എത്ര മഹത്തര സംഗീതം!
പ്രപഞ്ച സങ്കീര്‍ത്തനങ്ങളില്‍;
പ്രതിധ്വനിക്കുന്നാദിമുതല്‍,
പ്രകാശത്തിലുമിരുട്ടിലും;
സ്രഷ്ടാവിന്‍ സ്വരതന്ത്രികളില്‍,
സൃഷ്ടിസ്ഥിതിലയമന്ത്രങ്ങള്‍,
സര്‍വചരാചരമെപ്പോഴും,
സമൂഹഗാനാര്‍ച്ചനയെന്നോ?
ഋതുവാദ്യങ്ങള്‍ പലമട്ടില്‍,
ശ്രുതി, താളങ്ങളുതിര്‍ക്കുമ്പോള്‍,
പെരുമ്പറകൊട്ടിപ്പെട്ടെന്ന് !
കാറ്റായിടിയായ്, മഴയായി;
തപ്പും, കുഴലും, കിന്നരവും,
ഒപ്പമകമ്പടി മേളങ്ങള്‍;
ഒറ്റക്കമ്പി വിപഞ്ചികളില്‍,
ഉത്തമരാഗതരംഗങ്ങള്‍,
രസഭാവങ്ങള്‍ക്കൊത്തവിധം-
വിചിത്രതരമാമീണങ്ങള്‍;
കണ്ണീര്‍പ്പാട്ടുകള്‍ പല്ലവികള്‍,
പൊട്ടിച്ചിരികളിടെയ്ക്കിടെ;
കൊട്ടിക്കയറിയിറങ്ങുന്നു,
നിശ്ചിതവേള നിലയ്ക്കുന്നു,
പ്രകൃതിയരങ്ങത്തെമ്പാടും,
അമ്പേ, വിസ്മയപ്രതിഭാസം.
അനശ്വരനായ ഗായകന്‍,
അദൃശ്യവേദിയില്‍പ്പാടുന്നു,
പഞ്ചഭൂതപ്പെരുമകളെ,
ദിക്കുകളാവര്‍ത്തിക്കുകയോ?
ശബ്ദക്കടലില്‍ തിരതല്ലി-
നിരന്തരം പ്രക്ഷേപിതമാം-
സ്വരങ്ങളേഴ,ല്ലെന്നൂറോ?
എണ്ണമെടുക്കാന്‍ നരനാര്?