നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്ന ശീലം, എന്തെങ്കിലും അസുഖം ഉള്ളവരുടെ ഇടയിലും ഇല്ലാത്തവരിലും വ്യാപകമായുണ്ട്. അത് ദോഷകരമല്ലെന്നാണ് കുറച്ചുകാലം വിശ്വസിച്ചിരുന്നത്. ഇതുപോലെ ചിലരില്‍ കാരണമില്ലാതെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ കണ്ടതുകൊണ്ട് നടത്തിയ അന്വേഷണത്തിലാണ് ഒരു കോമണ്‍ ഫാക്ടര്‍ ആയി നെല്ലിക്ക ജ്യൂസ് കണ്ടത്.
നെല്ലിക്കയില്‍ വൈറ്റമിന്‍ സി ധാരാളമായുണ്ട്. കൊഴുപ്പില്‍ അലിയാത്ത ഒരു വൈറ്റമിനാണ് സി. അതുകൊണ്ട് ആവശ്യത്തിലധികം വരുന്ന വൈറ്റമിന്‍ സി ശരീരത്തില്‍ സംഭരിക്കപ്പെടാതെ ഓക്‌സലേറ്റ്കളായി പുറന്തള്ളപ്പെടുന്നു. ഇതാണ് വൃക്കയില്‍ അടിഞ്ഞു കൂടുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതും.
ഇത് നെല്ലിക്കയുടെ മാത്രം പ്രശ്‌നമല്ല, ഓക്‌സലേറ്റ് അധിക അളവിലുള്ള മറ്റ് ഫലങ്ങളിലെ കാര്യത്തിലും ഇങ്ങനെ തന്നെ. (ഇക്കാര്യത്തില്‍ ഏറ്റവും കുപ്രസിദ്ധി ഉള്ളതാണ് ഇലുമ്പന്‍പുളി. ഇലുമ്പന്‍ പുളി ജ്യൂസ് ഒരാഴ്ച കഴിച്ചാല്‍ പോലും വൃക്കയെ ദോഷകരമായി ബാധിക്കാം)ഇപ്പോള്‍ കൊറോണക്കാലം ആയതുകൊണ്ട് വൈറ്റമിന്‍ സി ഗുളികകളും വൈറ്റമിന്‍ സി അടങ്ങിയ ഫലങ്ങളും ഒരുപാട് കഴിക്കുന്ന ആളുകളുണ്ട്. മനുഷ്യന് ഒരു ദിവസം ആവശ്യമുള്ള വൈറ്റമിന്‍ സി യുടെ അളവ് 90 മില്ലി ഗ്രാമാണ്. അതില്‍ കൂടുതല്‍ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടോ എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നാല്‍ അമിത അളവില്‍ വൈറ്റമിന്‍-സി ദോഷകരമാണ് എന്നത് തെളിയിക്കപ്പെട്ടതാണ്.
രക്ത 'ശുദ്ധീകരണത്തിന്' നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ അമിതമായി നെല്ലിക്ക കഴിച്ചാല്‍ രക്തം അശുദ്ധമാവുകയാണ് ചെയ്യുക. (വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെടുമ്പോള്‍ രക്തത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു).
നെല്ലിക്ക അമിതമായി ഉപയോഗിക്കുമ്പോള്‍ നിര്‍ജ്ജലീകരണം ഉണ്ടാവുന്നു. വെള്ളം കുടി കുറഞ്ഞ ശീലമുള്ളവര്‍ക്ക് നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോള്‍ മലശോധന കുറയുന്നതിനും താരന്‍ ശല്യം ഉണ്ടാകുന്നതിനും കാരണം ഇതാണ്.
പ്രമേഹരോഗികളാണ് നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത്. കാരണം പ്രമേഹരോഗികള്‍ക്ക് അല്ലാതെ തന്നെ വൃക്കയുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകും. നിര്‍ജലീകരണം കൊണ്ടു സോഡിയത്തിന്റെ അളവ് കൂടുന്നത് വൃക്കയുടെ പ്രവൃത്തി ഭാരം വര്‍ധിപ്പിക്കുന്നു. മാത്രമല്ല പ്രമേഹരോഗ മരുന്നുകളുടെ കൂടെ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നു വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. നെല്ലിക്ക അസിഡിക് ആയതുകൊണ്ട്, വയറില്‍ പെപ്റ്റിക് അള്‍സര്‍ ഉള്ളവര്‍ക്കും ദോഷം ചെയ്യും. നെല്ലിക്ക ജ്യൂസ് കഴിക്കുന്ന പലര്‍ക്കും മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍ അനുഭവപ്പെടുന്നതിന് കാരണവും കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകളാണ്.