Image

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

Published on 15 November, 2020
സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

അമേരിക്കയിലെ ആദ്യകാല മലയാളി വനിതാ എഴുത്തുകാരിൽ ശ്രദ്ധേയയാണ് സരോജ വർഗീസ്. യാത്രാവിവരണങ്ങൾ, ഓർമക്കുറിപ്പുകൾ, ആത്മകഥ ഇവയെല്ലാമെഴുതി പ്രസിദ്ധീകരിച്ച ആദ്യ വനിതയെന്ന നിലയിലാണ് സരോജയുടെ പ്രശസ്തി. മലയാളിസ്ത്രീകൾ അധികമൊന്നും കടന്നു വരാതിരുന്ന എഴുത്തിന്റെ മേഖലയിലേക്ക് ഇവർ സജീവമായി പ്രവേശിച്ചിട്ട് മൂന്നു പതിറ്റാണ്ടിൽ കൂടുതലായി.

തന്റെ പ്രിയ ഭർത്താവ്  ജോയുടെ വിയോഗത്തിന്റെ ആഘാതത്തിൽനിന്നു കരകയറുവാൻ  എഴുതിയ ‘പ്രിയ ജോ, നിനക്കായ് ഈ വരികൾ’ എന്ന പുസ്തകം മലയാള സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. അതുപോലെ തന്നെയാണ് സരോജയുടെ ആത്മകഥയും. പുരുഷന്മാർ പോലും സ്വന്തം കഥ എഴുതാൻ മടിച്ചു നിൽക്കുന്നിടത്താണ് അവർ തന്റെ ജീവിതം സധൈര്യം വായനക്കാർക്കായി തുറന്നു കാട്ടുന്നത്. അത് ഒരു എഴുത്തുകാരിയുടെ മാത്രം ആത്മകഥയല്ല. നാൽപത്തിയെട്ടു വർഷം മുൻപ് അമേരിക്കയെന്ന സ്വപ്നഭൂമികയിലേക്കു കാലെടുത്തു വച്ച സരോജ വർഗീസ് എന്ന നഴ്സിന്റെയും ഭാര്യയുടെയും അമ്മയുടെയും കഥ കൂടിയാണ്... അതിൽ സരോജയെന്ന മകളെയും സ്നേഹിതയെയും നാം പരിചയപ്പെടുന്നു. മത-സാമൂഹിക- സാംസ്കാരിക രംഗത്ത് അർപ്പണ ഭാവത്തോടെ വിരാജിച്ച കർമോൽസുകയും സേവനതൽപരയുമായ ഈ സ്ത്രീരരത്നത്തെ നാം കൂടുതൽ പരിചയപ്പെടുന്നു.  യാത്രാവിവരണങ്ങൾ എഴുതുമ്പോൾ   സരോജ പോയ സ്‌ഥലങ്ങളിലെല്ലാം കാഴ്ചകൾ കണ്ടു നാമും അവർക്കൊപ്പം സഞ്ചരിക്കുന്നു. അവരുടെ യാത്രയുടെ ദൃശ്യവിസ്മയങ്ങൾ കഥയുടെ ലാഘവത്തോടെ  നാം വായിച്ചെടുക്കുന്നു.

∙ എഴുത്തിന്റെ വഴി
ചെറുപ്പം മുതലേ അമ്മ, തങ്കമ്മടീച്ചറാണ് സരോജയെ വായനയിലേക്കും എഴുത്തിലേക്കും വരാൻ പ്രോത്സാഹിപ്പിച്ചത്. അമേരിക്കയിൽ വന്ന  ശേഷമാണു കഥകളൊക്കെ പ്രസിദ്ധീകരിക്കുന്നത്. സാഹിത്യകാരൻ ചാക്കോ ശങ്കരത്തിൽ ഫിലാഡൽഫിയയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന രജനി മാസികയിലാണ് 88 ൽ ആദ്യത്തെ കഥ ‘പിന്നിട്ട എക്സിറ്റ്’  അച്ചടിച്ചു വന്നത്. പിന്നീട് മലയാളം  പത്രം, ജനനി, കൈരളി, കേരളാ എക്സ്പ്രസ്സ്, സംഗമം ഇവയിലെല്ലാം എഴുതുവാൻ തുടങ്ങി. ഇപ്പോൾ ഇ-മലയാളി ഡോട്ട് കോമിലും മറ്റ് ഓൺലൈൻ പോർട്ടലുകളിലും സജീവമാണ്. എല്ലാ ഓൺലൈൻ മാസികകളും നന്നായി പ്രോത്സാഹിപ്പിക്കുന്നു.

∙ ഏറ്റവും കൂടുതൽ സ്വാധീനിച്ച എഴുത്തുകാർ?

അന്ന് ഞങ്ങളുടെ തലമുറയിലെ സാധാരണക്കാരായ ചെറുപ്പക്കാർക്കെല്ലാം വളരെ ഇഷ്ടമുള്ള എഴുത്തുകാരനായിരുന്നു മുട്ടത്തു വർക്കി. എനിക്കും അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രിയങ്കരം തന്നെ.  ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മുട്ടത്തു വർക്കിയെ നേരിൽ കാണുന്നത്. ചങ്ങനാശേരിയിൽ എന്റെ അമ്മയുടെ സഹോദരിയുടെ അയൽവക്കമായിരുന്നു മുട്ടത്തുവീട്. ഒരിക്കൽ അവിടെ വിരുന്നിനു പോകുമ്പോൾ ഞങ്ങൾ മുട്ടത്തു കയറി. എട്ടാം ക്ലാസ്സിലെ പരീക്ഷയ്ക്ക് സ്‌കോളർഷിപ്പ് കിട്ടിയ വിവരം അറിഞ്ഞപ്പോൾ അദ്ദേഹം എന്റെ തലയിൽ കൈ വെച്ച് ‘മിടുക്കിയായി പഠിക്കണം, വായിക്കണം’ എന്നനുഗ്രഹിച്ചത് ഇന്നും മറക്കാനാവാത്ത അനുഭവമായി മനസ്സിൽ നിൽക്കുന്നു.

∙ പുതു തലമുറയിലെ സ്ത്രീ എഴുത്തുകാരെക്കുറിച്ചെന്താണ് അഭിപ്രായം?

പുതിയ തലമുറയിലെ സ്ത്രീഎഴുത്തുകാർ തുറന്നു സംസാരിക്കാനും അവരുടെ അഭിപ്രായങ്ങൾ മറയില്ലാതെ പറയുവാനും ധൈര്യമുള്ളവരാണ്. അത് അവരുടെ ആശയങ്ങളിലും എഴുത്തിലും പ്രതിഫലിക്കുന്നു. അവർക്കു സമൂഹത്തിന്റെ നെഗറ്റീവ് പ്രതികരണങ്ങളെ ഭയമില്ല. ഉയർന്ന ആത്മവിശ്വാസം അവർക്കുണ്ട്.

∙ ഇങ്ങനെയൊക്കെയാണെങ്കിലും അനുപാതത്തിൽ മലയാളി സ്ത്രീ എഴുത്തുകാർ അമേരിക്കയിൽ കുറവല്ലേ?

തൊണ്ണൂറുകളിലും രണ്ടായിരം പകുതി വരെയും ഞാനുൾപ്പെടെ നാലോ അഞ്ചോ മലയാളി സ്ത്രീകളേ ഇവിടെ  സാഹിത്യ രംഗത്തു സജീവമായി ഉണ്ടായിരുന്നുള്ളു. നീന പനക്കൽ, ലൈല അലക്സ്, എൽസി യോഹന്നാൻ, പരേതയായ തെൽമ കിസാക്ക്, കാനഡയിൽനിന്നു നിർമല... വളരെ കുറച്ചു പേർ. ഇന്ന് സ്ഥിതി വളരെ മാറിയിട്ടുണ്ട്. എങ്കിലും പുരുഷൻമാരെ അപേക്ഷിച്ചു സ്ത്രീഎഴുത്തുകാർ കുറയാൻ പല കാരണങ്ങളും ഉണ്ട്. പുതുതലമുറയുടെ താല്പര്യങ്ങൾ വായനയെക്കാൾ കൂടുതലും ദൃശ്യ മാധ്യമങ്ങളിലൊക്കെയാണ്. ചിലർ അതിലൊക്കെ ആകൃഷ്ടരായി യൂട്യൂബ് വിഡിയോകളും ട്രാവലോഗുകളും വ്‌ളോഗുകളുമൊക്കെയായി  സമൂഹത്തോട് കൃത്യമായി ആശയ വിനിമയം നടത്തുന്നുണ്ട്. എഴുതി മിനക്കെടാനുള്ള ക്ഷമയും പുതിയ തലമുറയ്ക്ക് കുറവാണന്നു തോന്നുന്നു.

∙ അമേരിക്കയ്ക്ക് ആദ്യമായി ഒരു സ്ത്രീ വൈസ് പ്രസിഡന്റ് വരുകയാണ്. എന്തു തോന്നുന്നു?

‘വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും വിജയം. കമലാ ഹാരിസിന്റെ വിജയം ലോകമെങ്ങുമുള്ള പെൺകുട്ടികൾക്ക് വളരെ പ്രതീക്ഷ നൽകുന്നു...’

തിരുവല്ല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിൽനിന്ന് എസ്എസ്എൽസി പാസായ ശേഷം 2 വർഷം ഹിന്ദി വിദ്വാൻ പഠിച്ച സരോജ  ആന്ധ്രയിലെ ഗുണ്ടുർ കുഗ്ലർ ഹോസ്പിറ്റലിൽ നിന്നാണ് നഴ്സിങ് പാസായത്. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ യുദ്ധം നടക്കുന്ന സമയത്തു ഇന്ത്യൻ വ്യോമസേനയിൽ നഴ്സായി മൂന്നു വർഷം സരോജയുണ്ടായിരുന്നു. മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി ഓടി നടന്ന ദിവസങ്ങൾ തന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറ്റിമറിച്ചെന്ന് അവർ വിശ്വസിക്കുന്നു. ഇന്ത്യയിലെ പ്രശസ്തമായ പല ആശുപത്രികളിലും സേവനമനുഷ്ഠിച്ചതിനു ശേഷം 1972 ലാണ് അമേരിക്കയിലേക്ക് വരുന്നത്. ന്യൂയോർക്കിലെ കൊളംബിയ പ്രിസ്ബിറ്റേറിയനിലും ലോങ് ഐലൻഡ് ജ്യൂയിഷ് ഹോസ്പിറ്റിലിലും വർഷങ്ങളോളം ജോലി നോക്കിയിരുന്ന സരോജ 2002 ലാണ് വിരമിച്ചതും എഴുത്തിൽ കൂടുതൽ സജീവമായതും.                

രണ്ടു യാത്രാവിവരണങ്ങൾ, ആത്മകഥ, തീരം കാണാത്ത തിര, പൊലിയാത്ത പൊൻവിളക്ക്, സഹൃദയ രേഖകൾ, മുത്തശ്ശിക്കഥകൾ, സഞ്ചാരം- സാഹിത്യം-സന്ദേശം എന്നീ അഞ്ചു സമാഹാരങ്ങളുമാണ് സരോജയുടെ രചനകൾ.  ഇവയുടെ ഇംഗ്ലിഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. ഇംപ്രഷൻസ് കോട്ടയമാണ് പ്രസാധകർ. സുവാർത്ത ഗീതങ്ങൾ എന്ന ക്രിസ്മസ് ഗാനങ്ങളുടെ വരികളും സരോജയുടേതാണ്.   
അമേരിക്കയിലെ സാമൂഹിക, സാംസ്കാരിക, ആത്മീയ മേഖലകളിലെല്ലാം സജീവമായി ഇവർ പ്രവർത്തിച്ചിട്ടുണ്ട്. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി അംഗം എന്നീ ചുമതലകളെല്ലാം വഹിച്ചിട്ടുണ്ട്.

അമേരിക്കയിലെ ഓർത്തഡോക്സ് സഭയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുവാനുള്ള അവസരവും സരോജയ്ക്കു ലഭിച്ചു. മർത്തമറിയം സമാജം, ഫാമിലി യൂത്ത് കോൺഫറൻസ് ബോർഡ്, സുവനീർ കമ്മിറ്റി, ഡയോസിഷൻ വോയ്‌സ് ഇവയിലെല്ലാം  സമുന്നത പദവികൾ അലങ്കരിച്ചിട്ടുണ്ട്. വനിതകൾക്ക് വേണ്ടി ആരംഭിച്ച സഭാ നേതൃത്വ പരിശീലനത്തിന്റെ സംഘാടകയായും സെന്റ് തോമസ് എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ്, പിആർഒ എന്നി നിലകളിലും വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്.   

ധാരാളം പുരസ്കാരങ്ങളും സരോജ വർഗീസിനെ തേടിയെത്തിയിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് ഫിലഡെൽഫിയ, കമ്യൂണിറ്റി ലീഡർഷിപ് ഫൗണ്ടേഷൻ കോട്ടയം, കേരളം സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, മലയാളം പത്രം ന്യൂയോർക്ക്, മലയാളി അസോസിയേഷൻ ഓഫ് മെരിലാൻഡ്, ഫൊക്കാന, വിചാരവേദി ന്യൂയോർക്ക്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എന്നീ സംഘടനകളുടെ പുരസ്‌ക്കാരങ്ങൾ അവയിൽ ചിലതു മാത്രം. തനിക്കു ലഭിച്ച എല്ലാ പുരസ്കാരങ്ങളും ഒന്നിനൊന്നു വിലമതിക്കുന്നുവെങ്കിലും കേരളത്തിൽനിന്നു ലഭിച്ച  ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് തന്റെ നഴ്‌സിങ് സേവനത്തിനുള്ള വലിയ അംഗീകാരമായി സരോജ കാണുന്നു. തന്റെ ജന്മനാടായ തിരുവല്ലയിലെ പൗരാവലി തന്ന അവാർഡും പിറന്ന നാടിനു തന്നോടുള്ള ഊഷ്മള സ്നേഹത്തിന്റെ പ്രതീകമായാണ് സരോജ കാണുന്നത്. കേരളത്തിലെയും അമേരിക്കയിലെയും പ്രധാന മലയാളം ടെലിവിഷൻ  ചാനലുകളിലെല്ലാം സരോജയുടെ അഭിമുഖം വന്നിട്ടുണ്ട്.

തിരുവല്ല പുതുപ്പറമ്പിൽ ബിസിനസുകാരനായിരുന്ന വർക്കി വർഗീസിന്റെയും അധ്യാപികയായിരുന്ന തങ്കമ്മ വർഗീസിന്റെയും  മൂത്ത മകളാണ് സരോജ. രണ്ടു പേരും ഇന്നില്ല. രണ്ടു സഹോദരിമാരും മൂന്നു സഹോദരൻമാരുമാണുള്ളത്.

ന്യൂയോർക്ക് ഹോസ്പിറ്റൽ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത പരേതനായ മാത്യു വർഗീസിന്റെ ഭാര്യയാണ് സരോജ. ഇവർക്ക് ഒരു മകളും ഒരു മകനുമാണുള്ളത്– മഞ്ജുവും മജുവും.  ടീച്ചറായ മകൾ മഞ്ജുവിനോടും മരുമകൻ കോശി മാത്യുവിനോടുമൊപ്പം ഫ്ലോറിഡയിൽ ആണിപ്പോൾ സരോജയുടെ താമസം. ലോയിൽ ബിരുദമെടുത്ത  മകൻ മജു വർഗീസ്, വൈസ് പ്രസിഡന്റ് അൽഗോറിന്റെ ക്യാംപെയ്ൻ മാനേജരും പ്രസിഡന്റ് ഒബാമയുടെ പഴ്സനൽ സ്റ്റാഫ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ക്യാംപെയ്ൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും മജുവാണ്. മൂന്നു കൊച്ചുമക്കളും രണ്ടു ഗ്രേറ്റ് ഗ്രാന്റ് കിഡ്‌സും സരോജയ്ക്കുണ്ട്.  

റിട്ടയർ ചെയ്തു വെറുതെ വീട്ടിലിരിക്കുന്ന ധാരാളം പേരുള്ള സമൂഹത്തിലാണ് സരോജ വർഗീസിനും അവരുടെ എഴുത്തിനുമുള്ള പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. ജോലിയിൽനിന്നു വിരമിച്ച ശേഷവും അവർ സജീവമായി എഴുതുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.        

‘സരോജയുടെ കഥകൾ മലയാളികളുടെ ഉള്ളിലേക്കു വീണു പൊള്ളുന്നതും കുളിർന്നതുമായ അനുഭവങ്ങളുടെ ഉൾപ്പകർച്ചയാണ്. നാണംകുണുങ്ങിയായ ഒരു നാലുമണിപ്പൂവിന്റെ ശാലീനതയുണ്ട് ആ രചനാ ശൈലിക്ക്. ആധുനികത എന്നറിയപ്പെടുന്ന യാതൊരു കേടുപാടുകളും ആ രചനാ സിദ്ധിയിലില്ല’. സരോജാ വർഗീസിന്റെ കൃതികളെക്കുറിച്ചുള്ള ‘കഥാലോകത്തിലെ നറുനിലാവ്’ എന്ന  പഠനഗ്രന്ഥം തയാറാക്കിയ എഴുത്തുകാരൻ  തോമസ് നീലാർമഠത്തിന്റെ വാക്കുകളാണിവ. ‘കഥാസരസിലെ സരോജ’മെന്നാണ് പ്രസിദ്ധ ബാലസാഹിത്യകാരൻ ജോയൻ കുമരകം സരോജ വർഗീസിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കഥാകാരിയെപ്പോലെതന്നെ വിനയാന്വിതരാണ് അവരുടെ കഥകളും. സകുടുംബം കാണാവുന്ന ഒരു ചലച്ചിത്രം പോലെയാണ് അവരുടെ പുസ്തകങ്ങൾ. ധൈര്യമായി നമ്മുടെ കുടുംബമൊന്നിച്ചിരുന്ന് വായിക്കാൻ കഴിയുന്നവ. അതെ, തന്റെ കഥകൾക്കെല്ലാം സമൂഹനന്മയ്ക്കുതകുന്ന ഒരു സന്ദേശം വേണമെന്ന് കഥാകാരിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടു തന്നെയാവണം പനിനീർപ്പൂവിന്റെ നൈർമല്യമുള്ള കഥകൾ ആ തൂലികയിൽനിന്നു പിറന്നു വീഴുന്നത്. സരോജയുടെ കഥാരാമത്തിൽ സൗരഭ്യമുള്ള പൂക്കൾ ഇനിയും വിടർന്നു കൊണ്ടേയിരിക്കട്ടെ, നിർലോഭം...

More by: 

മീനു എലിസബത്ത്: https://emalayalee.com/repNses.php?writer=14

സരോജാ വർഗീസ്: https://emalayalee.com/repNses.php?writer=73

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)
സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

സരോജാ വർഗീസ്:  സരോവരത്തിലെ കഥാ സൗരഭം (മുൻപേ നടന്നവർ - 7  മീനു എലിസബത്ത്)

Join WhatsApp News
Vayanakkaran 2020-11-15 14:26:59
ഈ പംക്തി മനോഹരമായി സൗരഭ്യം പടർത്തി ഇളംകാറ്റിൽ അങ്ങനെ ഒഴുകുകയാണ്. മുമ്പേ നടന്നവർക്കുള്ള വലിയ ഒരു അംഗീകാരം! 🎈ഇനിയും ഒഴുകട്ടെ ഈ തൂലികയിൽ നിന്നും സരോവരത്തിലെ കുളിർമ പോലെ! അഭിനന്ദനങ്ങൾ!💐
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക