Image

കേരളപുത്രി (രാജൻ കിണറ്റിങ്കര)

Published on 01 November, 2020
കേരളപുത്രി (രാജൻ കിണറ്റിങ്കര)
മുഖമെത്ര ചുളിഞ്ഞാലും
മുടിയെത്ര നരച്ചാലും
എൻ്റെ നാടൊരു
പട്ടുപാവാടക്കാരി
പതിനാറിൻ നിറവിലെ
കൗമാര പെണ്ണവൾ
നഖം കടിച്ചും
ഈറൻ മുടിയഴിച്ചും
പാദസരത്തിൻ
ശ്രുതി താളം മീട്ടിയും
പാടവരമ്പിലെ
പച്ചോല പരപ്പിൽ
നാണം കുണുങ്ങിയായ്
അവൾ നടന്നു
ഒഴുകുന്ന കാട്ടാറും
കാറ്റാടും മലകളും
സമതല ഭംഗി തീർക്കും
കേരവൃക്ഷങ്ങളും
മാമ്പൂ മണം പടരും
തൈമാവിൻ തൊടികളും
കടലാസുതോണി നീന്തും
ചരൽ പായ മുറ്റങ്ങളും
നുണക്കുഴികവിളിലേ-
ക്കുതിരുന്ന കേശഭംഗി
കുപ്പിവള കിലുക്കത്തിൻ
കായൽ തിരകളും
പന്നം തത്ത പാറുന്ന
നെൽവയൽ തോപ്പുകളും
സഹ്യൻ്റെ മടിയിലെ
പ്രണയാർദ്ര ശയ്യയും
കടലല കാതോർക്കും
നിളയുടെ ചാരുതയും
തുലാവർഷം ഉറഞ്ഞാടും
മഴക്കോളിൻ മുഖകാന്തി
ഇരുൾ വീഴും വഴികളിൽ
നിന്നിടറുന്ന ചുവടോടെ
കരതേടും പ്രിയപുത്രി
മലയാള നാടവൾ..
മുഖമെത്ര ചുളിഞ്ഞാലും
മുടിയെത്ര നരച്ചാലും
എൻ്റെ നാടൊരു
പട്ടുപാവാടക്കാരി
പതിനാറിൻ നിറവിലെ
കൗമാര പെണ്ണവൾ.

Join WhatsApp News
Sudhir Panikkaveetil 2020-11-02 23:27:24
ഒരു കാമുകനെപോലെ നാടിനെ നോക്കി കാണുമ്പോൾ മുഗ്ദ്ധ വികാരങ്ങൾ പളുങ്ക് മണികളായി ചിതറി വീഴുന്നു. മനോഹരം രാജൻ ജി. അഭിനന്ദനം.
Rajan Kinattinkara 2020-11-05 03:30:38
സന്തോഷം സുധീർജി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക