Image

രക്തസാക്ഷി (ഗദ്യകവിത:ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 11 November, 2020
രക്തസാക്ഷി  (ഗദ്യകവിത:ജോണ്‍ വേറ്റം)
ജയില്‍മോചിതനായ നിരീശ്വരവാദി
സ്വയംചോദിച്ചു: എങ്ങോട്ട്‌പോകും? എന്ത് ചെയ്യും?

അനാഥനും, നിസ്സഹായനും, രോഗിയമാണ്,
കായികശേഷിയില്ല! ഭിഷാടനമോ നന്ന്?

ഉപജീവനത്തിന്റെ എളുപ്പവഴിയേത്?
ഉത്തമപാത മനസ്സില്‍ തെളിഞ്ഞുവന്നു.

കൈ നോക്കിയും ഫലം പറഞ്ഞും, ഏറെ നടന്.
കാഷായവസ്ത്രം ധരിച്ചു വ്യാജഭക്തനായി!

കപട സന്ന്യാസിയെന്ന കനത്തപരാതി-
കേട്ട്, ഇസലാമായെങ്കിലും-തൊഴില്‍പ്രശ്‌നം!

വീണ്ടും മതംമാറി, തീര്ത്ഥയാത്ര തുടങ്ങി,
വീറോടെ, സമയത്തിന്റെപിന്നില്‍, നടന്നു.

അനേകം അനുഷ്ഠാനങ്ങളും, ആചാരങ്ങളും,
ആത്മീയനിഷ്ഠകളും, പ്രതിഷ്ഠകളും കണ്ടു.

 വിജ്ഞാനമേറിയ വികാരങ്ങള്‍ ജ്വലിച്ചു.
വിശ്വാസിലോകത്തോട് പറയാന്‍ തിടുക്കം.

വഴിയോരത്ത്, ജനത്തിന്റെ മുന്നില്‍ നിന്നു,
വാചാലനായി, ജാഗ്രതയോടെ പ്രസംഗിച്ചു:

അഭ്യസ്തവിദ്യരേ, വിദ്യാസമ്പന്നരേ,
സഹോദരങ്ങളും സുഹൃത്തുക്കളുമേ,

ദൈവവും, നരക സ്വര്‍ഗ്ഗങ്ങളുമുണ്ടെന്ന്
നിങ്ങള്‍ വിളംബരംചെയ്യന്നത് ശരിയോ?

ഗതകാലചിന്തകരുടെ രചനകള്‍,
ദൈവവചനമെന്ന് കരുതുന്നു നിങ്ങള്‍.

ആ്ത്മാക്കള്‍ക്കെല്ലാം അന്തിമവിധിയുണ്ടെന്നും,
മരണാനന്തരജീവതമൊരു സത്യമെന്നും,

പുനര്‍ജനനമൊരു തുടര്‍ച്ചയെന്നും,
മനുഷ്യലോകത്തോട് മതങ്ങള്‍ പറഞ്ഞു.

പുനര്‍ജന്മമൊരു വിരോധാഭാസമത്രേ,
പഴങ്കാലം അജ്ഞര്‍ക്കേകിയൊരു വിശ്വാസം!

മതം മനുഷ്യനിര്‍മ്മിത സ്ഥാപനമാണ്,
അതിലേറെ കളങ്കിതകര്‍മ്മങ്ങളുണ്ട്.

മതം ജനങ്ങളെ ഇണക്കിചേര്‍ക്കന്നില്ല.
മതഭിന്നതയില്‍ നീതിയും സത്യവുമില്ല.

മതങ്ങള്‍ പക്ഷാപാതിത്വം വളര്‍ത്തുന്നു,
മനുഷ്യനെ ക്രൂരനും ആയുധവുമാക്കുന്നു.

മതഭിന്നതയിലൊട്ടും മനുഷത്വമില്ല,
സമഭാവനയും സാഹോദര്യവുമില്ല.

കൊടിമരത്തിലും, കൊലമരത്തിലും, ഒരു
ഗ്രന്ഥത്തിലും, ശില്പവേലയിലുമില്ല ദൈവം!

അരൂപിയും, ആത്മാവും, സര്‍വവ്യാപിയും,
സര്‍വ്വശക്തനും, സ്വയംഭൂവുമാണ് ദൈവം!

മനുഷ്യന്, ദൈവരൂപവും സാദൃശ്യവുമില്ല,
മനുഷ്യജീവിതത്തിന്നന്ത്യം മരണമത്രേ!

'പരിശുദ്ധനായ പിതാവ്' ദൈവമാകുന്നു!
സ്വര്‍ഗ്ഗത്തിനൊരു താക്കോലും താഴുമില്ല.

ആരാധനക്ക്, തല മുണ്ഡനം ചെയ്യണോ?
കിരീടവും, തലപ്പാവും, തൊപ്പിയും വേണോ?

അന്ധവിശ്വാസിക്കന്തകരണശുദ്ധിയില്ല,
അനുരഞ്ജനത്തിനും ആത്മീയശക്തിയില്ല.

അന്ധവിശ്വാസം ആന്തരസത്യമല്ല, മൂഢ-
മനസ്സിലന്ധതപരത്തും അജ്ഞത്വമത്രേ.

അവയവാരാധനയെത്ര അനര്‍നഥകം!
കബറിടദര്‍ശനത്തിലും 'മുക്തി' ശൂന്യം!

ദൈവവിശ്വാസി സ്വയം ബോധവത്ക്കരിക്കണം,
നന്മകളുടെ ഉറവും ഒഴുക്കുമാകണം.

ചളിമചൂഴും ചിന്തകളൊഴിഞ്ഞുപോകണം,
വിവേചനത്തിന്റെ വേദി പാടേ വെടിയണം.

ലോകമൊരു സുരക്ഷിതഭവനമാക്കാന്‍,
ഇടിക്കണം ഇരുട്ടുന്നന്ധവിശ്വാസങ്ങള്‍.

ഉണരണം, സ്വരുമയോടൊന്നിക്കേണം,
സമസൃഷ്ടിസ്‌നേഹത്തോടെ, ഈശനെവാഴ്ത്തണം.

ഞാനിന്നൊരു നേര്പറയും സത്യവിശ്വാസി,
വീണ്ടും ജനിച്ചൊരു നല്ല ഈശ്വരവിശ്വാസി!

കേട്ടുനിന്നവര്‍ക്ക് വിദ്വേഷവും വെറുപ്പും.
ആത്മാവുകളില്‍ അഗ്നിജ്വാല പടര്‍ന്നു.

തീവ്രവാദികള്‍ അന്തക്ഷോഭത്തോടെ പാഞ്ഞു,
പ്രാസംഗികനെ തല്ലി, ആരോ, കഴുത്തറത്തു!

രക്തസാക്ഷി  (ഗദ്യകവിത:ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക