Image

തുളുമ്പുന്ന പാനപാത്രം (റുബാഇയ്യാത് - 21 മുതല്‍ 40 വരെയുള്ള ചതുഷ്പദികള്‍) -സുധീര്‍ പണിക്കവീട്ടില്‍

Published on 04 December, 2020
തുളുമ്പുന്ന പാനപാത്രം (റുബാഇയ്യാത് - 21 മുതല്‍ 40 വരെയുള്ള ചതുഷ്പദികള്‍)  -സുധീര്‍ പണിക്കവീട്ടില്‍
21. ഭൂതകാല വേദനകളും ഭാവിയുടെ ഭയാശങ്കകളും മാറ്റാന്‍ പ്രിയമുള്ളവളെ മധുചഷകങ്ങള്‍ ഇന്നു നീ നിറയ്ക്കുക. എന്തിനാണു നാളെയെക്കുറിച്ച് വ്യാകുലപ്പെടുന്നത്. ഏഴായിരം വര്‍ഷങ്ങള്‍ക്ക്മുമ്പു മണ്ണടിഞ്ഞവരോടൊപ്പം ഞാനും ഒരു ദിവസം മറഞ്ഞുപോകും.(ദിവ്യമായ ആത്മീയാനുഭൂതിയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക. അപ്പോള്‍ നിറയുന്ന വീഞ്ഞു, അമ്രുത്, അതാണു ശങ്കയും സങ്കോചവും മാറ്റി മുക്തിയിലെക്ക് നയിക്കുന്നത്.)

22. നമ്മള്‍ക്ക് നമ്മളോട് ഏറ്റവും അടുത്തവര്‍ അവരുടെ മുന്തിരി വിളവില്‍ നിന്നും കാലം പിഴിഞ്ഞെടുത്ത മുന്തിരിച്ചാറു കുടിച്ച് ആനന്ദിക്കുകയും അവരോരുത്തരായി നിശബ്ദം ഈ ലോകത്തില്‍ നിന്നും വിരമിച്ചു പോകുകയും ചെയ്തു.. (വിധിയും കാലവും ആരേയും കാത്തു നില്‍ക്കുന്നില്ല.  വീണ്ടും പുതിയ ജന്മമെടുക്കാന്‍ ഓരോരുത്തരും ഇവിടം വിട്ടുപോകുന്നു).

23. അവര്‍ ഉപേക്ഷിച്ചുപോയ  ഈ മുറിയുക്കുള്ളില്‍ നാം ഇന്നു ആഹ്ലാദിക്കുന്നു. വിരിഞ്ഞു നില്‍ക്കുന്ന വേനല്‍ പുഷ്പങ്ങളെപോലെ നമ്മുടെ മോടിയിലും നേട്ടത്തിലും അഭിമാനിക്കുന്നു. പുതിയതായി ജനിക്കാന്‍പോകുന്ന ആര്‍ക്കോവേണ്ടി ഒരു തല്‍പ്പമൊരുക്കാന്‍ നമ്മളും സമയം വരുമ്പോള്‍ വിടപറയുന്നു. (ഭൗതികമായ ആനന്ദം ദൈവം അനുവദിച്ചിരിക്കെ ആത്മീയമായ ആനന്ദം അനുഭവിക്ലറിയുവാനും ജീവിതം ശാശ്വതമല്ലെന്ന  സത്യം ഓര്‍മ്മിക്കാനും നമ്മള്‍ തയ്യാറാകണം.)

24. മണ്ണിലേക്ക് നമ്മളും ഇഴുകി ചേരുന്നതിനു മുമ്പ് നാം ഇനിയും ആഘോഷിച്ചിട്ടില്ലാത്ത സൗഭാഗ്യങ്ങളെ പരമാവുധി ആസ്വദിക്കുക. മണ്ണില്‍ നിന്നും നമ്മള്‍ ഉണ്ടായി, മണ്ണിലേക്ക് നമ്മള്‍ പോകുന്നു. അവസാനം വീഞ്ഞില്ലാതെ, പാട്ടില്ലാതെ, പാട്ടുകാരിയില്ലാതെ ഒന്നുമില്ലാതെ. (ഈ ഭൂമിയിലെ എല്ലാ സൗഭാഗ്യങ്ങളും മരണത്തോടെ ഇല്ലാതാകുന്നു. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ നന്മനിറഞ്ഞ ജീവിതം നയിക്കുക, മറ്റുള്ളവര്‍ക്ക് മാത്രുകയായിക്കൊണ്ട്)

25. ഇന്നേയ്ക്ക് വേണ്ടി കരുതുന്നവര്‍ക്കും അതേപോലെ നാളേയ്ക്ക് മുന്‍കരുതല്‍ എടുക്കുന്നവര്‍ക്കും ഇരുട്ടിന്റെ ഗോപുരമുകളില്‍ നിന്നും ഒരു സന്ദേശത്തിന്റെ ബാങ്കൊലി നാദം മുഴങ്ങുന്നു. വിഡ്ഡികളെ നിങ്ങള്‍ക്കുള്ള പ്രതിഫലം ഇന്നുമല്ല നാളെയുമല്ല. (മനുഷ്യര്‍ നിത്യത പ്രാപിക്കാന്‍ വേണ്ടിയാണു ഒരുങ്ങേണ്ടതു. ഇന്നുമല്ല നാളെയുമല്ല എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് ഇവിടെയുമല്ല പരലോകത്തുമല്ലെന്നാണ്.)

26. രണ്ടുലോകങ്ങളെക്കുറിച്ച് ബുദ്ധിപൂര്‍വ്വം സംസാരിച്ച ജ്ഞാനികളുടെയും ദിവ്യന്മാരുടെയും വാക്കുകള്‍ എവിടെ?  അവരുടെ പ്രവചനങ്ങള്‍ ചിതറിപ്പോകുന്നു. അവരും ഇഹലോകവാസം വെടിഞ്ഞു മറ്റുള്ളവരെപ്പോലെ മണ്ണിനടിയില്‍ വിശ്രമിക്കുന്നു. അവര്‍ പറഞ്ഞതെല്ലാം ബുദ്ധിപരമായ കാര്യങ്ങളാണെന്നു നമുക്കെങ്ങനെയറിയാം. (മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളും പാഠങ്ങളും സ്വീകരിക്കുന്നതിനെക്കാള്‍ സ്വന്തമായ അനുഭവങ്ങളില്‍ നിന്നും അറിവ് നേടി സ്വന്തമായ ഒരു പാത തെളിയിക്കുന്നതാണുത്തമം.)

27. എന്റെ യൗവനകാലത്ത് ഔത്സുക്യത്തോടെ ഗുരുക്കന്മാരുടെയും ജ്ഞാനികളുടെയും അടുക്കല്‍ പോയി പലതിനെയുക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഞാന്‍ കേട്ടു. ഞാന്‍ കടന്നുചെന്നെത്തിയ വഴിയിലൂടെ തന്നെ  അവയെക്ലാം ഉള്‍ക്കൊള്‍ക്കൊണ്ടുകൊണ്ടു ഞാന്‍ പുറത്തുവന്നു. മരണം എല്ലാവരെയും ഗ്രസിക്കുന്നു. അറിവുണ്ടെന്നു നമ്മള്‍ ധരിക്കുന്നവരെയും മരണം  കൊണ്ടുപോകുന്നു.പോയ  വാതിലിലൂടെ തന്നെ പുറത്തുകടന്നുവെന്നു പറയുമ്പോള്‍ കവിയുടെ അറിവിനായുള്ള അന്വേഷണം ഫലപ്രദമായില്ലെന്ന സൂചനയുണ്ട്..

(എങ്കിലും എല്ലാം ഗുരുമുഖത്തുനിന്നു പഠിക്കുന്നതാണു നല്ലത്. അവര്‍ നമ്മുടെ  ഉള്‍ക്കണ്ണു തുറപ്പിക്കുന്നു.)

28. ഗുരുക്കന്മാര്‍ കാണിച്ചുതന്ന ആത്മസാക്ഷാത്കാരത്തിന്റെ വഴിയില്‍ ഞാനെന്റെ വിവേകത്തിന്റെ വിത്തുകള്‍ വിതച്ചു. എകാഗ്രതയോടെ ഞാനതിനെ നനച്ചുവളര്‍ത്തി. ഈ ഒരു കൊയ്ത്താണു ഞാന്‍ കൊയ്തതു. ഞാന്‍ വെള്ളം പോലെ വന്നു. കാറ്റിനെപോലെ പോകുന്നു. മനുഷ്യജീവിതം യാതൊരു നിയന്ത്രണവുമില്ലാതെ വീശുന്ന കാറ്റിനെപോലെയാണു. ഒഴുകുന്ന വെള്ളത്തെപോലെയാണു.  (മനസ്സ് പ്രക്ഷുബ്ദമാകുമ്പോള്‍ അതു വെള്ളമ്പോലെ നിയന്ത്രണമില്ലാതെ ഒഴുകി നടക്കും. എന്നാല്‍ ആത്മസംയമനം നേടുമ്പോള്‍ മനസ്സിന്റെ ഭാരം ലഘൂകരിക്ല് അതു സ്വതന്ത്രമാകുന്നു.)

29. എങ്ങനെയാണന്നറിയാതെ എവിടേയ്ക്കാണെന്നറിയാതെ ഈ ലോകത്തിലേക്ക് നമ്മള്‍ വന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ലല്ലോ ഈ വരവ്. ഈ വരവുകൊണ്ടു നമ്മള്‍ എന്തു നേടി. വാസ്തവത്തില്‍ ഈ ജന്മവും നന്മകള്‍ ചെയ്താല്‍ കിട്ടുമെന്ന വിശ്വാസം നല്‍കുന്ന മതസംഹിതകളും കവിക്ക് വിശ്വസനീയമല്ല.നളെ അതു ഇവിടെയായാലും സ്വര്‍ഗ്ഗത്തിലായാലും ആ ദിവസത്തിനു എന്തു ഉറപ്പാണുള്ളതു.  (പിറവിയുടെ ലക്ഷ്യം മനസ്സിലക്കുമ്പോള്‍ ആത്മാവ് മുക്തിപ്രാപിക്കുന്നു എന്നു മനസ്സിലാക്കുക.)

30. അന്വേഷണങ്ങള്‍ ഒന്നും നടത്താതെ  ആരോടും ചോദിക്കാതെ എവിടെ നിന്നാണിത്ര തിടുക്കത്തില്‍ നമ്മള്‍ ഭൂമിയിലേക്ക് വന്നത്. ആരോടും പറയാതെ വീണ്ടും തിടുക്കത്തില്‍ എവിടേയ്ക്കാണു പോകുന്നത്.? ആ അവ്യക്തതയുടെ ഓര്‍മ്മയകറ്റാന്‍ അനേകം കപ്പുകള്‍ ഒഴുക്കുന്ന വിലക്കപ്പെട്ട വീഞ്ഞില്‍ നമുക്കു മുങ്ങാം. കാരണം ഈ വരവിന്റേയും പോക്കിന്റെയും അര്‍ത്ഥം നമ്മള്‍ക്കറിയില്ലല്ലോ. (ദുഖങ്ങളും വിലാപങ്ങളും ഒന്നും നേടി തരുന്നില്ല. നമ്മള്‍ അനുഭവിക്കുന്നത് നമ്മുടെ പ്രവ്രുത്തിയുടെ ഫലമാണു. അതുകൊണ്ട് കൊച്ചു കൊച്ചു സന്തോഷങ്ങളുടെ വീഞ്ഞു കോപ്പകള്‍ വറ്റിച്ചു ജീവിതം മുന്നോട്ടു നയിക്കുക)

31. ഭൂമിയുടെ ആകര്‍ഷണകേന്ദ്രം പിന്നിട്ട് സപ്തവാതായനങ്ങളും കടന്നു, ശനിയുടെ സിം ഹാസനം വരെയെത്തി എന്റെ ഈ ദീര്‍ഘസഞ്ചാരമാര്‍ഗ്ഗങ്ങളിലെ ഊരാംകുടുക്കുകള്‍ ഒന്നൊന്നായി ഞാന്‍ പഠിച്ചു. എന്നാല്‍ മനുഷ്യവിധിയുടെ ആ വലിയ കടുംകെട്ട് അഴിക്കാന്‍ സാധിച്ചില്ല. (നിത്യത എന്ന ആത്മീയാനുഭൂതി പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ മനുഷ്യനു കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ ദേവന്മാര്‍ക്കും കഴിയുന്നില്ലെന്നു ശനിയുടെ അരികില്‍ എത്തിയിട്ടും എന്ന വെളിപ്പെടുത്തലിലൂടെ നമ്മെ അറിയിക്കുന്നു.)

32. നിത്യതയുടെ വാതില്‍ക്കല്‍ അനേകം നിഗൂഢതകളുടെ ഇടയില്‍ എനിക്ക് അതിന്റെ താക്കോല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്റെ ഭൗതികബോധത്തിന്റെ മൂടുപടത്തിനപ്പുറവും എനിക്കും കാണാന്‍ കഴിഞ്ഞില്ല. ഒരു നിര്‍ദ്ദിഷ്ട സമയം ഈ ഭൂമിയില്‍ ആരോ സംസാരിക്കുന്നു. പിന്നെ നീയില്ല ഞാനില്ല. നിത്യതയുടെ രഹസ്യം ആരറിയുന്നു. മൂടുപടത്തിനപ്പുറമെന്നു വിവക്ഷിക്കുന്നത് മരണശേഷമുള്ള ലോകമാണു. നീ എന്നു പറയുന്നത് ദൈവവും ഞാന്‍ എന്നു പറയുന്നത് മനുഷ്യനുമായിരിക്കാം.

33. അന്ധകാരത്തിലുഴലുന്ന മനുഷ്യരെ നയിക്കാന്‍ വിധിക്ക് എന്തു വെളിച്ചമാണു കയ്യിലുള്ളതെന്നു ഞാന്‍ ഉറക്കെ ചോദിച്ചു. ഏകാകിയായ സ്രുഷ്ടാവിനെ  ഓര്‍ത്തിട്ടെന്നവണ്ണം നിരന്തരം അലയടിക്കുന്ന സമുദ്രത്തിനോ ഭൂമിക്കോ ഉത്തരം പറയാന്‍ കഴിഞ്ഞില്ല എല്ലാ അടയാളങ്ങളും കാട്ടി രാവിന്റെയും പകലിന്റേയും ആശ്രയത്തില്‍ മറഞ്ഞിരിക്കുന്ന സ്വര്‍ഗ്ഗത്തിനും മറുപടിയിക്ലായിരുന്നു. (ബുദ്ധിയും വിവേകവും തമ്മില്‍ തിരിക്ലറിയണം ബുദ്ധിയുള്ളവര്‍ പല വിഡ്ഡിത്തങ്ങളും വിളമ്പും വിഡ്ഡിത്തമല്ലെന്നു സമര്‍ത്ഥിക്കാനുള്ള ബുദ്ധി അവര്‍ക്കുണ്ടു. എന്നാല്‍ അതു ഒന്നിനും പരിഹാരമല്ല.)

34. അപ്പോള്‍ ഏതോ മൂടുപടത്തിനരുകിലിരുന്നു പ്രവര്‍ത്തിക്കുന്ന എന്നിലെ നിന്നെ കാണാന്‍ ഞാന യവനിക പൊക്കി. അന്ധകാരത്തിനിടയിലെ വെളിക്ലത്തില്‍ പുറമേ നിന്നു ഒരു ശബ്ദം ഞാന്‍ കേട്ടു - നമ്മള്‍ ഒന്നാണു, വേറിട്ട് നീയും ഞാനുമില്ല.

35.. ജീവിതത്തിന്റെ രഹസ്യമറിയാന്‍ ഈ മണ്‍കുടത്തിന്റെ ചുണ്ടുകളിലേക്ക്  ഞാന്‍ ചാഞ്ഞു. ചുണ്ടോടു ചുണ്ടതു മന്ത്രിച്ചു. ജീവിതത്തിന്റെ മുന്തിരിച്ചാറു കുടിച്ചുകൊണ്ടേയിരിക്കുക ഒരിക്കല്‍ മരിച്ചുപോയാല്‍ പിന്നെ നീ ഇവിടേയ്ക്ക് തിരിച്ചുവരുന്നില്ല.  ആ മണ്‍കുടത്തിനു ഒരിക്കല്‍ ഈ ഭൂമിയില്‍ ആഹ്ലാദപൂര്‍ണ്ണമായ ഒരു ജന്മമുണ്ടായിരുന്നിരിക്കണം.

36. ക്ഷണികമായ സ്പഷ്ടതയോടെ എന്നോട് സംസാരിച്ച ആ മണ്‍പാത്രം ഒരിക്കല്‍ ജീവിച്ചിരുന്നു. മുന്ത്തിരിച്ചാര്‍ കുടിക്കാന്‍ ഞാന്‍ ചുണ്ടുചേര്‍ത്ത ആ തണുത്ത ചുണ്ടുകള്‍ എത്രയോ ചുംബനങ്ങള്‍ കൊടുക്കുകയും ഏറ്റു വാങ്ങുകയും ചെയ്തിട്ടുണ്ടാകും. (മനുഷ്യനെ മണ്ണില്‍നിന്നെടുക്കുന്ന മണ്ണിലേക്ക് തന്നെ  വീണ്ടെടുക്കുന്നു അതിനിടയില്‍ എത്രയോരൂപങ്ങള്‍ അവന്‍ സ്വീകരിച്ചിട്ടുണ്ടാകും. ഇവിടെയും കളിമണ്ണിനോട് മനുഷ്യനുള്ള സാമ്യം കാണിക്കുന്നു. മനുഷ്യനെ മണ്ണില്‍ നിന്നു സൃഷ്ടിച്ചുവെന്ന വിശ്വാസം.

37. ശക്തിയില്‍ മണ്ണു അടിച്ച് കുഴച്ചുകൊണ്ടിരുന്ന ഒരു കുംഭാരനെ വഴിയരുകില്‍ വച്ച് കണ്ടതു ഞാന്‍ ഓര്‍ക്കുന്നു. നാക്കില്ലാത്ത ആ നനഞ്ഞ മണ്ണു ഇങ്ങനെ ആവലാതിപ്പെട്ടുകൊണ്ടിരുന്നു. പതുക്കെ സഹോദര പതുക്കെ ഞാനും ഒരിക്കല്‍ നിന്നെപോലെയായിരുന്നു.

38. മനുഷ്യാകാരമാര്‍ന്ന ഒരു മൂശയിലേക്ക് ഈശ്വരന്‍ എറിഞ്ഞ നനഞ്ഞ കളിമണ്‍ കഷണത്തില്‍ നിന്നാണു. മനുഷ്യന്‍ തലമുറ തലമുറയായി ഭൂമിയില്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഇഷ്ടം നോക്കിയല്ല അവനെ രൂപപ്പെടുത്തുന്നതും സ്രുഷ്ടിക്കുന്നതും. കളിമണ്ണു കുമ്പാരന്റെ കയ്യിലെ ഉപകരണം മാത്രം. കളിമണ്ണിനു അതിന്റെ ഇഷ്ടത്തില്‍ രൂപം പ്രാപിക്കാന്‍ കഴിയില്ല.

39. തുളുമ്പുന്ന നമ്മുടെ പാനപാത്രങ്ങളില്‍ നിന്നും സാഖി ഭൂമിയിലേക്ക് ഇറ്റിക്കുന്ന ഓരൊ തുള്ളി വീഞ്ഞും മണ്മറഞുപോയവരുടെ അവശിഷ്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു.. (വീഞ്ഞു കുടിക്കുന്നതിനുമുമ്പ് ഒന്നുരണ്ടു തുള്ളി ഭൂമിയിലെക്ക് ഇറ്റിക്കുന്നത് പേര്‍ഷ്യയിലെ ആചാരമായിരുന്നു. ഇതു പൂര്‍വികര്‍ക്കുള്ള അനുഷ്ഠാനമായി കരുതുന്നു. (നമ്മുടെ നന്മനിറഞ്ഞ പ്രവര്‍ത്തികള്‍, പ്രാര്‍ത്ഥനകള്‍ നമ്മേക്കാള്‍ അവശരായവരെ സന്തോഷിപ്പിക്കുന്നു.)

40. വസന്തകാലത്തില്‍ പൂത്തുനില്‍ക്കുന്ന ഒരു പൂവ്വരശിനെ പോലെ വീഞ്ഞിന്റെ കപ്പുകള്‍ കയ്യിലെടുത്ത് ആഹ്ലാദത്തോടെ നുകരുക. ആനന്ദാതിരത്താല്‍ സ്വര്‍ഗ്ഗസീമകളില്‍ മുട്ടിനില്‍ക്കുന്ന നമ്മെ എപ്പോഴാണു സ്രുഷ്ടാവ് ഭൂമിയിലേക്ക് തള്ളുകയെന്നാര്‍ക്കറിയാം. (സൂ ര്യോന്മുഖമായി പുഞ്ചിരിക്കുന്ന പൂക്കളെപോലെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കുക ഒരു പകലിന്റെ ആയുസ്സുള്ള പൂക്കള്‍  അന്തിക്ക് കൊഴിഞ്ഞുവീഴുന്നപോലെ നമ്മളും മണ്ണിനോട് ഒരു നാള്‍ ചേര്‍ന്നലിയും)

41. നീ മൊത്തുന്ന വീഞ്ഞും നീ മൊത്തുന്ന ചുണ്ടുകളും അവസാനം ഒന്നുമില്ലായ്മയില്‍ അവശേഷിക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണു നീ ഇന്നലെ എന്തായിരുന്നു നാളെ എന്താകുമെന്നു ആകുലപ്പെടുന്നത്. ഈ നിമിഷം അതാസ്വദിക്കുക. (പ്രശ്‌നങ്ങളില്‍ മുഴുകി സമയം കളയാതെ ധീരതയോടെ എക്ലാം അഭിമുഖീകരിച്ച് മുന്നോട്ടു നീങ്ങുക)

(ബാക്കി ഭാഗങ്ങള്‍ വായിക്കുക അടുത്ത വെള്ളിയാഴ്ച 12-11-20)

ശുഭം
Join WhatsApp News
രാജു തോമസ് 2020-12-04 18:31:31
വളരെ ഇഷ്ടപ്പെടുന്നുണ്ട്. ശ്രദ്ധവേണ്ടോരു ബ്രഹത്തും പ്രയോജനകരവുമായ സംരംഭമാണിത്. റൂബായത്തിൽ 1,400-ൽപ്പരം ചതുഷ്‌പദികളുണ്ടെന്നും, അംഗീകൃതമായി 200 ഉണ്ടെന്നും, ഒമർ ഖയാം 36 എണ്ണംമാത്രമേ എഴിതിയുള്ളൂ എന്നുമൊക്കെ പണ്ഡിതാഭിപ്രായങ്ങളുണ്ട്. എന്നാൽ സാധാരണ സാഹിത്യവിദ്യാര്തഥികൾ അവലംബിക്കുന്നത് ഫിറ്റ്‌സ്ജെറൾഡിന്റെ 74 iambic pentameter stanza-കളെയാണ്. 1. മഹാകവി ജിയും (1939) തിരുനല്ലൂർ കരുണാകരനും (1989) ഈ 75 ശ്ലോകങ്ങൾ മലയാളത്തിലേക്ക്‌ പദ്യരുപേണ ഭാഷാന്തരം ചെയ്തിട്ടുണ്ടങ്കിലും അവ വായിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, ശ്രീ സുധീറിൻറെ ഗദ്യത്തിലുള്ള ഈ സ്വതന്ത്രപരിഭാഷ സംക്ഷിപ്തമെങ്കിലും സമഗ്രമായിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. 3. ഇവിടെ ചതുഷ്‌പദികളുടെ എണ്ണം അല്പം തെറ്റിപ്പോയോ എന്നൊരു സംശയം. അതിനു കാരണം, 8-10 ശ്ലോകങ്ങൾ 8-11 ആക്കിയിരിക്കുന്നു എന്നതാവാം. 4. ഒരു കാര്യംകൂടി: ചില ചെറിയ തെറ്റുകൾ കണ്ടു. ഉദാ: 21 ( ശരിക്കും 20) 'ഏഴായിരം വർഷംമുമ്പു മരിച്ച' എന്നതിനു പകരം ' കഴിഞ്ഞ ഏഴായിരം വര്ഷങ്ങളായി മരിച്ച' എന്നു വേണ്ടേ? Eagerly waiting for the next installment, I render my sincere congratulations.
മിസ്റ്റിസിസത്തിൻറ്റെ ഗുളിക. 2020-12-04 22:35:30
റുബായ്യാത്തിലെ മിസ്റ്റിസിസം: റുബായ്യാത് ഹെഡോണിസം ആണ് എന്ന് ഉപരിതലത്തിൽ തോന്നുമെങ്കിലും അതിൻറ്റെ ഉൾക്കാതൽ മിസ്റ്റിസിസം ആണ്. അതിനാൽ എന്താണ് മിസ്റ്റിസിസം എന്ന് നോക്കാം. മനുഷന് അറിവ് ലഭിക്കുന്നത് പഞ്ചേന്ദ്രിയങ്ങളിൽ കൂടി മാത്രമാണ് ആണ്, അതിനാൽ അവ പൂർണമല്ല എന്ന് കരുതിയ കാലഘട്ടമാണ് മിസ്റ്റിസിസത്തിൻറ്റെ തുടക്കം. {എന്നാൽ ശാസ്ത്രം വളർന്നപ്പോൾ; രോമം, തൊലി, എന്നുവേണ്ട ശരീരത്തിലെ ഓരോ കോശങ്ങളും, ശരീരം ആകമാനവും ഇന്ദ്രിയങ്ങൾ ആണ് എന്ന് വെളിവായി}. ഇന്ദ്രിയ ജ്ഞാനത്തിനു അതീതമായി ; അനുഭൂതി, ദിവ്യജ്ഞാനം, അതീന്ദ്രിയ അനുഭൂതി എന്നിവയിലൂടെ പരമമായ അറിവിൻ്റെ രഹസ്യങ്ങളെ അറിയുവാനുള്ള പരിശീലനം നേടുകയെന്നത്‌ ആണ് മിസ്റ്റിസിസം. പുരാതന ഗ്രീസിലെ എലുസിയൻ പട്ടണത്തിലെ ഡിമീറ്റർ [ ക്രീസ് എന്ന അമ്മ ദൈവം] ദേവതയുടെ ആരാധകർ പരിശീലിച്ചിരുന്ന രഹസ്യ ആരാധനയെ എലുസിയൻ രഹസ്യം എന്നറിയപ്പെടുന്നു. ഗ്രീക്ക് പുരാണത്തിലെ പ്രധാനപ്പെട്ട പന്ത്രണ്ടു ദേവതകളിലെ അമ്മ ദൈവം ആണ് ഡിമീറ്റർ. ഇൻഡസ് വാലി മുതൽ ഇൻഗ്ലണ്ടു വരെയുള്ള നാടുകളിൽ ആരാധിക്കപ്പെട്ടിരുന്ന ഐസ്സിസ് [ഈശ] ദേവതയും ഡിമീറ്റർ ദേവിയാണ്. ഇവയുടെ ക്രിസ്ത്യൻ എഡീഷൻ ആണ് മറിയ എന്ന അമ്മ ദൈവം. ആല്മീയ അനുഭൂതിയിലൂടെ മനുഷ ജീവിതത്തിൻറ്റെ പരമോന്നത ലക്ഷ്യമായ പരമോന്നത സത്യത്തെ; അറിയുവാൻ സാധിക്കും എന്ന് മിസ്റ്റിക്കുകൾ അവകാശപ്പെടുന്നു. ആല്മീയ അനുഭുതിയിലൂടെ ദൈവവുമായി ഒത്തുചേരാൻ സാധിക്കും, അപ്പോൾ ദൈവവും മനുഷനും രണ്ടല്ല , ഒന്നാണ് എന്ന സത്യം മനസ്സിലാകും, അതാണ് മിസ്റ്റിസിസം. ഭൂമിയുടെ ഉള്ളിലേക്ക് വളരെ നീളത്തിൽ ഉണ്ടാക്കിയ ഇടുങ്ങിയ ഗുഹകളിൽ ധ്യനത്തിൽ മുഴുകി, ദൈവവുമായി സംഭാഷണം നടത്തുവാൻ സാധിക്കും എന്നും മിസ്റ്റിക്കുകൾ അവകാശപ്പെട്ടു. ഓക്സിജൻ വളരെ കുറഞ്ഞ ഇ ഗുഹകളിൽ, ആവശ്യത്തിനുള്ള പ്രാണവായു ലഭിക്കാത്ത തലച്ചോറിലെ എത്രമാത്രം കോശങ്ങൾ അപ്പോൾ മരിക്കുന്നു എന്നത് ഇവർക്ക് അറിവില്ലായിരുന്നു. ആധുനിക ന്യൂറോ സയൻസ് ഇതിൻറ്റെ ദൂഷ്യ ഫലങ്ങൾ വിവരിക്കുന്നു. യുദ മതത്തിലെ കബാല,ഇസ്ലാമിലെ സൂഫിസം, എലുസിയൻ രഹസ്യങ്ങളുടെ രൂപാന്തരങ്ങൾ ആണ്. ഈജിപ്റ്റിലും ഭാരതത്തിലും ഇവയുടെ സമാന്തരങ്ങൾ ഉണ്ടായിരുന്നു. 'നീയോ, പ്രാർത്ഥിക്കുമ്പോൾ അറയിൽ കയറി രഹസ്യത്തിൽ കാണുന്ന ദൈവവുമായി സംഭാഷിക്കുക'- എന്നത് ക്രിസ്ത്യൻ സ്റ്റയിൽ. തിരുവെഴുത്തുകളിൽ വാക്കുകളുടെ അർത്ഥത്തിലും ഉപരിയായി ദിവ്യ രഹസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നു, അതിനാൽ അവയെ മനസ്സിലാക്കാൻ പ്രാർത്ഥന, ഉപവാസം, ധ്യാനം, എന്നിവയിലൂടെ ആന്തരിക സമാധാനം ഉണ്ടാവണം, അപ്പോൾ ആന്തരിക വൈരുദ്ധ്യങ്ങളെ നിയന്ത്രിക്കാൻ സാധിക്കും, അപ്പോൾ; അവരിൽ ദിവ്യ തേജസ്സ് നിറയുന്നു, തൻനിമിത്തം അവർ ഉത്തമ സാഹിത്യം രചിക്കുന്നു, ഉത്തമ ജീവിതം നയിക്കുന്നു, അവർ ആണ് പുതിയ ആകാശവും ഭൂമിയും നിർമ്മിക്കുന്ന ശിൽപ്പികൾ. ഇ അവസ്ഥയിൽനിന്നും വീണ്ടും ഉയരുന്നവർ കത്തിയെരിയുന്ന മെഴുകുതിരിപോലെ പ്രകാശം പരത്തി മഹത്വത്തിൽ ജീവിക്കുന്നു, ക്രമേണ പരബ്രമ്മത്തിൽ ലയിച്ചു സ്വയം ഇല്ലാതെയാവുന്നു. അപ്പോൾ; ഞാൻ,എൻ്റെ, എന്ന ഭാവങ്ങൾ ചാമ്പൽ ആകുന്നു. 'എൻ്റെ ഇഷ്ടം അല്ല, നിൻറ്റെ ഇഷ്ടം നടക്കട്ടെ'; എൻ്റെ അൽമ്മാവിനെ ഞാൻ നിൻറ്റെ കൈയിൽ ഏൽപ്പിക്കുന്നു; ഇനിമുതൽ ഞാൻ ഇല്ല. ഇതാണ് വിവിധ മതങ്ങളുടെ മിസ്റ്റിസിസത്തിൻറ്റെ ഗുളിക. ഇനി സുദീർസാർ എഴുതുന്ന ഒമർ ഘയ്യാമിൻ കവിതകൾ വായിക്കുക, ഒരു പുതിയ കാഴ്ച്ചപ്പാടിൽ അവയെ മനസ്സിലാക്കാൻ ഇത് നിങ്ങളെ സഹായിക്കട്ടെ!- ആൻഡ്രു
വിദ്യാധരൻ 2020-12-05 17:03:40
സുധീർ പണിക്കവീട്ടിൽ ഈ ചതുഷ്പദികളുടെ ആദ്ധ്യാത്‌മിക അർഥം വിവരിച്ചില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ ഇരുപത്തിയൊന്നാം ചതുഷ്പതി വായിച്ചിട്ട്, മദ്യപാനികൾ ഏതെങ്കിലും സ്ത്രീകളോടൊപ്പം രതിക്രീഡാ വിലാസങ്ങളിൽ ഏർപ്പെടുകയും അതിനെ വ്യഭിചാരശാലകളിലും മദ്ധ്യശാലകളിലും വാഴ്ത്തി സ്തുക്കുമായിരുന്നു. ആശാൻ പറഞ്ഞതുപോലെ 'മദവിവശനജസ്രം മദ്യഭേദത്തെ വാഴ്ത്തും, മദനഹതവിവേകർ മൂര്ഖയാം വേശ്യയേയും ". അങ്ങനെയാണ് പലപ്പോഴും ഞാൻ ഇരുപത്തി ഒന്നാം ചതുഷ്പദിയെ കുറിച്ച് കേട്ടിട്ടുള്ളത്. നൈനാൻ മാത്തുള്ളയെപ്പോലെ നിഗൂഡമായ ഒരു കാവ്യ പ്രമേയത്തെ വ്യഖ്യാനിക്കേണ്ട ദുരവസ്ഥ സുധീർ പണിക്കവീട്ടിലിനും വന്നു ചേർന്നിരിക്കുന്നു. നൈനാൻ മാത്തുള്ളയുടെ വെളിപാട് വ്യാഖാനം ചിലർക്ക് ഭ്രാന്തായി തോന്നുമെങ്കിൽ മറ്റു ചിലർക്ക് വീണ്ടും വരാൻ പോകുന്ന സ്വർഗ്ഗത്തെ കുറിച്ചും അവൻ സ്ഥാപിക്കാൻ പോകുന്ന സ്വർഗ്ഗത്തെ കുറിച്ചുമുള്ള വെളിപാടാണ് . അതുപോലെ, പണിക്കവീട്ടിലിന്റെ ഇരുപത്തി ഒന്നാം ചഷകം, പലർക്കും 'തിന്നു കുടിച്ചു ആനന്ദിച്ചു മരിക്കുക' എന്നതാണ്. ഇങ്ങനെയുള്ള അവസരത്തിൽ, പരിഭാഷകൾ അതിന്റെ ആന്തരിക സത്യം വെളിപ്പെടുത്താതെ, വായനക്കാരുടെ വിശകലനത്തിന് വിട്ടുകൊടുക്കുകയായിരുന്നു നല്ലത്. ഞാനടക്കം വായനക്കാരുടെ വിശകലന ബുദ്ധിയെ ഉണർത്താൻ അത് സഹായകരമായി തീരുമായിരുന്നു. ഇവിടെ അലസരുടെ വായിൽ ആഹാരം കോരി കൊടുക്കുന്നതുപോലെയുണ്ട് . ചിലപ്പോൾ ഇത്തരം ചതുഷ്പദികളുടെ അർഥം 'തിന്നു കുടിച്ചാനന്ദിക്കുക' എന്നതായിരുന്നോ എന്ന് തോന്നാറുണ്ട് .പണ്ട് കാലത്ത് രാജസദസ്സുകളിൽ, അവരെ സന്തോഷിപ്പിക്കാൻ കവികൾ കവിതകൾ എഴുതുമായിരുന്നു. ഉത്തമഗീതം അതിന് ഉദാഹരണമാണ് . അദ്ദേഹത്തിന് അനേക ഭാര്യമാർ ഉണ്ടായിരുന്നു . ശ്രീകൃഷ്ണന് അനേകം ഭാര്യമാർ ഉണ്ടായിരുന്നതുപോലെ . വയലാറിന്റ മനുഷ്യനിലേക്ക് എന്ന കവിത ഞാൻ ഇവിടെ പറയാൻ ശ്രമിക്കുന്ന ആശയത്തെ വ്യക്തമായി ചിത്രീകരിക്കുന്നു. " രാജമരാളികൾപോലെ കലാകാരന്മാർ മുന്നം മൂവന്തികളിൽ രാജാങ്കണമലർവാടികൾതോറും പൂന്തേനുണ്ട് നടന്നൊരു നാളിൽ രാജസ്തുതികളുമവരുടെ ദേവ പുരോഹിത കീർത്തനമാലയുമായി ഭോജനശാലക്കവിതകൾകൊണ്ടു നിറഞ്ഞു കലയുടെ ഭണ്ഡാകാരം " (മനുഷ്യനിലേക്ക് ) . ഇതുപോലെ തന്നെ ശ്രദ്ധേയമാണ് വെണ്മണിയുടെ ചില ശൃംഗാര ശ്ലോകങ്ങളും . 'ആറാടും പുഴതന്നിലായതമുദാ പുരാവലോകത്തിനാ - യാറാടും കുതുകേന ചെന്ന സമയത്താരദനംഗാജ്ഞയ കാറോടും കളവേണി! കൗതകമെഴും നിന്മേനി കണ്ടന്നു തൊ - ട്ടാറാടുന്നു പയോജബാണവിശിഖാം ഭോധൗ വിശാലേക്ഷണേ " (വെണ്മണി കവിതകളിൽ നിന്ന് " മറ്റൊന്ന് കൂടി നോക്കാം "നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം. നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂകൂ ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു. നിന്റെ ശിരസ്സു കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു. പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര! നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു! ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു. അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു." (ഉത്തമഗീതം 7 ന്റെ 4 തുടങ്ങി പത്തുവരെ. മേല്പറഞ്ഞതൊക്കെ വായിക്കുമ്പോൾ അതൊക്കെ ആദ്ധ്യത്മിക ചിന്തകളെ ഉണർത്തുമോ അതോ കാമവികാരത്തെ ഉണർത്തുമോ എന്ന് ഒരു രഹസ്യ ക്യാമറ വച്ച് കണ്ടുപിടിക്കേണ്ടതാണ് . ഇതെല്ലം വായിച്ചു മദ്യപിച്ചു ഉന്മത്തമാകുന്നതിന്റെ ഫലമാണ്, സന്യസിമാരും പുരോഹിതന്മാരും വ്യഭിചാരങ്ങളിൽ പിടിക്കപ്പെടുന്നതും ഫ്രാങ്കോയെപ്പോലുള്ള ബിഷപ്പുന്മാർ കന്യസ്ത്രീകളുടെ ഹോസ്റ്റലുകളിൽ കയറി കന്യസ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതും . ഇത്രയും നിങ്ങളുടെ 'തുളുമ്പുന്ന പാനപാത്രം' വായിച്ചെഴുതിയെങ്കിലും , മനുഷ്യരാശിയെ സംസ്കരിച്ച് അവർക്ക് ഒരു പുതിയ ലോകവും പുതിയ ആകാശവും കാണിച്ചു കൊടുക്കാനുള്ള ശ്രമത്തെ അഭിനന്ദിക്കുന്നു . -വിദ്യാധരൻ
ഒമർ ഘയ്യാംമിൻറ്റെ മിസ്റ്റിസിസം: 2020-12-05 18:51:16
ഒമർ ഘയ്യാംമിൻറ്റെ മിസ്റ്റിസിസം: ഒമർ ഘയ്യാം ഒരു ഏക ദൈവ വിശ്വസിയാണ് എന്ന് കരുതാം, എല്ലാ മതങ്ങളും പരമോന്നത സത്യമായ ദൈവത്തെ തേടുന്നു എന്ന് കവിതകളിൽ കാണാം. ഏക ദൈവ വിശ്വസികൾ സൂഫികൾ ആണെങ്കിൽ അവർ പൊതുവെ ഇസ്ലാമിൽ വിശ്വസിക്കുന്നു; ഇസ്ലാം നിയമങ്ങളും അനുസരിക്കുന്നു. അത്തരം പശ്ചാത്തലത്തിൽ ആണ് ഘയ്യാം ജീവിച്ചിരുന്നത്. എന്നാൽ മത നിയമങ്ങൾക്ക് ഉപരി, അവയുടെ വാക്കുകൾക്ക് ഉപരി അവയെ മനുഷ്യന് ഉപകരിക്കുന്ന രീതിയിൽ അനുസരിക്കണം എന്നതായിരുന്നു ഒമർ ഘയ്യാമിൻറ്റെ വീക്ഷണം. ശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ; എന്നിവയിലൂടെയുള്ള അറിവ് കവിതകളിൽ കാണാം. അൽജിബ്രയിലെ -ബൈനോമിയൽ തിയറി -ദ്വിമാന സിദ്ധാന്തം, ഇന്നത്തെ ജോർജിയൻ കലണ്ടർ നിലവിൽ വരുന്നതിനു 500 വർഷം മുൻപ് അദ്ദേഹം പരിഷ്‌ക്കരിച്ച പേർഷ്യൻ കലണ്ടർ; ഇവയൊക്കെ ഒമർ ഘയാമിൻറ്റെ മിസ്റ്റിസിസത്തെയും സ്വാധീനിച്ചു എന്ന് കാണാം. അദ്ദേഹത്തിൻെറ ലാളിത്യ ജീവിതരീതി വളരെ മഹനീയമാണ്. ജോസഫ് ക്യാമ്പ്ബെൽ; ദൈവത്തിന്റെ മുഖംമൂടികൾ -ദ മാസ്ക് ഓഫ് ഗോഡ് - എഴുതിയത് ഒമർ ഘയ്യാമിൻ കവിതകളിൽ നിന്നും പ്രചോദനം ലഭിച്ചത് നിമിത്തമാണ്. നമ്മൾ ജീവിക്കുന്ന ഓരോ നിമിഷങ്ങളും അതിൻറ്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. തൻ നിമിത്തം അദ്ദേഹത്തെ ഒരു ഹെഡോണിസ്റ്റ് എന്ന് തെറ്റിദ്ധരിക്കുന്നു. പല മതങ്ങളുടെയും ആന്തരിക മൂല്യം ഒന്നാണ് എന്ന് അദ്ദേഹം കരുതി. അധികം ധനം കൂട്ടിവെക്കാതെ ദാരിദ്ര്യം ഇല്ലാത്ത; അവക്ക് രണ്ടിനുമിടയിൽ ഉള്ള; ബുദ്ധിസവും Lao Tzuവും അനുശാസിക്കുന്ന ഒരു മധ്യ വഴി ആണ് ഒമർ ഘയ്യാം സ്വീകരിച്ചത്. നൻമ്മകൾ നിറഞ്ഞ മനുഷ്യരിൽ ദൈവരാജ്യം വളരുന്നു, അവർ ദൈവുമായി നിരന്തരം ബന്ധപ്പെടുന്നു, എന്ന് എല്ലാ കാലഘട്ടങ്ങളിലും ജീവിച്ചിരുന്ന മിസ്റ്റിക്കുകളെപ്പോലെ ഒമർ ഘയ്യാമും കരുതുന്നു. എന്നാൽ നൻമ്മ നിറഞ്ഞ ജീവിതമാണോ അതോ ദൈവീക കരുണ നിമിത്തമാണോ ഒരുവൻ സ്വർഗത്തിൽ പ്രവേശിക്കുന്നത്; സർവശക്തനായ ദൈവത്തിന് എന്തുകൊണ്ട് തിൻമ്മയെ ഇല്ലാതാക്കാൻ കഴിയുന്നില്ല എന്ന സാധാരണ മനുഷരുടെ കോമൺസെൻസ് ചോദ്യം; ഒരു മിസ്റ്റിക്കുകൾക്കും മറുപടി ഇല്ലാതെ ഇപ്പോഴും അവശേഷിക്കുന്നു. അരയിൽ സ്ഫോടക വസ്തുക്കൾ ചുറ്റിക്കെട്ടി പൊട്ടിത്തെറിക്കുന്നവൻ സ്വർഗത്തിൽ എത്തുമ്പോൾ ഹൂറിമാരെ ഒക്കെ എന്തുചെയ്യും?. എല്ലാ മതത്തിനും അതീതമായ ഒരു ദൈവീക ബന്ധം നിമിത്തം, എല്ലാ മനുഷരെയും ഒരുപോലെ കാണുവാൻ കഴിയുന്ന മനോഭാവം ആണ് ഏറ്റവും വലിയ മതം. ഘയാമിൻറ്റെ കവിതയിൽ കാണുന്ന വൈൻ ആനന്ദതിൻറ്റെ പ്രതീകം ആണ്.[ ഭൂമിയിൽ ജീവിക്കുമ്പോൾ വീഞ്ഞ് കുടിക്കുന്നത് ഇസ്ലാം വിലക്കുന്നു] വീണ്ടെടുപ്പിനുള്ള ഒരു മുൻവ്യവസ്ഥയായി പാപം ചെയ്യണം എന്ന് റഷ്യൻ മിസ്റ്റിക് റാസ്‌പുട്ടിൻ പറയുന്നതിനോട് ഘയ്യാമും യോജിക്കുന്നു. [ # 46 ......He that sins not can make no claim to mercy, Mercy was made for sinners – be not sad]. മനുഷ ജീവിതം മുൻകൂട്ടി നിശ്ചയിച്ചത് അനുസരിച്ചുള്ളതാണ് എന്നുള്ള ഇസ്ലാമിക വിശ്വസം ഘയ്യാമിൻ കവിതകളിൽ കാണാം, ജോൺ കാൽവിൻറ്റെ പ്രോട്ടസ്റ്റെന്റ്റ് വിശ്വസവും ഇതുപോലെത്തന്നെ. ദൈവം കുശവനും, മനുഷർ കളിമണ്ണും ആണെന്ന ആശയം കവിതയിൽ കാണാം. മരണത്തോടുകൂടി എല്ലാം അവസാനിക്കുന്നു എന്നുള്ള ആശയം കവിതയിൽ ഉള്ളതിനാൽ അദ്ദേഹം മതവിരുദ്ധൻ എന്ന് ചിലർ കരുതി, സോറോസ്റ്റർ മതത്തിലും ക്രിസ്തിയാനിയിലും ഉള്ള സ്നേഹത്തെ ഒമർ പുകഴ്ത്തുന്നു. എല്ലാം ദൈവം ആണ്, ദൈവം ഇല്ലാതെ ഒന്നിനും നിലനിൽക്കാൻ സാധിക്കില്ല, സ്ഥല കാലങ്ങൾക്ക് അതീതനായ ദൈവം പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്നു എന്ന പാനന്തീസം ആണ് സൂഫിസം. ഇന്ദ്രിയങ്ങളുടെ വാതിൽ തുറന്ന് വെടിപ്പാക്കിയാൽ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവത്തെ കാണുവാൻ സാധിക്കും എന്ന് വില്യം ബ്ലേക്ക് പറയുന്നു, അതും സൂഫിസം തന്നെ. സുധീർ സാറിൻറ്റെ പരിഭാഷ കൂടുതൽ മനസ്സിൽ ആക്കാൻ വേണ്ടി നടത്തിയ ഇ എളിയ ശ്രമം നിങ്ങൾക്കും പ്രയോചനമാകട്ടെ എന്ന ആഗ്രഹിക്കുന്നു. ഒമർ ഘയ്യാംമിനെ അദ്ദേഹംതന്നെ പരിചയപ്പെടുത്തുന്നു: #334 Am I a wine-bibber? What if I am? Zoroastrian or infidel? Suppose I am? Each sect miscalls me, but I heed them not, I am my own, and what I am, I am. - andrew
ജോസഫ് എബ്രഹാം 2020-12-06 11:42:51
ഇതിലെല്ലാം തന്നെ ബൈബിൾ പഴയ നിയമത്തിന്റെ സ്വാധീനം കാണാം സഭാപ്രസംഗി. ജ്ഞാനം സുഭാഷിതങ്ങൾ ജെറമിയ എന്നിവിടങ്ങളിൽ ഈ മൊഴിമുത്തുകൾ ചിതറികിടപ്പുണ്ട് . ആധുനിക കാലം എത്തിയപ്പോൾ മതത്തിന്റെ സ്വന്തം നാട്ടിൽ ഒമർ ഖയാം മാറ്റിനിർത്തപ്പെടുകയും ഖയാമിനെ അപേക്ഷിച്ചു പ്രതിഭ കുറഞ്ഞ ആളായ ജലാലുദ്ധീൻ റൂമി ഇപ്പോൾ കൊണ്ടടടപ്പെടുകയും ചെയ്യുന്നു. മാറ്റി നിർത്തപ്പെടാൻ മുഖ്യകാരണം ഒമർ ഖയാമിന്റെ മതം തന്നെയാണ്
Ninan Mathulla 2020-12-06 14:05:36
Appreciate the work of Sudhir Sir and valuable comments by andrew, Vidhyadharan, and Raju Thomas here. I expected this type of erudite, learned comments from readers under my article. Instead I saw mostly the opposite type of comments with no relation to the subject. Such comments are from ignorance, and are like asking who Sita of Rama after listening to the whole Ramayana story. I am not a poet although, I have written poems and every now and then I read and appreciate poems. I live in the world of down to earth reality of ordinary people; their toils and concerns, and related to fairness and justice. These poets’ works also break the boundaries of race, color and religion, and are applicable to all and are called classics. Although they are product of the culture they lived and bound by the culture and time they lived, their writings are understood by different cultures in different time periods differently and it makes sense to all of them. The Old Testament and Vedas were in use thousands of years before Christ but for those who read it today resonate with them. Same is the case with Book of Revelation in Bible. For people who lived during Roman persecution it made sense and found comfort in it. Present day readers also find comfort in it as it has a future fulfillment also. My commentary is about its’ future fulfillment. That is the beauty of Bible and Vedas as both from God through prophets of God, although corruption by rituals and misinterpretation crept in to both. In the above sense true poets and writers are prophets of God, and their writings enjoyed all times by spiritual people.
മൊഹമ്മദ് നാരായണൻമത്തായി 2020-12-06 14:15:14
എന്ത് പറഞ്ഞാലും അത് ബൈബിളിലുണ്ട് . ആരാണിത് ? മാറ്റിരവതാരമോ?
Sudhir Panikkaveetil 2020-12-06 14:20:39
അഭിപ്രായങ്ങൾ എഴുതിയ എല്ലാവര്ക്കും നന്ദി. ശ്രീ രാജു സാറിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം. ചതുഷ്പദികളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ട്. ഫിറ്റ്സ്ജെറാൾഡ് തന്നെ പുതിയ പതിപ്പുകളിൽ എണ്ണം കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് ഞാൻ തർജ്ജമക്ക് എടുത്ത പതിപ്പിലെ എണ്ണമായിരിക്കയില്ല നിങ്ങൾ നോക്കുന്ന പുസ്തകത്തിൽ. ഞാൻ തർജമ ചെയ്യുന്ന പുസ്തകത്തിൽ 100 ചതുഷ്പദികൾ ഉണ്ട്. വിദ്യാധരൻ മാഷിന്റെയും ആൻഡ്രുസ് സാറിന്റെയും അഭിപ്രായങ്ങൾക്കും നന്ദി. എന്റെ വ്യാഖാനങ്ങൾ എന്റെ അറിവിന്റെ പരിമിതിയിൽ പെടുന്നതാണല്ലോ അതുകൊണ്ട് വായനക്കാരുടെ അറിവനുസരിച്ച് അവർക്ക് മനസ്സിലാക്കാം. ഒമർ ഖയാം എഴുതിയത് ഞാൻ പരിഭാഷ ചെയ്യുന്നു എന്ന് വ്യക്തമായി പറഞ്ഞിട്ടിട്ടുണ്ട് . എഴുത്തുകാർ പലരും അവർ ആശ്രയിക്കുന്ന ഉറവിടങ്ങൾ (source) കാണിക്കാതെ അതെല്ലാം അവരുടെ സ്വന്തമായി എഴുതുന്നത് ശരിയാണോ എന്നറിയില്ല. വായിക്കാത്തവർ അറിയുന്നില്ല. അറിയുന്നവർ മിണ്ടുന്നില്ല. ശ്രീ ജോസഫ് എബ്രഹാമിനും നന്ദി. റുബാഇയ്യാത് ഇറങ്ങിയപ്പോൾ താങ്കൾ കണ്ടെത്തിയപോലെ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എല്ലാവര്ക്കും ഒരിക്കൽ കൂടി നന്ദി.
Velayudhn P Nair 2020-12-06 19:17:37
എന്ത് പറഞ്ഞാലും അതെല്ലാം എൻ്റെ മതത്തിൻറ്റെ കിതാബിൽ ഉണ്ട് എന്ന് വിശ്വസിക്കുകയും അതുതന്നെ വിളിച്ചു കൂവുകയും ചെയ്യുന്നവരെക്കൊണ്ട് ഇ ഭൂമിക്കും സമൂഹത്തിനും യാതൊരു പ്രയോചനവും ഇല്ല. അത്തരം മണ്ണുണ്ണികൾ ഭൂമിക്ക് ഭാരവും സമൂഹത്തിനു ശല്ല്യവും ആണ്.
Ammini Baburaj 2020-12-07 00:34:42
താങ്കൾ ബുദ്ദിമാൻ, ഗ്രാമറ്റിഷൻ, വൊക്കാബുലറി എക്സ്പെർട് ഒക്കെ ശരി തന്നെ ! പക്ഷെ ആടിനേക്കാൾ വലിയ പിടുക്ക് പോലെ വേണോ? ഗ്രാമർ+ സ്പെല്ലിങ് ഒക്കെ കറക്റ്റ് ചെയ്യുന്ന എട്ടാംക്ലാസ് ടീച്ചർ അല്ലല്ലോ . റൂബിയാത്തു തർജ്ജിമ ചെയ്യുക എന്നത് അത്ര എളുപ്പം അല്ലല്ലോ.
നസീർഹന്ന 2023-06-03 04:39:55
ഹൃദ്യം മനോഹരം 👍👍👍👌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക