Image

കടലാസ് പൂക്കള്‍ (കവിത: ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 09 December, 2020
കടലാസ് പൂക്കള്‍ (കവിത:  ജയശ്രീ രാജേഷ്)
ഉയരങ്ങളിലേക്ക്
തലയുയര്‍ത്തി
നില്‍ക്കുമ്പോഴും
അതിരുകളില്‍
മാത്രം ഒതുങ്ങിയിരുന്നു
അവളുടെ സ്ഥാനം

അഴകിന്റെ നിറങ്ങള്‍ 
കൊണ്ട് ഗന്ധമില്ലാത്ത
ചമയങ്ങള്‍
തീര്‍ക്കുമ്പോഴും 
അറിയാതെ പോലും 
ഒരു മനസ്സിലും
ഇടം കിട്ടാത്തവള്‍

കൂര്‍ത്തമുള്ളുകള്‍ തീര്‍ത്ത
പരുക്കന്‍ മുഖംമൂടിക്കുള്ളില്‍
ചൂടിലും വാടാതെ
വഴിതെറ്റി  വരുന്ന 
കാറ്റിനോട്
മൗനത്തില്‍ ശ്രീരാഗം
തീര്‍ത്തവള്‍ 

ഇടിഞ്ഞു പൊളിഞ്ഞു
ആളൊഴിഞ്ഞ 
തറവാട്ടില്‍ 
കരിയില മൂടിയ
മുറ്റത്തിനപ്പുറം
തെക്കേതൊടിയിലെ
ആത്മാവുകളുടെ 
ഏകാന്തതക്ക് കൂട്ടായി ...

ബന്ധങ്ങള്‍ 
അതിരുകള്‍ തീര്‍ക്കുന്ന
കരിങ്കല്‍ കൂട്ടങ്ങളില്‍
മനസ്സ് കാക്കുന്ന
കടലാസ് പൂക്കളായി 
അവളുടെ ജന്മം..

മണമില്ലാത്ത 
സ്‌നേഹത്തിന്റെ
വാടാത്ത, കൊഴിയാത്ത
അടയാളപ്പെടുത്തലായി....

കടലാസ് പൂക്കള്‍ (കവിത:  ജയശ്രീ രാജേഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക