Image

മാന്ത്രിക തൂലികയുമായി ലൈല അലക്സ് (മുൻപേ നടന്നവർ-മീനു എലിസബത്ത്)

Published on 29 November, 2020
മാന്ത്രിക തൂലികയുമായി ലൈല അലക്സ് (മുൻപേ നടന്നവർ-മീനു എലിസബത്ത്)

അമേരിക്കയിലെ മലയാള സാഹിത്യ ശാഖയിൽ മുഖ്യധാരാ എഴുത്തിലേക്കു കടന്നു വന്ന ചുരുക്കം ചില എഴുത്തുകാരികളിൽ ഒരാളാണ്  ലൈല അലക്സ്. കാൽ നൂറ്റാണ്ടിലേറെയായി അവർ സജീവമായി എഴുത്തിന്റെ ലോകത്തുണ്ട്. രണ്ടു ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ലൈല ഇപ്പോൾ വിവർത്തന സാഹിത്യത്തിലേക്കും തന്റെ ചില്ലകൾ വിടർത്തി വിജയക്കൊടി പാറിക്കുന്നു.       

തൊണ്ണൂറുകളുടെ അവസാനത്തിലാണ് അമേരിക്കയിലെ മലയാളം പത്രത്തിൽ ലൈലയുടെ ഒരു കഥ ആദ്യമായി അച്ചടിച്ചു വരുന്നത്. ‘‘ലൈലയ്ക്കു കഥ പറയാനറിയാം. അത് നിർത്തേണ്ടത് എവിടെയാണെന്നറിയാം. പ്രത്യക്ഷ പ്രതിപാദനമില്ല. എല്ലാം പരോക്ഷം. എങ്കിലും കഥാകാരിയുടെ പ്രാഗൽഭ്യം കൊണ്ട് പ്രേമമെന്ന പനിനീർപ്പൂവിന്റെ പരിമളവും ഭംഗിയും നമ്മളറിയുന്നു...’’ – ലൈലയുടെ ആദ്യ  കഥയെക്കുറിച്ചു സാഹിത്യ വാരഫലത്തിൽ പ്രസിദ്ധ നിരൂപകൻ എം. കൃഷ്‌ണൻ നായർ 1998 ൽ എഴുതി. എം. കൃഷ്‌ണൻ നായരിൽനിന്നു കേട്ട ഈ നല്ല അഭിപ്രായം കഥയെഴുത്തിലുള്ള  തന്റെ ആത്മവിശ്വാസം വളരെയധികം വർധിപ്പിച്ചെന്നു നന്ദിയോടെ ലൈല ഓർക്കുന്നു. സുഹൃത്ത് ജോളി കളത്തിലാണ് കഥകൾ മലയാളം പത്രത്തിന് അയയ്ക്കുവാൻ പ്രേരിപ്പിച്ചത്.  

പ്രസിദ്ധ സാഹിത്യകാരി ലതാലക്ഷ്മിയുടെ തിരുമുകുൾ ബീഗം എന്ന നോവലും ടി. പത്മനാഭന്റെ ചെറുകഥകളും ഇംഗ്ലിഷിലേക്കു വിവർത്തനം നടത്തിയത് ലൈല അലക്‌സാണ്.  

∙ ലതാലക്ഷ്മിയുടെ തിരുമുഗൾബീഗം വിവർത്തനം ചെയ്ത അനുഭവം ഒന്ന് പറയാമോ?

മൊഴിമാറ്റം അത്ര എളുപ്പമുള്ളതല്ല .ലതാലക്ഷ്മിയുടെ തിരുമുഗൾ ബീഗം ഞാൻ ആദ്യമായി ചെയ്ത വിവർത്തനം ആണ്. പണ്ഡിറ്റ് രവി ശങ്കറിനെക്കാളും പ്രഗത്ഭയെന്നും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ദേവതയെന്നും സംഗീത പ്രേമികൾ വാഴ്ത്തുന്ന, അദ്ദേഹത്തിന്റെ ആദ്യ പത്‌നി അന്നപൂർണാദേവി എന്ന സംഗീതവിസ്മയത്തിന്റെ കഥയാണ് ലതാലക്ഷ്മി തന്റെ നോവലിലൂടെ പറയുന്നത്. അതിൽ അന്നപൂർണാദേവിയുടെ  പൊതുവേദികളിൽ നിന്നുള്ള പിന്മാറ്റത്തെയും പിന്നീട് സംഗീതത്തെ മാത്രം ഉപാസിച്ചുള്ള ജീവിതത്തെയും നോവലിസ്റ്റ് വരച്ചുകാട്ടുന്നു. ലതാലക്ഷ്മിയുടെ ഭാഷയ്ക്ക് ഒരു ‘ഫെറൽ ഇന്റൻസിറ്റി’ ഉണ്ട്. ആ പാഷനും ഇന്റൻസിറ്റിയും ഇംഗ്ലിഷിലേക്ക് ആവാഹിക്കുക എന്നത് ഒരുപാടു പ്രയാസമായിരുന്നു. അതിനു പുറമേ, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ടെർമിനോളജിയും സിംബൽസും മറ്റൊരു ഭാഷയിൽ  ആവിഷ്കരിക്കുന്നതും വലിയ വെല്ലുവിളി ആയിരുന്നു. പക്ഷേ ഞാനത് ഏറെയാസ്വദിച്ചു.

∙ ടി. പത്മനാഭന്റെ ചെറുകഥകൾ ഈയിടെ വിവർത്തനം ചെയ്തല്ലോ. എങ്ങനെയായിരുന്നു ആ അനുഭവം?  

ഞാനും ഡോ. ശ്രീദേവി കെ. നായരും ചേർന്നാണ് അദ്ദേഹത്തിന്റെ കഥകൾ വിവർത്തനം ചെയ്തത്. ഞങ്ങൾ രണ്ടു രാജ്യങ്ങളിലിരുന്ന് ആ ജോലി ചെയ്തു; ഞാൻ ഫിലഡൽഫിയിലും ഡോ. ശ്രീദേവി കേരളത്തിലും. ടി. പത്മനാഭനുമായുള്ള കമ്യൂണിക്കേഷൻ എല്ലാം ഡോ: ശ്രീദേവിയാണ് നടത്തിയത്. ഞാനദ്ദേഹത്തെ ഇന്നുവരെ കണ്ടിട്ടില്ല. ഫോണിൽ പോലും അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. വിവർത്തനത്തിൽ  അദ്ദേഹത്തിന് അങ്ങനെ വലിയ ഡിമാൻഡുകളോ കാർക്കശ്യങ്ങളോ ഒന്നുമില്ലായിരുന്നു. വിവർത്തനത്തിൽ മൂലകഥയുടെ ഭംഗി അപ്പാടെ നിലനിർത്താനാകുമോ എന്നുള്ള ആശങ്ക ഇപ്പോഴും എനിക്കുണ്ടാകാറാണ്ട്. ഇവിടെ മൂലകഥയോട് നീതി പുലർത്തിയെന്നു തന്നെയാണ് വിശ്വാസം.  

കോട്ടയത്തും തിരുവനന്തപുരത്തുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ശേഷം കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ ഇംഗ്ലിഷ് അധ്യാപികയായി ലൈല അലക്സ് ജോലി ചെയ്തിട്ടുണ്ട്. അവിടെ നിന്നായിരുന്നു കുടുംബത്തോടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം.

∙ കേരളത്തിൽ കോളജ് അധ്യാപികയായിരുന്ന ആൾ എന്ത് കൊണ്ടാണ് അമേരിക്കയിൽ വന്നിട്ട് അധ്യാപനം പ്രഫഷനായി തുടരാഞ്ഞത്‌?

ഏതൊരു പ്രവാസിയേയും പോലെ, ആദ്യം ഇവിടെ വന്നപ്പോൾ ഒരു തൊഴിൽ എന്നതായിരുന്നു പ്രധാനം. അതുതന്നെ മെഡിക്കൽ ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ അനുകൂല്യങ്ങളെല്ലാമുള്ള ജോലി. സിറ്റി ഗവൺമെന്റ് ടെസ്റ്റ് എഴുതി പബ്ലിക് ഹെൽത്തിലായിരുന്നു ജോലി കിട്ടിയത്. ജോലി ചെയ്തു തുടങ്ങിയപ്പോൾ അത് ഇഷ്ടമായി: അതുവരെ പരിചയമില്ലാത്ത ഒരു മേഖല. പുതിയ അനുഭവങ്ങൾ, പുതിയ അറിവുകൾ, പുതിയ സ്‌കിൽസ് പഠിക്കുക.. അതൊക്കെ ഇന്ററസ്റ്റിങ് ആയി തോന്നി. കുഴപ്പമില്ലാത്ത ശമ്പളവും. അപ്പോൾ അതുതന്നെ തുടർന്നു   

നന്നായി വായിക്കുന്ന ലൈലയ്ക്ക്‌ ഏറ്റവും ഇഷ്ട്ടപ്പെട്ട പുസ്തകം എമിലി ബ്രോന്റിയുടെ വുതറിങ് ഹൈറ്റ്സ് ആണ്. ‘‘മഞ്ഞും വെയിലും ഒളിച്ചു കളിക്കുന്ന യോർക്‌ഷർ മലമടക്കുകളെ  ത്രസിപ്പിക്കുന്ന ഒരു പ്രണയകഥയാണത്. ഈ ലോകത്തിന്റെ അറ്റത്തോളവും അതിനും അപ്പുറത്തേക്കും കാത്തിയെ പ്രണയിച്ച ഹീത് ക്ലിഫ് എന്നെ ഇന്നും അദ്ഭുതപ്പെടുത്തുന്നു...’’

ചെറുപ്പം മുതലുള്ള വായനാശീലത്തിനു ലൈല നന്ദി പറയുന്നത് മാതാപിതാക്കളോടാണ്. ‘‘അവർ നന്നായി വായിക്കുന്നവരായിരുന്നു. നല്ലയൊരു ലൈബ്രറി വീട്ടിലുണ്ടായിരുന്നു. ചെറുപ്പത്തിൽ എഴുതുന്നതൊക്കെ ഇംഗ്ലിഷിലായിരുന്നു...’’

യാത്രകളെ പ്രണയിക്കുന്ന ലൈലയ്ക്ക് കോവിഡ് കാലത്തെ ഏറ്റവും വലിയ നഷ്ടമായി തോന്നുന്നത് യാത്രകളാണ്. അത് വലിയ യാത്രകളൊന്നും ആകണമെന്നില്ല. എല്ലാ വർഷവും എവിടേക്കെങ്കിലുമൊക്കെ പോകാൻ ശ്രമിക്കാറുണ്ടായിരുന്നു. ‘‘ചരിത്രം ഉറങ്ങുന്ന ഗ്രീസ്, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്കു ചെയ്ത യാത്രകളൊക്കെ ഒരു പാട് സന്തോഷപ്രദമായിരുന്നു. ധാരാളം യാത്രകൾ പ്ലാൻ ചെയ്തിരുന്നു. കോവിഡ്  വാക്‌സിനൊക്കെ വന്നു കഴിഞ്ഞാൽ എല്ലാം നടക്കും എന്ന് തന്നെയാണ് വിശ്വാസം’’   
   
കടൽ കടന്നെത്തിയ കഥകൾ (പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം ), ലിലിത് (പ്രിയദർശിനി പബ്ലിക്കേഷൻസ് തിരുവനന്തപുരം) ഇവയാണ് പ്രസിദ്ധീകരിച്ച കഥാ സമാഹാരങ്ങൾ. 

 മലയാളസാഹിത്യത്തിലെ സ്ത്രീഅവതാരങ്ങൾ എന്ന പരമ്പരയിൽ ദ് ഹിന്ദു പത്രം ലൈലയുടെ കഥകളെക്കുറിച്ചുള്ള ഒരു  പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ കഥകൾ പുസ്തകരൂപത്തിലാക്കുവാൻ പ്രോത്സാഹിപ്പിച്ചത് ഈയിടെ അന്തരിച്ച, ബന്ധുകൂടിയായ പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. പി. എം. മാത്യു വെല്ലൂർ ആയിരുന്നുവെന്നു ലൈല കൃതജ്ഞതയോടെ ഓർക്കുന്നു.    

    

കുമ്പനാട് മേപ്രത്ത് തോപ്പിൽ ടി.എം. വർഗീസിന്റെയും മേരിക്കുട്ടി വർഗീസിന്റെയും മകളായ ലൈല അലക്സിന് ഒരു സഹോദരനാണുള്ളത്. റാന്നി ഒടിക്കണ്ടത്തിൽ ഡോ. അലക്സ് എബ്രഹാമിന്റെ ഭാര്യയാണ് ലൈല. ഏക മകൻ അലക്‌സും മരുമകൾ റിബേക്കയും കൊച്ചുമകൻ  മൈൽസുമടങ്ങുന്നതാണ് അവരുടെ കുടുംബം. ഫിലഡൽഫിയിലാണ് ഇവർ സ്ഥിരതാമസമാക്കിയിരിക്കുന്നത്.        

ഒന്നിനൊന്നു വ്യത്യസ്തമാണ് ലൈല അലക്സിന്റെ ചെറുകഥകൾ. ഉദ്വേഗജനകവും നിഗൂഢവുമായ ശൈലിയിൽ എഴുതപ്പെട്ട ആ കഥകൾ  വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്നു. യഥാർഥ ജീവിതത്തിൽ താൻ അത്ര വലിയ മൃഗസ്നേഹിയല്ലെന്ന് ലൈല പറയുമെങ്കിലും അവരുടെ ചില കഥകൾ കടുത്ത മൃഗസ്നേഹികളെക്കുറിച്ചാണ്. അതിമനോഹരമായിത്തന്നെ മൃഗങ്ങളുടെ ജീവിതവും അവർ വരച്ചിടുന്നു. 

 സ്ത്രീഹൃദയത്തിന്റെ രഹസ്യമന്ദിരങ്ങളിലേക്കും അവളുടെ സ്വച്ഛ കാമനകളിലേക്കും തീവ്രപ്രണയങ്ങളിലേക്കും വിഷാദപർവങ്ങളിലേക്കും  എല്ലാം  ലൈല അലക്സ് നമ്മെ അക്ഷരമന്ത്രങ്ങൾ ചൊല്ലി ആവാഹിക്കുന്നു. ചില കഥകളിലെ പേടിപ്പെടുത്തുന്ന നിഗൂഢത വായനക്കാരെ ഒരു ഹൊറർ സിനിമ പോലെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. കഥാലോകത്തിലെ ഒരു വലിയ മന്ത്രവാദിനിയാണ്  ലൈല അലക്സ് എന്ന് അവരുടെ കഥകൾ വായിക്കുന്നവർ അദ്ഭുതത്തോടെ പറഞ്ഞു പോകും. 

അമേരിക്കയിലെ മലയാള സാഹിത്യരംഗത്ത് മുൻപേ നടന്നവരുടെ പട്ടികയിൽ വിവർത്തന സാഹിത്യത്തിന്റെയും ചെറുകഥാ സാഹിത്യത്തിന്റെയും ഇടങ്ങളിൽ ലൈല അലക്സിന്റെ പ്രാധാന്യവും അതുകൊണ്ടു തന്നെ എടുത്തു പറഞ്ഞെ മതിയാകു.  ആ മാന്ത്രികതൂലികയിൽനിന്ന് ഇനിയും ധാരാളം  കഥകളും വിവർത്തങ്ങളും പിറക്കട്ടെ, ആഘോഷപൂർവം.

see more

Laila Alex: https://emalayalee.com/repNses.php?writer=69

Meenu Elizabeth: https://emalayalee.com/repNses.php?writer=14

മാന്ത്രിക തൂലികയുമായി ലൈല അലക്സ് (മുൻപേ നടന്നവർ-മീനു എലിസബത്ത്)
മാന്ത്രിക തൂലികയുമായി ലൈല അലക്സ് (മുൻപേ നടന്നവർ-മീനു എലിസബത്ത്)

മാന്ത്രിക തൂലികയുമായി ലൈല അലക്സ് (മുൻപേ നടന്നവർ-മീനു എലിസബത്ത്)

മാന്ത്രിക തൂലികയുമായി ലൈല അലക്സ് (മുൻപേ നടന്നവർ-മീനു എലിസബത്ത്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക