Image

ഐ യാം നോട്ട് ഏ റോബോട്ട് (ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്)

Published on 10 December, 2020
ഐ യാം നോട്ട് ഏ റോബോട്ട് (ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്)
"നോ, യുവർ ഡോക്ടർ ഈസ് നോട്ട് സീയിങ് പേഷ്യന്സ് ഡ്യൂറിങ് ദീസ് വീക്സ്. ഈഫ് സോ അർജെന്റ് , യു ക്യാൻ ട്രൈ ഫോർ ഏ വിർച്വൽ ഡിസ്കഷൻ നെസ്റ്റ് വീക്ക് "

ഡോക്ടറെ കാണാൻ ഒരു അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ ഫോണിൽ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടി ആണിത്. കൊറോണയുടെ വരവോടെ സാങ്കേതിക  വിദ്യകൾ മനുഷ്യനെ കൂടുതൽ അവരവരുടെ വീടുകൾക്കുള്ളിലേക്കു ഒതുക്കിയിരിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ആർക്കും ആരെയും കാണേണ്ടതില്ലെന്ന സ്ഥിതിവിശേഷത്തിലേക്കു നമ്മൾ അലിഞ്ഞു ചേർന്നുകൊണ്ടിരിക്കുന്നു.

ജോലികൾ പലതും സ്വന്തം വീട്ടിലിരുന്നുകൊണ്ട് ചെയ്യുന്നത് തൊഴിൽദായകർ പ്രോത്സാഹിപ്പിക്കുന്നു. നാം ഫോൺ ചെയ്താലോ,  ചോദ്യവും മറുപടികളും നിർമ്മിതബുദ്ധിയിൽ പ്രേരിതമായ കമ്പ്യൂട്ടറിൽ നിന്നുമായിരിക്കും.
മനുഷ്യന് മനുഷ്യനോട് നേരിട്ട്‌  ഇടപെടാൻ സൗകര്യങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്നു.
ഓൺലൈനിൽ പലതിനും മറുപടി പറയുമ്പോൾ  " ഐ ആം നോട്ട് ഏ റോബോട്ട് " എന്ന് നമ്മൾ ഉറപ്പ് കൊടുക്കണം താനും. ഹാ, എന്തൊരു വിരോധാഭാസം!.

കൊച്ചുകുട്ടികൾക്ക് സ്‌കൂളിലും കോളേജിലും പോകാതെ വീട്ടിലിരുന്നു പഠിക്കാൻ ഉന്നതനിലവാരത്തിൽ എത്തിയിരിക്കുന്ന ഈ യുഗത്തിൽ, അവർക്കു നഷ്ടമാകുന്ന സ്നേഹ ബന്ധങ്ങളുടെയും, ഇടപഴകി പക്വമാകേണ്ട അവസരങ്ങളുടെയും പ്രാധാന്യം തള്ളിക്കളയാനാവില്ല.

നാം സ്ഥിരമായി കാണുകയും ഇടപെടുകയും ചെയ്തിരുന്നവരുടെ സൗഹൃദവും സ്നേഹസംസാരങ്ങളും അന്യമായിക്കൊണ്ടിരിക്കുകയാണ്. പഴയ തലമുറയിലുള്ള നമുക്ക് ഈ അകൽച്ച നിരാശാജനകമാണെന്നു മാത്രമല്ല, ഒരു പരിധി വരെ അസഹ്യവുമാണ്. 
കടകളിൽ  പോകാതെ എന്ത് സാധനങ്ങളും ഓണ്ലൈനിൽകൂടെ വീട്ടിൽ എത്തുന്നു. ചെക്ക്, ബാങ്കിൽ  കൊണ്ടുപോയി കൊടുത്ത് , ബാങ്ക്സ്റ്റാഫുമായി സൊറ പറയാനും  പോകേണ്ടതില്ലെന്നായി.

നമ്മുടെ സ്ഥിരം പച്ചക്കറി കച്ചവടക്കാരനും മീൻകാരിയും ഇന്നെവിടെ?. മാസംതോറും തലമുടി വെട്ടിയിരുന്ന ബാർബർ മുതൽ ബ്യൂട്ടീഷ്യന് വരെ പലരെയും കാണാനോ കൊച്ചുവർത്തമാനം പറയാനോ സാധിക്കുന്നില്ല, പല കാര്യങ്ങളിലും നാം സ്വയംപര്യാപ്തത നേടാൻ ശ്രമിക്കുമ്പോൾ, ഇതുവരെ നമ്മൾ ആസ്വദിച്ചിരുന്ന മാനുഷിക ബന്ധങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. 

ഒരു  സുഹൃത്ത്‌ തന്റെ പ്രായമായ പിതാവിനെയും കൊണ്ട് ബാങ്കിൽ പോയതിനോടനുബന്ധിച്ചു നടന്ന ചെറിയ സംഭാഷണം ഒന്ന് ശ്രദ്ധിച്ചാലും!.

'' അച്ഛാ, എന്തുകൊണ്ടാണ്  ഇന്റർനെറ്റ് ബാങ്കിംഗ് സജീവമാക്കാത്തത്? വെറുതെ സമയവും യാത്രയും ചെയ്യേണ്ടല്ലോ ?"

'' ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്? '' അദ്ദേഹം ചോദിച്ചു.

'' ശരി അങ്ങനെ സൗകര്യം ഉണ്ടെങ്കിൽ, ചെക്ക് ഡെപ്പോസിറ്റ്  പോലുള്ള കാര്യങ്ങൾക്കായി ബാങ്കിൽ പോയി  ഒരു മണിക്കൂർ ചെലവഴിക്കേണ്ടതില്ല.  വീട്ടു സാധനങ്ങൾ വേണ്ടപ്പോൾ ഷോപ്പിംഗ് ഓൺലൈനിൽ പോലും ചെയ്യാൻ കഴിയും. എല്ലാം വളരെ എളുപ്പമായിരിക്കും! ''

നെറ്റ് ബാങ്കിംഗ് ലോകത്തേക്ക് അദ്ദേഹത്തെ നയിക്കുന്നതിന് മകൻ  വളരെ ആവേശഭരിതനായിരുന്നു.

അദ്ദേഹം ചോദിച്ചു '' ഞാൻ അങ്ങനെ ചെയ്താൽ എനിക്ക് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങേണ്ടി വരില്ലേ?

''അതെ അതെ! പലചരക്കു  പോലും ഇപ്പോൾ വാതിൽക്കൽ എത്തിക്കാൻ കഴിയുമെന്നും,  ആമസോൺ എല്ലാം എങ്ങനെ വീട്ടിൽ എത്തിക്കുമെന്നും   മകൻ  അദ്ദേഹത്തോട് പറഞ്ഞു!

പക്ഷെ അദ്ദേഹത്തിന്റെ  ഉത്തരം മകനെ അത്ഭുത സ്തബ്ധനാക്കിക്കളഞ്ഞു.

അദ്ദേഹം പറഞ്ഞു: '' ഞാൻ ഇന്ന് ഈ ബാങ്കിൽ പ്രവേശിച്ചതുമുതൽ, എന്റെ നാല് സുഹൃത്തുക്കളെ കണ്ടുമുട്ടി, മാത്രമല്ല എന്നെ  നന്നായി അറിയുന്ന സ്റ്റാഫുകളുമായി കുറച്ചുനേരം കുശല സംഭാഷണവും നടത്തിയത് നീ  കണ്ടില്ലേ?" 
അദ്ദേഹം തുടർന്നു "നിനക്കറിയാമല്ലോ ഞാൻ ഒറ്റയ്ക്കാണെന്ന് താമസിക്കുന്നതെന്ന് .. ഇതാണ് എനിക്ക് ആവശ്യമുള്ള കമ്പനി. സ്വല്പം ബുദ്ധിമുട്ടിയാലും  ബാങ്കിൽ വരാനും ഞാൻ ഇഷ്ടപ്പെടുന്നു. എനിക്ക് മതിയായ സമയമുണ്ട്, അത് ഞാൻ ആഗ്രഹിക്കുന്ന  വ്യക്തിപരമായ ഇടപെടലും സൗഹൃദവുമാണ് " 

" നിനക്കറിയാമോ രണ്ട് വർഷം മുമ്പ് എനിക്ക് അസുഖം വന്നു, ഞാൻ പഴങ്ങൾ വാങ്ങുന്ന സ്റ്റോർ ഉടമ എന്നെ കാണാൻ വന്നു എന്റെ കട്ടിലിൽ ഇരുന്നുകൊണ്ട് എന്നെ സമാശ്വസിപ്പിച്ചു കൊണ്ട് ഒരു മണിക്കൂർ എന്നോടൊപ്പം ചിലവഴിച്ചു"

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്  നിങ്ങളുടെ അമ്മ രാവിലെ നടക്കാനിറങ്ങിയപ്പോൾ  പെട്ടെന്ന് താഴെ വീണപ്പോൾ. ഞങ്ങളുടെ അടുത്തുള്ള  പലചരക്ക് കടക്കാരൻ  അവളെ കണ്ടു, ഞാൻ എവിടെയാണെന്ന് അവനറിയാമെന്നതിനാൽ ഉടൻ തന്നെ നമ്മുടെ  വീട്ടിലേക്ക് അവന്റെ  കാറിൽ നിന്റമ്മയെ കൊണ്ട് വന്നെത്തിച്ചു.

എല്ലാം ഓൺ‌ലൈനായി മാറിയാൽ‌ എനിക്ക് ആ നല്ല 'ഹ്യൂമൻ‌' ടച്ച് " കിട്ടുമോടാ മോനെ?

അപ്പോൾ എല്ലാം എനിക്ക് ഓൺലൈനിൽ ലഭിക്കാൻ  എന്റെ കമ്പ്യൂട്ടറുമായി സംവേദിക്കാൻ  എന്നെ നിർബന്ധിക്കുന്നതും  എന്തുകൊണ്ടാണ്?

'വിൽപ്പനക്കാരൻ' എന്ന നിലയിൽ മാത്രമല്ല, ഞാൻ ഇടപെടുന്ന വ്യക്തിയെ നേരിട്ട് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ബന്ധങ്ങളുടെ ഒരു വൈകാരിക കെട്ടുറപ്പ്  സൃഷ്ടിക്കുന്നു. ഇങ്ങനെയാണ്  ഞാൻ ഇത്രയും കാലം ശീലിച്ചത്.

ആമസോൺ ആ അനുഭവവും ഹൃദ്യതയും എനിക്ക് നൽകുമോ? '' '

സാങ്കേതികവിദ്യ മാത്രമല്ല ജീവിതമെന്നോർക്കുക.

സാധ്യമായ സമയങ്ങളിൽ ആളുകളുമായി സമയം ചെലവഴിക്കുക .. ഫോണിലും മറ്റുപകരണങ്ങളിലും അത്യാവശ്യമായി മാത്രം. വിരലോടിക്കുക, നമ്മുടെ അടുത്ത വ്യക്തികളുമായി സ്നേഹം പകരുക, പ്രത്യേകിച്ചും നമ്മുടെ കുട്ടികളോട്‌  കൂടുതൽ സംസാരിക്കാൻ സമയം കണ്ടെത്തുക, അങ്ങനെ നമ്മുടെ  ജീവിതം കൂടുതൽ ധന്യമാക്കുക. "
--
Dr.Mathew Joys
Join WhatsApp News
Baiju Vareed 2020-12-10 23:01:35
കാലം പോയ പോക്കിനെക്കുറിച്ചുള്ള മനുഷത്വമുള്ള ചിന്തകൾ!
cherian pavoo 2020-12-10 23:27:01
അവസാനിക്കുന്നേടത്തു നിന്ന് തുടെങ്ങിയാൽ ---എന്നാണ് ഇതിനെല്ലാം അവസരം ലഭിക്കുക , എത്ര കാലം ഇനിയും കാത്തിരിക്കേണ്ടിവരും പി.പി.ചെറിയാൻ,ഡാളസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക