നിനച്ചിടാതെത്തി വലിച്ചിറക്കുന്ന
കരുത്തതെപ്പൊഴും നിനക്കുമാത്രമോ?
വരിച്ചിടാന്‍ മാല്യമൊരുക്കി വച്ചതാ
ണൊരിയ്ക്കല്‍ ജീവിതംമടുത്തിരുന്നനാള്‍..
നിറങ്ങളില്ലാത്ത നിശബ്ദവീഥിയില്‍
തനിച്ചിറങ്ങുവാന്‍ മടിച്ചിരുന്നനാള്‍.
അടുക്കുവാനന്നു മടിച്ച നീയിന്നു
നിറങ്ങളില്‍നിന്നു പറിച്ചെടുത്തെന്നെ.
നരച്ച കാലത്തിനു വലിച്ചെറിഞ്ഞേകി
അകാലവാര്‍ദ്ധക്യ നുകത്തിലായവള്‍.
വസന്തമില്ലാത്ത മനസ്സുമായ്ത്തന്നെ
നരച്ചയാഥാര്‍ത്ഥ്യ വീഥികള്‍ താണ്ടുവോള്‍.
അഴല്‍പരപ്പിലേയിരുട്ടിനപ്പുറം
തെളിഞ്ഞ വെട്ടത്തിന്‍ പ്രതീക്ഷയാലിവള്‍
ഒരിയ്ക്കലെങ്കിലും മനസ്സറിഞ്ഞൊന്നു
ചിരിയ്ക്കുവാനല്ലേ കൊതിച്ചിരുന്നുള്ളൂ..
നിനച്ചിടാതെത്തി വലിച്ചിറക്കുന്ന
കരുത്തനാണുനീ കിനാവെരിച്ചവന്‍.
നിറപ്പകിട്ടാര്‍ന്ന കിനാക്കളോരോന്നു
തളിര്‍ത്തു വന്നതും പറിച്ചെടുത്തവന്‍.