Image

നീതന്നെ തുണയ്ക്കുക നിന്നെ (മഞ്ജുള ശിവദാസ്)

Published on 24 October, 2020
നീതന്നെ തുണയ്ക്കുക നിന്നെ (മഞ്ജുള ശിവദാസ്)
കാടിനകം കണ്ടുവരാം,
കാട്ടാനയെ കൊണ്ടുവരാം.
ഉറവിയിലൊരു നരനുടെ മനസ്സിൻ-
ഗതിയറിയുവതധികഠിനം.

നേരെന്നു നിനച്ചതിലധികം,
നെറികേടിൻ നേരമ്പോക്കുകൾ,
പതിരുകളുടെ ദൂരക്കാഴ്ചയിൽ-
കതിരുകളായ് തോന്നിടുമല്ലോ.

ഒരു ദുഃഖസമുദ്രം പേറിവരുന്ന-
വരുടെ കണ്ണീർ വിൽക്കാൻ,
അഭയാർത്ഥിയ്ക്കന്തകനാകാൻ-
അവനിയിലീ നരനേ കഴിയൂ.

നേരുകളെ ചികയാൻ നിന്നാൽ-
നേരമിരുട്ടാകും കുഞ്ഞേ,
നേരുള്ളവരാവുക സ്വയമേ,
നേർവഴികൾ തെളിയും മുന്നിൽ.

ഗതിമാറിയതറിയാതൊഴുകിയ-
ചിലതൊക്കെ സമുദ്രം പൂകി.
അതുകണ്ടോ പലവഴിയൊഴുകിയ-
പലതും പലവഴിയിലൊടുങ്ങി.

നവവലകളിലൊക്കെ ചിലന്തികൾ-
അവിടവിടെ പതുങ്ങിയിരിപ്പൂ.
രാപ്പകലുകൾ ഭേദമവർക്കി-
ല്ലാൺപെൺ വകഭേദവുമില്ല.

വാക്കുകളാൽ കെണികളൊരുക്കി-
കാത്തുകിടപ്പുണ്ടെൻ കുഞ്ഞേ,
നീ പോകും വഴികളിലെല്ലാം-
നീ തന്നെ തുണയ്ക്കുക നിന്നെ.
                             
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക