയാനേ കഴിഞ്ഞുള്ളു. മോശയുടെ കാര്യത്തില്‍ മാര്‍ഗ്ഗവും ലക്ഷ്യവും താദാത്മ്യം പ്രാപിക്കുന്നില്ല. ലക്ഷ്യമാര്‍ഗ്ഗങ്ങള്‍ക്ക് ഒരു ഏകതയുണ്ടായിരിക്കണം. ലക്ഷ്യം ഉദാത്തമമായിരുന്നെങ്കിലും മാര്‍ഗ്ഗം ദുര്‍ഘടമായിരുന്നതിനാല്‍ അവ തമ്മില്‍ ദാദത്മ്യം പ്രാപിക്കാതിരുന്നതുകൊണ്ടായിരിക്കാം. മോശക്ക് സ്വധര്‍മ്മം നിര്‍വ്വഹിക്കാന്‍ സാധിക്കാതെ പോയത.് ന്യായീകരിക്കാവുന്ന ഏതു മാര്‍ഗ്ഗം സ്വീകരിച്ചാലും ലക്ഷ്യത്തില്‍ എത്തുന്നതിനാണ് പ്രാധ്യാന്യം. എംബ്രായക്കാര്‍ക്ക് വാഗ്ദത്തഭൂമി - കനാന്‍ ദേശം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. ഇതിന് ആരാണ് കുറ്റക്കാരന്‍, മോശയോ, യഹോവായോ അതോ എംബ്രായക്കാര്‍ തന്നെയോ? മനുഷ്യരെല്ലാം ബദ്ധരായിരിക്കുന്നത് അവരുടെ കര്‍മ്മങ്ങളിലാണ്. പൂര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മഫലങ്ങള്‍ എംബ്രായക്കാരും അനുഭവിച്ചല്ലേ പറ്റൂ. കര്‍മ്മഫലങ്ങളില്‍ നിന്ന് എങ്ങനെ മോചനം നേടാം എന്നു ഗീതയില്‍ പറയുന്നു, "ന മാം കര്‍മ്മാണി ലിമ്പന്തി, ന മേ കര്‍മ്മഫലേ സ്പൃഹാ, ഇതി മാം യോ അ ഭി ജാനാതി, കര്‍മ്മഭിര്‍ന സ ബദ്ധ്യതേ''. കര്‍മ്മങ്ങള്‍ എന്നെ സ്പര്‍ശിക്കുന്നില്ലെന്നും എനിക്ക് കര്‍മ്മഫലത്തില്‍ ആഗ്രഹമില്ലെന്നും ഏതൊരുത്തന്‍ മനസ്സിലാക്കുന്നുവോ അവന്‍ കര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല. കര്‍മ്മങ്ങള്‍ ഇല്ലാത്തതാണെന്ന് അനുഭവിക്കുന്നതോടെ കര്‍മ്മബന്ധങ്ങളില്‍ നിന്നുള്ള മോചനം സ്വാഭാവികമായും സംഭവിക്കുന്നു. കര്‍മ്മങ്ങള്‍ ഈശ്വരാര്‍പ്പിതമായിരിക്കണം. ഏതൊരു സത്യത്തെയാണോ എല്ലാറ്റിലും നിറഞ്ഞിരിക്കുന്നതും എല്ലാറ്റിനേയും ഭവിപ്പിക്കുന്നതുമായി ആയി സാക്ഷാത്കരിക്കുന്നത് ആ സത്യവുമായുള്ള (ദൈവം) താദാത്മ്യാനുഭവമാണ് ആനന്ദാനുഭവത്തിന്റെ പാരമ്യത. അങ്ങനെ ഒരു അനുഭവം എംബ്രായക്കാര്‍ക്ക് ഉണ്ടാകാതിരുന്നത് അവരുടെ കര്‍മ്മങ്ങള്‍ ഈശ്വരാര്‍പ്പിതമാല്ലാതിരുന്നതുകൊണ്ടാണ് എന്നു വേണം കണക്കാക്കാന്‍.

യാത്രാവിവരണവും നോവലിന്റെ ആവിഷ്കാരവും ഊടും പാവും പോലെ ചേര്‍ന്നു നില്‍ക്കുന്നു. യാത്രാവിവരണം  അമിതമായ പ്രസക്തി കൈവരിക്കുന്നുണ്ടെങ്കിലും നോവലിന്റെ ശുദ്ധഭാവം ഭദ്രമാക്കാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടിണ്ട്.  മുറിവില്ലാതെ ഒഴുകിപ്പോകുന്ന സുകുമാരപദങ്ങള്‍കൊണ്ട് സമൃദ്ധമായ മനോഹരമായ ഭാഷാശൈലി വായനാസുഖം നല്‍കുന്നുണ്ട്. നോവലിസ്റ്റിന് അഭിനനന്ദനങ്ങള്‍.

*****

Ninan Mathulla 2020-10-24 13:41:55
I used to read novels during school and college years. Now, due to time constraints, do not read novels as before. Thanks Vasudev for digesting the essence of the novel and presenting to the readers, integrating it with Hindu religious philosophy. Congratulations to the author and Vasudev.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക