1986 ജൂണ്‍ മാസത്തിലെ പാതിരാ സമയം. നാട്ടിലെ ലൈബ്രറി ഹാളില്‍ ഫുട്ബോള്‍ പ്രേമികള്‍ ഇംഗ്ലണ്ട്, അര്‍ജന്റീന കോര്‍ട്ടര്‍ ഫൈനല്‍ കളികാണാന്‍ ഒത്തുകൂടിയിരിക്കുന്നു. കളര്‍ ടെലിവിഷന്‍ ലൈബ്രറിയില്‍ ഉള്ളതുകൊണ്ടാണ് കാല്‍പ്പന്തു കളിപ്രേമികള്‍ അവിടെ ഒത്തുകൂടിയിരിക്കുന്നത്.
അര്‍ജന്റീനയുടെ ആക്രമത്തെ പ്രതിരോധിക്കാനായി ഇംഗ്ളണ്ടിന്റെ ഡിഫന്‍ഡര്‍ പന്ത് മറിച്ച് ഗോളിക്ക് ലാക്കാക്കി ഉയര്‍ത്തികൊടുക്കുന്നു. പെനാല്‍റ്റി ഏരിയയിലേക്ക് ഓടിയെത്തി ബോള്‍ കൈക്കലാക്കാന്‍ ഗോളി ഇരു കൈകളും ഉയര്‍ത്തി ചാടുന്നു . പക്ഷെ കൊടുങ്കാറ്റുപോലെ പെനാല്‍റ്റി ബോക്സില്‍ കുതിച്ചെത്തിയ മറഡോണ ഗോളിക്കൊപ്പം ഉയര്‍ന്നുചാടി ഹെഡറിലൂടെ പന്ത് ഗോള്‍ വലയത്തിലാക്കുന്നു. ഗോളിയും ഇംഗ്ലണ്ടിന്റെ മറ്റുകളിക്കാരും, ഹാന്‍ഡ് ബോള്‍, ഹാന്‍ഡ്ബോള്‍ എന്ന് അലറിവിളിച്ചുകൊണ്ട് റഫറിയുടെ പിന്നാലെ പായുന്നു. പക്ഷെ റഫറി ഗോള്‍ എന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു. പല ആംഗിളില്‍ ഹെഡര്‍ കണ്ടുനോക്കിയിട്ടും, തലകൊണ്ടാണോ കൈകൊണ്ടാണോ, ഒരം കൊണ്ടാണോ മറഡോണ ആ ഗോള്‍ നേടിയതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ കുറിച്ച് കളിക്കു ശേഷം അദ്ദേഹത്തോട് ചോദിച്ച്പ്പോള്‍ മറഡോണ പറഞ്ഞ മറുപിടിയാണ് അത് ഹാന്‍ഡ് ബോള്‍ ആയിരുന്നു എങ്കില്‍ എന്റെ കൈകളായിരിക്കില്ല, അത് 'ദൈവത്തിന്റെ കരങ്ങളായിരുന്നു' എന്ന് .
ഇന്ത്യന്‍ ടീം ബാസ്കറ്റ് ബോള്‍ കളിക്കാരനും. പിന്നീട് ഇന്ത്യന്‍ ടീം പരിശീലകനുമായിരുന്ന അമ്മാവനോടൊപ്പം കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ താമസിച്ചിരുന്ന കാലത്താണ് സോക്കര്‍ കളിയില്‍ ആകൃഷ്ടനായത്. അന്ന് സര്‍വകലാശാല ടീമിനെ പരിശീലിപ്പിച്ചിരുന്നത് ഉസ്മാന് കോയ സാറായിരുന്നു. ഗോള്‍ വലയം കാത്ത് മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വിക്ടര്‍ മഞ്ഞില അക്കാലത്തെ കായിക പ്രേമികളുടെ വീരപുരഷനും.
അതേ ലോകകപ്പില്‍ മറഡോണ നേടിയ രണ്ടാമത്തെ ഗോളിനെ 'ഈ നൂറ്റാണ്ടിലെ ഗോള്‍' എന്നാണ് വിശേഷിപ്പിക്കുന്നത് . മിഡ്ഫീല്‍ഡില്‍ വച്ച് ഇംഗ്ലണ്ടിന്റെ രണ്ടുകളിക്കാരുടെ ഇടയിലൂടെ പന്ത് സ്വീകരിച്ച് ഏകനായി മറഡോണ അതീവ വേഗത്തില്‍ മുന്നേറി. എതിര് ടീമിലെ അഞ്ചു കളിക്കാര്‍ പലപ്പോഴായി മറഡോണയെ തടയാന്‍ ശ്രമിച്ചു. തന്റെ ഇരുകാലുകളിലും പന്ത് കെട്ടിയിട്ടിരിക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍, അതിവിദഗ്ദമായി പന്തിനെ നിയന്ത്രിച്ച് അദ്ദേഹം മുന്നോട്ടുപോയി. ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍ ഓടിവന്ന് മറഡോണയുടെ കാലില്‍ നിന്നും പന്ത് കൈക്കലാക്കാന്‍ ശ്രമിച്ചു. വേഗതയും, പന്തടക്കവും, കൗശലവും ഒത്തുചേര്‍ന്ന ഈ മാന്ത്രികപ്രകടനത്തിന്റെ അവസാനം ഗോളിയേയും മറികടന്നു ഒഴിഞ്ഞു കിടന്ന ഗോള്‍വലയത്തിലേക്ക് പന്ത് ലാഘവത്തോടെ അടിച്ചുകയറ്റി. ലോകമാകമനം ഉള്ള ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കുള്ള ഗോള്‍ കൂടിയായി, അര്‍ജന്റീന നേടിയ ഈ വിജയ ഗോള്‍ പരിണമിച്ചു. ദൃഢ മായ പേശികള്‍ ഉരുണ്ടുകൂടിയതും, പന്ത് കിട്ടിയാല്‍ നഷ്ടപെടുത്താത്തതുമായ മറഡോണയുടെ കാലുകള്‍, എതിരാളികള്‍ക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു. അവര്‍ അതിനെ ''ചെകുത്താന്റെ കാലുകള്‍'' എന്നാവും കരുതിയിരിക്കുക.
2012 ല്‍ കണ്ണൂരിലുള്ള ഒരു ജുവല്ലറി ഉദ് ഘാടനത്തിനു വിശിഷ്ട അതിഥിയായി എത്തിയത് ഡിയാഗോ അര്‍മാഡോ മറഡോണ ആയിരുന്നു. അദ്ധേഹം കണ്ണൂരില്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറി ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു.
അര്‍ജന്റീനയിലെ ബൂനസ്സ് അയേഴ്സ് ചേരിയില്‍ ജനിച്ച്, കാല്‍പ്പന്തു കളിയില്‍ നേടിയ പ്രാഗല്ഭ്യത്താല് മാത്രം, സമ്പത്തിന്റെയും പ്രശസ്തിയുടെയും നെറുകയിലെത്തിയ മഹാനാണ് മറഡോണ. അറുപതാമത്തെ വയസ്സില്‍, കോടാനുകോടി കായിക പ്രേമികളെ കദനത്തിലാഴ്ത്തി, ജീവിതമാകുന്ന സ്റ്റേഡിയത്തിലെ തന്റെ കളി അവസാനിപ്പിച്ച് മടങ്ങിപ്പോയ താരത്തിന്
ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊള്ളുന്നു.