Image

എഴുത്തച്ഛൻ പുരസ്‌കാരം പോൾ സക്കറിയയ്ക്ക് - സന റബ്‌സ്

Published on 01 November, 2020
എഴുത്തച്ഛൻ പുരസ്‌കാരം പോൾ സക്കറിയയ്ക്ക് - സന റബ്‌സ്
ഓസ്കാർ വൈൽഡിന്റെ പ്രസിദ്ധമായ ഒരു Fairy Tale  ഉണ്ട്. 'The Happy Prince.'
ഒരു ദുഃഖവും അനുഭവിക്കാതെ സങ്കടമോ വിഷമമോ അറിയാതെ മരിച്ചുപോയ ആ രാജകുമാരന്റെ കൂറ്റൻ പ്രതിമ നഗരത്തിന്റെ ഒത്തനടുക്കായി  വളരെ ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അദ്ദേഹം സന്തോഷവാനായി എന്നും നഗരമധ്യത്തിൽ നിലനിൽക്കട്ടെ എന്നായിരുന്നു നഗരവാസികളുടെയും രാജകൊട്ടാരത്തിന്റെയും ആഗ്രഹം. 
പക്ഷേ രാജകുമാരന്റെ പ്രതിമ എന്നും രാത്രിയിൽ കരയുന്നതു കണ്ട ഒരു  കുരുവി കാര്യം അന്വേഷിക്കുന്നു. ഏറ്റവും ഉയരത്തിൽ നിൽക്കുന്ന എനിക്കു ഭൂമിയിലെ എല്ലാ ദുഃഖങ്ങളും കാണാൻ കഴിയുന്നുവെന്നും സഹിക്കവയ്യാതെ കരയുകയെന്നും ആ പ്രതിമ കുരുവിയോട് പറയുന്നു. 

കേരളത്തിലെ പ്രശ്നങ്ങളെ  അകലത്തിൽനിന്നും വീക്ഷിക്കാൻ തന്റെ  ഡൽഹിവാസം ഉപകരിച്ചിട്ടുണ്ടെന്നു  ശ്രീ സക്കറിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അടുത്തു നിൽക്കുന്ന കാഴ്ചകളല്ല അകലെനിന്നു നോക്കുമ്പോൾ  ലഭിക്കുക. ഇവിടെ നടക്കുന്ന  അനീതികൾക്കും  അക്രമങ്ങൾക്കും എതിരെ  ഒച്ചയെടുക്കാൻ ഹാപ്പി പ്രിൻസിന്റെ കണ്ണുകളുമായാണ് പോൾ സക്കറിയ നിൽക്കുന്നത്. കൃത്യമായും തന്റെ ഫോക്കസിലേക്ക് പറന്നുചെന്നു തൊടാൻ അദ്ദേഹത്തിനു അദൃശ്യമായ കുരുവികൾ ഉണ്ടോ എന്നു പലപ്പോഴും കളിയായി ഞാൻ ഓർക്കുമായിരുന്നു. 

തന്റെ നീണ്ട കഥകളിലൂടെ  സാഹിത്യലോകത്തു
നിലനിൽക്കുന്ന നീതിശാസ്ത്രങ്ങളേ സ്വന്തം കാഴ്ചപ്പാടിനനുസരിച്ചു  സക്കറിയ  മാറ്റിത്തിരുത്തി. മലയാളസാഹിത്യലോകത്തിലെ  സ്ഥാപിതവൽക്കരിക്കപ്പെട്ട  താത്പര്യങ്ങളോടും 'വിശുദ്ധ' താല്പര്യങ്ങളോടും
വിരുദ്ധ ദർശനം പുലർത്തിയ  അദ്ദഹത്തിന്റെ ആശയങ്ങളിൽ  സൂക്ഷ്മസത്യങ്ങളും  ചരങ്ങളും അചരങ്ങളും  ഒന്നുചേർന്നു.
ആക്ഷേപത്തിന്റെയും ഹാസ്യത്തിന്റെയും അമ്പുകൾ ചേരുന്ന  ആ കഥകൾ ഇവിടെ ഒഴുകിപ്പരന്നു കിടപ്പുണ്ട്. അരാജകത്വത്തെയും 
മലയാളിയുടെ കപടസദാചാരബോധത്തെയും  വലിച്ചുപുറത്തിടുന്ന കഥകളാണ് 
റാണി, രഹസ്യപ്പോലീസ്,  തേൻ എന്നീ കഥകളിലെ  പ്രമേയം. 

രാജ്യം വളരെ സ്പീഡിൽ ഓടുമ്പോൾ കൂടെ ഓടുകയാണ് സാംസ്ക്കാരികപ്രവർത്തകരും എഴുത്തുകാരും പൊതുവെ ചെയ്യുന്നത്. അങ്ങനെ ഓടിയാൽ മാത്രമേ നേർക്കാഴ്ചകൾ കിട്ടുകയുള്ളൂ.  അത്തരം നോട്ടത്തിൽ കണ്ണിൽ പെടുന്നതെല്ലാം കാഴ്ചയെ നോവിക്കുമ്പോൾ പലരും  കണ്ണുപൊത്തുകയാണ്. അങ്ങനെയല്ലാതെ മതത്തെയും പൗരഹത്യത്തെയും മനുഷ്യരുടെ മൂഢത്തത്തേയും കണ്ണുകെട്ടിയ നീതിയെയും അദ്ദേഹം വിമർശിക്കുന്നു. ഉച്ചത്തിൽ ഒച്ചയെടുക്കുന്നു. അങ്ങനെ ഒച്ചയെടുക്കുന്നതുകൊണ്ടു  അർഹതപ്പെട്ടവർക്കു അല്പമെങ്കിലും  നീതി  കിട്ടിയിരിക്കും എന്നതും നിസ്തർക്കമാണ്.   
തീവ്രദേശീയതയ്‌ക്കെതിരെ  വർഗീയതയ്ക്കെതിരെ  ഫാസിസത്തിനെതിരെ കണിശമായി വിരൽചൂണ്ടി    'ഒരിടത്തി'രുന്നു  സൂക്ഷ്മനിലപാടുകളെടുക്കുന്ന ആ തൂലികയ്ക്കും അദ്ദേഹത്തിനും  അഭിനന്ദനങ്ങൾ. 

സന റബ്‌സ്
Join WhatsApp News
RAJU THOMAS 2020-11-01 13:41:47
Well-written. Precise, not long-winded. And beautiful. I am glad for Paul Sakariah's stout heart, proud for his brilliant brain, and happy at this award.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക