തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തി കമല ഹാരിസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയായി. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജ. ആദ്യ ആഫ്രിക്കൻ അമേരിക്കനും
ഒരു ഇന്ത്യൻ അമേരിക്കൻ , അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നു കയറുബോൾ ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ഈ നേട്ടം നമ്മുടെ പിൻ തലമുറയ്ക്ക് ആവേശമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
അമേരിക്ക എന്ന ലോക രാജ്യത്തിൻറെ ഭരണനിയന്ത്രണത്തിൽ ഇന്ത്യക്കാർക്കും പ്രാതിനിധ്യം ലഭിക്കുന്നു എന്നത്, മറ്റു ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യക്ക് അഭിമാനത്തോട് തലയുയർത്തി നിൽക്കാൻ ലഭിച്ച അവസരമാണ് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും ഇത് പ്രചോദനം ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇന്ത്യക്കാർ അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു ശക്തിയായി ഉയർന്നു വരുന്നതിൽ നാം അഭിമാനിക്കണം (അത് ഡമോക്രറ്റോ, റിപ്പപ്ലിക്കേനോ ആകട്ടെ, അല്ലെങ്കിൽ വടക്കനോ തെക്കനോ ആകട്ടെ ).
2010-ൽ അവർ കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യഏഷ്യൻ വംശജയുമായിരുന്നു . ഇപ്പോൾ കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ. സെനറ്റര്‍ കൂടിയാണ്. കാലിഫോര്‍ണിയയിൽ ഡിസ്ട്രിക്ട് അറ്റോർണി , അറ്റോർണി ജനറൽ , സെനറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച കമലാ ഹാരീസ് വൈസ് പ്രസിഡന്റ് ആയി തിളങ്ങും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഡൊണാൾഡ് ട്രംപ് പലപ്പോഴും പ്രസിഡന്റ് ബൈഡനെക്കാളേറെ കമലാ ഹാരിസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു . ബൈഡൻ പ്രസിഡന്റായാൽ ഭരിക്കുക കമലാ ഹാരിസാകുമെന്ന് ട്രംപ് പ്രസ്താവന വരെ നടത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ എതിരാളി മൈക് പെൻസുമായുള്ള സംവാദത്തിലും തിളങ്ങിയ ഹാരിസ് ബൈഡന്റെ വിജയത്തിന് നിർണായക പങ്കുവഹിച്ചു എന്നതും സത്യമാണ് .
1964 ഒക്ടോബർ 20ന് കാലിഫോർണിയയിലെ ഓക്ക്ലൻഡിലാണ് കമല ജനിച്ചത്. ചെന്നൈക്കാരിയും സ്തനാർബുദ ഗവേഷകയുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരൻ സ്റ്റാൻഫഡ് സർവകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസർ ഡൊണാൾഡ് ഹാരിസിന്റെയും മകൾ.
ഇന്നിപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എന്തെങ്കിലുമൊക്കെ ആകുന്നെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും കമല കൊടുക്കുന്നത് അമ്മ ശ്യാമളയ്ക്കാണ്. അഞ്ചാം വയസിൽ അച്ഛനും അമ്മയും പിരിഞ്ഞതാണ് . അതിനു ശേഷം അമ്മയാണ് താങ്ങും തണലുമായി അവരെ വളർത്തിയത് .
1961 -ല്‍ അമേരിക്കയിൽ കുടിയേറിയ മദ്രാസുകാരി ശ്യാമള ഗോപാലന്റെ മകൾ അമേരിക്കൻ വൈസ്
പ്രസിഡെന്റ് ആകുബോൾ അവർ ഒരു ചരിത്രത്തിനൊപ്പം നടന്നു കയറുകയാണ്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്താനുള്ള സാധ്യത കൂടിയാണ് കമല സ്വന്തമാക്കിയിരിക്കുന്നത്.
അമേരിക്കയിലെ എല്ലാ മീഡിയകളിലും ഒരു ഇന്ത്യൻ അമേരിക്കൻ വനിതാ അമേരിക്കൻ വൈസ് പ്രസിഡന്റ് ആയി എന്ന് തന്നെയായിരുന്നു വാർത്തകൾ .
1950 മുതൽ ആണ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത് . അതിനു ശേഷം ലീഗൽ ആയും ഇല്ലിഗൽ ആയും ധാരാളം ഇന്ത്യക്കാർ അമേരിക്കയിൽ എത്തി അമേരിക്ക അവരുടെ പ്രവർത്തന മേഖല ആക്കി . ആദ്യത്തെ ഒരു തലമുറ വളരെ കഷ്ട്ടപെട്ടു എങ്കിൽ നമ്മുടെ രണ്ടാം തലമുറ അമേരിക്കയിൽ എല്ലാ മേഖലകളിലും വിജയിക്കുന്നതായാണ് കാണുന്നത്. ഇന്ന് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആകുവാനും നമുക്ക് സാധിച്ചു എന്നത് ഒരു അഭിമാനമാണ് .
ഇന്ത്യയുമായി എല്ലാ മേഖലകളിലും സഹകരിച്ചു പോകുവാൻ പുതിയ ഭരണത്തിന് കഴിയുമെന്നും വിശ്വസിക്കുന്നു .
ബറാക്ക് ഒബാമ പ്രസിഡന്റ് ആയതിന് ശേഷം കറുത്തവർഗ്ഗക്കാരിൽ ഉണ്ടായ ഒരു ആവേശം കുറച്ചുന്നുമല്ല. അവരിൽ കൂടുതൽ ആളുകൾ അമേരിക്കയുടെ സമുഖ്യ മേഖലകളിൽ അംഗീകരിക്കപെടുന്നതായി കണ്ടു. കറുത്ത വർഗ്ഗക്കാരിൽ ഒരു ആന്മവിശ്വാസം ഉണ്ടാക്കി എടുക്കാൻ ഇത് കഴിഞ്ഞു എന്നത് സത്യമാണ്.
അതുപോലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് നമ്മുടെ പിൻ തലമുറയ്ക്ക് ഒരു ആവേശമാകട്ടെ എന്ന് ആശംസിക്കുകയാണ് .അവർ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് പദത്തിലെത്താനുള്ള സാധ്യതയും വളരെ കൂടുതൽ ആണ്. ഇനിയും ചരിത്രങ്ങൾ തിരുത്തുവാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയാണ് .
നമുക്കും ഇനിയും ചരിത്രം തിരുത്തി കുറിക്കാൻ കഴിഞ്ഞേക്കും .