കരച്ചിലുകൾ
പലവിധമാണ്
മഴയും
വെയിലും
ഒരുമിച്ചത്
പോലെയൊന്ന്.
ചുണ്ടുകൾ
ചെറുതായി
വിറകൊള്ളും.
കണ്ണുകളിലെ
തെളിച്ചമുള്ള
പുഞ്ചിരിയുടെ
അരികുചേർന്ന്
മെല്ലെയാണ്
നനവ് പടരുക.
മുഖത്തൊരു
മഴവില്ല് തെളിയും
ചുറ്റിലും
പൂമ്പാറ്റപ്പറക്കങ്ങൾ!
വേണ്ടപ്പെട്ടൊരാൾ
തകർന്ന്
നിൽക്കുമ്പോഴാണ്
അടുത്തത്.
വേറൊന്നും
ചെയ്യാനില്ല.
മെല്ലെ,
ഇറുകെ
ചേർത്തുപിടിച്ച്,
സങ്കടക്കാലം
നടന്നു തീർക്കുക.
നെഞ്ചിൻകൂട്ടിലെ
കനമുരുകി തീരും വരെ
ഒരുമിച്ചു കരയുക!
ഇനിയുള്ളത്
ഒരു കൊടുങ്കാറ്റ്
കെട്ടഴിച്ചു
വിട്ടതു പോലെ.
കാടുലച്ച്
മല കിടുക്കി
കടപുഴക്കി
വരുന്നതു പോലെ.
ആരും
ഒന്നുമറിയില്ല.
കണ്ണിലൊരു
തുള്ളി പൊടിയില്ല!
എങ്ങനെയോ
കാലുറപ്പിച്ചു
നിൽക്കയാണ്!
അപ്പോഴാരെങ്കിലും
ഒന്ന് തൊട്ടാലോ
പിന്നെ നമ്മളില്ല!
വീണടിഞ്ഞു പോകും
ഒരു മണൽക്കാട്
മെല്ലെ കത്തിയമർന്ന്
തീരുന്ന പോലെ...!