Image

കോവിഡ് വാക്‌സിന്‍: ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷന് ആലോചന

Published on 11 December, 2020
കോവിഡ് വാക്‌സിന്‍: ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷന് ആലോചന
കോവിഡ് പ്രതിരോധ മരുന്ന് വാക്സീന്‍ വിതരണം ചില രാജ്യങ്ങളിലെങ്കിലും ആരംഭിച്ചു. ഭൂരിപക്ഷം ജനസംഖ്യയെയും വാക്സീന്‍ എടുപ്പിക്കുക എന്ന വെല്ലുവിളി പല രാജ്യങ്ങളുടെയും മുന്നിലുണ്ട്.

അമേരിക്ക പോലെ ചിലയിടത്ത് വാക്സീന്‍ എടുക്കാനുള്ള ജനങ്ങളുടെ താത്പര്യക്കുറവാണ് പ്രശ്നം. പ്യൂ റിസര്‍ച്ച് സെന്റര്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത് 10ല്‍ നാല് അമേരിക്കക്കാരും തങ്ങള്‍ വാക്സീന്‍ എടുക്കില്ല എന്ന് പറഞ്ഞതായാണ്. ഒരു ജനവിഭാഗത്തില്‍ 70 ശതമാനത്തിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ നല്‍കിയാല്‍ മാത്രമേ സാമൂഹിക പ്രതിരോധം കൈവരിക്കാന്‍ കഴിയൂ. അതിനുള്ള വിലങ്ങ് തടിയാണ് വാക്സീന്‍ വിരോധികളുടെ ഈ താല്‍പര്യമില്ലായ്മ. കൂടാതെ കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ കുറഞ്ഞത് 2 മാസത്തേക്ക് മദ്യപാനം ഉപേക്ഷിക്കണമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം വന്നിരുന്നു. ഇത് വാക്‌സിനെടുക്കാനുള്ള ജനങ്ങളുടെ ഉത്സാഹം കുറച്ചേക്കും.

എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം വാക്സീന്‍ വേണ്ട എന്ന് പറയാനാകില്ലെന്ന് തൊഴില്‍മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അമേരിക്കയിലെ പല കോര്‍പ്പറേറ്റ് കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ വാക്സീന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധമായി ആവശ്യപ്പെടാന്‍ ഇടയുണ്ടെന്ന് ഡാലസിലെ ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് അറ്റോണിയായ റോജി ഡണ്‍ പറയുന്നു.

തങ്ങളുടെ വ്യാപാരം പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ ജീവനക്കാരെല്ലാം വാക്സീന്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് പല വ്യവസായികളും കരുതുന്നു. അതിനാല്‍ തന്നെ ജോലി ചെയ്യണമെങ്കില്‍ വാക്സീന്‍ നിര്‍ബന്ധമാക്കാന്‍ ഇവിടെ സാധ്യതയുണ്ട്. ഇത് സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മത്സരക്ഷമതയും വര്‍ധിപ്പിക്കും. തങ്ങളുടെ തൊഴിലാളികളെല്ലാം വാക്സീന്‍ എടുത്തതിനാല്‍ സ്ഥാപനം 100 ശതമാനം സുരക്ഷിതമാണെന്ന് കമ്പനി ഉടമകള്‍ക്ക് പരസ്യം വരെ ചെയ്യാം.

എന്നാല്‍ തൊഴിലാളി യൂണിയനുകളും മറ്റും ഉള്ള ഇടങ്ങളില്‍ ഇത്തരത്തിലുള്ള  നിബന്ധനകള്‍ ചര്‍ച്ചകളിലൂടെ മാത്രമേ തൊഴില്‍ദാതാക്കള്‍ക്ക് മുന്നോട്ട് വയ്ക്കാന്‍ പറ്റൂ. വാക്സീന്‍ എടുക്കുന്ന തൊഴിലാളികള്‍ക്ക് ചില ഇളവുകളും സമ്മാനങ്ങളും പ്രോത്സാഹനവും നല്‍കുന്ന കാര്യവും പല കമ്പനികളും ആലോചിക്കുന്നുണ്ട്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക