ഇന്ന് അനിതയുടെ അച്ഛന്റെ പത്താം ചരമ വാർഷികമായിരുന്നു . ജോലിത്തിരക്കിനിടയിൽ അവൾ അതങ്ങു മറന്നു പോയി. അതെങ്ങനെ സംഭവിച്ചു? കണ്ണടച്ചാല്‍ ഇന്നും അച്ഛന്റെ ചിരിക്കുന്നൊരു മുഖമാണ് എന്റെ മനസ്സിൽ തെളിയുക .
എല്ലാവരും പറയും അച്ഛൻ കഷ്ടപ്പെടാതെ പോയില്ലേ ഭാഗ്യവാൻ എന്നൊക്കെ . എന്നാൽ എന്റെ അച്ഛൻ ഒരു ഓർമ്മ മാത്രം ആണ് എന്ന ആ യാഥാർഥ്യം എനിക്ക് ഇന്നും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. ഞാൻ ഇന്ന് ഒരു ഭാര്യയാണ്. എന്നെക്കാളും ഉയരമുള്ള ഒരു മകന്റെ അമ്മയാണ്. എന്നിരുന്നാലും എനിക്ക് എന്റെ അച്ഛനുണ്ടായിരുന്നപ്പോൾ ഉള്ള ആ സുരക്ഷിതത്വം ഇന്ന് ഇല്ല. അച്ഛന് പകരം അച്ഛൻ മാത്രം. ആ സ്നേഹം മറ്റാരുടേതുമായി താരതമ്യപ്പെടുത്തുവാൻ പറ്റില്ല.
ഞാൻ ഏറ്റവും ഇളയ കുട്ടിയായിരുന്നതിനാലാവും എന്നും എന്റെ അച്ഛന്റെ കൊച്ചു പൊന്നോമനയായിരുന്നു ഞാൻ. അമ്മയേക്കാൾ അടുപ്പം അച്ഛനോട് ആയിരുന്നു . എന്നെ ഞാൻ ആക്കിയത് എന്റെ അച്ഛൻ ആണ്. എന്നിട്ടും എനിക്ക് എങ്ങനെ മറക്കാൻ കഴിഞ്ഞു അച്ഛന്റെ ചരമ ദിനം.
അച്ഛനെന്ന അധ്യാപകൻ ഒരു കാര്യത്തിൽ മാത്രം കണിശക്കാരനായിരുന്നു; പഠനത്തിൽ, അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലയിരുന്നു . ഇന്ന് ഞാൻ ഈ നിലയ്‍യിൽ എത്തിച്ചേർന്നതിൽ മുഖ്യ കാരണം അച്ഛൻ മാത്രമാണ് . അമ്മേയെക്കാൾ ഉപരി എന്നെ ഞാനാക്കിയത് എന്റെ അച്ഛൻ ആണ് . അല്ലെങ്കിലും പെൺകുട്ടികളോട് അച്ഛൻമാർക്ക് ഒരു പ്രതേക സ്നേഹമാണ് . പിന്നെ ഇളയ കുട്ടിയാണെകിൽ പറയുകയും വേണ്ട .
വലിയ ഗൗരവക്കാരനാണെന്നേ അച്ഛനെ കണ്ടാൽ തോന്നുകയുള്ളൂ . കുറുമ്പ് കാട്ടി എന്തെങ്കിലും പറഞ്ഞാൽ ഒരു പുഞ്ചിരി മാത്രം! ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് കാണാമറയത്തേക്ക് കണ്ണുംനട്ട് അച്ഛൻ ആരെയാണാവോ പ്രതീക്ഷിച്ചിരിക്കുന്നത് എന്ന് ഞങ്ങൾ കളിയാക്കി പറയാറുണ്ട് .
ഞങ്ങൾ നാട്ടിൽ ചെല്ലുബോൾ എയർപോർട്ടിൽ ഒരു പുഞ്ചിരിയോടെ അച്ഛനുണ്ടാവും. ഞങ്ങൾക്ക് വേണ്ടി ഇഷ്‌ടപ്പെട്ടതെല്ലാം അച്ഛൻ ഉണ്ടാക്കി വെച്ചിരിക്കും . പക്ഷേ എന്നിട്ടും അച്ഛൻ മരിച്ചപ്പോൾ ഒന്ന് പോയി കാണാൻ സാധിക്കാഞ്ഞതിൽ ഇന്നും ഞാൻ വിഷമിക്കുന്നു . അത്രയും വലിയ ഒരു ചെലവ് ഓർത്തപ്പോൾ മരിച്ച ശരീരം കാണേണ്ട എന്ന് വിചാരിച്ചതാണ് . പക്ഷേ എല്ലാവർഷവും മരണദിവസം ഞാൻ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നതാണ് . ഇന്ന് എന്ത് പറ്റിയെന്നുന്ന് അറിയില്ല.
രാവിലെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കും എന്ന് പണ്ടുള്ളവർ പറയാറുണ്ട്. പക്ഷേ അവളുടെ സ്വപ്നം മറ്റൊന്നായിരുന്നു, തന്റെ അച്ഛൻ അവളുടെ മകനെ മടിയിൽ കിടത്തി തലോലിച്ചു കഥകൾ പറഞ്ഞു കൊടുക്കുന്നു .
അതിനിടയിൽ അവളോടായി പറഞ്ഞു ഞാൻ മരിച്ച ദിവസം കുടി നീ ഓർക്കാതെ ആയി അല്ലെ? ഞാൻ മരിച്ചിട്ട് ഇന്ന് പത്തു വർഷം തികയുകയാണ്. ഞങ്ങൾക്ക് കലണ്ടറും, മാസങ്ങളും, ദിവസങ്ങളും ഒന്നുമില്ല ഇവിടെ എല്ലാ ദിവസവും ഒരു പോലെ ആണ്. മരിച്ചു പത്തു വർഷം ഭുമിയിലേക്കെ നിങ്ങളെയൊക്കെ കണ്ടും അനുഭവിച്ചും ജീവിക്കാൻ കഴിയും . പ്രത്യേകിച്ചു ഒരു രൂപവും ഭാവവും ഇല്ലാത്തത്കൊണ്ട് എവിടെയും പാറി പറന്നു നടക്കാൻ കഴിയും. പക്ഷേ ഇന്ന് പത്തു വർഷം തികയുന്നതോടെ ഈ ലോകത്തു എന്റെ വാസം അവസാനിക്കുകയാണ് . മറ്റേതോ ലോകത്തു നാളെ ഞാൻ മറ്റൊരു ജീവൻ ആയേക്കാം. അതിൽ പിന്നെ നിങ്ങളെയൊന്നും തിരിച്ചറിയാൻ പറ്റി എന്നുവരില്ല .
രോഗഗ്രസ്തനായി ആശുപത്രിക്കിടക്കിയില്‍ മൃത്യുവിനെ മുഖാമുഖം കണ്ട് മൃതികാത്ത്, വിധികാത്ത് കഴിഞ്ഞ ദിനങ്ങളില്‍ ഒരുപാട് വേദനിച്ചിട്ടുണ്ട്. ഒടുവില്‍ ആ ചേതനയറ്റ ദേഹം ഒരുനോക്കു കാണാനെങ്കിലും നീ എത്തുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ വിദേശത്തായ നിനക്ക് ഫ്ലൈറ്റ് ടിക്കറ്റിന്റെ ചിലവ് ഒക്കെ നോക്കിയപ്പോൾ അതിന് കഴിഞ്ഞു കാണില്ല എന്നറിയാം .
എനിക്ക് മരണത്തെ പേടിയായിരുന്നു. മരണം എന്നതിനെ പറ്റി ചിന്തിക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല. ഈ ലോകത്തിൽ ഞാന്‍ വളരെ കഷ്‌ടപ്പെട്ടു നേടിയതും , എന്റെ പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ചു പോകുക എന്നത് വളരെ പ്രയാസം ഉള്ള കാര്യം ആയിരുന്നു. ഞാൻ മരിക്കും എന്ന് തീർച്ചപ്പെട്ടപ്പോൾ പല രാത്രികളിലും കരയാൻ മാത്രമേ കഴിഞ്ഞുള്ളു. എല്ലാ ക്ഷേത്രങ്ങളിലും മരിക്കാതിരിക്കാനായി വഴിപാടുകൾ നേർന്നു. പിന്നീടാണ് ഞാൻ തിരിച്ചറിയുന്നത് നമ്മുടെ സമയം ആകുമ്പോൾ നാം പോയെ മതിയാവു .
മരിക്കാനുള്ള എന്റെ പേടിയും വെപ്രാളവും കണ്ടു നിങ്ങൾ എല്ലാവരും എന്നെ നോക്കി ചിരിച്ചു. പ്രായം ചെന്നവർ മരിക്കുന്നതിന് എന്തിനു പേടിക്കണം എന്ന് പലരും എന്നോട് ചോദിച്ചു .നിങ്ങൾ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ മാത്രമേ പ്രായമായവരുടെ ഈ ഒരു അവസ്ഥ മനസിലാവുകയുള്ളു. സര്‍വ്വജീവജാലങ്ങള്‍ക്കും നാശമുണ്ട്. ഈ പ്രകൃതിനിയമത്തിന് ആരും അതീതരല്ല. പക്ഷേ നിങ്ങളോടെക്കെയുള്ള സ്നേഹമാണ് എന്നെ സ്വാർഥനാക്കിയത് .
മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന തോന്നൽ ആയിരുന്നു എനിക്ക് . ഇനി എനിക്ക് നിലനില്‌പ്പില്ല എന്ന ചിന്തയായിരുന്നു ഭയത്തിന്റൈ കാരണം. പോകുന്ന സ്ഥലം ഇതിലും മോശമായേക്കുമോ എന്ന ഭയം എന്നെ അലട്ടിയിരുന്നു. കോടിക്കണക്കിനു നക്ഷത്രങ്ങളും മറ്റും മറ്റുമുള്ള ഈ പ്രപഞ്ചത്തില്‍ പോകുന്ന സ്ഥലം ഇതിലും നല്ലതായിക്കൂടെ എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല . ഈ യാത്രയും ജീവിതവും എല്ലാം അന്തിമമായ ജ്ഞാനത്തിലേക്കുള്ള, സ്വയം തിരിച്ചറിവിലേക്കുള്ള പ്രയാണമല്ലേ? എങ്ങോട്ട് പോകുന്നു എന്ന് അറിയാത്ത ആ അന്ത്യയാത്രയെ ഞാൻ കൂടുതൽ ഭയപ്പെട്ടിരുന്നു.
ചിതയെരിഞ്ഞ് തീര്‍ന്ന ദേഹവും ദേഹിയും രണ്ടായി മാറിയ നിമിഷത്തില്‍ മാത്രമാണ് ഞാന്‍ മരിച്ചുവെന്ന സത്യം എനിക്ക് മനസ്സിലായാത്. ആദ്യം ഞാൻ വിചാരിച്ചത് ഞാൻ സ്വപ്നം കാണുകയാണെന്ന് . വിദേശത്തുള്ള നിന്റെ വരവും കാത്തിരുന്ന എന്റെ ശരീരം അഗ്നിക്കിരയാകുന്നത് പോലും തിരിച്ചറിയാത്തത്ര മരവിച്ചിരുന്നു.
ഒരു ജിവിതത്തിൽ ഒരാള്‍ക്ക് വെട്ടിപ്പിടിക്കാവുന്നതൊക്കെ നേടിയ ആളാണ് ഞാന്‍. കാണാത്ത ദേശങ്ങളോ കേള്‍ക്കാത്ത ഭാഷകളോ ചുരുക്കം. നിന്നെ മാറോടണച്ച് വളര്‍ത്തുമ്പോള്‍ പലപ്പോഴും ഞാന്‍ ആത്മഗതം പോലെ അഹങ്കാരത്തോടെ ചിന്തിച്ചിട്ടുണ്ട് ലോകത്തിലെ ഏറ്റവും നല്ല അച്ഛന്‍ ഞാനാണെന്ന് .
നിങ്ങൾ ആയിരുന്നു എന്റെ ലോകം. സ്‌നേഹത്തിന് ഞാന്‍ കല്‍പ്പിച്ച അര്‍ത്ഥം നിങ്ങളിൽ ഒതുക്കി . എന്നെ സ്‌നേഹത്തോടെ നോക്കിയ കണ്ണുകള്‍ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നിട്ടും മനഃപൂര്‍വ്വം ഞാനത് കാണാത്ത മട്ടില്‍ നടന്നു. മക്കളോടുള്ള സ്‌നേഹത്തിന്റെ ഒരു പങ്കെങ്കിലും മറ്റൊരാള്‍ക്ക് കൊടുക്കാന്‍ തയ്യാറാകാത്തത്ര സ്വാര്‍ത്ഥത എന്റെ മനസ്സിനെയും ചിന്തകളെയും ഭരിച്ചിരുന്നു.
ചെയ്യേണ്ടതൊക്കെ ചെയ്തുകഴിഞ്ഞു, മനസമാധാനത്തോടെ ഇനി കണ്ണടയ്ക്കാമെന്ന് ആവര്‍ത്തിച്ചുറപ്പിച്ച എനിക്കിപ്പോള്‍ ഒരു സംശയം തോന്നുന്നു ഞാന്‍ ചെയ്യേണ്ടത് ചെയ്തിരുന്നോ എന്ന്. എനിക്ക് മോഷപ്രാപ്തിയുടെ വാതില്‍ തുറന്നുതരാന്‍ പോയിട്ട് എന്റെ ചിതയ്ക്കരികില്‍ വന്നൊന്ന് നില്‍ക്കാനോ ഒരിറ്റ് കണ്ണീര്‍ പൊഴിക്കാനോ നിനക്ക് നേരമില്ലയിരുന്നു . നിന്റെ സമയക്കുറവ് കൊണ്ടാണ് എന്ന് എനിക്ക് അറിയാം. നീ എങ്ങനെ നിന്റെ മകനെ സ്നേഹിക്കുന്നുവോ അതുപോലെ നിന്നെ ഞാനും സ്നേഹിച്ചിരുന്നു.
സ്നേഹം എപ്പോഴും താഴേക്കാണ് പോന്നത് എന്ന് പഴമക്കാർ പറയുന്നത് എത്ര സത്യമാണ് എന്ന് അനിത ഓർത്തുപോയി . എന്നെ ജീവനോളം സ്നേഹിച്ച അച്ഛന്റെ മരണദിവസം ഒന്ന് ഓർക്കാൻ കുടി എനിക്ക് കഴിയുന്നില്ല . എന്നാൽ എന്റെ മകന്റെ ജന്മദിനം എനിക്ക് മറക്കുവാൻ കഴിയുമോ ?
അച്ഛൻ മരിച്ചതിനു ശേഷം പലപ്പോഴും എന്റെ സ്വപ്നങ്ങളിൽ അദ്ദഹം വരാറുണ്ട്, സംസാരിക്കാറുണ്ട്. എന്താണ് സംസാരിച്ചതെന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റാൽ മറക്കുകയും ചെയ്യും . ഞങ്ങളോടൊപ്പം ഈ ലോകത്തു ജീവിച്ചു കൊതി തീരുന്നതിനു മുൻപേ മടങ്ങി പോയതിൽ ഇപ്പോഴും അച്ഛൻ വിഷമിക്കുന്നുണ്ടാവാം. "അച്ഛന് പകരം അച്ഛൻ മാത്രം" .