Image

ബീഹാറിലെ ജംഗിൾ രാജിൽ തേജസ്‌വി യാദവ് ഉയർത്തുന്ന വികസന വാദങ്ങൾ (വെള്ളാശേരി ജോസഫ്)

Published on 15 November, 2020
ബീഹാറിലെ ജംഗിൾ രാജിൽ തേജസ്‌വി യാദവ് ഉയർത്തുന്ന വികസന വാദങ്ങൾ (വെള്ളാശേരി ജോസഫ്)
ബീഹാറിലെ തിരഞ്ഞെടുപ്പിൽ  കേവല ജാതി രാഷ്ട്രീയത്തിനപ്പുറം വികസന പ്രശ്നങ്ങൾ തേജസ്വി യാദവിന് ഉയർത്താനായി എന്നത് വലിയ നേട്ടം തന്നെയാണ്; ജാതി രാഷ്ട്രീയത്തിലും ഗുണ്ടായിസത്തിലും ഉറച്ചുപോയ ബീഹാറിൽ തേജസ്വി യാദവ് ഉയർത്തിയ തൊഴിലില്ലായ്‌മ, വരുമാനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ജലസേചനം - ഈ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇനി എല്ലാ രാഷ്ട്രീയക്കാരും അംഗീകരിച്ചേ മതിയാകൂ
 
വെള്ളാശേരി ജോസഫ്
 
ബീഹാർ പോലുള്ള ഇന്ത്യയുടെ ദരിദ്ര സംസ്ഥാനങ്ങളിൽ അധികം ആളുകൾ ഇന്നും വോട്ടെടുപ്പുകളിൽ പങ്കെടുക്കാറില്ല. NDA ജയിച്ച 2015-ലെ തിരഞ്ഞെടുപ്പിൽ 56.6 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ തേജസ്വി യാദവിൻറ്റെ ബീഹാറിനെ ഇളക്കിമറിച്ച ക്യാമ്പയിൻ പോളിംഗ് ശതമാനം കൂടിയതിൽ ഒരു കാരണമാണ്. ഒപ്പം ബീഹാറിൽ നിന്നുള്ള മൈഗ്രൻറ്റ് ലേബറേഴ്സ് കോവിഡ് കാരണം തിരിച്ചു വന്നതുകൊണ്ടുമായിരിക്കണം പോളിംഗ് 56.6 ശതമാനത്തിലെത്തിയത്. എന്നാലും എഴുപതും എൺപതും ഒക്കെ രേഖപ്പെടുത്തുന്ന കേരളത്തിൻറ്റെ ഏഴയലത്തു പോലും വന്നില്ല 2020 ബീഹാർ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം.
 
ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നത് കൊണ്ടായിരിക്കണം, മൂന്ന് ഘട്ടങ്ങളായിട്ടാണ് ബീഹാറിലെ 243 അസംബ്ലി സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. 'ലോ ആൻഡ് ഓർഡർ' ഏറ്റവും മോശപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായിട്ടാണ് 1990-കൾ മുതൽ ബീഹാർ അറിയപ്പെടുന്നത്. 1980-കളിൽ ബൂത്ത് പിടിത്തവും ബീഹാറിൽ സജീവമായിരുന്നു. പിന്നീട് ടി. എൻ. ശേഷൻറ്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള വരവോട് കൂടിയാണ് ബൂത്ത് പിടുത്തം ബീഹാറിൽ അവസാനിച്ചത്.
 
1980-കളിലെ ബൂത്ത് പിടുത്തത്തെ കുറിച്ചുള്ള നളിനി സിംഗിൻറ്റെ വളരെ പ്രശസ്തമായ ഡോകുമെൻറ്ററിയിൽ ബൂത്ത് പിടിക്കുന്ന ആൾ പറയുന്നത കാരണം "ജാതിനിഷ്ഠാ കീ ബാത്ത് ഹെ" എന്നാണ് - 'ഞങ്ങളുടെ ജാതിയുടെ അഭിമാനത്തിൻറ്റെ പ്രശ്നമാണെന്ന്'. ഈ 'ജാതി സ്പിരിറ്റ്‌' ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്നതാണത്ഭുതം.
 
പണ്ട് ഇതെഴുതുന്നയാൾ ബീഹാറിലെ മധേപുരായിൽ നിന്നുള്ള ഒരു റിക്ഷക്കാരനോട് ലാലു പ്രസാദ് യാദവിനെ കുറിച്ച് ചോദിച്ചു. അപ്പോൾ റിക്ഷക്കാരൻ ആവേശത്തോടെ പറഞ്ഞത് "ലാലുജി ബ്രാഹ്മണൻറ്റേയും, ഠാക്കൂറിൻറ്റേയും ഭരണം അവസാനിപ്പിച്ചു" എന്നാണ്. മലയാളികളിൽ മഹാഭൂരിപക്ഷം പേർക്കും ബീഹാറിലെ ഈ ജാതി രാഷ്ട്രീയം മനസിലാവില്ല. ജാതി രാഷ്ട്രീയത്തിൽ അടിയുറച്ചുപോയ ഒരു മനസാണ് ബീഹാറിൻറ്റേത്. ഒരു വശത്ത് ബി.ജെ.പി. -യെ പിന്തുണക്കുന്ന ബ്രാഹ്‌മണരും, ഠാക്കൂറും, ഭൂമിഹാറും, ബനിയകളും; മറുവശത്ത് രാഷ്ട്രീയ ജനതാ ദളിനെ പിന്തുണക്കുന്ന യാദവരും മുസ്ലീങ്ങളും. അതിനപ്പുറം യാദവരല്ലാത്ത OBC- കൾ 2015 വരെ നിതീഷ് കുമാറിനെ പിന്തുണച്ചിരുന്നു. റാം വിലാസ് പസ്വാൻറ്റെ LJP-യെ പിന്തുണക്കാത്തവരും, മറ്റ് ദളിത്‌ വിഭാഗങ്ങളും മഹാദളിതരായിട്ടാണ് ബീഹാറിൽ അറിയപ്പെടുന്നത്. ഈ മഹാദളിതരേയും, രാഷ്ട്രീയ ജനതാ ദളിൻറ്റെ ഗുണ്ടായിസത്തിൽ മനം മടുത്ത ആളുകളേയും ഒന്നിപ്പിക്കാൻ സാധിച്ചു എന്നതായിരുന്നു ഇതുവരെ നിതീഷ് കുമാറിൻറ്റെ വിജയത്തിന് അടിത്തറ പാകിയിരുന്നത്. ഒപ്പം മദ്യ നിരോധനം പോലുള്ള നയങ്ങൾ മൂലം ഇതുവരെ സ്ത്രീകളേയും കൂടെ നിർത്തുവാൻ നിതീഷ് കുമാറിന് സാധിച്ചു. 2015-ൽ 60.48 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ കേവലം 53.32 ശതമാനം പുരുഷന്മാർ മാത്രമേ ബീഹാറിൽ വോട്ട് ചെയ്തുള്ളൂ എന്ന് പറയുമ്പോൾ തന്നെ അറിയാം മുൻകാല തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ നിതീഷ് കുമാറിന് കൊടുത്ത പിന്തുണ. 2015-ൽ നിതീഷ് കുമാറിൻറ്റെ JD(U)-വിന് 71 സീറ്റുകൾ കിട്ടുകയും ചെയ്തു.
 
2020-ലെ കൃത്യമായ വിശകലനങ്ങൾ വരുന്നതേ ഉള്ളൂ. പക്ഷെ ഒരു കാര്യം വ്യക്തമായി പറയാം. ജാതി രാഷ്ട്രീയത്തിലും, ഗുണ്ടായിസത്തിലും ഉറച്ചുപോയ ബീഹാറിൽ വികസന മന്ത്രങ്ങൾ ഉയർത്താൻ സാധിച്ചു എന്നത് തേജസ്വി യാദവിൻറ്റെ വലിയ നേട്ടം തന്നെയാണ്. തേജസ്വി യാദവ് ഉയർത്തിയ 'കമായ്', 'ദവായ്', 'പഠായ്', 'സിഞ്ചായ്', 'മെഹങ്കായ്' - ഇവയൊക്കെ ഇനി എല്ലാ രാഷ്ട്രീയക്കാരും അംഗീകരിച്ചേ മതിയാകൂ. തൊഴിലില്ലായ്‌മ, വരുമാനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, വിലകയറ്റം - ഈ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ നവംബർ 2020-ലെ തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയത്തിനപ്പുറം തേജസ്വി യാദവിന് ഉയർത്താനായി എന്നത് വലിയ നേട്ടം തന്നെയാണ്. ഏതാണ്ട് 30 ലക്ഷത്തിലേറെ ബീഹാറി 'മൈഗ്രൻറ്റ് ലേബറേഴ്സ്' സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ബീഹാറിലേക്ക് മടങ്ങി എന്നാണ് കണക്കുകൾ. അതിൽ പലരും കാൽനടയായി ആണ് ബീഹാറിൽ തിരിച്ചെത്തിയത്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളിൽ 90 ശതമാനവും ബീഹാർ, ബംഗാൾ, ജാർക്കണ്ട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തിരിച്ചെത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം അവർക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ തേജസ്വി യാദവ് ഉയർത്തിയ 'മെഹങ്കായ്' അതല്ലെങ്കിൽ വിലകയറ്റം സാധാരണക്കാരെ ബാധിക്കുന്ന ഒരു വലിയ വിഷയം തന്നെയായിരുന്നു. തേജസ്വി യാദവിനെ കേൾക്കാൻ വലിയ ജനക്കൂട്ടം വരുന്നുമുണ്ടായിരുന്നു. പക്ഷെ ഇന്ത്യയിൽ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും, വിദ്യാഭ്യാസവും, ജലസേചനവുമൊക്കെ തിരഞ്ഞെടുപ്പുകളിൽ അത്ര പെട്ടെന്ന് വോട്ടാകാറില്ല. കാരണം മതവും ജാതിയും ഭക്ഷിച്ചു ജീവിക്കുന്നവരാണ് നമ്മുടെ വോട്ടർമാരിൽ അധികവും. ബീഹാറിലും അതാണ് കണ്ടത്. പക്ഷെ തേജസ്വി യാദവ് നിർണായകമായ സ്വാധീനം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെലുത്തി എന്നത് ഫലം നോക്കുന്ന ആർക്കും മനസിലാകും. NDA- ക്ക് 37.26 ശതമാനം വോട്ട് കിട്ടിയപ്പോൾ മഹാസഖ്യത്തിന് 37.23 ശതമാനം വോട്ട് കിട്ടി. മൊത്തം വോട്ടുകളിൽ 13,000 വോട്ടുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ; കൃത്യമായി പറഞ്ഞാൽ കേവലം 12,768 വോട്ടുകളുടെ കുറവ്. ഈ 12,768 അധിക വോട്ടുകൾ മൂലമാണ് NDA-ക്ക് 15 നിയമസഭാ സാമാജികരെ അധികം കിട്ടിയതെന്ന് പറഞ്ഞാൽ പലരും അതിശയിക്കും. പക്ഷെ അതാണ് ഇക്കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്.
 
ബീഹാറിലെ ജാതി ബോധവും, ദാരിദ്ര്യവും പരിഹരിക്കാൻ മാവോയിസ്റ്റുകളും ഇടതുപക്ഷ അനുഭാവികളും സ്ഥിരം ഉയർത്തിപിടിക്കുന്ന ഒന്നാണ് ഭൂ  പരിഷ്കരണം. സത്യത്തിൽ അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ ഇന്ത്യയിലെ മിക്ക കുടുംബങ്ങളിലും വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ ഇന്ന് ചില സ്ഥലങ്ങളിൽ 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉണ്ട്. അതല്ലെങ്കിൽ പഴയ രീതിയിലുള്ള ഭൂ പ്രഭുക്കന്മാരുടെ കാലമൊക്കെ അസ്തമിച്ചു കഴിഞ്ഞു. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേർ കേരളത്തിൽ ഉണ്ട്? അത് കൊണ്ട് ഇല്ലാത്ത ഭൂമിയുടെ പേരിൽ കേഴുന്നതിനു പകരം ആദിവാസികളുടെയും, ദളിതരുടെയും, ഭൂ രഹിത കർഷക തൊഴിലാളികളുടെയും പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം തേടുകയാണ് വേണ്ടത്. വ്യവസായ മേഖലയിലേക്കുള്ള ചേക്കറലും, തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ് ദാരിദ്ര്യ നിർമാർജ്ജനത്തിനുള്ള യഥാർത്ഥ പരിഹാരം.
 
കാർഷികവൃത്തി  ജനസംഖ്യ വർധിച്ചിരിക്കുന്നതിനാൽ പരിമിതമായി മാത്രമേ ദരിദ്രർക്ക് ഉപകാരപ്പെടുകയുള്ളൂ. അതാണ്‌ ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിലെ അടിസ്ഥാന പ്രശ്നം. തൊണ്ണൂറ് ശതമാനം ജനങ്ങളും കാർഷിക മേഖലയിൽ നിന്നും, എരുമ വളർത്തലിൽ നിന്നുമുള്ള വരുമാനത്തെ ആശ്രയിച്ചാണ് അവിടെയൊക്കെ കഴിയുന്നത്. കാർഷിക മേഖലയ്ക്ക് ഒരു പരിധിയിൽ കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളാനോ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനോ സാധ്യമല്ല. വ്യവസായ മേഖലയിലേക്കും, സേവന മേഖലയിലേക്കുമുള്ള കുടിയേറ്റം അത്യന്താപേക്ഷിതമാണ്. സംരംഭകത്വം ദളിത് ആദിവാസി വിഭാഗങ്ങളിൽ എല്ലാ രീതിയിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. അതുപോലെ തന്നെ പ്രോത്സാഹിക്കപ്പെടേണ്ടതാണ് ജോലിക്കും, മെച്ചപ്പെട്ട വേതനത്തിനുവേണ്ടിയുള്ള കുടിയേറ്റങ്ങളും.
 
ആരും പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ കൂടി ഇന്നത്തെ ഇന്ത്യയിൽ തൊഴിലാളികളുടെ 'മൈഗ്രേഷൻ' ആണ് ദാരിദ്ര്യനിർമാർജനം പരിഹരിക്കുന്നതിൽ മുഖ്യ പങ്ക്‌ വഹിക്കുന്നത്. 8-10 വർഷം മുമ്പ് ഇതെഴുതുന്നയാൾ നാല് സംസ്ഥാനങ്ങളിൽ ഇൻഡസ്ട്രിയൽ സർവേ നടത്തുകയുണ്ടായി. ഗ്രെയ്റ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ മാനേജർ അന്ന് എന്നോട് പറഞ്ഞത് അവിടുത്തെ സ്കിൽഡ് പ്ലംബർ, ഇലെക്ട്രിഷ്യൻ, പെയിൻറ്റർ - ഇവർക്കൊക്കെ തുടക്കത്തിലേ 40000 രൂപയാണ് ശമ്പളം എന്നാണ്. ഇത് 8-10 വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. 10000 - 15000 രൂപാ ശമ്പളം കൊടുക്കാതെ അവിടെ ആരെയും കിട്ടില്ലാ എന്നാണ് HRD മാനേജർ നേരിട്ട് എന്നോട് പറഞ്ഞത്. സമാനമാണ് ഇന്ത്യയിലെ വ്യാവസായിക വളർച്ച വന്ന മറ്റു പ്രദേശങ്ങളിലെയും ശമ്പള നിരക്കുകൾ. പഴയതിൽ നിന്ന് വ്യത്യസ്തമായി കാർഷിക മേഖലയിൽ നിന്ന് ഇപ്പോൾ തൊഴിലാളികൾ നഗരങ്ങളിലെ വ്യാവസായിക മേഖലകളിലേക്ക് കുടിയേറുകയാണ്. അസംഘടിത മേഖലകളിൽ പോലും അവർ ഫാക്റ്ററികളുമായി സഖ്യത്തിലേർപെട്ടു മെച്ചപ്പെട്ട വേതനവും, തൊഴിലവസരങ്ങളും ഒരുക്കുകയാണ്. ഇന്ത്യയിലെ കുടുംബങ്ങളിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ആസന്ന ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കുന്നതിൻറ്റെ സകല സൂചനകളും ഉണ്ട്. പൗൾട്രി ഫാമുകളും, ഡയറി ഫാമുകളും ഒക്കെ അങ്ങനെ തുടങ്ങി കഴിഞ്ഞു.
 
ഇപ്പോൾ ഡൽഹിയിലൊക്കെ പണ്ടത്തെ പോലെ ചവിട്ടുന്ന റിക്ഷകൾ കുറഞ്ഞു വരികയാണ്. ചവിട്ടുന്ന റിക്ഷകൾ ഇപ്പോൾ കാണാനേയില്ല എന്നു തന്നെ പറയാം. അതിനു പകരം ഇലെക്ട്രിക് റിക്ഷകൾ ആ സ്ഥാനം പിടിച്ചു കഴിഞ്ഞു. 90 ശതമാനത്തിലേറെ  ചവിട്ടുന്ന റിക്ഷകൾ ഇലക്ട്രിക്ക് റിക്ഷകൾക്ക് വഴിമാറി എന്നാണ് തോന്നുന്നത്. സമാനമാണ് ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും. ഇതിൻറ്റെയൊക്കെ ഗുണഭോക്താക്കൾ ദളിതരും, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാരുമാണ്. 
 
ബീഹാറികളായിരുന്നു ഇന്ത്യൻ നഗരങ്ങളിലെ മഹാ ഭൂരിപക്ഷം റിക്ഷക്കാരും, കൂലി തൊഴിലാളികളും. പണ്ട് ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ കൽക്കട്ടയിലെ റിക്ഷക്കാരെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. "മേരേ പ്യാരെ ബീഹാറി ബഹനോം ഔർ ഭായിയോം" എന്ന് വിളിച്ചാണ് ലാലു റിക്ഷക്കാരെ അഭിസംബോധന ചെയ്തതെന്ന് പറയുമ്പോൾ തന്നെ മഹാഭൂരിപക്ഷം റിക്ഷക്കാരും ബീഹാറികൾ ആണെന്നുള്ളത് വ്യക്തമാണ്.
 
കുറച്ചു വർഷങ്ങൾക്ക് മുമ്പ് മുംബൈയിലെ ശിവസേനാ പ്രവർത്തകർ ചില ബീഹാറികളെ ആക്രമിച്ചിരുന്നു. പാവപ്പെട്ട ബീഹാറി മൈഗ്രൻറ്റ് ലേബറേഴ്‌സിനെ ശിവസനാ പ്രവർത്തകർ ഓടിച്ചിട്ട് തല്ലുന്നത് ടി.വി.- യിലെ വാർത്തക്കിടയിൽ കാണിച്ചിരുന്നു. അതൊക്കെ കണ്ടാൽ മനുഷ്യസ്നേഹമുള്ള ആരും വേദനിക്കും. മുംബൈയില്‍ താമസിക്കുന്ന ബീഹാറികള്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കണമെന്ന്‌ അന്ന് ശിവസേന വര്‍ക്കിംഗ് പ്രസിഡൻറ്റ്  ഉദ്ദവ് താക്കറേ പറഞ്ഞിരുന്നു. ഒരു പടി കൂടി പോയി മഹാരാഷ്ട്രയിലെ ബീഹാറികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് രാജ് താക്കറേയും പറഞ്ഞു.
 
ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലൊന്നാണ് രാജ്യ തലസ്ഥാനമായ ഡൽഹി. ഡൽഹിയിൽ 63 ലക്ഷത്തോളം അന്യ സംസ്ഥാനക്കാർ ഉണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. അതായത് മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തോളം ഈ അന്യ സംസ്ഥാന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായി വരും. ഈ 'മൈഗ്രൻറ്റ് ലേബറേഴ്‌സിൽ' ഏറ്റവും ദരിദ്രർ ആണ് ബീഹാറികൾ. ദാരിദ്ര്യത്തേയും, പിന്നോക്കാവസ്ഥയേയും പുച്‌ഛിക്കുന്ന ഉത്തരേന്ത്യൻ സമൂഹം പണ്ട് "ബീഹാറിയോം കോ മാർനാ ഹേ" എന്നാണ് പറഞ്ഞിരുന്നത് - ബീഹാറിയെ കണ്ടാൽ തല്ലണമെന്ന്. ഇപ്പോഴും ആ മനോഗതിക്ക് വലിയ മാറ്റമുണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. 'അരേ ബീഹാറി' എന്ന് വിളിക്കുന്നതാണ് ഉത്തരേന്ത്യയയിൽ പലപ്പോഴും ഏറ്റവും നിന്ദ്യമായി കണക്കാക്കപ്പെടുന്നത്. ഈ ബീഹാറികളോടുള്ള പൊതുജനത്തിൻറ്റെ വിരോധം മാറണമെങ്കിൽ ബീഹാറിൻറ്റെ പിന്നോക്കാവസ്ഥ മാറണം; എങ്കിൽ മാത്രമേ ബീഹാറികൾ സാമ്പത്തികമായി ഉയരുകയുള്ളൂ.
 
ഉത്തരേന്ത്യൻ നഗരങ്ങളിലും, കൽക്കട്ടയിലും, മുംബൈയിലും  റിക്ഷാ ചവിട്ടുകാരും, 'മൈഗ്രൻറ്റ് ലേബറേഴ്‌സുമായി' ഏറ്റവും കൂടുതലുള്ള വിഭാഗമാണ് ബീഹാറികൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന ഗ്രൂപ്പാണിവർ. അവർ പാവപ്പെട്ടവരാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇന്ത്യൻ മധ്യവർഗ്ഗത്തിൻറ്റെ മിഥ്യാഭിമാനം കാരണം രാജ്യത്തിൻറ്റെ ദാരിദ്ര്യം അധികം പരാമർശിക്കപ്പെടുന്നില്ല. അതുകൊണ്ട് ഇന്ത്യയിലെ ടി.വി. ചാനലുകളൊന്നും ഇപ്പോൾ ദരിദ്രരുടെ പ്രശ്നങ്ങൾ അധികമൊന്നും കാണിക്കുന്നില്ല. മൊത്തത്തിൽ അവർക്കുള്ള മീഡിയ കവറേജ് വളരെ കഷ്ടിയാണ്. മഹാത്മാ ഗാന്ധിയുടെ 'ദരിദ്രനാരായണന്മാരുടെ ഇന്ത്യ' എന്ന നിലയിൽ നിന്ന് 'ശക്തമായ ഇന്ത്യ' എന്ന ഇമേജ് നൽകുന്ന തിരക്കിലാണല്ലോ ബി.ജെ.പി.-യും സംഘ പരിവാറുകാരും ഇപ്പോൾ.
 
ബീഹാറിലെ പ്രധാന പ്രശ്നം upper class and lower class gap ആണെന്നു തോന്നുന്നു. സിവിൽ സർവ്വീസിലൊക്കെ ഏറ്റവും കൂടുതലുള്ളതും അതേസമയം തന്നെ ഏറ്റവും ദരിദ്രനാരായണന്മാരുള്ളതുമായ സംസ്ഥാനം ബീഹാറാണ്. ഈ ബീഹാർ ഉൾപ്പെടുന്ന ഉത്തരേന്ത്യയിലാണ് ജയപ്രകാശ്‌ നാരായൺ 1970-കളിൽ 'സമ്പൂർണ വിപ്ലവം' ആഹ്വാനം ചെയ്തത്. ബീഹാറിൽ നിന്നുള്ള ജയപ്രകാശ് നാരായണ് ബീഹാറിൽ ഒരു 'സമ്പൂർണ വിപ്ലവവും' ഉണ്ടാക്കാനായില്ല എന്നത് സ്വാതന്ത്ര്യാനന്ദര ഇന്ത്യൻ ചരിത്രത്തിലെ ഒരു വൈരുദ്ധ്യം തന്നെയാണ്.
 
പൊതുവെ നോർത്ത് ഇന്ത്യക്കാർ ബിഹാറികളെ ഭയപ്പെടുന്നു. അവർ വലിയ സൂത്രശാലികളാണത്രെ. സൂചി കുത്താൻ സ്ഥലം കൊടുത്താൽ തൂമ്പ അവർ കയറ്റിയിരിക്കും എന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. ഹിന്ദി ഭാഷികൾ ഒരു പഴഞ്ചൊല്ല് കൂടി ഉണ്ടാക്കിയിട്ടുണ്ട് ഇക്കൂട്ടരെ പഴിക്കാൻ - "ഏക് ബിഹാറി; സൗ ബിമാരി" എന്ന് -  'ഒരു ബീഹാറിയുണ്ടെങ്കിൽ നൂറ് ദരിദ്രവാസികളും കൂടെ കാണും' എന്ന് അർത്ഥമാക്കുന്നു ഈ ചൊല്ല്. എന്തായാലും 'ദാരിദ്ര മുക്ത ഭാരതം സൃഷ്ടിക്കണമെങ്കിൽ ആദ്യം ബിഹാറികളിലെ പാവപ്പെട്ടവരെ നന്നാക്കണം. ദരിദ്രർ ആരായാലും ഒന്നുകിൽ അവർ ബംഗ്ളാദേശികളാണ് അല്ലെങ്കിൽ ബിഹാറികളാണെന്നായിരുന്നു ഇതുവരെയുള്ള വിചാരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബംഗ്ലാദേശ് ഒരുപാട് മാറി; ബീഹാർ ഇനിയും മാറിയിട്ടില്ല.
 
എന്തായാലും ബീഹാറിന്റെ വികസന പ്രശ്നങ്ങൾ ഇനി വളരെ സജീവമാകും എന്നുള്ളതാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്ന ഏറ്റവും വലിയ സന്ദേശം. ബീഹാറിൽ തൊഴിലില്ലാത്തതുകാരണം ഗ്രാമീണർ പലരും വീട് പൂട്ടി കുടുംബമായി മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലി തേടി പലായനം ചെയ്യുകയാണ്. കുട്ടികളെ സ്‌കൂളിലയക്കാൻ ഗ്രാമീണർക്ക് കഴിയാത്തതിനുള്ള പ്രധാനകാരണം തൊഴിൽതേടി കുടുംബമായുള്ള ഈ പലായനങ്ങളാണ്‌. ബീഹാറിലെ പല ഗ്രാമങ്ങളിലും കുടിവെള്ളമില്ല; വൈദ്യുതിയില്ല; ടാറിട്ട റോഡ് പോലുമില്ല. റോഡിൻറ്റെ കാര്യത്തിൽ 'പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജന' എന്ന പദ്ധതിയുണ്ടെങ്കിലും പല ഗ്രാമങ്ങളിലും റോഡ് ഇനിയും പണിതിട്ടില്ല. ബീഹാറിലെ വിദൂര ഗ്രാമങ്ങളിലേക്ക് നേതാക്കളോ അധികാരികളോ തിരിഞ്ഞുനോക്കാറില്ല. വീടുകളിൽ വൈദ്യുതി ഇല്ലാത്തതുമൂലം ടി.വി., സ്മാർട്ട് ഫോൺ ഒക്കെ ഗ്രാമീണർക്ക് ഇന്നും സ്വപ്നമാണ്. അതുകൊണ്ടുതന്നെ പുറം ലോകവുമായുള്ള ബന്ധവും അറിവുകളും വിദൂര ഗ്രാമീണ മേഖലയിലുള്ളവർക്ക് ചുരുക്കമാണ്. ഓൺലൈൻ ക്ലാസ്സുകളെ പറ്റി ഗ്രാമങ്ങളിലെ കുട്ടികൾക്ക് കേട്ടറിവു മാത്രം. പുറത്തു ജോലിക്കു പോയിവന്നവർ പട്ടണത്തിൽ നിന്നും ചെറിയ സോളാർ പ്ലേറ്റുകൾ വാങ്ങിക്കൊണ്ടുവന്ന് അവരുടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാറുണ്ട്. കുഗ്രാമങ്ങളിലെ വീടുകളിൽ സോളാർ വിളക്കുകൾ ചിലപ്പോൾ കാണാം. സർക്കാർ പ്രഖ്യാപനങ്ങളുടെ യഥാർത്ഥ ചിത്രം കാണണമെങ്കിൽ ബീഹാറിലെ വിദൂര  ഗ്രാമങ്ങളിൽ പോയി നോക്കണം. കോവിഡ് കാലത്ത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 500 രൂപ വീതം ചില കുടുംബങ്ങൾക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ പലർക്കും അത് ലഭിച്ചിട്ടില്ല. അതുപോലെയാണ് റേഷനും. കൃത്യമായി റേഷൻ പലർക്കും ലഭിക്കുന്നില്ല. ബി.ജെ.പി. സർക്കാർ കേറിയ 2014-നു ശേഷം തൊഴിലുറപ്പു പദ്ധതി പല  ഗ്രാമങ്ങളിലും നടന്നിട്ടില്ല. അതിശയകരമായ കാര്യം എന്തെന്നാൽ വിദൂരമായ ഗ്രാമങ്ങളിൽ ഒരു വീട്ടിലും ശൗചാലയമില്ല എന്ന വസ്തുതയാണ്. ഓർക്കുക, ബീഹാർ സംസ്ഥാനം സമ്പൂർണ്ണ വെളിമ്പ്രദേശ മലവിസർജ്ജനരഹിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണെന്നുള്ള കാര്യം. സർക്കാർ പ്രഖ്യാപനങ്ങളും യാഥാർഥ്യങ്ങളും തമ്മിൽ ഒരു പൊരുത്തവുമില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബീഹാറിലെ പല  വിദൂര ഗ്രാമങ്ങളും. പദ്ധതികളൊന്നും ജനങ്ങളിലേക്കെത്തുന്നില്ല എന്നത് ബീഹാറിലെ വിദൂര ഗ്രാമങ്ങളിൽ ആർക്കും നേരിൽ കണ്ട് ബോദ്ധ്യപ്പെടാവുന്നതാണ്.
 
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും ഗ്രാമീണ മേഖലകളിലെ സ്ഥിതിഗതികളുടെ യഥാർത്ഥ ചിത്രം അതിൻ്റെ നേർരൂപത്തിൽ നമുക്കുമുന്നിൽ വരാറില്ല. അതിനുള്ള പ്രധാനകാരണം അവിടേക്കുള്ള കണക്ടിവിറ്റി തന്നെയാണ്. റോഡ്, റെയിൽ, വൈദ്യുതി, ഫോൺ തുടങ്ങിയ സൗകര്യങ്ങൾ അവിടെ ഇനിയും എത്തപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കപ്പെടുന്നു; വാഗ്‌ദാനങ്ങളും, പ്രഖ്യാപനങ്ങളും മുറപോലെ നടക്കുന്നു; ഭരണ കർത്താക്കൾ മാറിമാറിവരുന്നു. എന്നാൽ അടിസ്ഥാനപരമായ മാറ്റം ഇനിയും അവിടുത്തെ പല ഗ്രാമീണ മേഖലകളിലും കൈവന്നിട്ടില്ല എന്നത് യാഥാർഥ്യമാണ്. 2017-ൽ എല്ലാ ഗ്രാമീണരിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കിയ ‘സൗഭാഗ്യ’ പദ്ധതി പ്രകാരം 2018-ൽ ബീഹാർ സമ്പൂർണ്ണമായി  വൈദ്യുതീകരിച്ച സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. പക്ഷെ യാഥാർഥ്യം ഇതിൽ നിന്നൊക്കെ വളരെ അകലെയാണ്. വികസനത്തിൻറ്റെ കാര്യത്തിൽ പ്രഖ്യാപനങ്ങളും യാഥാർധ്യവും തമ്മിലുള്ള വൈരുധ്യമാണ് ഇനിയെങ്കിലും വെളിവാകേണ്ടത്.
 
ബീഹാറിൻറ്റെ വികസന പ്രശ്നങ്ങളിൽ, പ്രഖ്യാപനങ്ങളും യാഥാർധ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം സജീവമായി 2020 തിരഞ്ഞെടുപ്പ് യോഗങ്ങളിൽ തേജസ്വി യാദവിന് ഉയർത്താനായി. അതുകൊണ്ട് ഇക്കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പിലെ താരം ആരാണെന്ന് ചോദിച്ചാൽ തീർച്ചയായും അത് തേജസ്വി യാദവ് ആണ്. 31 വയസേ ഉള്ളൂ ലാലു പ്രസാദ് യാദവിൻറ്റെ മകന്. എന്നിട്ടും പിതാവ് ജയിലിൽ ആയിരിക്കേ പാർട്ടിയുടെ സാരധ്യം ഏറ്റെടുത്ത് ജയത്തിന് തൊട്ടരികെ വരെ എത്തി. ബീഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ എല്ലാവരും നിതീഷ് കുമാർ വളരെ എളുപ്പത്തിൽ ജയിക്കും എന്നാണ് പറഞ്ഞിരുന്നത്. ആ നിതീഷ് കുമാറിൻറ്റെ പാർട്ടിയേക്കാൾ കൂടുതൽ സീറ്റ് സ്വന്തം പാർട്ടിക്ക് നേടി കൊടുക്കാൻ തേജസ്വി യാദവിന് സാധിച്ചു. നിതീഷിൻറ്റെ പാർട്ടി കേവലം 43 സീറ്റിൽ ഒതുങ്ങിയപ്പോൾ തേജസ്വി യാദവ് നയിച്ച രാഷ്ട്രീയ ജനതാ ദൾ 75 സീറ്റ് നേടി ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഒറ്റ കക്ഷിയായി മാറി. ബി.ജെ.പി. നേതാവ് ഉമാ ഭാരതിയും, NDA-യിൽ തന്നെ ഉള്ള ദുഷ്യന്ത്‌ ചവ്ട്ടാലയും തേജസ്വി യാദവിൻറ്റെ 'സ്പിരിറ്റഡ് ക്യാമ്പയിനെ' അനുമോദിച്ചതും കൂടി ഇവിടെ കാണണം.
 
നിഷ്പക്ഷമതികൾ തേജസ്വി യാദവ് ഉയർത്തിയ വിഷയങ്ങളാണ് അനുമോദിക്കേണ്ടത്. ജാതി രാഷ്ട്രീയത്തിലും, ഗുണ്ടായിസത്തിലും ഉറച്ചുപോയ ബീഹാറിൽ വികസന വിഷയങ്ങൾ ഉയർത്താൻ സാധിച്ചു എന്നത് തേജസ്വി യാദവിൻറ്റെ വലിയ നേട്ടം തന്നെയാണ്. തേജസ്വി യാദവ് ഉയർത്തിയ 'കമായ്', 'ദവായ്', 'പഠായ്', 'സിഞ്ചായ്', 'മെഹങ്കായ്' - ഇവയൊക്കെ ഇനി എല്ലാ രാഷ്ട്രീയക്കാരും അംഗീകരിച്ചേ മതിയാകൂ. ബീഹാറിൽ വികസനം വന്നാൽ അത് ഉത്തരേന്ത്യ മൊത്തം പ്രതിഫലിക്കും എന്ന കാര്യത്തിൽ സംശയം ഒട്ടുമേ വേണ്ടാ. സംഘ പരിവാറുകാരും, ബി.ജെ.പി.-യും ചേർന്ന് ഒരുക്കുന്ന ഭിന്നിപ്പിൻറ്റെ കുതന്ത്രങ്ങളിൽ വീഴാതെ വികസന വിഷയങ്ങൾ ഉയർത്താൻ ഇന്നത്തെ ഇന്ത്യയിൽ അപാര കഴിവ് തന്നെ വേണം. അത് തേജസ്വി യാദവ് ബീഹാറിലെ തിരഞ്ഞെടുപ്പ് വേളയിൽ പ്രകടമാക്കി എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.  
 
തൊഴിലില്ലായ്‌മ, വരുമാനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, വിലകയറ്റം - ഈ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ നവംബർ 2020-ലെ തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയത്തിനപ്പുറം തേജസ്വി യാദവിന് ഉയർത്താനായി എന്നത് വലിയ നേട്ടം തന്നെയാണ്. ഏതാണ്ട് 30 ലക്ഷത്തിലേറെ ബീഹാറി 'മൈഗ്രൻറ്റ് ലേബറേഴ്സ്' സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ബീഹാറിലേക്ക് മടങ്ങി എന്നാണ് കണക്കുകൾ. അതിൽ പലരും കാൽനടയായി ആണ് ബീഹാറിൽ തിരിച്ചെത്തിയത്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളിൽ 90 ശതമാനവും ബീഹാർ, ബംഗാൾ, ജാർക്കണ്ട്, ആസാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തിരിച്ചെത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം അവർക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ തേജസ്വി യാദവ് ഉയർത്തിയ 'മെഹങ്കായ്' അതല്ലെങ്കിൽ വിലകയറ്റം സാധാരണക്കാരെ ബാധിക്കുന്ന ഒരു വലിയ വിഷയം തന്നെയായിരുന്നു. തേജസ്വി യാദവിനെ കേൾക്കാൻ ബീഹാറിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ വലിയ ജനക്കൂട്ടം വരുന്നുമുണ്ടായിരുന്നു. ജയത്തിന് തൊട്ടരികെ വരാൻ തേജസ്വി യാദവിനെ സഹായിച്ചത് വികസന വിഷയങ്ങൾ ഉയർത്തി നടത്തിയ ഈ 'സ്പിരിറ്റഡ് ക്യാബയിൻ' മൂലമായിരുന്നു. NDA-യും മഹാസഖ്യവും തമ്മിലുള്ള വിത്യാസം കേവലം 12,768  വോട്ടുകളിൽ മാത്രമേ ഉള്ളൂ. ഈ 12,768 അധിക വോട്ടുകൾ മൂലമാണ് NDA-ക്ക് 15 നിയമസഭാ സാമാജികരെ അധികം കിട്ടിയതെന്ന് പറഞ്ഞാൽ പലരും അതിശയിക്കും. പക്ഷെ അതാണ് ഇക്കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്.
 
പിതാവിന്റെ നയങ്ങളിൽ നിന്ന് വ്യതിചലിച്ച തേജസ്വി യാദവ്, ഒരുകാലത്ത് രാഷ്ട്രീയ ജനതാ ദൾ നേതാക്കളുമായി ഇടഞ്ഞു നിന്നിരുന്ന CPI-ML-നേയും കൂടെ കൂട്ടി എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ ജനതാ ദളിൽ ഉണ്ടായിരുന്ന സിവാനിലെ ഷഹാബുദീനെ പോലുള്ള ഗുണ്ടാ നേതാക്കളുടെ അക്രമങ്ങൾ മൂലം അനേകം CPI-ML നേതാക്കൾക്ക് പണ്ട് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അതൊക്കെ മറക്കാൻ CPI-ML-നെ പ്രേരിപ്പിച്ച തേജസ്വി യാദവിൻറ്റെ നയചാതുര്യം സമ്മതിക്കുക തന്നെ വേണം. CPI-ML ഇത്തവണ മത്സരിച്ച 19 സീറ്റിൽ 12 എണ്ണത്തിൽ അവർക്ക് ജയിക്കാനായി എന്നതും ശ്രദ്ധിക്കണം. നക്സലൈറ്റ് അക്രമ രാഷ്ട്രീയത്തിൽ നിന്ന് മാറി പാർലമെൻറ്ററി പാതയിലേക്ക് അവർ വരുന്നത് തീർച്ചയായും ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തും.
 
കോൺഗ്രസുകാരും കണ്ടു പഠിക്കേണ്ടതാണ് തേജസ്വി യാദവ് നയിച്ച 'സ്പിരിറ്റഡ് ക്യാമ്പയിൻ'. കോൺഗ്രസിന് RJD നൽകിയ സീറ്റുകളിൽ ബഹുഭൂരിപക്ഷവും പരാജയപ്പെടുന്ന സീറ്റുകൾ ആയിരുന്നെങ്കിലും രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും അണികൾക്ക് ആവേശം പകർന്നു നൽകുന്ന ഒരു പ്രചാരണം ബീഹാറിൽ നടത്തിയില്ല എന്നത് നിഷേധിക്കാൻ ആർക്കും ആവില്ല. ബി.ജെ.പി. ശക്തികേന്ദ്രങ്ങൾ ആണ് RJD കോൺഗ്രസിന് ഇക്കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പിൽ നൽകിയത്. ആ സീറ്റുകളിൽ പലതിലും തോറ്റ് കോൺഗ്രസ് 19 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടത് സ്വോഭാവികം മാത്രം. പക്ഷെ എന്നിരുന്നാലും ഒരു തിരഞ്ഞെടുപ്പിൽ തോൽവി മുന്നിൽ കണ്ടുപോലും തേജസ്വി യാദവിനെ പോലെ അണികളുടേയും, പ്രാദേശിക നെതൃത്വത്തിൻറ്റേയും മനോവീര്യം ഉണർത്തേണ്ട കടമ കോൺഗ്രസിൻറ്റെ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നു. അതവർ ചെയ്തില്ല എന്നത് ആ പാർട്ടിയിൽ പ്രതീക്ഷ അർപ്പിക്കുന്നവരെ സംബന്ധിടത്തോളം ദുഃഖിപ്പിക്കുന്ന കാഴ്ചയാണ്.
 
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
ബീഹാറിലെ ജംഗിൾ രാജിൽ തേജസ്‌വി യാദവ് ഉയർത്തുന്ന വികസന വാദങ്ങൾ (വെള്ളാശേരി ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക