Image

കാശ്മീര്‍! (കവിത: രമ പിഷാടരി)

രമ പിഷാടരി Published on 18 November, 2020
കാശ്മീര്‍! (കവിത: രമ പിഷാടരി)
അതെന്നായിരുന്നു?  
നിനക്കോര്‍മ്മ കാണും  
ഹിമാദ്രിയില്‍ 
നമ്മള്‍ നടന്നതും, 
ദല്‍ തടാകത്തില്‍ 
നാമൊനിച്ച് പോയതും
വേദം *വിതസ്തയെ
 കാണിച്ചു തന്നതും
രാത്രി തന്‍ മഞ്ഞും
 നിലാവും നുകര്‍ന്നു 
നാമോര്‍ക്കിഡന്‍ 
താഴ്വരക്കാറ്റേറ്റിരുന്നതും
ചില്ലകള്‍  താഴ്ത്തി
ച്ചിരിക്കും നിലാവിന്റെ
പല്ലക്ക് വന്നതും 
നമ്മളെ ചുംബിച്ച 
കിന്നരം പാടുന്ന 
ഗന്ധര്‍വ്വഗന്ധങ്ങ
ളൊന്നായുലഞ്ഞതും, 
ഗന്ധകപ്പൂവിന്റെ 
ഗന്ധത്തിലോരോ  
കിനാവും മരിച്ചതും .
തൊട്ടാല്‍ തണുക്കുന്ന 
സന്ധ്യയില്‍ നിന്നെന്റെ
 ഹൃത്തിലേയ്ക്കാരോ
ഗസല്‍ പാടി വന്നതും, 
കൊട്ടിത്തിമിര്‍ക്കുന്ന 
 വാദ്യത്തിലേതിലോ 
നക്ഷത്രമെല്ലാമുട
ഞ്ഞങ്ങ് വീണതും

കാശ്മീര്‍, അതേ നിന
ക്കോര്‍മ്മകാണും എന്റെ 
യാത്രയില്‍ നിന്നെ ഞാന്‍ 
ചുംബിച്ച മണ്ണിനെ,
നീര്‍ത്തടാകങ്ങളെ
 പ്രാണനില്‍ നിന്ന് ഞാന്‍
 ചോര്‍ത്തിക്കളഞ്ഞതാം 
എന്റെ സ്വപ്നങ്ങളെ!
ഓരോ ശരത്ക്കാലരാവും
സമസ്യതന്‍  ഓരോ 
പ്രപഞ്ചങ്ങള്‍ 
തേടിക്കുതിക്കവെ
പ്രാണന്റെ സന്തൂര്‍ 
നിലച്ചതും രാവിന്റെ 
നീലശൈലങ്ങള്‍ നിലം
പൊത്തിവീണതും
ആരോ വെളിച്ചം 
പകര്‍ന്നോരു റാന്തലില്‍ 
ആളിപ്പടര്‍ന്നഗ്‌നി 
വന്യമാകുന്നതും 
കാശ്മീര്‍ നിനക്കോര്‍മ്മ
യുണ്ടായിരിക്കണം  
യാത്രയാക്കാനായ് 
നീ വന്നോരു  നാളിനെ;
മഞ്ഞിന്റെ നോവുന്ന 
ഭിന്നഗ്രഹങ്ങളില്‍ 
ഒന്നില്‍ നിന്നെന്നെയിറുത്ത് 
ഞാന്‍ പോന്നതും,
കണ്ടാല്‍ ചിരിക്കാനു
മാകാതെ നമ്മുടെ 
സന്ധികള്‍ രണ്ടായൊടി
ഞ്ഞങ്ങ് പോയതും
ലോകമേല്‍ക്കൂരയില്‍ 
വന്നിരുന്നാളുകള്‍ 
ഓരോ പ്രതീക്ഷയില്‍ 
കൈയൊപ്പിടുന്നതും 
നാഴികപ്പന്തലില്‍ 
കൈയൊപ്പിനും മീതേ 
പോര്‍ വിമാനങ്ങള്‍ 
പറന്നു പോകുന്നതും..

കാശ്മീര്‍, എനിക്കും  
നിനക്കുമുണ്ടോര്‍മ്മകള്‍ 
കോര്‍ത്തെടുക്കാനായ് 
നിലാവിന്റെ ചില്ലയില്‍
ഓരോ കിനാവിലും 
വന്നിടാറുണ്ട് നീ
ഓര്‍മ്മതന്‍ ബാല്യം 
നുകര്‍ന്നിടാറുണ്ട് ഞാന്‍
ട്യൂലിപ്പുകള്‍  തേടി 
നമ്മള്‍ നടന്നൊരാ 
താഴ്വര  ഇന്നുമുണ്ടു
ള്ളിന്റെയുള്ളിലായ്
മഞ്ഞിനാലാകെ 
തണുത്തു പോയെങ്കിലും 
കണ്ണിലെ കാഴ്ച്ചകള്‍
 കണ്ണുനീരെങ്കിലും
ഓരോ സ്മൃതിക്കുള്ളിലും
പണ്ട് നീ തന്ന  സ്‌നേഹവും 
പൂക്കളും, സംഗീത തന്ത്രിയും.
കാശ്മീര്‍, നിനക്കായിതാ 
എന്റെ വാക്കിലായ്
ചേര്‍ത്തുവയ്ക്കുന്നു  
ഞാനീ ഭൂപടത്തിനെ!
കൈയില്‍ ഒലിവിന്റെ 
ചില്ലകള്‍, നമ്മളെ 
കണ്ടു പോകുന്നുവോ 
സൂര്യനും,  ഭൂമിയും...
*വേദത്തില്‍ ഝലം നദി 'വിതസ്ത' എന്നാണ് അറിയപ്പെട്ടിരുന്നത്.


കാശ്മീര്‍! (കവിത: രമ പിഷാടരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക