വിദേശ ഇന്റര്‍വ്യു (കഥ: കാരൂര്‍ സോമന്‍)

Published on 07 December, 2020
വിദേശ ഇന്റര്‍വ്യു (കഥ: കാരൂര്‍ സോമന്‍)
മധുരമായി പുഞ്ചിരിച്ചു നില്‍ക്കുന്ന സെന്‍ട്രല്‍ ലണ്ടന്‍. ഇളം തണുപ്പുണ്ട്. ഡോ.ബെന്നി മൂകനായി റോം ഫോര്‍ഡിലേക്കുള്ള ബസ് കാത്തു നിന്നു. തലക്ക് മുകളിലൂടെ പ്രാവുകള്‍ പറന്നകന്നു. കണ്ണുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കവേ അതിമനോഹരമായ ചുവപ്പ് നിറമുള്ള ഇരുനില വാഹനമെത്തി. അതില്‍ കയറി. മനസിന്റെ ഉള്ളറകളില്‍ ഇടം പിടിച്ചത് ഇവിടുത്തെ ഇന്റര്‍വ്യൂ ആണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് എടുത്ത തന്റെ സര്‍ട്ടിഫിക്കറ്റകള്‍ക്ക് നേരെ ഇവര്‍ കണ്ണടക്കുന്നു. ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റിന് വലിയ വിലയില്ലെന്ന് മനസ്സിലായി. ലോകം വെട്ടിപ്പിടിച്ച് സമ്പത്തുണ്ടാക്കിയതുപോലെ വിദ്യ രംഗത്തും ഇവര്‍ സമ്പന്നരാണ്. ഇന്ത്യയില്‍ കൈക്കൂലി അല്ലെങ്കില്‍ സ്വജനപക്ഷവാദത്തിലെങ്കിലും ഒരു തൊഴില്‍ ഒപ്പിച്ചെടുക്കാം. കഴിഞ്ഞ ഇന്റര്‍വ്യൂകളില്‍ കണ്ടത് അയോഗ്യര്‍ യോഗ്യതയുള്ളവര്‍ക്ക് വഴിമാറി കൊടുക്കുന്നതാണ്. മനോര്‍ പാര്‍ക്കിലിറങ്ങി ഈസ്റ്റാമിലെ വീട്ടിലേക്ക് നടന്നു.
    
നാട്ടില്‍ നിന്ന് വന്നിട്ട് ഏഴു മാസമായി ഇതിനിട നാലഞ്ച് ഇന്റര്‍വ്യൂകള്‍ കഴിഞ്ഞു. സംഘര്‍ഷം നിറഞ്ഞ മനസില്‍ ആകെയുള്ള ആശ്വാസം ഭാര്യയുടെ സാന്ത്വനമരുളുന്ന വാക്കുകളും ആ മാറില്‍ തല ചായ്ച്ചുറങ്ങുന്ന നിമിഷങ്ങളും മാത്രം. ഇന്റര്‍വ്യൂ പലപ്പോഴും പ്രഹസനമാണെന്നു തോന്നാറുണ്ട്. എങ്കിലും ഉദ്യോഗാര്‍ത്ഥിയോട് കാട്ടുന്ന ആദരവും സ്‌നേഹം തുളുമ്പുന്ന വാക്കുകളും കാപ്പിസല്‍ക്കരവും ആരിലും ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇന്റര്‍വ്യു കഴിഞ്ഞ് ജോലി കിട്ടുമെന്ന് പ്രതീക്ഷ ഉള്ളില്‍ മുളച്ചുവരുമ്പോള്‍ ഒരു കത്ത് ലഭിക്കു. ആവേശത്തോടെ തുറക്കും അനുകമ്പ നിറഞ്ഞ ഏതാനം വാക്കുകള്‍.
    
സ്വന്തം നാട്ടിലായിരുന്നെങ്കില്‍ കാശും കള്ളുകൊടുത്ത് ഭ്രാന്തന്‍ ആള്‍ക്കുട്ടത്തെയും സംഘടിപ്പിച്ച് മുദ്രാവാക്യമുയര്‍ത്താമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അതുമല്ലെങ്കില്‍ കൈക്കൂലിയുടെ വളഞ്ഞവഴികള്‍. ഇവിടെ ഇതൊന്നും വിലപ്പോവില്ല. വളഞ്ഞവഴികളില്‍ പോകുന്നവരെ നേരായ വഴിയിലാക്കാന്‍ ഇവിടെ ഇരുമ്പുവലകളുണ്ട്. മനസാകെ കലുഷിതമാകുന്നു. ജീവിതത്തില്‍ നെയ്‌തെടുത്ത മോഹങ്ങള്‍ അപ്പാടെ വിസ്മൃതിയിലാവുകയാണ്.
    
കഷ്ടപ്പാടിനും വേദനകള്‍ക്കുമിടയിലും മോഹങ്ങള്‍ ഒരിക്കലും അറുതിയുണ്ടായിട്ടില്ല. പഠനത്തില്‍ മുന്‍പന്തിയിലായിരുന്നെങ്കിലും ഒരു കര്‍ഷകകുടുംബത്തിന്റെ പരിവട്ടങ്ങള്‍ എന്നും കൂടെയുണ്ടായിരുന്നു. മെഡിസിന് പഠിക്കുകയെന്നത് അതിമോഹമായി പലര്‍ക്കും തോന്നുകയും ചെയ്തു. ലണ്ടനില്‍ നിന്ന് ഉയര്‍ന്ന ബിരുദങ്ങള്‍ നേടണമെന്ന മോഹത്തിന് വഴിതുറന്നത് ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ബീനയുടെ മാതാപിതാക്കള്‍ നല്‍കിയ പരസ്യത്തിലൂടെയായിരുന്നു. ആര്‍ഭാടങ്ങളൊന്നുമില്ലാതെ വിവാഹം.
    
അത്ഭുതങ്ങളുടെ ലോകത്ത് എത്തിയതുപോലെയായിരുന്നു. ഇവിടെ ലണ്ടനിലെ കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയിലും ഒരു ജോലി സംഘടിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തയത്രയും. ആശുപത്രികളില്‍ തൊഴില്‍ സാധ്യതകള്‍ നന്നേ കുറവെന്ന് മനസിലായി. പലരും വന്‍തുകകള്‍ മുടക്കിയാണ് പഠിക്കാനായി എത്തുന്നത്. നിത്യച്ചെലവിനായി കടകളിലും ഫാക്ടറികളിലും ജോലിക്കാരാകാന്‍ ഡോക്ടര്‍മാര്‍പോലും തയാറാവുന്നത് ശരിക്കും അതിശയിപ്പിക്കുകതന്നെ ചെയ്തു. സമ്പന്ന രാജ്യത്ത് ദരിദ്രനായി അനാഥത്വത്തിന്റെ അത്യന്നതങ്ങളില്‍ എത്തിനില്‍ക്കുന്നവന്‍.
    
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉപയോഗപ്പെടുത്തി മറ്റ് ഏതെങ്കിലും ജോലി തരപ്പെടുത്താനാവുമോ എന്ന് ബെന്നി ശ്രമിച്ചു. കമ്പ്യൂട്ടര്‍ പരീക്ഷ പാസാകുമെങ്കിലും തുടര്‍ന്നുള്ള ചോദ്യങ്ങള്‍ ശരിക്കും കുഴയ്ക്കുകതന്നെ ചെയ്തു.
    
ലണ്ടനില്‍ എത്രവര്‍ഷമായി ജോലി ചെയ്യുന്നു? എന്തൊക്കെ ജോലികളാണ് അറിയാവുന്നത്? ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അഞ്ചുവര്‍ഷത്തെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമോ? ഈ രാജ്യത്ത് പഠിച്ച രേഖകള്‍ വല്ലതുമുണ്ടൊ? ക്രിമിനല്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കുന്ന പോലീസ് രേഖകള്‍ കൈയിലുണ്ടോ? ചോദ്യങ്ങളെല്ലാം തന്നെ ഒഴിവാക്കാനെന്നുതന്നെ തോന്നി ബെന്നിക്ക്.
    
വെളുത്തവരും പണ്ടെങ്ങോ കുടിയേറിയ കറുത്തവരും കൂടി സ്ഥാനമാനങ്ങളെല്ലാം അവരുടെ ജനതയ്ക്കായി വീതിച്ചെടുക്കുന്നു. അവരുടെ മദ്ധ്യത്തിലേയ്ക്ക് എത്തിപ്പെടുന്നവര്‍ ശത്രുവിനെപ്പോലെയാണ്. അവര്‍ പിടികൂടി ചോദ്യംചെയ്ത് തല്ലിയോടിക്കും. മറ്റ് രാജ്യക്കാരുടെ മുന്നില്‍ മാന്യന്മാരാകാന്‍ തൊഴില്‍ ഒഴിവുണ്ടെന്ന പരസ്യം ചെയ്യു. തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യക്കാരനുമെത്തും. അവര്‍ക്കറിയാവുന്ന ഭാഷയായ ഇംഗ്ലീഷിനെക്കാള്‍ നാലും അഞ്ചും ഭാഷകള്‍ അറിയാവുന്നവരാണ് ഇന്‍ര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരില്‍ പലരും. ലോകത്തെ സേവിക്കാനെന്ന പേരില്‍ വിദേശികളെ പലവിധ പേരില്‍ ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞ നിരക്കില്‍ ജോലി ചെയ്യിക്കാനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
    
നിറക്കൂട്ടുള്ള തടവറകളാണിവിടെ. പാറാവുകാരനാവട്ടെ വെള്ളക്കാരന്‍ കുതിരപ്പുറത്തിരിക്കുന്ന യജമാനന്‍. അവരുടെ ഭാണ്ഡം ചുമക്കാന്‍ തന്നെപ്പോലെയുള്ള കഴുതകള്‍ ആര്‍ക്കും പരാതികളില്ല. അനുസരണ മാത്രം. അഭയംതേടി വന്നവനെ ആട്ടിയോടിക്കുന്ന അടിമയാക്കുന്ന നിയമങ്ങള്‍.
    
ബസ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണ് ബെന്നി ചിന്തയില്‍നിന്ന് ഉണര്‍ന്നത്. ഇവിടെ ജനിച്ചുവളര്‍ന്നവരാണെന്ന് തോന്നുന്ന രണ്ട് ഇന്ത്യക്കാരാണ് അടുത്ത സീറ്റിലിരുന്നത്. ഇന്ത്യയില്‍ നിന്നെത്തിയ ഹിന്ദിനടിയോട് കാട്ടിയ വര്‍ണ്ണവിവേചനത്തെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. ഒരു വിധത്തില്‍ താനും അതിന് ഇരയല്ലേ?
    
വീട്ടിലെത്തുമ്പോള്‍ എങ്ങും ഇരുട്ട് പരന്നിരുന്നു. ഡോര്‍ബെല്‍ അടിച്ചപ്പോള്‍ ബീന ഓടിയെത്തി. ആകാംക്ഷയോടെ കതകു തുറന്നു അവളുടെ പുഞ്ചിരിക്കുന്ന മുഖം ഉള്ളൊന്നു തണുപ്പിച്ചു. ഇവിടെ ജനിച്ചുവളര്‍ന്നെങ്കിലും ബീനയുടെ മലയാളത്തനിമയും സ്‌നേഹവും ബെന്നിയെ കൂടുതലായി അവളിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. അവള്‍ പരിഭവത്തോടെ ചോദിച്ചു.

""എന്താ ഡിയര്‍ ഇത്ര ലേറ്റായത്''
""മൂന്നുമണിക്കല്ലായിരുന്നോ ഇന്റര്‍വ്യൂ, ഇവിടെ നാലുമണിക്കേ ഇരുട്ടു വരുന്നത് എന്റെ കുറ്റമാണോ?''
""ഒരിക്കലുമല്ല, അത് ഇരുട്ട് ഉണ്ടാക്കിയ ആളിന്റെ കുറ്റമാ. കുടിക്കാന്‍ എന്താ വേണ്ടത് ? ഇന്നത്തെ ഇന്റര്‍വ്യു എങ്ങനെയുണ്ടായിരുന്നു. ഹൗ യൂ ഫീല്‍ ഇറ്റ്?''
"" ആസ് യൂഷ്വാല്‍ കുടിക്കാന്‍ കാപ്പിയും നല്ല ബിസ്കറ്റും കിട്ടി.''
"" ഓ, ദാറ്റ്‌സ് ഗുഡ്''
ബെന്നിയുടെ മുഖത്ത് നിരാശ നിറഞ്ഞിരുന്നു. അവളുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് ബെന്നി ഉറ്റുനോക്കിയിട്ട് ചോദിച്ചു.
""ബീന, ഞാനൊരു ജോലിക്ക് വലയുന്നത് കാണുമ്പോള്‍ നിനക്ക് വിഷമമില്ലേ''
""നോട്ട് അറ്റ് ഓള്‍. ഞാനും ധാരാളം ഇന്റര്‍വ്യുവിന് പോയിട്ടുണ്ട്. ഈ പേരില്‍ കുറെ സ്ഥലമെങ്കിലും കാണാമല്ലോ?''
""യെസ്, വെരി നയിസ് ട്രിപ്പ്. എന്റെ ബോറിംഗ് നിനക്കറിയില്ലല്ലോ?''
""മൈ ഡിയര്‍, ഡോണ്‍ട് ബീ അപ്‌സെറ്റ്. ബോറിംഗ് മാറാന്‍ ഞാനില്ലേ. ആദ്യം ഈ തുണിയെല്ലാം മാറിയിട്ട് ഒന്നു കുളിക്ക്. ഞാന്‍ കഴിക്കാനുണ്ടാക്കാം. ഓകെ''
    
ബെന്നി അനുസരണയുള്ള കുട്ടിയെപ്പോലെ മുകളിലേയ്ക്ക് പോയി. അവള്‍ ഒരു നിമിഷം നോക്കിനിന്നു. ആ മനസ് അസ്വസ്ഥമാണെന്ന് അവള്‍ക്ക് അറിയാമായിരുന്നു. ഒരിക്കല്‍ പറഞ്ഞതാണ് ഈ ഉദ്യോഗമൊക്കെ ഒരു കുട്ടിയുണ്ടായിട്ട് മതിയെന്ന്. ബെന്നിക്ക് ജോലിയാണ് മോഹമെങ്കില്‍ തനിക്കൊരു അമ്മയാകാനുള്ള മോഹമാണ്. വിവാഹം കഴിഞ്ഞിട്ട് ഏഴുമാസം കഴിഞ്ഞു. ബെന്നിക്ക് അതിനെപ്പറ്റി ഒരു ചിന്തയുമില്ല. ആണുങ്ങള്‍ ഇങ്ങനെയാണോ എത്രയെത്ര മോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്.
    
കുളി കഴിഞ്ഞപ്പോള്‍ ബെന്നിക്ക് ഒരു ഉത്സാഹം തോന്നി. ജീവിതത്തെ ശക്തിയുള്ളതാക്കാന്‍ ധൈര്യവും ആത്മവിശ്വാസവുമാണ് വേണ്ടതെന്ന് ബെന്നിക്ക് തോന്നി. അപ്പോള്‍ പ്രതിബന്ധങ്ങളെല്ലാം തനിയെ ഒഴിഞ്ഞുപോകും. ഏത് ജോലിയോടും മാന്യത പുലര്‍ത്തുന്ന നാട്ടിലാണ് ജീവിക്കുന്നത്. ബെന്നി ഒരു തീരുമാനമെടുത്തു. മറ്റുള്ളവരെപ്പോലെ കിട്ടുന്ന ഏത് ജോലിയും ചെയ്യുക. ഉന്നതബിരുദങ്ങള്‍ കെട്ടിപ്പൊതിഞ്ഞുനടന്നാല്‍ വിശപ്പടക്കാനാവില്ല.
    
വിളക്കുകള്‍ അണഞ്ഞു. മനസില്‍ കുതിരയുടെ കാലൊച്ച. പ്രിയതമയെ ശരീരത്തോട് അമര്‍ത്തിപ്പുണര്‍ന്നു. മഞ്ഞണിഞ്ഞ കാറ്റില്‍ മഞ്ഞുതുള്ളികള്‍ അവര്‍ക്കൊപ്പം ഊഞ്ഞാലാടി. ഭൂമിയെ പുതപ്പിക്കാന്‍ മഞ്ഞുമലകള്‍ ഇറങ്ങിവന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക