“റായുടെ മുറിയിലേക്ക് പോയെന്നത് ശരിതന്നെയായിരുന്നു. പക്ഷെ യു നോ മിലാന്‍, തനൂജയല്ല താനാണ് ആ മനസ്സിലുള്ളത്. ഞാന്‍ അന്നുരാത്രി വല്ലാതെ മദ്യപിച്ചിരുന്നു. റായ് വിളിച്ചപ്പോള്‍ മെസ്സേജ് കണ്ടപ്പോള്‍ അങ്ങോട്ട് പോയി. പക്ഷെ റായും വല്ലാതെ കുടിച്ചിരുന്നു എന്നാണ് തോന്നിയത്. അതുകൊണ്ടാണ് ഒന്നും ഓര്‍മ്മയില്ലാത്തതും മിലാന് പകരം ഞാനാണ് മുറിയിലെന്നു മനസ്സിലാകഞ്ഞതും എന്നും തോന്നുന്നു. എനിക്കും സത്യത്തില്‍ ഒന്നും ഓര്‍മ്മയില്ലായിരുന്നു.”
തന്‍റെയാണ് തെറ്റെന്നും താന്‍ കാരണമാണ് ഇപ്പോള്‍ നിങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ ഉണ്ടായതെന്നും തനിക്കതില്‍ വല്ലാത്ത വിഷമമുണ്ടെന്നും കാണിച്ചു തനൂജ കരഞ്ഞു.
സ്വയം കുറ്റപ്പെടുത്തിയും മിലാനോടു ക്ഷമ ചോദിച്ചും തനൂജ ചെയ്യുന്നതെല്ലാം നോക്കി ശാരികയും സഞ്ജയും കുറച്ചകലെ നിന്നിരുന്നു.
മിലാന്‍ ഒരക്ഷരവും പറയാതെ അകലേക്കുനോക്കി ഒരേ ഇരിപ്പിരുന്നു. തനൂജ അരികിലേക്ക് വന്നു തറയില്‍ മുട്ടുകുത്തി അവളുടെ കൈകളില്‍ പിടിച്ചു.
“മിലാന്‍, മറ്റേതെങ്കിലും ഹോട്ടലില്‍ നിങ്ങളാരും ഇല്ലാത്ത ഒരിടത്തുവെച്ചു യാദ്രിശ്ചികമായായിരുന്നു ഇതെല്ലാമെങ്കില്‍ ഇങ്ങനെയൊരു എക്സ്പ്ലനേഷന്‍ വേണ്ടി വരികയില്ലായിരുന്നു. ഞാന്‍ കാരണം മിലാനും റായും ഒരുപാട് വിഷമിക്കുന്നു എന്ന അറിവുള്ളതിനാലാണ് ഞാന്‍ ക്ഷമ ചോദിക്കുന്നത്.”
മിലാന്‍ എഴുന്നേറ്റു മുന്നോട്ടു നടന്നു.
“എന്‍റെ സ്ഥാനത്ത് തനൂജയായിരുന്നെങ്കില്‍ എങ്ങനെ കാണുമായിരുന്നു ഈ സീനുകളെല്ലാം?”
തനൂജ നിവര്‍ന്നു. കണ്ണുകളില്‍ ഇപ്പോഴും ദയനീയഭാവം തന്നെ.
“സീ മിസ്സ് തനൂജാ, നിങ്ങള്‍ ബിസിനസ്സില്‍ വളരെ ബ്രില്ല്യന്റാണെന്ന് എനിക്കറിയാം, അതിനാല്‍ നിങ്ങളെ ഒഴിവാക്കി വിദേത് ബിസിനസ് ചെയ്യാന്‍ ആലോചിക്കുമെന്നു എനിക്ക് തോന്നുന്നില്ല, അതിന്റെ ആവശ്യവുമില്ല, പക്ഷെ തനൂജ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വേറെയും ലേഡി ബിസിനസ് പങ്കാളികള്‍ താരാ ഡയമണ്ടിനുണ്ട്. അവരും മേജര്‍ ഷെയര്‍ മുടക്കുന്നവരാണ്. അവരൊന്നും വിദേതിന്റെ ജീവിതത്തില്‍ തനൂജയെപ്പോലെ നിരന്തരം തലവേദന സൃഷ്ടിക്കുന്നില്ല.”
മിലാന്‍ തനൂജയ്ക്കു നേരെ തിരിഞ്ഞു. “ഇത് ആദ്യമായല്ല തനൂജയെ ഞാന്‍ വിദേതുമായി കാണുന്നത്. ഒന്ന് റീവൈന്‍ട് ചെയ്യൂ, കാണുന്നില്ലേ സ്ക്രീനില്‍ ഓരോന്നും?”
മിലാന്റെ സ്വരം ഉയരാന്‍ തുടങ്ങിയിരുന്നു. “എന്‍റെ വിദേത് പെര്‍ഫെക്റ്റ് ആണെന്ന് എനിക്കൊരിക്കലും അഭിപ്രായമില്ല, എല്ലാ ഇംപെര്‍ഫെക്ഷനോടും കൂടിയാണ് ഞാന്‍ വിദേതിനെ സ്നേഹിക്കുന്നത്. അപ്പോള്‍ അയാളെക്കൊണ്ട് വീണ്ടും വീണ്ടും സെയിം പോരായ്മകള്‍ ചെയ്യിച്ചേ അടങ്ങൂ എന്നും അയാളുടെ ജീവിതത്തിൽ കനലുകൾ ആളിക്കണമെന്നും തനൂജയ്ക്ക് എന്താണിത്ര വാശി?”
“നോ....നോ...മിലാന്‍.... മിലാന്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു...” നിഷേധസൂചകമായി തലയാട്ടി തനൂജ മുന്നോട്ടുവന്നു.
“എനിക്ക് യാതൊരു ധാരണയും തനൂജയെക്കുറിച്ചില്ല. ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. സൊ ടെല്‍ മി, തനൂജയാണെങ്കില്‍ ഈ അവസരങ്ങളില്‍ എന്താണ് ചെയ്യുക?”
തന്നെ തറച്ചുനോക്കുന്ന മിലാനെ നോക്കി തനൂജയൊന്നു ചിരിച്ചു.
“ഞാന്‍ ക്ഷമിക്കും, തെറ്റ് പറ്റാത്തവര്‍ ആരാണുള്ളത്?” നിസ്സാരമായി തനൂജയുടെ ചുണ്ടില്‍നിന്നും വാക്കുകള്‍ ഉതിര്‍ന്നുവീണു.
ശാരികയും സഞ്ജയും പരസ്പരം അര്‍ത്ഥവത്തായ ഒരു നോട്ടം കൈമാറി.
“ഒഹ്, വിവാഹിതനാകാന്‍ പോകുന്ന ഒരു പുരുഷന്റെ ജീവിതത്തിലേക്ക് ഇത്തരം ഇടിച്ചുകയറ്റങ്ങള്‍ നടത്തുന്ന നിങ്ങളെക്കുറിച്ച് നിങ്ങളുടെതന്നെ അഭിപ്രായമെന്താണ്?”
തനൂജയുടെ മുഖം വിളറി, പിന്നീടു കവിളുകളിലൂടെ നേരിയ കരുവാളിപ്പ് കയറാന്‍ തുടങ്ങി.
“ശരി, വരൂ തനൂജാ, ചായ കുടിക്കാം.” ശാരിക മുന്നിലേക്ക് നീങ്ങി തനൂജയെ വിളിച്ചു.
പടര്‍ന്നുകൊണ്ടിരുന്ന കരിവാളിപ്പ് നിന്നു. വിറയ്ക്കാന്‍ തുടങ്ങിയിരുന്ന കവിള്‍ത്തടങ്ങള്‍ നിശ്ചലമായി.
“നീയും വരൂ മിലൂ, ഇതെല്ലാം പോട്ടെ, വരൂ, നിങ്ങളിങ്ങനെ പരസപരം വഴക്കും ബഹളവും ഉണ്ടാക്കരുത്. നിങ്ങള്‍ മുതിർന്നവരല്ലേ, പക്വതയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്....” അവസാനഭാഗം തനൂജയുടെ മുഖത്തുനോക്കിയാണ് ശാരിക പൂര്‍ത്തിയാക്കിയത്.
രംഗം ശാന്തമാക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്ന ഭാര്യയെ സഞ്ജയ് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു.
“വേണ്ടാ ആന്റീ, നിങ്ങളുടെ എല്ലാവരുടെയും മുന്നില്‍ ഇങ്ങനെ അപമാനിക്കപ്പെട്ടു നില്‍ക്കേണ്ടി വന്നതിനെക്കുറിച്ച് നിങ്ങളൊന്നു ആലോചിക്കണം, തെറ്റ് എന്റെ ഭാഗത്താണെങ്കില്‍ തിരുത്താൻ എനിക്ക് യാതൊരു മടിയുമില്ല ആന്റീ, അതാണ് ഞാന്‍ വന്നത്. മനസ്സിലാക്കാന്‍ തയ്യാറാണെങ്കില്‍ മിലാനെ മനസ്സിലാക്കിക്കണം.”
തനൂജ യാത്ര പറയാതെ ഇറങ്ങിപ്പോയി.
“നിനക്കെന്തു തോന്നുന്നു?” സഞ്ജയ് ശരികയെ നോക്കി.
“അഭിനയമാണോ?”
“എന്തിന് വേണ്ടി?”
“താന്‍ നിരപരാധിയാണെന്ന് കാണിക്കാന്‍... ദാസില്‍ കമ്പമില്ലെന്നും എന്നാല്‍ അയാളെ പിണക്കിയിട്ട് നഷ്ടങ്ങള്‍ ഉണ്ടാക്കേണ്ടെന്നും മനസ്സിലാക്കിക്കാന്‍....” ശാരിക വിരലുകള്‍ മടക്കി.
“അങ്ങനെ നടിച്ചിട്ടെന്തു കാര്യമെന്ന്?”
“പലതുമുണ്ടല്ലോ, പരസ്പരം കാണേണ്ടവരല്ലേ? തനൂജ പറഞ്ഞ ഒരു കാര്യം ശ്രദ്ധിച്ചോ? മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ നമ്മളാരും ഇതറിയുകപോലും ഇല്ലായിരുന്നു എന്ന്. അവള്‍ക്ക് പുരുഷന്മാര്‍ എല്ലാം പാസിംഗ് ഔട്ട് പാഷന്‍സ് ആണോ... ഈസി ആന്‍ഡ് ക്യാഷ്വലായി എല്ലാം കാണുന്നു.”
“റായ് എന്താണിങ്ങനെയെന്ന് എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല, അയാള്‍ക്ക് സ്ത്രീകള്‍ ഇല്ലാതെ പറ്റില്ലേ? അതും ഇങ്ങനെയൊക്കെ പബ്ലിക് ആയി”
അവര്‍ അങ്ങനെ സംസാരിച്ചുകൊണ്ടേയിരുന്നു.
മുറിയിലേക്ക് കയറിയ മിലാന്‍ ഫോണ്‍ എടുത്തു ദാസിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ഒറ്ററിങ്ങില്‍ ദാസ് ഫോണ്‍ എടുത്തു.
“മിലാന്‍.....” നനഞ്ഞു അടഞ്ഞുപോയ സ്വരം കേട്ട് മിലാന്‍ സ്വന്തം സ്വരത്തെ കഴുകിത്തുടച്ചു.
“തനൂജ ഇവിടെ വന്നിരുന്നു. പറഞ്ഞയച്ചതുപോലെ എല്ലാം വന്നു പറഞ്ഞിട്ടുപോയി. ഞാനും എല്ലാം വിശ്വസിച്ചു.”
“തനൂജ?”
“അതെ, സെയിം തനൂജ, ഇനി അതും അറിയില്ലെന്ന് പറയുമോ? ദയവു ചെയ്തു നുണകളുടെ കൂമ്പാരം കൊണ്ട് എന്റെ മുന്നില്‍ ഒന്നും കെട്ടിപ്പടുക്കേണ്ടതില്ല. വിദേത് ആരെന്ന് മുന്‍പേ അറിയാമെനിക്ക്, എങ്കിലും ഏതൊരു സ്ത്രീക്കും ഉണ്ടാകുന്ന പുരുഷനോടുള്ള വിശ്വാസം എന്നിലും ഉണ്ടായിരുന്നു..
വളരെ നേര്‍ത്ത തിരശ്ശീലകൊണ്ട് ഉണ്ടാക്കിയതെങ്കിലും നിങ്ങളെക്കുറിച്ചും ഞാന്‍ ഒരുമിച്ചുള്ള നിമിഷങ്ങള്‍ നെയ്തിരുന്നു. മുന്പെയുള്ളതെല്ലാം ഞാന്‍ മായിച്ചുകളഞ്ഞതാണ്. വീണ്ടും വീണ്ടും അതുതന്നെ ചെയ്യുമ്പോള്‍ നിലനിൽക്കാൻ എനിക്കു കഴിയുന്നില്ല വിദേത്, ഞാന്‍ അപഹാസ്യയാകുന്നു.” മിലാന്‍ ഒരു നിമിഷം ശ്വാസമെടുക്കാന്‍ നിറുത്തി.
“മിലാന്‍....ഞാന്‍....” അടഞ്ഞ സ്വരം വീണ്ടും നേര്ത്തിരുന്നു. “അതൊന്നും സത്യമല്ലായിരുന്നു മിലാന്‍...”
“പ്ലീസ് വിദേത്, സത്യത്തെക്കുറിച്ചും നുണകളെക്കുറിച്ചും പറയേണ്ടിവരുന്നത് എന്തുകൊണ്ടാണ്? സുതാര്യമല്ലാത്ത ജീവിതമാകുമ്പോഴാണ് മനുഷ്യര്‍ക്ക് ലൂപ്ഹോള്‍സ് തിരയേണ്ടിവരുന്നത്. എന്റെ മാതാപിതാക്കളുടെ മുന്നില്‍ എന്തുമാത്രം ഞാന്‍ നാണംകെട്ടുപോയെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ക്കുവേണ്ടി ഓരോ നിമിഷവും വീട്ടുകാരോടും സമൂഹത്തോടും യുദ്ധം ചെയ്യുകയായിരുന്നു ഞാന്‍. ഇപ്പോള്‍ ആ യുദ്ധം എന്നോടുതന്നെയായി.
ഓരോ വട്ടവും ഇങ്ങനെ ഓരോ കാര്യങ്ങളില്‍ അപമാനിക്കപ്പെട്ടും തലകുനിച്ചും അവരുടെയൊക്കെ സഹതാപമേറ്റു ലജ്ജയോടെ താഴ്ന്ന കണ്ണുകളോടെ നില്‍ക്കുന്ന എന്നെ ഒരിക്കലെങ്കിലും വിദേത് സങ്കല്പ്പിച്ച് നോക്കിയിട്ടുണ്ടോ?”
ദാസ് കണ്ണുകളടച്ചു മുഷ്ടിചുരുട്ടി അനങ്ങാതെയിരുന്നു. അയാള്‍ക്കത് മനസ്സിലാവുമായിരുന്നു.
“വിദേത് അങ്ങനെയല്ല, വിദേത് അതല്ല ഇതല്ല എന്ന് നിരന്തരം തെളിയിക്കേണ്ട ബാധ്യതയാണ് എനിക്കീ ബന്ധം; അറിയാമോ?”
“ഓരോ വട്ടവും ബിസിനസ് മീറ്റിങ്ങുകളിലും യാത്രകളിലും പുറംരാജ്യത്തെ ഹോട്ടല്‍ മുറികളിലും നിങ്ങളുണ്ടാവുമ്പോള്‍ നെഞ്ചില്‍ വേവാണ്. അത് നിങ്ങളുടെ ശാരിരികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കൂടെ ആളുണ്ടാവുമോ എന്നോര്‍ത്തല്ല, എനിക്ക് നാണം കെടേണ്ട വല്ലതും ആളുകളുടെ മുന്നില്‍ വെളിപ്പെടുമോ എന്നോര്‍ത്തിട്ടാണ്. എന്നോട് കാണിക്കേണ്ട ജീവിതവും വിശ്വാസവും പുല്ലുവിലയാണ് നിങ്ങള്‍ക്കെന്നു എങ്ങനെ ഞാന്‍ മറ്റുള്ളവരോട് പറയും?”
അയാള്‍ കൈകളില്‍ തല താങ്ങി.
നേര്‍ത്തുമെലിഞ്ഞ ആ പെണ്‍കുട്ടി തന്റെ പേര് പറയുന്നിടതൊക്കെ ചൂളിച്ചുരുങ്ങി നില്‍ക്കുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു.
നിന്നോട് മുന്‍പേ പറഞ്ഞതല്ലേ പലവട്ടം വിവഹം കഴിച്ച അയാളെ വേണ്ടേ വേണ്ടെന്ന്...
പറഞ്ഞിട്ടില്ലേ അയാള്‍ക്ക് മകളുണ്ടെന്ന്.... ബന്ധങ്ങള്‍ അയാള്‍ക്ക് വിലയില്ലാത്ത പൊട്ടക്കല്ലുകളാണെന്ന്....
അറിയില്ലേ അയാള്‍ വൃദ്ധനാണെന്ന്.... ഒരുമിച്ചുള്ള കാലങ്ങള്‍ കുറവായിരിക്കുമെന്ന്....
കാണുന്നില്ലേ അയാളുടെ കിടപ്പറയിലേക്ക് സ്ത്രീകളുടെ മാര്‍ച്ച്... അറിയുന്നില്ലേ നീ.....
ചോദ്യങ്ങളില്‍ കണ്ണും കരളും തുടുത്തു വിവശതയോടെ നില്‍ക്കുന്ന തന്റെ പെണ്‍കുട്ടി.....
“എന്നിട്ടും ഞാന്‍ എന്തുമാത്രം നിങ്ങളെ വിശ്വസിച്ചു....” വീണ്ടും അവളുടെ ശബ്ദം....
“മിലാന്‍...പ്ലീസ്.... നീ ഇങ്ങനെ വിഷമിക്കല്ലേ, മറ്റുള്ളവര്‍ പറയുന്ന ആളല്ല ഞാനെന്നു നിനക്കറിയാമല്ലോ, നിനക്കു മാത്രമേ ഞാനാരെന്ന് വ്യക്തമായി അറിയൂ മിലാന്‍...”യാചനയോ അപേക്ഷയോ കൂടിക്കലർന്ന ആ വാക്കുകൾ
മിലാന്‍ കേട്ടതായി തോന്നിയില്ല.
“ഇനി തനൂജയെപ്പോലെ ഒരാളെ ഒഴിവാക്കാന്‍ വയ്യെന്ന് തോന്നുന്നു എങ്കില്‍ അവള്‍ നിങ്ങൾക്ക് അത്രയും കംഫര്ട്ട് തരുന്നു എങ്കില്‍, പണം കൊണ്ടും സ്റ്റാറ്റസ് കൊണ്ടും താങ്ങാന്‍ എന്നേക്കാള്‍ കെല്പ് അവള്‍ക്കുണ്ടെന്ന് പൂര്‍ണ്ണമായും ബോധ്യമുണ്ടെങ്കില്‍--- ഇത്രയൊക്കെ ഞാന്‍ പറഞ്ഞിട്ടും അവളെ ഒഴിവാക്കാത്തതില്‍നിന്നും ഞാന്‍ അങ്ങനെതന്നെ മനസ്സിലാക്കുന്നു--- ഒഴിഞ്ഞുപോകാന്‍ ഞാന്‍ തയ്യാറാണ്. സന്തോഷത്തോടെ...”
രണ്ട്മൂന്നു നിമിഷത്തേക്ക് അപ്പുറത്തുനിന്നും ശ്വാസംപോലും കേട്ടില്ല.
കരിങ്കല്‍മലകള്‍ക്കുള്ളില്‍ സ്ഫോടനമുണ്ടായത് പുറത്തെത്താന്‍ സമയമെടുത്തു. മാത്രകള്‍, നിമിഷങ്ങള്‍..... വളരെ ദൂരെനിന്നും അവളുടെ സ്വരം അയാളുടെ കാതുകളിലേക്ക് വീണ്ടും എത്തി.
“എപ്പോഴും സ്ത്രീജിതനായ ഒരാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ലല്ലോ ആര്‍ക്കും, ഞാനായിരുന്നെങ്കില്‍ വിദേത് ക്ഷമയുടെ ഒരു ചാന്‍സുപോലും നല്കുമായിരുന്നോ? ഇത്തരം കാര്യങ്ങള്‍ക്ക് രംഗമൊരുക്കുമ്പോള്‍ എപ്പോഴെങ്കിലും നമ്മള്‍ ഒരുമിച്ചു കഴിഞ്ഞ നിമിഷങ്ങള്‍ വിദേത് ഓര്‍ത്തുവോ...? ഒരിക്കലെങ്കിലും.... നമ്മുടെ ഇന്റിമേറ്റ് നിമിഷങ്ങള്‍..?” മിലാന്റെ ഒച്ച പതറി. ഒരു ഏങ്ങൽ തിക്കുമുട്ടിച്ചു വാക്കുകളെ ഞെരിച്ചുടച്ചുകളഞ്ഞു.
തന്‍റെ ഓഫീസ്മുറിയുടെ ചില്ലുഭിത്തികളില്‍ പോലും മിലാന്റെ തേങ്ങല്‍ചീളുകള്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നത് ദാസ് കണ്ടു.
എങ്ങനെയാണ് തന്റെ നിരപരാധിത്വം മനസ്സിലാക്കിക്കുക?
“നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങള്‍ വിളിച്ചു കയറ്റുന്ന ഓരോ സ്ത്രീയും എന്റെ മുന്നില്‍വന്നു കരഞ്ഞു കാലുപിടിക്കുന്നു. ഞങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം തകരല്ലേ എന്ന് യാചിക്കുന്നു. ജീവിതത്തിലൊരിക്കല്‍ ഇത്തരം സഹാസങ്ങളിലൂടെ കടന്നുപോകുന്നവര്‍ ഉണ്ടാകാം. എന്നാലിവിടെ നിരന്തരം ഓരോ സ്ത്രീകളുടെ കുമ്പസാരം ഞാന്‍ കേള്‍ക്കണമെന്ന് വന്നാല്‍? വിദേത് തന്നെ പറയാറുള്ള മോഹങ്ങളോടുള്ള ‘ജസ്റ്റ് ക്യൂരിയോസിറ്റി’ക്ക് വേണ്ടി ഞാന്‍ എന്റെ ജീവിതം ഒരു കുമ്പസാരക്കൂടാക്കിമാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.”
“എത്ര സ്ത്രീകളാണ് ഇതിനു മുന്‍പേ നിന്നരികില്‍ വന്നു എന്റെ തെറ്റുകള്‍ കുമ്പസരിച്ചത്?” അല്പം രൂക്ഷമായിരുന്നു ദാസിന്റെ സ്വരം.
“തനൂജ എന്നെ വെട്ടിലാക്കാന്‍ വഴികള്‍ തേടുന്നവളാണെന്നു നിനക്കറിയാം, ഞാന്‍ പറഞ്ഞല്ലോ അന്നത്തെ രാത്രി എനിക്കു ചതി പറ്റിയതാണെന്ന്. നീ ചിന്തിക്കുന്നില്ല ഞാന്‍ പറയുന്നതിന്റെ വ്യാപ്തി.”
“എങ്ങനെയാണ് ഇത്രയും സെക്യൂരിറ്റിയുള്ള ആ മുറിയിലേക്ക് അനുവാദമില്ലാതെ തനൂജ വരുന്നത്? അവള്‍ക്ക് പരിചയമുണ്ടെന്നുതന്നെയിരിക്കട്ടെ; മറ്റൊരു സ്ത്രീയും ഇതുപോലെ മെനെക്കെട്ടാല്‍ ആ മുറിയില്‍ എത്തുമല്ലോ, അപ്പോള്‍ എന്താണ് വിദേതിന്‍റെ സുരക്ഷ? അല്ലെങ്കില്‍ ഈ സുരക്ഷകളുടെയൊക്കെ അപ്പുറത്ത് അവള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നല്ലേ അതിനര്‍ത്ഥം?”
“സ്വാതന്ത്ര്യമല്ല, സ്വാധീനം...”
“എനിക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ട് വിദേത്.... ലോജിക് ഉള്ള നുണകളും സന്ദര്ഭങ്ങളും ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. എന്നെ വിളിക്കേണ്ട. പറഞ്ഞല്ലോ എനിക്കല്‍പ്പം സമയം വേണം, എന്നെത്തന്നെ ആശ്വസിപ്പിക്കാന്‍. അതുകൊണ്ട് ഞാന്‍ വിളിച്ചോളാം അങ്ങോട്ട്.”
“മിലാന്‍.... നീ എന്നെയിങ്ങനെ....” ദാസ് പൂര്‍ത്തിയാക്കും മുന്നേ ഫോണ്‍ കട്ടായിരുന്നു.
മിലാന്‍ തന്റെ കവിളുകള്‍ തുടച്ചു. പല ദിവസങ്ങളായി അവള്‍ പുറത്തിറങ്ങിയിട്ടില്ല. മെയിലുകളും കത്തുകളും സന്ദേശങ്ങളും മറുപടികാത്തു വലിയ കൂമ്പാരമായി കിടക്കുന്നു.
ഇങ്ങനെ നിസ്സഹായയായിപ്പോയ നിമിഷങ്ങള്‍ ഉണ്ടായിട്ടേയില്ല എന്ന് മിലാന്‍ ഓര്‍ത്തു. എന്തൊക്കെയാണ് നടക്കുന്നത് ജീവിതത്തില്‍...
പലവട്ടം തന്നെ വിളിച്ച താരാദേവിയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. തിരിച്ചുവിളിച്ചേക്കാം. ഫോണ്‍ അപ്പുറത്ത് അടിക്കുമ്പോള്‍ മിലാന്റെ ഹൃദയവും നിറുത്താതെ മിടിച്ചു.
“മോളെ.....” ഏതോ വലിയ കോട്ടയ്ക്കുള്ളില്‍നിന്നും പ്രതിദ്ധ്വനിച്ചുവരുന്ന പോലെ അവരുടെ ശബ്ദം അവളുടെ കാതിലെത്തി.
“അമ്മേ.....”
“നിനക്ക് സുഖാണോ മോളെ.....”
“അമ്മ പറയ്..... എന്തൊക്കെയാണ്....”
“വിദേത് അറിഞ്ഞുകൊണ്ട് അകപ്പെട്ടതല്ല മോളെ.... അവനെ അവള്‍ ചതിച്ചതാണ്.”
“അമ്മയ്ക്ക് എങ്ങനെ അറിയാം...?”
“വിദേത് നുണ പറയാറില്ല മിലാന്‍, എന്നോട് ഒരിക്കലും അവന്‍ നുണ പറഞ്ഞിട്ടില്ല.”
മിലാന്‍ പതുക്കെ ചിരിച്ചു. ഈ അമ്മ എത്ര പാവമാണ്.
“തനൂജ കരുതിക്കൂട്ടി ഉണ്ടാക്കിയ രംഗമാണ്. എന്തിനെന്ന് നമ്മള്‍ കണ്ടുപിടിക്കണം. നീയവനെ വിശ്വസിക്കണം.”
“വിശ്വസിക്കാം അമ്മേ, പക്ഷെ ഇനിയിങ്ങനെ ഉണ്ടാകില്ല എന്നു അമ്മയ്ക്ക് ഉറപ്പുണ്ടോ...?”
“ഉണ്ട്, എനിക്കുറപ്പുണ്ട്; ഉണ്ടാകില്ല, നിന്നെ അവന് ജീവനാണ് മോളെ.... അവന്‍ തകര്‍ന്നുപോകുന്നത് കണ്ട് മരിക്കാനാണോ എന്റെ വിധി?”
“ഇല്ലമ്മേ, അമ്മ പറയുന്നത് ശരിയെങ്കില്‍ അമ്മയുടെ മകനെ ഞാന്‍ അവിശ്വസിക്കില്ല, എന്റെ കണ്ണുകളില്‍ കണ്ടതിനേയും വഞ്ചിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷേ ആ വിശ്വാസം നിലനിര്‍ത്താന്‍ അമ്മയുടെ മകന്‍ ബാധ്യസ്ഥനാണ്. അതമ്മ മറക്കേണ്ട.”
അപ്പുറത്ത് താരാദേവി അനങ്ങാതെ നിന്നു.
“മിലാന്‍ പ്രണോതിയുടെ ജീവിതത്തിന്റെ ക്യാമറാഫോക്കസ്സില്‍ ആദ്യമായി മനസ്സ് കൊടുത്ത പുരുഷനാണ് വിദേത്. കൈയ്യില്‍ കിട്ടിയ കല്ലിന്‍റെ മൂല്യം ഉരച്ചുനോക്കാതെ കണ്ടെത്താന്‍ കഴിവുള്ളവനാണ് ഈ വ്യാപാരിയെങ്കില്‍ മിലാന്‍ എന്നും ആ കൈവെള്ളയില്‍ ഉണ്ടാകും. ഇത് മിലാന്‍റെ വാക്കാണ്."
അന്നുരാത്രി തന്‍റെ വീടിന്‍റെ ഗേറ്റില്‍ നിറുത്താതെ ഹോണ്‍ മുഴങ്ങുന്നത് കേട്ട് സഞ്ജയ് പ്രണോതി ഉറക്കത്തില്‍ നിന്നുണര്‍ന്നു. അയാള്‍ ലൈറ്റിട്ടു വാച്ച് നോക്കി. സമയം രണ്ടരമണി കഴിയുന്നു.
മുകളില്‍നിന്നുതാഴേക്ക് നോക്കിയപ്പോള്‍ സെക്യൂരിറ്റി ഗേറ്റ് തുറക്കുന്നതാണ് കണ്ടത്. ആര്‍ക്കാണിയാള്‍ നട്ടപ്പാതിരാക്ക് അകത്തേക്ക് വരാനുള്ള പെര്‍മിഷന്‍ കൊടുക്കുന്നത്?”
ഡ്രൈവിംഗ് സീറ്റില്‍നിന്നിറങ്ങുന്ന റായ് വിദേതന്‍ദാസിനെ കണ്ടു അയാള്‍ അമ്പരന്നു. തന്‍റെ കണ്ണട ഒന്നുകൂടി ശരിയാക്കി സഞ്ജയ് തിരിഞ്ഞോടി. ഉറങ്ങുന്ന ശാരികയുടെ തോളില്‍ രണ്ടുമൂന്നു തട്ട് തട്ടിയാണ് സഞ്ജയ് സ്റ്റയര്‍കേസ് ഓടിയിറങ്ങിയത്.
ദാസ് പൂമുഖത്തേക്ക് കയറിക്കഴിഞ്ഞിരുന്നു. തുറന്ന വാതിലിനുമുന്നില്‍ അയാളുടെ ചുവന്ന കണ്ണുകള്‍ അകത്തേക്കു പാഞ്ഞു.
“മിലാനെ വിളിക്ക്..... ഞാന്‍ വന്നിട്ടുണ്ടെന്ന് പറ.... വിളിക്ക്....
എന്തൊക്കെയായാലും ആ നിമിഷം സഞ്ജയ്‌പ്രണോതിക്ക് വിസ്മയത്തിന്‍റെ നിമിഷം തന്നെയായിരുന്നു.
*******
പാതിരാവില്‍ കയറിവന്നു തന്നോട് വാദിക്കുന്ന വിദേതിനോട് ചില സമയത്തു അരിശവും പലപ്പോഴും ദേഷ്യവും എപ്പോഴൊക്കെയോ അയാളുടെ നിസ്സഹായതയില്‍ അലിവും തോന്നി മിലാന്‍ മിണ്ടാതെ വാക്കുകളെ കാതുകളിലേക്കു ഒഴുക്കിവിട്ടുകൊണ്ടിരുന്നു.
“ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല എങ്ങനെ ഞാന്‍ ഉറങ്ങിപ്പോയെന്ന്, ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നതെല്ലാം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എങ്കിലും മിലാന്‍ നിന്നോട് എനിക്കൊരു ചോദ്യമുണ്ട്, ആ വാതിലില്‍ നിനക്ക് തട്ടിവിളിക്കാമായിരുന്നു, ഞാന്‍ അബോധത്തിന്റെയോ ബോധത്തിന്റെയോ ഏതോ നൂല്‍പ്പാലത്തിലൂടെ ആ രാത്രി സഞ്ചരിക്കുകയായിരുന്നു, നീയത് അറിഞ്ഞില്ലല്ലോ...”
മിലാന്‍ ഒന്നു കണ്ണടച്ച് തുറന്നു.
അത്രയും ചിന്തിക്കാതെ താന്‍.... പക്ഷെ എങ്ങനെ അവിടൊരു സീന്‍ ഉണ്ടാക്കും?”
“നീ ഇങ്ങനെത്തന്നെ ചിന്തിക്കുമെന്ന് തനൂജയ്ക്ക് അറിയാമായിരുന്നു,” അവളുടെ മനസ്സു വായിച്ചിട്ടെന്നപോലെ ദാസ് തുടര്‍ന്നു. “നീ മാത്രമല്ല, എന്നെ അറിയുന്ന ആരും ആ വാതിലില്‍ തട്ടാന്‍ ശ്രമിക്കുകയില്ല എന്നറിയുന്ന തനൂജ വളരെ തന്ത്രപൂര്‍വ്വം നിമിഷങ്ങളെ വരുതിയിലാക്കി.
ഇങ്ങനെയൊരു അവസ്ഥയില്‍ എപ്പോഴും എവിടെവെച്ചും എനിക്കപകടം ഉണ്ടാകാം എന്ന് ഞാന്‍ തിരിച്ചറിയുന്നു.”
മിലാന്‍ ഞെട്ടലോടെ മുഖമുയര്‍ത്തി. അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ദാസ് തലകുലുക്കി. “അതേ..., അതാണ് ഇതിനെല്ലാം അര്‍ഥം.”
മിലാന്‍ എഴുന്നേറ്റു അയാളുടെ അരികിലേക്കുവന്നു ആ തലമുടിയില്‍ തൊട്ടു. “വിദേത് ഇപ്പോള്‍ ഉറങ്ങൂ, നേരം പുലര്‍ന്നു. ടേക്ക് റെസ്റ്റ്, നമുക്കു പിന്നീട് വിശദമായി സംസാരിക്കാം.”
“ഇല്ല, എനിക്ക് പോണം” അയാള്‍ എഴുന്നേറ്റു.
മിലാന്‍ മനസ്സിലാവാത്ത മട്ടില്‍ അയാളെ നോക്കി. “മുംബൈയില്‍ ഉണ്ടായിരുന്നോ ഈ പകല്‍? എവിടെനിന്നാണ് വരുന്നത്?”
“ഉണ്ടായിരുന്നു, ഒരു ബിസിനസ് ഡീല്‍ ഉണ്ട്, താരയുടെ പ്രോഡക്റ്റ് കയറ്റി അയച്ച കപ്പല്‍ രണ്ടു ദിവസം മുന്‍പ് മൌറീഷ്യസില്‍ എത്തേണ്ടതാണ്. അല്പം താമസിച്ചെങ്കിലും രാത്രിയില്‍ എത്തിയിട്ടുണ്ട്, അവരുമായി ഇന്നു ചര്‍ച്ചയുണ്ട്.”
“താരാ ഗ്രൂപ്പിന്‍റെ പ്രോഡക്റ്റ് എന്ന് പറയുമ്പോള്‍ വജ്രമല്ലേ?”
“യെസ്, ഒഫ്കോഴ്സ്.
“എന്തെങ്കിലും പ്രോബ്ലം ഉണ്ടോ വിദേത്...” മിലാന്‍ സംശയത്തോടെ വീണ്ടും നോക്കി.
“ഏയ്, മീറ്റിംഗ് ആന്‍ഡ് കോണ്‍ഫറന്‍സ് ധാരാളം. അടുത്ത മീറ്റിംഗിനുമുന്‍പേ നിന്നെ കാണേണ്ടത് അത്യാവശ്യമായിരുന്നു, എനിക്ക് എന്റെ ജീവിതം തന്നെയാണ് പ്രധാനമെന്ന് എന്നോടുതന്നെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. അതാണ് വന്നത്. പോട്ടെ?”
മിലാന്‍ മിണ്ടാതെ നിന്നു. ഞാണിന്മേല്‍ക്കളിയായിരിക്കുന്നു ജീവിതം. വല്ലാത്ത അനിശ്ചിതാവസ്ഥ അനുഭവപ്പെടുന്നു.
ദാസ് അരികിലേക്കു വന്നു മിലാന്‍റെ കൈകള്‍ പിടിച്ചു. ശേഷം അയാള്‍ അവളെ ഗാഢമായി പുണര്‍ന്നു. “നീ എനിക്ക് എന്നേക്കാള്‍ വളരെ വളരെ പ്രിയപ്പെട്ടതാണ് മിലാന്‍; അത് നിനക്കും ബോധ്യമാവുന്ന സമയത്തേ എന്‍റെ സ്നേഹത്തില്‍ നിനക്ക് വിശ്വാസം വരൂ, അങ്ങനെയൊരു ദിവസം വരാന്‍ ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.”
മുന്നോട്ടുനടന്ന ദാസ് തിരിഞ്ഞുനിന്നു. “ഞാന്‍ മുന്‍പേ പറഞ്ഞിട്ടുണ്ട്, നമ്മള്‍ കാണുന്നതല്ല ശരിയായ സൂര്യന്‍ എന്ന്, സൂര്യന്‍ എന്തെങ്കിലും മോഹിച്ചാണോ ഭൂമിയെ സ്നേഹിക്കുന്നത്? തന്റെ പ്രകാശംകൊണ്ട് പുല്‍നാമ്പുകള്‍ മുള പൊട്ടുന്നത് കാണുമ്പോഴുള്ള സന്തോഷം ലഭിക്കാനാണ് സൂര്യന്‍ രാവന്തിയോളം കഠിനാദ്ധ്വാനം ചെയ്യുന്നത്. അതുപോലെ നിന്നെ കണ്ടതുമുതല്‍ നിന്റെ സന്തോഷമാണ് എന്റെ ലക്ഷ്യമായി ഞാന്‍ കണ്ടിട്ടുള്ളത്. ഒരു ലാഭവും മോഹിക്കുന്നില്ലെന്നു മാത്രമല്ല നീയെന്നെ തള്ളിപ്പറഞ്ഞാല്‍പ്പോലും എനിക്കുനിന്നെ വെറുക്കാനോ ഉപേക്ഷിക്കാനോ കഴിയുകയും ഇല്ല. ഞാനെന്‍റെ സ്നേഹത്തെ മഹത്വവല്ക്കരിച്ചതല്ല എന്നുകൂടി പറയട്ടെ.” അയാളൊന്നു നിറുത്തിയിട്ട് തുടര്‍ന്നു.
“അതാണ് ഈ പാതിരാത്രിയില്‍ നിന്‍റെ മുന്നില്‍ ഞാനിങ്ങനെ വന്നുനിന്നത്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള റായ് വിദേതന്‍ ദാസ് എവിടേയും താഴുന്നവനോ തലകുനിക്കുന്നവനോ അല്ലായിരുന്നു.”
വാതില്‍ക്കല്‍നിന്ന ശാരികയെ മറികടന്നു ദാസ് നടന്നു. സഞ്ജയ് മുന്നിലേക്ക് വന്നു. “അല്ല, ഈ നേരത്ത് പോകണോ? ഫ്രഷ് ആയി രാവിലെ പോയാല്‍ പോരെ...”
“അല്ല, പോയിട്ട് അത്യാവശ്യമുണ്ട്. തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് തിരക്കില്‍നിന്നും മോചനമില്ല.”
“എന്തെങ്കിലും കഴിക്കണോ...”
“നോ.... ഞാന്‍ ഇറങ്ങട്ടെ, നിങ്ങളുടെയെല്ലാം ഉറക്കം കളഞ്ഞതില്‍ എക്സ്ട്രീമിലി സോറി.”
“ഛെ.... എന്താണിത് റായ് ഫോർമാലിറ്റികള്‍....”
സഞ്ജയ്, ദാസിനെ കാറിനടുത്തുവരെ അനുഗമിച്ചു. “മിത്രമോള്‍ അന്നു ഹോട്ടലില്‍ ഉണ്ടായിരുന്നല്ലോ, അവള്‍ പലവട്ടം വിളിച്ചിരുന്നു, മിലാന്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ഞാനാണ് അറ്റന്‍ഡ് ചെയ്തത്, അവള്‍ക്കു വല്ലതും അറിയാമോ?” സഞ്ജയ് ചോദിച്ചു.
“ഇല്ല, ഞാനോ അമ്മയോ ഒന്നും പറഞ്ഞിട്ടില്ല”
“എന്നാല്‍ അതങ്ങനെയിരിക്കട്ടെ.... കൂടുതലായി ഒന്നും അറിയിക്കേണ്ട, അല്ലെങ്കിലും ഇതെല്ലാം ഇങ്ങനെ പോകട്ടെ...”
“ഉം.....” ദാസ് തലകുലുക്കി. എന്തോ ഓര്‍ത്തുകൊണ്ട് അയാള്‍ സഞ്ജയിന് നേരെ തിരിഞ്ഞു.
“സഞ്ജയ്‌ജീ മുന്‍പ് പത്രപ്രവര്‍ത്തനം നടത്തിയിരുന്നില്ലേ?”
“അതേ... എന്തേ? ”
“എനിക്കു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഈ വീക്കില്‍ പ്രധാനപ്പെട്ട തിരക്കുകളും മീറ്റിംഗുകളും കഴിഞ്ഞാല്‍ നമുക്കൊന്ന് ഇരിക്കണം, സന്ജയ്ജീ ഡല്‍ഹിയിലേക്ക് വരുമല്ലോ...”
“ഒഹ്....ഷുവര്‍...”
ദാസ് യാത്ര പറഞ്ഞു കാറില്‍ കയറി. അയാള്‍ തിരിഞ്ഞുനോക്കി മിലാനുനേരെ കൈ വീശി. പണ്ട് ശാന്തിനികേതനില്‍, മിലന്റെയും കരോലിന്റെയും ബ്യൂട്ടികൊണ്ടസ്റ്റന്റ്റ് മത്സരത്തിനു വന്നപ്പോള്‍ കൊല്‍ക്കത്ത തെരുവില്‍നിന്നും താന്‍ വാങ്ങിക്കൊടുത്ത കൂറ്റന്‍ പാവയുമായി ആ മുറ്റത്തിറങ്ങിനിന്നു കൈവീശിയ മിലാനെ അയാള്‍ ഓര്‍മ്മിച്ചു.
അവള്‍.... അവള്‍ അകന്നുപോയോ തന്നില്‍നിന്നും....
താന്‍ അറിയാതെയാണെങ്കിലും അവളെ അകറ്റിയോ....അതോ ചുറ്റും അലയടിക്കുന്ന കൊടുങ്കാറ്റും ചുഴിയും അവളെ തന്നരികില്‍നിന്നും ദൂരേക്ക് ദൂരേക്ക് എടുത്തെറിഞ്ഞുവോ...
മിലാനും ഓര്‍ക്കുകയായിരുന്നു, താന്‍ കണ്ട വിചിത്രമായ സ്വപനത്തെക്കുറിച്ച്... തന്റെ വായിലേക്ക് വിഷം നിറഞ്ഞ എന്തോ കോരിത്തരുന്ന മുടിയില്ലാത്ത, മുഖത്ത് കണ്ണുകളുടെ സ്ഥാനത്ത് വലിയ കുഴികളുള്ള ദാസിന്‍റെ വിചിത്രമായ മുഖം!
പിന്നീടാ ഓര്‍മ്മകള്‍ മാറിമറിഞ്ഞു. വിദേതിന്റെ കൂടെ രഹസ്യങ്ങള്‍ ഉറങ്ങുന്ന അയാളുടെ സീക്രട്ട്മുറിയിലേക്ക് കയറിപ്പോയത് അവള്‍ ഓര്‍ത്തു. എത്ര സന്തോഷവതിയായിരുന്നു താനന്ന്.... സന്തോഷം നിറഞ്ഞ നിമിഷങ്ങളില്‍ കാളിമ പതുക്കെ അരിച്ചരിച്ചു കയറുന്നു...
അസമയത്തു തന്‍റെ വീട്ടിലേക്കു കയറിവന്നു സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ദാസില്‍നിന്നും കുറേയെറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് സഞ്ജയിനു തോന്നി. അയാള്‍ ഇങ്ങനെയൊരു വിട്ടുവീഴ്ചയ്ക്ക് മുന്‍പ് തയ്യാറായിരുന്നെങ്കില്‍ മേനക പിരിഞ്ഞുപോകുമായിരുന്നോ.... മിത്രയുടെ അമ്മയും അച്ഛനും ഇപ്പോഴും ഒരുമിച്ചുണ്ടാകുമായിരുന്നു. അമേരിയ്ക്കയില്‍നിന്നും രണ്ടാം വിവഹം കഴിച്ച റോസ്‌ലിന്‍ വഴിപിരിയുമായിരുന്നോ?
ദാസ് എന്ന ബിസിനസ്മാന്‍റെ ജീവിതത്തില്‍ എന്തൊക്കെയോ പ്രഹേളികകള്‍ ഉണ്ട്. അതിലുപരി അയാളുടെ സ്വഭാവം ആര്‍ക്കും ഊഹിക്കാന്‍ പറ്റുന്നതും അല്ല.
സഞ്ജയ് മകളെ നോക്കി. മിലാന്‍ പുറത്തുതന്നെ നില്‍ക്കുന്നു. “സാരമില്ല മിലൂ, നീ ഉറങ്ങാന്‍ നോക്ക്”
“ഉം.... അല്പം കഴിയട്ടെ അച്ഛാ,” മിലാന്‍ മുന്‍വശത്തു കിടന്ന ആടുന്ന ചൂരല്‍കസേരയിലേക്കു കയറിയിരുന്നു.
ദാസ് പറഞ്ഞ ചില വാക്യങ്ങള്‍ അവളുടെ മനസ്സിനെ ഉലച്ചിരുന്നു. ഞാന്‍ ആ മുറിയില്‍ ബോധത്തിനും അബോധത്തിനും ഇടയിലൂടെ പോകുമ്പോള്‍ നീ അപ്പുറത്തുണ്ടായിരുന്നില്ലേ മിലാന്‍...
അതേ.... സംശയം പത്തിവിരിച്ചാടിയ തലച്ചോറുമായി താന്‍ ആ മുറിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു. അവള്‍.... ആ തനൂജയെന്ന വിഷസര്‍പ്പം തന്‍റെ വിദേതിനെ വരിഞ്ഞുമുറുക്കുമ്പോള്‍ താന്‍ ഒരു വാതിലിന്റെയും ചുമരിന്റെയും തടസ്സത്തിനിപ്പുറം വെറുതെ നോക്കിനിന്നു..... തന്നെ അവള്‍ അങ്ങനെ നിസ്സഹായയാക്കി കാവല്‍ നിറുത്തിച്ചു.....
വിദേതിന് ആ രാത്രിയില്‍ എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍.....
ആ ഓര്‍മ്മയില്‍ത്തന്നെ മിലാന് നടുക്കമുണ്ടായി...
ഉദിക്കാന്‍ ഒരുങ്ങുന്ന സൂര്യന്റെ സ്ഫുടം ചെയ്ത രശ്മികള്‍ ആകാശക്കവിളില്‍ നേര്‍ത്ത ചുവപ്പുഞരമ്പുകളോടെ പടരുന്നതുനോക്കി മിലാന്‍ ആലോചനയോടെ ഇരുന്നു.
തിരികെപോയ ദാസിന് അരമണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കിട്ടിയുള്ളൂ, എങ്കിലും ആ അരമണിക്കൂര്‍ അയാള്‍ ഗാഢമായിത്തന്നെ ഉറങ്ങി. വളരെ ദിവസങ്ങളായി അലട്ടിയിരുന്ന തലയുടേയും ഹൃദയത്തിന്റേയും കണ്ണുകളുടേയും ഭാരം മിലാന്‍ അയാളെ കേള്‍ക്കാന്‍ നിന്ന നിമിഷത്തില്‍ തന്നെ ഒഴിഞ്ഞുപോയിരുന്നു.
മൌറീഷ്യസിലെ കാര്‍ബണ്‍ ഡോപ്ലര്‍ കമ്പനിയാണ് പത്തുവര്‍ഷത്തോളമായി താരാ കമ്പനിയുടെ വജ്രത്തിന്റെ പ്യൂരിറ്റി ചെക്ക് ചെയ്യുന്നത്. വജ്രത്തരികളിലെ കാര്‍ബണിന്റെ മൂല്യം കണക്കാക്കി ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തു വില നിശ്ചയിച്ചു ഇന്ത്യയിലേയും പുറത്തുമുള്ള താരാഗ്രൂപ്പിന്‍റെ മുപ്പതോളം ജ്വല്ലറികളില്‍ കാര്‍ബണ്‍ ഡോപ്ലര്‍ കമ്പനി ചരക്കുകള്‍ എത്തിക്കുന്നു. ഇതിനായുള്ള അണ്കട്ട് ഡയമണ്ട് ദാസിന്റെ കമ്പനി കയറ്റിയയയ്ക്കുന്നു..
സിന്തറ്റിക് ഡയമണ്ടും നാച്ചുറല്‍ ഡയമണ്ടും ഒരുപോലെ കൈകാര്യം ചെയ്യുമ്പോള്‍ രണ്ടിന്റേയും പരിശുദ്ധി വ്യത്യസ്തരീതിയില്‍ കണക്കാക്കി ഉപഭോക്താക്കളുടെ താല്പര്യം അനുസരിച്ച് ഏറ്റവും നല്ല വജ്രം കൊടുക്കാന്‍ പ്രത്യേകം നിഷ്കര്‍ഷ പാലിക്കുന്നു എന്നതാണ് താരാ ഡയമണ്ട് വജ്രവിപണി കയ്യടക്കിയതിന്റെ ഒരു കാരണം.
ദാസിന്റെ മുന്‍പില്‍ താരയുടെ മുംബൈ ഗ്രൂപ്പ് മാനേജര്‍ ശരണ്‍ ഗുപ്ത ഉണ്ട്. തന്റെ മുന്നില്‍ കിടക്കുന്ന മഞ്ഞ നിറമുള്ള വജ്രക്കല്ലുകളിലേക്ക് ദാസ് നോക്കി. “പറയൂ....”
“സാബ്, ഇന്നലെ ഡോപ്ലറില്‍നിന്നും വന്നവര്‍ കൊണ്ടുവന്ന സാമ്പിള്‍സ് ആണിവ. നമ്മള്‍ ഇവിടെനിന്നും കയറ്റി അയച്ചവ.”
“അതെന്താണ് കയറ്റി അയച്ചവ വീണ്ടും തിരികെ വന്നത്? പോകുന്നവ ഈ വാതില്‍ കടന്നാല്‍ ഇങ്ങോട്ടുതിരികെ വരുന്നത് ഈ രൂപത്തിലല്ല എന്നറിയില്ലേ ശരണ്‍?” കൈകള്‍ പുറകില്‍ കെട്ടി ദാസ് അയാളെ നോക്കി.
“യെസ് സാബ്, സിന്തറ്റിക് ഡയമണ്ട് നമ്മുടെ ലബോറട്ടറികളില്‍ ഉണ്ടാക്കുന്നതാണല്ലോ, ഹൈപ്രഷര്‍ നല്‍കി വളരെ ഉയർന്ന ഊഷ്മാവില്‍ എച്ച്പിഎച്ച്റ്റി പ്രോസസ്സില്‍ ആണു നമ്മളിത് ചെയ്യുന്നത്.”
“അതേ, അതിനെന്തു പറ്റി?” ദാസ് തലകുലുക്കി മുന്നോട്ടു നടന്നു. മഞ്ഞക്കല്ലുകള്‍ മേശയില്‍നിന്നും വാരിയെടുത്ത് തന്റെ കൈകളില്‍ ഭാരം നോക്കി തിരികെ കല്ലുകള്‍ മേശയിലേക്ക് ഇട്ട ദാസിന്റെ വിരലുകളില്‍ ചില്ലുപൊടികള്‍ പോലെ എന്തോ തടഞ്ഞു.
“വാട്ട് ദി ഹെല്‍...” നടുങ്ങിക്കൊണ്ട് ദാസ് കല്ലുകള്‍ വീണ്ടും വാരിയെടുത്തു. കൈകളില്‍ വെച്ചുതിരുമ്മിയപ്പോള്‍ കൂര്‍ത്ത ഭാഗങ്ങളില്‍നിന്നും തരികള്‍ വീണ്ടും കൈകളില്‍ പറ്റി!
“എന്താണിത്? എന്താണെന്ന്?” അലർച്ചയോടെയായിരുന്നു ചോദ്യം.
മറ്റു മാനേജര്‍മാരും സ്റ്റാഫും മുറിയിലേക്കോടിവന്നു അയാളെ വലയം ചെയ്തു. “സാബ്, പ്ലീസ് ബി കാം, ഞങ്ങള്‍ പറയുന്നതൊന്നു കേള്‍ക്കാന്‍ ക്ഷമ കാണിക്കണം.”
“എന്താണ് കേള്‍ക്കേണ്ടത്? ഞാനിവിടെനിന്നു ഡ്യൂപ്ലിക്കേറ്റ് കല്ലുകള്‍ കയറ്റി അയച്ചത് അവര്‍ കണ്ടുപിടിച്ചു എന്നെ നാണം കെടുത്തി എന്നോ? എത്ര ചാനലുകാര്‍ക്ക് ഇപ്പോഴീ വാര്‍ത്ത കിട്ടിയിരിക്കുമെന്നു പറയാനാണോ നിങ്ങളിവിടെ ഇപ്പോള്‍ വന്നത്?”
“സാബ്, പ്ലീസ്.... ഇന്നലെ മൌറീഷ്യസില്‍നിന്ന് വന്നവര്‍ അവരുടെ കയ്യില്‍ കൊണ്ടുവന്ന സാംപിള്‍ ആണിത്. അതായത് ഇന്നലെ അവിടെയെത്തിയ നമ്മുടെ ഷിപ്പില്‍നിന്നും എടുത്ത കല്ലുകള്‍ അല്ല ഇത്, കഴിഞ്ഞ വട്ടം കയറ്റി അയച്ചവയില്‍ ആയിരുന്നു ഈ കല്ലുകള്‍ ഉള്‍പ്പെട്ടത്”
“ വിശദീകരണം വേണ്ട, എങ്ങനെ? ആര് ചെയ്തു എന്ന് മാത്രം പറയുക?” റായ് വിദേതന്‍റെ കണ്ണുകള്‍ വൈഡൂര്യംപോലെ തിളങ്ങി. മേശവലിപ്പില്‍ നിന്നും അയാള്‍ റിവോള്‍വര്‍ വലിച്ചെടുത്തു. ശരണ്‍ നടുങ്ങിക്കൊണ്ട് ഒരടി പിന്നോട്ടുവെച്ചു.
“ചതിയുടെ ശമ്പളം മരണമാണ്. അറിയില്ലേ?” കൂര്‍ത്ത സ്വരം.
“സാബ്, അങ്ങനെയെങ്കില്‍ ഞങ്ങളാരും സാബിന്റെ മുന്‍പില്‍ ഇങ്ങനെ വന്നു നില്‍ക്കാന്‍ ധൈര്യം കാണിക്കില്ലെന്ന് സാബിനറിയാമല്ലോ.” എക്സിക്യുട്ടീവ് മെമ്പറും കോര്‍ഡിനേറ്ററുമായ ശ്രീപ്രിയ മുന്നോട്ടു വന്നു.
വലിഞ്ഞുമുറുകിയ ദാസ് ഒന്നയഞ്ഞു. അയാള്‍ തന്റെ വൈറ്റ് സില്‍ക്ക് ജുബ്ബയുടെ പോക്കറ്റുകളിലേക്ക് കൈകള്‍ ചേര്‍ത്തു നിവര്‍ന്നു നിന്നു.
“ശരി, ടെല്‍ മി.... പറയൂ...”
“മഞ്ഞക്കല്ലുകളുടെ നിറം നല്‍കുന്ന നൈട്രജന്‍ അംശം പ്രകൃതിദത്തമായ ഇംപ്യൂരിറ്റിയാണ്. നീലയും പച്ചയും പിങ്കുമെല്ലാം ഇതേപോലെ കുഴിച്ചെടുക്കുമ്പോഴെ കിട്ടുന്ന കെമിക്കലുകളുടെ സാനിധ്യമുള്ള കല്ലുകളാണ്. പരുക്കന്‍ വജ്രക്കല്ലുകളില്‍ ബോറോണ്‍ രശ്മികള്‍ പതിപ്പിച്ചും നമ്മള്‍ നിറങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.”
ദാസ് തലകുലുക്കി. നെറ്റിയില്‍ ചുളിവുകള്‍ അങ്ങനെതന്നെ നിലനിന്നു.
“കൃത്രിമമായി കല്ലുകളെ മോഡിഫൈ ചെയ്തെടുക്കാന്‍ അത്യാധുനിക കെമിക്കല്‍ വേപര്‍ ഡിപോസിഷന്‍ മാര്‍ഗ്ഗവും ഉപയോഗിക്കുന്നു. ആർട്ടിഫിഷ്യൽ കല്ലുകളുടെ വളര്‍ച്ച വളരെ ചെറിയ പ്രഷറില്‍ ആണ് നടക്കുന്നത്. കൂടാതെ പരിശുദ്ധിയും ഉറപ്പും കാഠിന്യവും ഉറപ്പാക്കാന്‍ പ്ലാസ്മ ഇഗ്നൈറ്റഡായ മൈക്രോ വേവുകളും ഹോട്ട് ഫിലമെന്റ്റ്കളും ഉപയോഗിച്ചാണ് വെൽഡിങ് ചെയ്യുന്നത്. വളരെ ചെറിയ ക്രിസ്റ്റല്‍ പോലും ഇങ്ങനെ നിര്‍മ്മിക്കാം. അതുകൊണ്ട് നമ്മുടെ പ്രോഡക്റ്റ് ഇന്നുവരെ കുറ്റമറ്റതാണ് എന്ന് നിസ്സംശയം പറയാം.” ശ്രീപ്രിയ പറഞ്ഞുനിറുത്തി.
ദാസ് മുറിയില്‍ ഉലാത്താന്‍ തുടങ്ങി.
“മൌറീഷ്യസ് ഡോപ്ലര്‍ കമ്പനിയില്‍ കിട്ടിയ പതിനാല് പാക്കറ്റുകളിലെ അഞ്ചെണ്ണം സാധാരണ കല്ലുകള്‍ ആയിരുന്നു. വജ്രത്തിന്റെ പ്രകാശവും നിറവുമുള്ള ഫോസ്ഫറസ് കലര്‍ന്ന വെറും കല്ലുകള്‍!”
ദാസിന്റെ കണ്ണുകള്‍ ചെറുതായി.
“കപ്പലിന്റെ ദിശ എടുത്തോ? തുറമുഖങ്ങളില്‍ എന്തു സംഭവിച്ചു? എവിടെ വെച്ചാണ് പെട്ടികൾ തുറന്നത്? എങ്ങനെ പെട്ടികള്‍ തുറന്നു? ആരാണ് തുറന്നത് അതുപോലെ പായ്ക്ക് ചെയ്തത് എന്നെല്ലാം നോക്കിയോ?” ദാസ് തന്റെ ടീമിന് നേരെ തിരിഞ്ഞു.
“യെസ് സാബ്, ചെക്ക് ചെയ്യുന്നു. ജ്വല്ലറിബോക്സുകള്‍ തുറന്നതായി എവിടെയും കാണുന്നില്ല, കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നു. മാത്രമല്ല കമ്പനി നമ്മോടു ഇപ്പോഴാണ് ഇതെല്ലാം പറയുന്നത്. നേരിട്ടു ഇവ കാണിച്ചു തന്നിട്ടാണ് പറയുന്നത്. അവര്‍ മറ്റൊരുതരത്തിലും ആരെയും അറിയിച്ചിട്ടില്ല, കാരണം ഡെലിവറി സിസ്റ്റത്തിലെ തകരാറുകള്‍ അവരും പരിശോധിക്കണമല്ലോ”
“ഉം...” എന്തുകൊണ്ടാണ് ഡോപ്ലര്‍ ഡയറക്ടര്‍ തന്നെ ഈ വിവരം അറിയിക്കാഞ്ഞത്? ദാസിനു അത്ഭുതം തോന്നാതിരുന്നില്ല. ഇത്രയും ഗുരുതരമായ ഒരു സംഭവം ഉണ്ടായിട്ട് അവരുടെ പ്രതിനിധികള്‍ ഇവിടെ വന്നതിനുശേഷം താന്‍ കാര്യങ്ങള്‍ അറിഞ്ഞാല്‍ മതിയെന്നും......
“സാബ്.....” ശരണ്‍ വീണ്ടും വിളിച്ചു.
“യെസ്.....”
“നമ്മുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതാണോയെന്നു അറിഞ്ഞതിനു ശേഷം തീരുമാനങ്ങള്‍ എടുക്കാം എന്നാണ് അവരുടെ മാനജേര്‍ ഇന്നെന്നോടു പറഞ്ഞത്.”
“ഉം......”
വീഴ്ചകള്‍....... കൈകള്‍ പിന്നില്‍ കെട്ടി അയാള്‍ വീണ്ടും നടന്നു.
“ശരി, മീറ്റിംഗ് തുടങ്ങാം.... അവരെ വിളിക്കൂ....”
കോണ്‍ഫറന്‍സ് ഹാള്‍ ഉടനെ സജ്ജമായി. വേഷം മാറി സ്യൂട്ട് ധരിച്ചുകൊണ്ട് ദാസും തന്റെ മുറിയില്‍ നിന്നും തയ്യാറായി ഇറങ്ങി. കോണ്ഫറന്സ് ഹാളിലേക്ക് പോകുന്ന വഴിയില്‍ അപ്പുറത്തെ മുറിയില്‍നിന്നും ഇറങ്ങിവരുന്ന ബിസിനസ് പാർട്ണർമാരെ അയാള്‍ കണ്ടു. ഋഷി ഭട്ട് നാഗര്‍, മകള്‍ കരോലിന്‍ നീറ്റ പിന്നെ തനൂജാ തിവാരിയും.
മീറ്റിംഗ് തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ പൊതുവായി പറയാന്‍ ദാസ് മറന്നില്ല.
“നമ്മുടെ വജ്രക്കല്ലുകളുടെ പരിശുദ്ധി ഇന്നുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല, ഇങ്ങനെയൊരു അബദ്ധം നമ്മുടെ ബിസിനസ് കരിയറില്‍ ആദ്യമാണ്. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.” ദാസ് എല്ലാവരോടുമായി പറഞ്ഞു.
തനൂജ ഇരുന്ന സീറ്റിലെ മൈക്ക ശബ്ദിച്ചു. “അതേ, അതുകൊണ്ടാണ് അത്രയും വജ്രം കൊടുക്കേണ്ടിയിരുന്ന മൌറീഷ്യസിലെത്തന്നെ ജ്വല്ലറിയിലേക്ക് നമ്മള്‍ പതിനാല് പോയിന്റ് എട്ടുകോടിയുടെ ഡോളര്‍ പരിഹാരത്തുകയായി നല്‍കിയത്. നമ്മുടെ വീഴ്ചകൊണ്ടോ മറ്റെന്തെങ്കിലും പ്രോബ്ലം കൊണ്ടോ അവിടെത്തെ ജ്വല്ലറിയിലേക്ക് എത്തേണ്ടിയിരുന്ന ആഭരണങ്ങള്‍ അതിനാല്‍ ഡിലേ ആയില്ല.”
മുഖത്തെ അമ്പരപ്പ് സമര്‍ഥമായി മറച്ചുകൊണ്ട് ദാസ് ചോദ്യഭാവത്തില്‍ തനൂജയെ നോക്കി.
“ഒഹ്, വെരി നൈസ്, ഓക്കെ, ഏതു അക്കൌണ്ട് വഴിയാണ് പണം അയച്ചത്?” അയാളുടെ നോട്ടം കരോലിന്റെ മുഖത്ത് പാളി വീണിരുന്നു. കരോളിന്‍ എന്തോ ഗഹനമായി ചിന്തിക്കുന്നതായി തോന്നി.
“അര്‍ജെന്റ്റ് ആയ സാഹചര്യം ആയതിനാല്‍ ഞാനെന്‍റെ പേര്‍സണല്‍ അക്കൗണ്ട് ആണ് ഉപയോഗിച്ചത് റായ്...” തനൂജ വിശദീകരിച്ചു.
“ഓക്കേ ഓക്കേ.... വെരി ഗുഡ്....ഐ അപ്രീഷിയേറ്റ് യുവര്‍ ടൈംലി ആക്ഷന്‍....” ദാസ് നിറഞ്ഞ ചിരിയോടെ പറഞ്ഞു.
എല്ലാവരും കോണ്‍ഫറന്‍സ്ഹാളില്‍നിന്നും പിരിഞ്ഞു. തന്റെ മാനേജരെ വിളിച്ചു തനൂജയോട് തന്റെ ക്യാബിനില്‍ എത്താന്‍ ദാസ് നിര്‍ദ്ദേശിച്ചു.
തനൂജ ദാസിന്റെ മുറിയിലേക്ക് കയറിവന്നു.
“തനൂജ എങ്ങനെ അറിഞ്ഞു ഇതെല്ലാം?” ഒറ്റ ചോദ്യം.
“ഇവിടെ വന്നപ്പോള്‍ നമ്മുടെ മാനേജര്‍മാര്‍ ഡോപ്ലര്‍ കമ്പനിയുമായി ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു.”
“ഓക്കേ, നമ്മുടെ ഭാഗമാണ് മിസ്റ്റെക്ക് എന്നും പണം മുടക്കേണ്ടതുണ്ട് എന്നും തനൂജ മാത്രമായി എങ്ങനെ നിശ്ചയിച്ചു?” അവളുടെ തൊട്ടടുത്തേക്ക് നടന്നടുത്തുകൊണ്ടായിരുന്നു ദാസ് ചോദിച്ചത്.
“എന്തായാലും ആ പ്രശ്നം നമ്മുടെ ഡീലിനെ ബാധിക്കരുതെന്ന് കരുതി.” തനൂജ എഴുന്നേറ്റു.
“ശരി, തനൂജ എന്റെ ബിസിനസ് പങ്കാളി തന്നെ, പങ്കാളി എന്നാല്‍ പങ്കുള്ളവള്‍ എന്നാണ് അര്‍ഥം. അതായത് പങ്ക് ചേര്‍ക്കേണ്ട കാര്യങ്ങളില്‍ ചേര്‍ക്കണം എന്നര്‍ത്ഥമുണ്ടെന്നു സാരം. പക്ഷെ ഇവിടെ ഇപ്പോള്‍ കഴിഞ്ഞ സംഭവം മുതല്‍ ഒരു വ്യത്യാസമുണ്ട്. തീരുമാനങ്ങള്‍ ഞാനെടുക്കുമ്പോള്‍ അതില്‍ ചേര്‍ന്നാല്‍ മാത്രം മതി എന്നത്.”
അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ചെവിയിലേക്ക് ഒരുക്കിയൊഴിക്കാന്‍ പാകത്തിനുള്ള മൂര്ച്ചയോടെയായിരുന്നു ദാസിന്റെ വാക്കുകള്‍ പുറത്തേക്കു വന്നത്.
അയാളുടെ നിശ്വാസം അവളുടെ കവിളില്‍ അടിച്ചു.
“അതുകൊണ്ട് താന്‍ അധികം ബുദ്ധിമുട്ടേണ്ട, ഇതാ തന്റെ പണം” ചെക്ക്‌ലീഫ് ഉയര്‍ത്തി ദാസ് ചിരിച്ചു.
തനൂജ അതേ നില്പ് തുടര്‍ന്നു.
“തനിക്ക് രണ്ട് ചോയ്സ് ഉണ്ട്, ഒന്നുകില്‍ തനിക്കിത് സ്വീകരിച്ചു ഇവിടെ താരാഗ്രൂപ്പിന്റെ പങ്കാളിയായി തുടരാം. അല്ലെങ്കില്‍ ചെക്ക് നിരസിച്ചു ഇവിടെനിന്നും എന്നേയ്ക്കുമായി പടിയിറങ്ങാം. വാതില്‍ അവിടെയാണ്.” അയാള്‍ വാതില്‍ക്കലേക്ക് വിരല്‍ ചൂണ്ടി. “ചോയ്സ് ഈസ് യുവേസ്....”
തന്റെ മുന്നിലെ ചില്ലുമേശയിലേക്ക് റായ് വിദേതന്‍ ചെക്കുകള്‍ വെച്ചു. ദാസിന്റെയും തനൂജയുടെയും മുഖം ആ ചെക്ക് ലീഫുകള്‍ക്കിടയില്‍ പ്രതിബിംബിച്ചു.
(തുടരും)