സി. ജെ. തോമസ് എന്ന ജീനിയസിനെ വിലയിരുത്തുമ്പോൾ അവിശ്വസനീയമായൊരു പൊരുത്തക്കേട് ദൃശ്യമാകുന്നു. ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ അധികാരഭൃഷ്ടമാക്കാന് 1959 ല് നടന്ന പ്രസിദ്ധമായ അല്ലെങ്കിൽ കുപ്രസിദ്ധമായ വിമോചനസമരത്തെ സഹായിക്കാൻ 'വിഷവൃക്ഷം' എന്ന നാടകം സി. ജെ. എഴുതിക്കൊടുത്തു. അഴിമതികളുടെ കറ പുരളാത്ത ആദർശാത്മകമായൊരു സർക്കാരായിരുന്നു അത്. എന്നിട്ടും സിജെയെ പോലുള്ള വലിയ എഴുത്തുകാർ ചെയ്തത് ഇങ്ങനെയാണ്. മാത്രമല്ല, നമ്മുടെ അന്നത്തെ സാംസ്ക്കാരികനായകന്മാർ അതിനെ പിന്തുണച്ചില്ലെന്നു മാത്രമല്ല, മനഃപൂർവ്വമെന്നു തോന്നുംവിധം മൗനം പാലിക്കുകയും ചെയ്തു. സിജെയുടെ ഉറ്റസുഹൃത്തായ എം. കെ. സാനുവിനോട് 'വിഷവൃക്ഷ'ത്തിന്റെ ഒരു റിവ്യൂ എഴുതാൻ പറഞ്ഞിട്ടുപോലും എഴുതിയില്ല എന്നാണറിയുന്നത്. സാനുമാസ്റ്റർ ഈയിടെ അതിനെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ് - ''ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടും ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ സിജെ എതിർത്തതിനും മറ്റു സാംസ്ക്കാരികനേതാക്കൾ മൗനം പാലിച്ചതിനും പിന്നിൽ കാലഘട്ടത്തിന്റേതായ ചില കാരണങ്ങൾ ഉണ്ടായിരുന്നു. അന്ന് സോവിയറ്റ് യൂണിയനിൽ സ്റ്റാലിനിസത്തിന്റെ കാലമായിരുന്നു. സാഹിത്യകാരന്മാരുടെമേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചിരുന്ന കാലം. പല എഴുത്തുകാരും അപ്രത്യക്ഷരായി. ഇത് ഇവിടുത്തെ എഴുത്തുകാരെയും സ്വാധീനിക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് ഭരണം ചിന്താസ്വാതന്ത്ര്യത്തിനും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനും തടസ്സമുണ്ടാക്കുമെന്ന് അന്ന് ഇവിടുത്തെ എഴുത്തുകാർ ധരിച്ചിരുന്നു''. 'വിഷവൃക്ഷം' പോലെ ഒരു നാടകം ആ കാലഘട്ടത്തിൽ എഴുതണമെങ്കിൽ സിജെയെ പ്പോലൊരു എഴുത്തുകാരൻ വേണമായിരുന്നില്ല. 'വിഷവൃക്ഷം' ഒരബദ്ധമായിപ്പോയെന്ന് പിൽക്കാലത്ത് സിജേക്ക് തോന്നിയിട്ടുള്ളതായി കാണുന്നു. എറണാകുളത്തെ പ്രവര്ത്തനകാലത്ത് സിജെ എത്തിച്ചേർന്ന ദുർഘടസന്ധിയുടെ പരിണിതഫലമായിട്ടാണ് ആ നാടകം ഉത്ഭവിച്ചത്. സിജെ നാടകങ്ങളുടെ ഉയർന്ന മാനദണ്ഡം വെച്ച് 'വിഷവൃക്ഷ' ത്തെ അളക്കുന്നത് ശരിയല്ല. അതൊരു സാധാരണ രാഷ്ട്രീയ നാടകമാണ്. അതുകൊണ്ട് അതിന്റെ ഉള്ളിലേക്കിറങ്ങി പരിശോധിക്കുന്നതിലും ഇപ്പോൾ പ്രസക്തിയില്ല.
ഈ പരമ്പരയുടെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ സിജെ ഒരു
ദുരന്തനായകനാണ്. സ്വന്തം ആത്മാവിനകത്തെ സംഘട്ടനത്തിന്റെ പടുകൂറ്റൻ മരക്കുരിശ് എന്നും സിജെയുടെ ചുമലിലുണ്ടായിരുന്നു. ആജന്മമായ പ്രതിഭാവൈവിധ്യം തന്നെ പ്രവർത്തിയിലേക്കു ക്ഷണിച്ച ഓരോ രംഗത്തും, പൂർണ്ണതയുടെ മാനദണ്ഡങ്ങൾ മുന്നിൽ വച്ചുകൊണ്ട് ആവേശപൂർവ്വം പരീക്ഷണങ്ങൾ നടത്തിയ സിജെ ആത്മാവിലെ വേദനയുടെ തീക്കനലുകളുമായി ജീവാവസാനം വരെ വട്ടംചുറ്റുകയായിരുന്നു. ഒരു ഫലിതമാണെന്ന് തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ നാടകത്തിലൂടെ താൻ പ്രതിപാദിച്ചു സമര്ത്ഥിച്ച മരണം തനിക്കായി വരുന്നു എന്ന ബോധം സിജേക്ക് ഉണ്ടായിരുന്നിരിക്കാം.
നാല്പത്തിരണ്ടാമത്തെ വയസ്സിൽ കഠിനരോഗിയായി വെല്ലൂരിലെത്തിയ
സിജെ 1960 ജൂലൈ 14 ന് അന്തരിച്ചു.
മസ്തിഷ്കാർബുദമായിരുന്നു രോഗം.
സിജെയുടെ മരണാനന്തരം ഭാര്യ
റോസി തോമസ് 'ഇവൻ എന്റെ പ്രിയ സിജെ ' എന്ന പേരിൽ ആത്മകഥാപരമായ ഒരു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. 42 വർഷത്തെ സിജെയുടെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ നാലുവർഷത്തെ കാമുകിയും ഒൻപതു വർഷത്തെ ഭാര്യയുമായി താൻ കഴിഞ്ഞുവെന്നാണ് റോസി എഴുതിയത്. സിജെ അന്തരിച്ചപ്പോൾ മഹാകവി ജി. ശങ്കരക്കുറുപ്പ് വിലപിച്ചിതിങ്ങനെയാണ് - ''സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി. ജെ. തോമസ്. ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയിൽ ലയിച്ചുപോയെന്നറിയുമ്പോൾ ആരാണ് വിഷാദിക്കാതിരിക്കുക'' (അവസാനിച്ചു)