Image

കമല ദേവി ഹാരിസ് വൈസ് പ്രസിഡന്റാകുമെന്ന പ്രവചനം ഫലിച്ചപ്പോൾ (ജിജെ)

Published on 08 November, 2020
കമല  ദേവി ഹാരിസ് വൈസ് പ്രസിഡന്റാകുമെന്ന പ്രവചനം ഫലിച്ചപ്പോൾ  (ജിജെ)
2003 ൽ കമല ഹാരിസ് ഡിസ്ട്രിക്‌ട് അറ്റോർണി ആയി സാൻ ഫ്രാന്സിസ്കോയിൽ മത്സരിക്കുമ്പോൾ അവരെ പരിചയപ്പെടാൻ അവസരമൊരുങ്ങിയ  സാഹചര്യം പറയാം. ഇന്ത്യക്കാരി മത്സരിക്കുമ്പോൾ മറ്റു ഇന്ത്യക്കാരുടെ പിന്തുണ ലഭിക്കാൻ ഇന്ത്യൻ മാധ്യമങ്ങളെ ബന്ധപ്പെടുന്നത് സ്വാഭാവികമാണല്ലോ. അങ്ങനെ അന്നത്തെ പ്രമുഖ പത്രമായ ഇന്ത്യ എബ്രോഡിൽ അവർ ബന്ധപ്പെട്ടു. അന്ന് ഞാനാണ് ആ ഫോൺ കോൾ അറ്റൻഡ് ചെയ്തത്. അവരുടെ അമ്മ ശ്യാമള ഗോപാലനുമായും സംസാരിച്ചു. 

തുടർന്ന് ഇലക്ഷനെപ്പറ്റിയും സ്ഥാനാര്ഥിയെപ്പറ്റിയും എഴുതി. പിന്നീട് പലവട്ടം.

സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വോട്ടുകൾ ലഭിച്ചാൽ തന്നെ വിജയിക്കാം എന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഉയരുന്ന വിവാദങ്ങൾ തന്നെയാണ് അന്നും കമലയ്‌ക്കെതിരെ തലപൊക്കി നിന്നിരുന്നത്. 

എന്നാൽ കഴിവും അമ്മ നൽകിയ പിന്തുണയുമാണ് കമലയേയും സഹോദരി മായയെയും ഉയരങ്ങളിൽ എത്തിച്ചതെന്ന് അവരുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ വ്യക്തമാകും.

2003 ൽ കമലയുടെ എതിരാളിയായി മത്സരിച്ചത് അന്നത്തെ ഡിസ്ട്രിക്ട് അറ്റോർണി  തന്നെ ആയിരുന്നിട്ടും റൺ ഓഫിൽ അവർ വിജയം സ്വന്തമാക്കി. പിന്നീട് പല തവണ കമലയുടെ അമ്മയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ശ്യാമള  ഗോപാലനിൽ നിന്നാണ് കമലയ്ക്ക് 'ഫീമെയിൽ ബരാക്ക് ഒബാമ' എന്നൊരു വിശേഷണം ഞാൻ ആദ്യമായി കേട്ടത്.  

കമലയുടെ അമ്മ മരിക്കുന്നത് 2009 ലാണ്.  അത് വരെയും അവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇടക്കിടക്ക് അവർ വിളിക്കും. പറയുന്നത് കുടുതലായും മകളെപ്പറ്റി തന്നെ. 

ഡിസ്ട്രിക്ട് അറ്റോർണി സ്ഥാനത്തിരുന്ന് കമല  റിസീഡിവിസത്തിനെതിരെ പ്രവർത്തിച്ചതും അവർ വിവരിച്ചു.  ഒരിക്കൽ ജയിലിൽ പോകുന്നവരിൽ വീണ്ടും അവിടേക്ക് ആകർഷിക്കപ്പെടുന്ന പ്രവണതയെയാണ് റിസീഡിവിസമെന്ന് പറയുന്നത്. അമേരിക്കയിൽ ഇത് പതിവാണ്. ജയിലിൽ പോയവർ അതൊരു രണ്ടാം ഭവനം പോലെ കാണുന്ന സ്ഥിതിവിശേഷമുണ്ട്. അത് ഇല്ലാതാകാൻ തടവുകാരുടെ പുനരധിവാസത്തിന് കമല പദ്ധതികൾ തയ്യാറാക്കി.

ഡിസ്ട്രിക്ട്  അറ്റോർണി ആയിരിക്കെ വേറെയും നിരവധി നിയമ പരിഷ്‌കാരങ്ങൾ നടത്തി കമല ശ്രദ്ധ നേടി. മക്കളെ സ്കൂളിൽ അയച്ചില്ലെങ്കിൽ മാതാപിതാക്കളെ ജയിലിൽ അടയ്ക്കുമെന്ന നിയമം ഇതിലൊന്നാണ്. മക്കൾക്ക് വിദ്യാഭ്യാസം നല്കേണ്ടത് അച്ഛനമ്മമാരുടെ ഉത്തരവാദിത്വമാണെന്നും, കുട്ടികൾക്കത് നിഷേധിച്ചു കൂടെന്നും അവർ പഠിച്ച  പാഠമാണ് മറ്റുള്ളവർക്കും പകർന്നത്. 

2011 -ൽ കാലിഫോർണിയ പോലെ വലിയൊരു സ്റ്റേറ്റിന്റെ അറ്റോർണി ജനറലായി കമല അധികാരമേറ്റപ്പോൾ അഭിനന്ദനം അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സെക്രട്ടറിയോട്   സംസാരിക്കാനെ  കഴിഞ്ഞുള്ളു. കാലിഫോർണിയയിലെ അറ്റോർണി ജനറലിന് ഗവർണർക്ക് തൊട്ടു താഴെയാണ് സ്ഥാനം. പിന്നീടവർ യു.എസ്   സെനറ്ററായി മത്‌സരിക്കുന്ന അവസരത്തിലും കമലയെക്കുറിച്ച് എഴുതി. 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവരുടെ നാമനിർദ്ദേശം തികച്ചും അപ്രതീക്ഷിതമായിരുന്നു. ബൈഡനെ അതിശക്തമായി എതിർത്തിരുന്ന കമലയെ അദ്ദേഹം റണ്ണിങ് മേയ്റ്റായി തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.  

2019 ഫെബ്രുവരിയിൽ  ഇന്ത്യ ലൈഫ് ടൈംസിൽ ഞങ്ങൾ കമല ഹാരിസ്  വൈസ് പ്രസിഡന്റ് ആകുന്നതിനുള്ള സാധ്യത എഴുതിയിരുന്നു. താഴെ ചിത്രങ്ങൾ. ആ പ്രവചനം സത്യമായി. 

കമല ഹാരിസ് വൈസ് പ്രസിഡന്റായാൽ നമുക്കെന്താണ് നേട്ടമെന്ന് ഇന്ത്യക്കാർക്കിടയിൽ ഒരു സംശയമുണ്ട്. വ്യക്തിപരമായൊരു നേട്ടം സാധ്യമാകില്ലെങ്കിലും ഒരു ഇന്ത്യൻ നാമം  ലോകം മുഴുവൻ അറിയപ്പെട്ടു എന്നത് ചെറിയ കാര്യമല്ല.  കമല അംഗീകരിക്കപ്പെടുന്നു എന്നതിന്റെ അർഥം ഓരോ ഇന്ത്യക്കാരനും അംഗീകരിക്കപ്പെടുന്നു എന്നാണ്. അവർക്കിവിടെ സ്വന്തമായി ഇടമുണ്ട് എന്നാണ്. 

ഒബാമ പ്രസിഡന്റായപ്പോൾ കറുത്തവർക്ക് നേട്ടമുണ്ടായില്ല എന്ന് പറയുന്നതുപോലെ ഇന്ത്യക്കാർക്ക് പ്രയോജനം ഉണ്ടാകുന്ന കാര്യങ്ങൾ കമലയുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ വരാം. അത് കുറ്റപ്പെടുത്തേണ്ട വസ്തുതയല്ല. അമേരിക്ക പോലൊരു രാജ്യത്ത് അത്രവലിയ പദവിയിലെത്തുമ്പോൾ ഒരു പ്രത്യേക വിഭാഗത്തെയോ കമ്മ്യൂണിറ്റിയെയോ പ്രീതിപ്പെടുത്തുകയോ തൃപ്തിപ്പെടുത്തുകയോ അല്ല വേണ്ടത്. രാഷ്ട്രത്തിനും  ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമ്പോൾ അവിടെ വംശീയതയ്ക്ക് സ്ഥാനമില്ല. 

എഴുപത്തിയേഴുകാരനായ ബൈഡൻ അന്പത്തിയഞ്ച് വയസ്സുള്ള കറുത്തവർഗക്കാരിയായ കമലയുടെ പേര് നിർദ്ദേശിച്ചതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനാർഥി സ്ത്രീയായിരിക്കുമെന്ന പ്രഖ്യാപനവും കമലയിലേക്ക് വിരൽ ചൂണ്ടിയിരുന്നില്ല. സെനറ്റർ എമി ക്ളോബുച്ചർ  അല്ലെങ്കിൽ സെനറ്റർ എലിസബത്ത് വാറൻ എന്നിവരുടെ പേരുകളാണ് ഉയർന്നുകേട്ടത്. 

ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരനെ പോലീസ് മർദ്ദിച്ച് കൊന്നതോടെയാണ് കമല ഹാരിസിന്റെ നാമം നിർദ്ദേശിക്കപ്പെട്ടത്. മിനസോട്ടയിൽ ക്ളോബുച്ചർ  യുഎസ് അറ്റോർണിയായിരിക്കെ കറുത്തവർഗക്കാർക്ക് എതിരായി പ്രവർത്തിച്ചു എന്ന ആക്ഷേപം നിലനിന്നതുകൊണ്ടാണ് അവരുടെ സാധ്യത നഷ്ടമായത്. അമേരിക്ക ആദരവോടെ നോക്കിക്കാണുന്ന എലിസബത്ത് വാറന്റെ പേര് കടന്നുവരാതിരുന്നതിനു കാരണം  അവരുടെ പ്രായാധിക്യവും തീവ്ര ഇടതു നിലപാടുകളുമാണ്  

 മൂന്നാമത്തെ കറുത്ത സെനറ്റർ എന്നതുൾപ്പെടെ പ്രവർത്തന രംഗത്തെ പരിചയസമ്പന്നതകൂടി കണക്കിലെടുത്തപ്പോൾ കമലയ്ക്കു വാതിൽ തുറന്നുകിട്ടി. ഈ തീരുമാനം അണികളിൽ  ആവേശം നിറച്ചു. ജമൈക്കൻ പിതാവിന് ഇന്ത്യക്കാരിയിൽ ജനിച്ച മകളെ ആഫ്രിക്കൻ അമേരിക്കൻ സമൂഹം ഉൾക്കൊണ്ടു  

ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ഇതൊരു അംഗീകാരമാണ്. നിക്കി ഹെയ്‌ലി ഗവർണർ ആയപ്പോൾ ലഭിച്ചതിന് സമാനമായ ഒന്ന്. നമുക്കിടയിൽ നിന്ന് ഇനിയും ഇതുപോലുള്ളവർ ഉണ്ടാകാനുള്ള പ്രചോദനമായി ഈ നേട്ടം കണക്കാക്കുന്നവരുണ്ട്. അപ്പോഴും, ഇത് വേഗത്തിൽ കരഗതമാകുന്ന ഒന്നല്ലെന്ന് ഓർമ്മവേണം. തികഞ്ഞ അർപ്പണബോധവും വ്യക്തിപരമായ ത്യാഗങ്ങളും  പോരാട്ടവും പ്രവർത്തനവും പ്രയത്നവും നടത്തിയാണ് അവർ ഉയർന്നുവന്നത്. 

കമല ഹാരിസ് ഒരു നാൾ അമേരിക്കയുടെ പരമോന്നത പദവിയിൽ എത്തിച്ചേരുന്നത് ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടമായിരിക്കും. നമുക്ക് അതിനായി ആശംസിക്കാം.

കമല ഹാരിസിന്റെ മതവിശ്വാസം 

ആദ്യം ജോ ബൈഡന്റെ വിശ്വാസങ്ങളിലൂടെ കണ്ണോടിക്കാം. അദ്ദേഹമൊരു കത്തോലിക്ക മതവിശ്വാസിയാണ്. പൊതുവെ സഭ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാത്തതുകൊണ്ട് രാഷ്ട്രീയക്കാരെ നല്ല മത വിശ്വാസികളായി അംഗീകരിക്കാറില്ല. ഉദാഹരണത്തിന്, ഗർഭഛിദ്രം, സ്വവർഗ വിവാഹം തുടങ്ങിയ കാര്യങ്ങളിലെ  സഭയുടെ പഠനത്തോട് ബൈഡൻ യോജിപ്പ് കാട്ടുന്നില്ല.

അമേരിക്കയെ ഇത്രയും മഹത്തരവും സമ്പന്നവുമായ രാജ്യമാക്കി മാറ്റിയതിൽ അതിന്റെ തറക്കല്ല് പാകിയവർ പകർന്ന ഒരു ആശയത്തിന് വലിയ പങ്കുണ്ട്. സഭയെയും മതത്തെയും ഭരണത്തിൽ ഇടപെടാൻ അനുവദിക്കാതിരിക്കുക എന്ന ആ തീരുമാനമാണ് അമേരിക്കയെ ഇന്ന് കാണുന്ന രീതിയിൽ വളർത്തിയത്. 
സ്വാതന്ത്ര്യം നേടുമ്പോൾ അമേരിക്കയിൽ ക്രിസ്തുമത വിശ്വാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും, ഇതൊരു ക്രൈസ്തവ രാഷ്ട്രമാക്കി മാറ്റിയില്ല എന്നതാണ് മഹത്തരം. ബ്രിട്ടനിലെ ക്രൈസ്തവ പീഡനം കണ്ട് രക്ഷ തേടിയെത്തിയവരും  ഇവിടെയുണ്ടായിരുന്നു. മതാധിഷ്ടിത രാജ്യങ്ങളിൽ എന്തിനും ഏതിനും മതനേതാക്കൾ ഇടപെടുന്നത് പുരോഗതിയെ ബാധിക്കുന്ന കാഴ്ച കാണുമ്പോഴാണ് അമേരിക്കയുടെ പിതാക്കന്മാരുടെ ദീർഘവീക്ഷണം ബോധ്യമാകുന്നത്.

ഒബാമ പ്രസിഡന്റ് ആയിരിക്കെ അദ്ദേഹം ക്രിസ്ത്യാനി അല്ലെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. 
സ്വവർഗ വിവാഹം  ഇസ്‌ലാം മതവും ക്രിസ്തുമതവും ശക്തമായി എതിർക്കുമ്പോഴും അമേരിക്ക എന്ന രാഷ്ട്രത്തിന് സ്വന്തമായി നിലപാടെടുക്കാനും നയങ്ങൾ കൊണ്ടുവരാനും സാധിക്കുന്നത് മതനിരപേക്ഷത കൊണ്ടാണ്. മതങ്ങളെ നിലയ്ക്കു നിർത്താൻ കഴിയുന്നു എന്നത് എക്കാലത്തും അമേരിക്കയുടെ വിജയമാണ്. ചൈനയും ഇതേ നിലയിലാണ് വളർച്ചയുടെ പാതയിലെത്തിയത്. അവിടെയാണ് ഇന്ത്യയുടെ അപചയം. മതം രാഷ്ട്രത്തേക്കാൾ വലുതാകുന്ന ഇന്ത്യയിലെ ഇപ്പോഴത്തെ പ്രവണത നമ്മെ തരംതാഴ്ത്തുകയെ ഉള്ളു. 

കമലയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിയുന്നത്. പിതാവിനെപ്പോലെ ബാപ്ടിസ് ആണ് കമലയും.  അമ്മ ശ്യാമള ഗോപാലൻ ഹിന്ദു ബ്രാഹ്മിൺ ആയിരുന്നതിനാൽ അമ്പലങ്ങളിലും  പോകുമായിരുന്നു. അമ്മയുടെ പാരമ്പര്യത്തിൽ നിന്നാകാം അവർക്ക് റെഡ് മീറ്റ് ഇഷ്ടമല്ല.

കമല വിവാഹം കഴിച്ചിരിക്കുന്നത് യഹൂദ വിശ്വസിയും അറ്റോർണിയുമായ ഏംഹോഫിനെയാണ് .  അദ്ദേഹത്തിന്റെ മക്കൾ കമലയെ മൊമല എന്നാണു വിളിക്കുന്നത്. 

ആത്മീയതയിൽ അടിയുറച്ച് വിശ്വസിക്കുന്ന കമലയുടെ മതവിശ്വാസത്തെക്കുറിച്ച് അവർ സംസാരിക്കാറില്ല. എങ്കിലും, അവർ ഡിസ്ട്രിക്ട് അറ്റോർണി ആയിരുന്ന കാലത്ത് കത്തോലിക്ക സഭയെ സഹായിച്ചതായി അടുത്തിടെ ഒരു ലേഖനം വന്നിരുന്നു. കത്തോലിക്ക സഭയിലെ വൈദികർ നടത്തിയ വൃത്തികേടുകൾ അന്വേഷിക്കാതെ കണ്ണടച്ചു  എന്നായിരുന്നു  ആക്ഷേപം. എന്നാൽ,  ഇതിനെ ന്യൂയോർക്കിൽ നിന്നുള്ള കാത്തലിക്  ലീഗ്  ശക്തിയുക്തം എതിർത്ത് രംഗത്ത് വന്നിരുന്നു. 

കമല ഹാരിസ് കത്തോലിക്കാ വിരുദ്ധയാണെന്നും ആ കടുത്ത വലതുപക്ഷ സംഘടന തുറന്നടിച്ചു. ജഡ്ജിമാരുടെ നിയമനം സെനറ്റിൽ ചർച്ചയായി വരുമ്പോൾ " നൈറ്റ്സ് ഓഫ് കൊളംബസിൽ'' അംഗമായിരുന്നതിന്റെ പേരിൽപോലും  ജഡ്ജ് ബ്രെഡ് കാവനായോട് അവർ കടുത്ത ചോദ്യങ്ങൾ ചോദിച്ചിരുന്നു. 

സ്ത്രീ ശരീരം സ്ത്രീയുടെ സ്വന്തം കാര്യമാണെന്നും ഗർഭഛിദ്രം സ്ത്രീയുടെ താല്പര്യാനുസരണം അനുവദിക്കണമെന്നും അവർ വാദിക്കുന്നു.  മാരീവന നിയമവിധേയമാക്കാമെന്നും സെക്സ് വർക്ക് നിയമ വിരുദ്ധമല്ലെന്നുമുള്ള നിലപാടുകളുമാണ് അവർക്കുള്ളത് 

വ്യത്യസ്ത മതങ്ങളും പശ്ചാത്തലങ്ങളും ജീവിതത്തിന്റെ ഭാഗമായതിലൂടെ കൈവന്ന അപൂർവത, കമല ഹാരിസിനു നിഷ്പക്ഷമായി കാര്യങ്ങൾ നോക്കിക്കാണാനുള്ള ഉൾക്കാഴ്ച നൽകുമെന്ന് വേണം അനുമാനിക്കാൻ. 

കമല  ദേവി ഹാരിസ് വൈസ് പ്രസിഡന്റാകുമെന്ന പ്രവചനം ഫലിച്ചപ്പോൾ  (ജിജെ)
കമല  ദേവി ഹാരിസ് വൈസ് പ്രസിഡന്റാകുമെന്ന പ്രവചനം ഫലിച്ചപ്പോൾ  (ജിജെ)
കമല  ദേവി ഹാരിസ് വൈസ് പ്രസിഡന്റാകുമെന്ന പ്രവചനം ഫലിച്ചപ്പോൾ  (ജിജെ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക