വിദ്യാർത്ഥി ഐക്യം സിന്ദാബാദ്
വിദ്യാർത്ഥി സമരം സിന്ദാബാദ്
വിദ്യാർത്ഥിയെങ്ങും തോറ്റിട്ടില്ല
വിദ്യാർത്ഥിസമരം തോറ്റിട്ടില്ല
വിദ്യാർത്ഥി ഐക്യം സിന്ദാബാദ്
വിദ്യാർത്ഥി സമൂഹം ആർത്തുവിളിച്ചു. മറ്റത്തു മാത്തുവാണ് വിദ്യാർത്ഥിസമരത്തിന്റെ നേതാവ്. കൊറ്റന്തറ സുരേന്ദ്രനുംനേതാവാണ്.ആരാണ് നേതാവ്, ആരാണ് ഉപനേതാവ് എന്നു പറയാൻ പറ്റില്ല. രണ്ടുപേരും നേതാക്കന്മാർ തന്നെ.രണ്ടുപേരും കോൺഗ്രസിന്റെ രണ്ടുഗ്രൂപ്പിലാണെന്നാണ് മറ്റക്കര രാധാകൃഷ്ണൻ പറഞ്ഞത്. മറ്റക്കരയും നേതാവാണ്. വിദ്യാർത്ഥി സമരത്തിന്റെ ഉപനേതാക്കന്മാരിലൊരാണയാൾ.
ഒരിക്കൽ മറ്റക്കര രാധാകൃഷ്ണൻ പറഞ്ഞു.
“കൊറ്റന്തറ സുരേന്ദ്രന്നല്ല നാക്കുണ്ട്.പക്ഷേ മറ്റത്തു മാത്തുവിന് നല്ലയൊരു നട്ടെല്ലുണ്ട്. വളയാത്ത നട്ടെല്ലാണത്.”
ശരിയാണ്. പിക്കറ്റിംഗിനും എതിരാളികളെ തല്ലാനുമൊക്കെ മറ്റത്ത് മാത്തുവാണ് കേമൻ. അനുയായികളായ വിദ്യാർത്ഥിസമൂഹം അയാളെ ജനറൽ മാത്തുവെന്ന് വിളിച്ചു.
“വിദ്യാർത്ഥി സമരം സിന്ദാബാദ്
ഒരണാസമരം സിന്ദാബാദ്
വിമോചനസമരം സിന്ദാബാദ്
ഞങ്ങടെ നേതാക്കൾ സിന്ദാബാദ്
കൊറ്റന്തറ സുരേന്ദ്രൻസിന്ദാബാദ്
ജനറൽ മാത്തു സിന്ദാബാദ്.”
എന്നും രാവിലെ പത്തുമണിക്ക് സ്ക്കൂളിൽ മണിയടിക്കും. സർക്കാർവക ഹൈസ്ക്കൂളാണ്.. ശിപായി പരമേശ്വരനാണ് ചേങ്ങല കൊട്ടുന്നത്. പരമേശ്വരന് വെളുത്ത കോട്ടുണ്ട്; വെളുത്ത, മുഷിഞ്ഞ ശിപായിക്കോട്ട്.
പത്തുമണിക്കുതന്നെ സുലൈമാൻസാർ ക്ലാസ്സിൽ വരും. 10-ബിയുടെ ക്ലാസ്സ്ടീച്ചറാണ് സുലൈമാൻസാർ. കൈയിൽ ഒരു നീണ്ട ഹാജർപുസ്തകവുമുണ്ടാവും. തൂവെള്ളമുണ്ട് ഇടത്തോട്ടാണ് അദ്ദേഹമുടുക്കുന്നത്. മുണ്ടിനുമുകളിൽ ഒരു നീണ്ട ഇൻഡ്യൻകോട്ട് ധരിച്ചാണ് സാധാരണദിനങ്ങളിൽ അദ്ദേഹമെത്തുക. ഈ ഇൻഡ്യൻകോട്ടാണ് മറ്റദ്ധ്യാപകരിൽ നിന്ന് സുലൈമാൻസാറിനെ വ്യത്യസ്ഥനാക്കുന്നത്.
സുലൈമാൻസാർ ഇംഗ്ലീഷ് ഗ്രാമറാണ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് വാക്യങ്ങളുടെ അനാലിസിസ് ആണ് വിഷയം. ക്രിയാവിശേഷണാനുബന്ധവാക്യങ്ങളുടെ (Adverbial Clause)കുരുക്കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് കൊറ്റന്തറ സുരേന്ദ്രന്റെ വരവ്. കൊറ്റന്തറ സുരേന്ദ്രൻശ്രീക്കുട്ടന്റെ ക്ലാസ്സിലല്ല, 10-സിയിലാണ് പഠിക്കുന്നത്.
കൊറ്റന്തറ സുരേന്ദ്രൻഅദ്ധ്യാപകന്റെ അനുവാദമില്ലാതെതന്നെ ക്ലാസ്സുമുറിയിലേയ്ക്ക് കയറി വരും.ധിക്കാരഭാവത്തിലാണ് വരവ്.ചില ദിവസങ്ങളിൽ മറ്റത്തുമാത്തുവാണ് വരുന്നത്. മറ്റത്തു മാത്തുവാണെങ്കിൽ ധിക്കാരഭാവം കൂടുതലായിരിക്കും. നേതാവ്വന്ന് വലതുകൈയുയർത്തി മുഷ്ടിചുരുട്ടി വിളിച്ചുപറയും.
“വിദ്യാർത്ഥി ഐക്യം സിന്ദാബാദ്.”
സ്ക്കൂളിന്റെ നിയമങ്ങളൊന്നും സമരക്കാർക്ക് ബാധകമല്ല. കടന്നൽക്കൂട്ടിന് കല്ലെറിഞ്ഞതുപോലെ കുട്ടികളെല്ലാം ഇളകും.അവർ നേതാവിന്റെ മുദ്രാവാക്യത്തിനൊത്ത് ഉച്ചത്തിൽ വിളിച്ചുപറയും.
“വിദ്യാർത്ഥി ഐക്യം സിന്ദാബാദ്.”
“വിദ്യാർത്ഥി സമരം സിന്ദാബാദ്.”
സുലൈമാൻ സാർ ഗ്രാമർക്ലാസ്സ് അവസാനിപ്പിച്ച് ഹാജർ പുസ്തകവുമെടുത്ത് സ്റ്റാഫ് റൂമിലേയ്ക്ക് നടക്കും.
പുസ്തകക്കെട്ടുമെടുത്തുകൊണ്ട് കടന്നൽക്കൂട്ടം നേതാവിന്റെ പിന്നാലെ അടുത്ത ക്ലാസ്സിലേയ്ക്കു പോകും.പിന്നെ അതിനടുത്ത ക്ലാസ്സിലേയ്ക്ക്.സ്ക്കൂൾ മുഴുവനും സമരാവേശം അലയടിക്കും.
ശ്രീക്കുട്ടൻ അഞ്ചുമൈൽ നടന്നാണ് സ്ക്കൂളിലെത്തുന്നത്.രാവിലെ എട്ടുമണിക്കുമുമ്പേ അമ്മ പൊതിച്ചോറു കെട്ടിത്തരും.പൊതിച്ചോറു കെട്ടിക്കൊടുക്കുമ്പോൾ അമ്മ പറയും.
“മോനേ, സൂക്ഷിച്ചോണേ. സമരത്തിലെങ്ങും ചെന്നുചാടരുതേ.”
പട്ടണത്തിലാണ് സ്ക്കൂൾ. സർക്കാർവക ഹൈസ്ക്കൂളാണ്. മിക്കസഹപാഠികളും പട്ടണവാസികളാണ്. ശ്രീക്കുട്ടനെപ്പോലെ അഞ്ചുമൈൽ നടന്നെത്തുന്ന ഗ്രാമീണപ്പിള്ളാർ അധികമില്ല.മറ്റത്തു മാത്തുവും കൊറ്റന്തറ സുരേന്ദ്രനുമെല്ലാം പട്ടണവാസികൾ തന്നെ.
ശ്രീക്കുട്ടൻ പഠിക്കാനാണ് സ്ക്കൂളിൽ പോകുന്നത്.പക്ഷേ സ്ക്കൂളിൽ പഠനമില്ല.സമരമാണ്. എന്നും സമരം മാത്രം.
“എന്തിനാണ് വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്?”
ഒരിക്കൽ ശ്രീക്കുട്ടൻ കൊറ്റന്തറ സുരേന്ദ്രനോട് ചോദിച്ചു..
“ആലപ്പുഴയിൽ ഒരണാസമരം നടക്കുന്നു.”
“എന്താണ് ഒരണാസമരം?”
“നീ ആലപ്പുഴയിൽ പോയിട്ടുണ്ടോ?”കൊറ്റന്തറ സുരേന്ദ്രൻ ഒരു മറുചോദ്യം ചോദിച്ചു. അയാൾ വിദ്യാർത്ഥിയെക്കാൾ രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരൻ ചോദ്യങ്ങൾക്ക് ഋജുവായ മറുപടി നല്കുകയില്ല.
“ഇല്ല.”ശ്രീക്കുട്ടൻ പറഞ്ഞു.
“ആലപ്പുഴയിൽ വിദ്യാർത്ഥികൾ ഒരണാസമരം നടത്തുന്നു.നമ്മൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിദ്യാർത്ഥി ഐക്യം.”
“നമ്മൾ ക്ലാസ്സുകൾ ബഹിഷ്ക്കരിച്ചാൽ ആലപ്പുഴയിലെ സമരം ജയിക്കുമോ?”
“ജയിക്കും. അതാണ് വിദ്യാർത്ഥി ഐക്യം.”
ഒരിക്കൽ ശ്രീക്കുട്ടൻ കൊറ്റന്തറ സുരേന്ദ്രനോട് ചോദിച്ചു..
“വിദ്യാർത്ഥിസമരം എന്തിനാണ്? ഒരണാസമരത്തിന്റെ ഭാഗമാണോ?
അതോ, വിമോചനസമരത്തിന്റെ ഭാഗമാണോ?”
“എല്ലാം ഒരേ സമരത്തിന്റെ പല മുഖങ്ങളല്ലേ?”
അതു ശ്രീക്കുട്ടന് പുതിയ അറിവായിരുന്നു
നാരായണൻ നായർ സഖാവാണ്.കടുത്ത കമ്മ്യൂണിസ്റ്റുകാരനാണ്. പട്ടണത്തിലാണ് സഖാവ് നാരായണൻ നായരുടെ വീട്. വലിയ ആഢ്യത്വമുള്ള നായർ തറവാടാണത്. ആ വീട്ടിൽ ആനയും അമ്പാരിയുമുണ്ട്.നാരായണൻ നായർ പാർട്ടിക്ലാസ്സിനു പോകും. ഒരിക്കൽ ക്ലാസ്സിലിരുന്ന് ഉറക്കം തൂങ്ങുന്ന നാരായണൻ നായരോട് ശ്രീക്കുട്ടൻ ചോദിച്ചു.
“എന്താ ചങ്ങാതി, രാത്രിയിൽ ഉറങ്ങിയില്ലേ?”
“പാർട്ടിക്ലാസ്സ് കഴിഞ്ഞുവന്നപ്പോൾ നേരം വെളുത്തു.”
അതുകൊണ്ടെന്താ?
നാരായണൻ നായർക്ക് പല കാര്യങ്ങളുമറിയാം..
രാഷ്ടീയമറിയാം.
വലിയ ആളുകളുടെ ഒത്തിരി പുസ്തകങ്ങൾ സഖാവ് നാരായണൻ നായർ വായിച്ചിട്ടുണ്ട്.
ഒരിക്കൽ നാരായണൻ നായർ ചോദിച്ചു.
“ഈ നാടിന്റെ ഏറ്റവും വലിയ ശാപമെന്താണെന്ന് നിനക്കറിയാമോ?”
“ദാരിദ്ര്യം,പട്ടിണി, തൊഴിലില്ലായ്മ” ശ്രീക്കുട്ടൻ പറഞ്ഞു..
“ഹേയ്, അതൊന്നുമല്ല. അതിന്റെയൊക്കെ മൂലകാരണം?” മറുപടിക്ക് കാത്തുനില്ക്കാതെ നാരായണൻ നായർ തുടർന്നു.
“ഭാരതത്തിലെ ജാതിവ്യവസ്ഥയാണ് ഈ നാടിന്റെ ശാപം. മനുഷ്യനെയും മനുഷ്യനെയും വേർതിരിക്കുന്ന മതം നശിക്കണം. ജാതിവ്യവസ്ഥ നശിക്കണം. നമ്പൂതിരിയും നായാടിയുമെല്ലാം ഒന്നാകണം.”
സഖാവിന് ജാതിയില്ല.
സഖാക്കൾക്ക് മതമില്ല..
നാരായണൻ നായർ പുരോഗമനവാദിയാണ്. ചിന്താശക്തിയുള്ളവനാണ്.
നാരായണൻ നായർ ഒത്തിരി വായിച്ചിട്ടുണ്ട്. പഠിച്ചിട്ടുമുണ്ട്.
ഒരുദിവസം നാരായണൻ നായർ ഈ നാടിനെ മാറ്റിമറിക്കും.
കർഷക മഹിളാസംഘം താലൂക്ക് കച്ചേരി പിക്കറ്റുചെയ്യുന്നു. വിമോചനസമരത്തിന്റെ ഭാഗമാണ് മഹിളാസംഘത്തിന്റെ പിക്കറ്റിംഗ് പരിപാടി.കേട്ടപ്പോൾ രസം തോന്നി. ഹൈസ്ക്കൂളിന് തൊട്ടടുത്താണ് താലൂക്ക് കച്ചേരി. കാണാൻ ആയിരം പേർ കൂടിയിട്ടുണ്ട്.. കൂട്ടത്തിൽ ശ്രീക്കുട്ടനും നാരായണൻ നായരുമുണ്ട്.ആരാണ് കർഷക മഹിളമാർ?
ആലീസ് ആന്റിയുണ്ട്.
റോസമ്മക്കൊച്ചമ്മ.
സാറാച്ചേടത്തി.
അഡ്വക്കേറ്റ് മേരിമാത്യു.
മനയ്ക്കലെ സിസിലിക്കുട്ടി.
പിന്നെ നാലഞ്ചു വനിതകൾ കൂടിയുണ്ട്.
എല്ലാവരും വെളുത്തമുണ്ടും നേറ്റിച്ചട്ടയുമാണ് വേഷം. വെളുത്ത പുടവയുടെ പിൻഭാഗം വിശറിപോലെ ഞൊറിഞിട്ടിട്ടുണ്ട്.
കർഷകമഹിളാമണികളല്ലേ? അതുകൊണ്ട് തൊപ്പിപ്പാളയുണ്ട്.
തൊപ്പിപ്പാളയുടെ നിറത്തിന് ചേരുന്ന നേര്യത് അവർ ധരിച്ചിരിക്കുന്നു.ഒരു തോളിനെ ആശ്ലേഷിച്ചൊഴുകുന്ന നേര്യതുകളിൽ സ്വർണ്ണനിറമുള്ള ബ്രോച്ചുകൾ കുത്തിയിട്ടുമുണ്ട്.
കർഷകമഹിളമാരാരും കൃഷിഭൂമി കണ്ടിട്ടുള്ളവരല്ല.
അവർ പാടത്ത് പണിയെടുക്കുന്നവരല്ല.ദേഹത്ത് ചേറ് പുരണ്ടിട്ടുള്ളവരല്ല.
എങ്കിലും അവർ കർഷകസ്ത്രീകളാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
കർഷകമഹിളമാർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.
“മന്നത്തപ്പൻ സിന്ദാബാദ്
വിമോചനസമരം സിന്ദാബാദ്.”
വിദ്യാർത്ഥിനേതാവ് കൊറ്റന്തറ സുരേന്ദ്രനാണ് കർഷകമഹിളമാരുടെ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തത്. അയാൾക്ക് സുവർണ്ണജിഹ്വയാണുള്ളത്.അയാൾ പ്രസംഗമാരംഭിച്ചു.
“കേരള സർക്കാർ രാജിവയ്ക്കണം. അല്ലെങ്കിൽ കേന്ദ്രസർക്കാർ അവരെ പിരിച്ചുവിടണം.
അവർ സെൽഭരണം സ്ഥാപിച്ചു. സെൽസെക്രട്ടറിമാർ ഭരണം നടത്തുന്നു.
ആന്ധ്രയിൽനിന്നും അരി വാങ്ങിച്ചതിൽ കുംഭകോണമുണ്ട്.
അങ്കമാലിയിലും പുല്ലുവിളയിലും സമാധാനപരമായി പ്രക്ഷോഭണം നടത്തിയ നിരായുധരായ പ്രകടനക്കാർക്കുനേരെ വെടിവച്ചു.
ലേബർ കോൺട്രാക്റ്റു സൊസൈറ്റികൾ വഴി സർക്കാർ പണം പാർട്ടിഫണ്ടിലേയ്ക്കൊഴുക്കുന്നു. വിദ്യാഭ്യാസബില്ല് കൊണ്ടുവന്ന് വിദ്യാഭ്യാസ മേഖലയെ താറുമാറാക്കി.
അന്തപ്പുരത്തിലെ സ്ത്രീകൾ പോലും സമരം ചെയ്യാൻ നിർബന്ധിതരാകുന്നു.”
പ്രസംഗം കഴിഞ്ഞയുടനെ മഹിളമാർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. സിസിലിയാന്റിയാണ് മുമ്പിൽ. അവർ മാർത്തോമ്മാപ്പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാണ്.നസ്രാണികളുടെ മാർഗംകളിപ്പാട്ടുപോലെയാണ് അവരുടെ മുദ്രാവാക്യംവിളി.
“തെക്കുതെക്കൊരുദേശത്ത്
അലമാലകളുടെ തീരത്ത്
ഭർത്താവില്ലാ നേരത്ത്
ഫ്ലോറിയെന്നൊരു ഗർഭിണിയെ
ചുട്ടുകരിച്ചൊരു സർക്കാരെ
നിങ്ങളെ ഞങ്ങളിറക്കിവിടും.”
പിക്കറ്റുചെയ്തവരെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലേയ്ക്ക് കൊണ്ടുപോയി.
സഖാവ് നാരായണൻ നായർ പറഞ്ഞു.
“ഈ പെണ്ണുങ്ങൾക്ക് ഇങ്ങനെ തറ്റുടുത്ത് കോടതി പിക്കറ്റുചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? വളരെ അപഹാസ്യമായിപ്പോയി.”
“അവരാരും തറ്റുടുത്തിട്ടില്ലല്ലോ. അവർ മുണ്ടും ചട്ടയുമാണ് ധരിച്ചിരിക്കുന്നത്.”
“നീ പോടാ മണക്കൂസേ.” സഖാവ് നാരായണൻ നായർ പറഞ്ഞു.
ഏകദേശം അഞ്ഞൂറടി ദൂരത്തിൽ ശ്രീകണ്ഠനാൽതറ മൈതാനത്ത് മറ്റൊരു സമ്മേളനവും നടക്കുന്നുണ്ടായിരുന്നു.അവർ വിമോചനസമരത്തിനെതിരാണ്. ഏകദേശം അഞ്ഞൂറു പേർ അവിടെ കൂടിയിട്ടുണ്ട്. അരഡസനോളം ആളുകൾ സ്റ്റേജിൽ നിന്നുകൊണ്ട് മുദ്രാവാക്യം വിളിക്ക് നേതൃത്വം കൊടുക്കുന്നു.
“ഇംഖ്വിലാബ് സിന്ദാബാദ്
കേരളസർക്കാർ സിന്ദാബാദ്
സഖാവ് ഈഎംഎസ് സിന്ദാബാദ്
പട്ടം ചാക്കോ ശ്രീകണ്ഠാ
അട്ടിമറിക്കാൻ നോക്കണ്ടാ
കാളേ പൂട്ടും കത്തോലിക്കന്
കേരളസർക്കാർ എതിരല്ല
അദ്ധ്വാനിക്കും നായർക്കും
കേരളസർക്കാർ എതിരല്ല.
കേരം തിങ്ങും കേരളനാട്ടിൽ
കെയാർ ഗൌരി ഭരിച്ചീടും.
സ്വന്തം മകളുടെ ശാഠ്യം തീർക്കാൻ
കേരളമാണോ കളിക്കോപ്പ്?”
ആവേശകരമായ മുദ്രാവാക്യങ്ങൾക്കുശേഷം പ്രസംഗമാരംഭിച്ചു. സഖാവ് തെക്കുന്തറ രാധാകൃഷ്ണനാണ് പ്രസംഗകൻ.
“വിമോചനസമരം ജനവിരുദ്ധസമരമാണ്. ജനങ്ങൾ ബാലറ്റുപെട്ടിയിലൂടെ തെരഞ്ഞെടുത്ത സർക്കാരിനെ ഫാസിസ്റ്റു മാതൃകയിൽ തകർക്കാൻ നോക്കുന്നു. ഭരണഘടന കശാപ്പു ചെയ്യാതെ അവർക്കത് സാധിക്കയില്ല. കേന്ദ്രസർക്കാരിന്റെ ജനാധിപത്യപത്യവിരുദ്ധനയങ്ങളെ കേരളജനത ഒറ്റക്കെട്ടായി നേരിടേണം.
വിദ്യാഭ്യാസമേഖലയിൽ കോഴവാങ്ങുന്ന മാനേജർമാരെ നിയന്ത്രിക്കുവാൻ ഞങ്ങൾ വിദ്യാഭ്യാസബില്ല് കൊണ്ടുവന്നു.
ഒരിഞ്ചുഭൂമി കിടപ്പാടമില്ലാത്തവന് കിടപ്പാടം കൊടുക്കുവാൻ ഞങ്ങൾ ഭൂനയബിൽ കൊണ്ടുവന്നു.
ഈ സമരത്തിനു പിമ്പിൽ അമേരിക്കയും അവരുടെ പിണിയാളുകളുമാണ്. അമേരിക്കൻ ചാരസംഘടനയാണ് ഈ അവിശുദ്ധ സമരത്തിന് പണമൊഴുക്കുന്നത്.ഈ നാട്ടിലെ ജന്മിമുതലാളിത്തപൗരോഹിത്യ കൂട്ടുകെട്ട് അവർക്ക് ദാസ്യപ്പണി ചെയ്യുന്നു.
ഈ നാട്ടിലെ ആർപ്പുവിളിപ്പത്രങ്ങൾ വിഷം വമിക്കുന്നു.”
സമയം നാലുമണിയായി. പ്രസംഗംകേട്ടുനില്ക്കാൻ രസകരമാണ്.പക്ഷേ അഞ്ചുമണിക്കുമുമ്പ് വീട്ടിൽ ചെന്നില്ലങ്കിൽ അമ്മ വിഷമിക്കും.
“സമരത്തിനകത്തെങ്ങും ചെന്നു ചാടരുതേ. ബസ്സിനു കല്ലെറിയുന്നവനും പൊതുമുതൽ നശിപ്പിക്കുന്നവനുമൊക്കെ രക്ഷപ്പെടും. നിരപരാധിക്കാ പോലീസിന്റെ അടികിട്ടുന്നത്. കിട്ടിയാൽ കിട്ടിയതാ. ഞാൻ കഷ്ടപ്പെട്ടാ നിന്നെ പഠിപ്പിക്കുന്നത്. അതോർമ്മ വേണം.”
അമ്മഎല്ലാദിവസവും പൊതിച്ചോറിനോടൊപ്പം മുന്നറിയിപ്പ് നല്കിയാണ് സ്ക്കൂളിലേയ്ക്ക് വിടുന്നത്. ശ്രീക്കുട്ടൻ വീട്ടിലേയ്ക്ക് നടന്നു.
റ്റി.കെ.തങ്കപ്പൻ ശ്രീക്കുട്ടന്റെ ക്ലാസ്സിലാണ് പഠിക്കുന്നത്. ശ്രീക്കുട്ടനെക്കാൾ കാഴ്ചയിൽ നാലഞ്ചു വയസ്സു കൂടുതലുണ്ട് തങ്കപ്പന്. തങ്കപ്പൻ വിദ്യാർത്ഥി ഫെഡറേഷന്റെ അംഗമാണ്.സാദാ അംഗം. റ്റി.കെ.തങ്കപ്പനെ സതീർത്ഥ്യർ പലരും വിളിക്കുന്നത് തല്ലുകൊള്ളി തങ്കപ്പനെന്നാണ്.താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി കൊള്ളാനും കൊടുക്കാനും തങ്കപ്പൻ തയ്യാറാണ്.പക്ഷേ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികപാഠങ്ങളൊന്നും സഖാവ് തങ്കപ്പന് അറിഞ്ഞുകൂടാ. അവന് ചെഗുവാരെയും ഫിഡൽ കാസ്ട്രോയെയും പരിചയമില്ല.ക്യൂബൻ വിപ്ലവത്തിന്റെ ജനകീയാടിത്തറയെപ്പറ്റി ഒന്നുമറിഞ്ഞുകൂടാ. സഖാവ് നാരായണൻനായർക്ക് അതെല്ലാമറിയാം.
ശ്രീക്കുട്ടനും തങ്കപ്പനും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. റ്റി.കെ.തങ്കപ്പന്റെ മാതാപിതാക്കൾ കർഷകത്തൊഴിലാളികളാണ്.അവരെ സഹായിക്കേണ്ട ചുമതല തങ്കപ്പനുണ്ട്.
മിക്കവാറും ദിവസങ്ങളിൽ ഓടിക്കിതച്ചാണ് റ്റി.കെ.തങ്കപ്പൻ സ്ക്കൂളിലെത്തുന്നത്.
“ഇന്ന് മാഞ്ഞന്നൂർ കണ്ടത്തിൽ രണ്ടുചാൽ പൂട്ടിയിട്ടാ വരുന്നത്.” ഒരിക്കൽ തങ്കപ്പൻ ശ്രീക്കുട്ടനോട് പറഞ്ഞു.
റ്റി.കെ.തങ്കപ്പൻ പൊതിച്ചോറു കൊണ്ടുവരാറില്ല. അവന് അതിനുള്ള പാങ്ങില്ല. വളരെ ദാരിദ്ര്യമുള്ള കർഷകത്തൊഴിലാളികളുടെ മകനാണവൻ. എങ്ങനെയും ഉന്തിത്തള്ളി ഹൈസ്ക്കൂൾ ജയിച്ചാൽ ഒരു സർക്കാർജോലി തരപ്പെടുമെന്നാണ് അവൻ വിശ്വസിക്കുന്നത്.
ഒരിക്കൽ തങ്കപ്പൻ ശ്രീക്കുട്ടനോട് പറഞ്ഞു.
“ശ്രീക്കുട്ടൻ എനിക്കൊരുപകാരം ചെയ്യണം. എനിക്ക് ഇംഗ്ലീഷ് പാഠപുസ്തകമില്ല. അതു വാങ്ങിക്കാൻ ഒരു രൂപാ തരണം.”
ശ്രീക്കുട്ടൻ വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു.അമ്മ നിരസിച്ചില്ല. ഒരു രൂപാ കെടുത്തു..
ആ ഒരുരൂപായുടെ നന്ദി പലതവണ റ്റി.കെ.തങ്കപ്പൻ പ്രകടിപ്പിച്ചിട്ടുണ്ട്.
ഒരിക്കൽ ശ്രീക്കുട്ടൻ ക്ലാസ്സിൽ ഛർദ്ദിച്ചു. സതീർത്ഥ്യർ വെറുപ്പ് പ്രകടിപ്പിച്ചു. തങ്കപ്പൻ സഹായത്തിനെത്തി. അയാൾ ക്ലാസ്സുമുറി വൃത്തിയാക്കി.അയാൾ ശ്രീക്കുട്ടനെ വീട്ടിലെത്തിച്ചു.
അന്ന് ശ്രീക്കുട്ടന്റെ അമ്മ നന്ദിയോടെ വാഗ്ദത്തം ചെയ്ത ഭക്ഷണം തങ്കപ്പൻ നിരസിച്ചു.
“വേറൊരു ദിവസമാകട്ടമ്മേ, ഇന്നു സമയമില്ല. വീട്ടിൽ ചെന്നിട്ടൊരുപാട് ജോലിയുണ്ട്.”
ഒരുദിവസം റ്റി.കെ.തങ്കപ്പൻ പറഞ്ഞു.
“ശ്രീക്കുട്ടാ, ഞാനൊരു സാധനം കാണിക്കാം.”
മടിയിൽ പൊതിഞ്ഞുവച്ചിരുന്ന ഒരു പിശ്ശാങ്കത്തി ആയിരുന്നത്. മടക്കിവയ്ക്കാവുന്ന ഒരു പിശ്ശാങ്കത്തി.
“ഇതെന്തിനാണ് സ്ക്കൂളിൽ കൊണ്ടുവരുന്നത്?” ശ്രീക്കുട്ടൻ ചോദിച്ചു.
“പെൻസിൽ വെട്ടാൻ. പിന്നല്ലാതെന്തിനാ?” ചിരിച്ചുകൊണ്ട് തങ്കപ്പൻ മറുപടി നല്കി.
വിദ്യാർത്ഥിസമരം തികച്ചും അക്രമരഹിതമായിരുന്നില്ല. ഒരുദിവസം ഒരു ചെറിയ സംഘട്ടനമുണ്ടായി, വിദ്യാർത്ഥികൾ തമ്മിൽ.സഖാവ് റ്റി.കെ.തങ്കപ്പന് അടിയേറ്റു. ജനറൽ മാത്തുവാണ് അടിച്ചത്. സഖാവ് തങ്കപ്പന്റെ കൈവശം പിശ്ശാങ്കത്തി എന്ന മാരകായുധമുണ്ടായിരുന്നുവെന്നും അതയാൾ നിവർത്തിയെന്നുമൊക്കെ മറ്റക്കര രാധാകൃഷ്ണൻ പറഞ്ഞു.മറ്റക്കര രാധാകൃഷ്ണൻ മറ്റൊരു കാര്യം കൂടി പറഞ്ഞു.
“സഖാവ് നാരായണൻ നായർ സംഭവസ്ഥലത്തുണ്ടായിരുന്നു. പക്ഷേ അയാൾ മുങ്ങിക്കളഞ്ഞു.”
പോലീസ് രണ്ടുകേസുകൾ ഫയൽ ചെയ്തു.
ഒന്നു തങ്കപ്പനെതിരേ, മാരകായുധവുമായി സ്ക്കൂളിൽ വന്നതിന്.
രണ്ടാമത്തെ കേസിൽ ജനറൽ മാത്തുവാണ് പ്രതി. റ്റി.കെ.തങ്കപ്പൻ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ചതിന്.
കേരളം നിയമവാഴ്ചയുള്ള രാജ്യമാണ്.
1959 ജൂലൈമാസം 31--കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു.ഇൻഡ്യൻ ഭരണഘടനയുടെ 356-ാംവകുപ്പനുസരിച്ച് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് വിളംബരം പുറപ്പെടുവിച്ചു.കേരളത്തിൽ പ്രസിഡന്റുഭരണം വന്നു.
വിമോചനസമരം അവസാനിച്ചു.
വിദ്യാർത്ഥി സമരത്തിനും തിരശ്ശീല വീണു..
കൊറ്റന്തറ സുരേന്ദ്രന്റെനേതൃത്വത്തിൽ ടൗണിൽ വിജയപ്രദക്ഷിണറാലിയും നടത്തി. സമരക്കാർ ആർത്തുവിളിച്ചു.
“വിദ്യാർത്ഥി ഐക്യം സിന്ദാബാദ്
വിദ്യാർത്ഥി സമരം സിന്ദാബാദ്
വിദ്യാർത്ഥിയെങ്ങും തോറ്റിട്ടില്ല
വിദ്യാർത്ഥിസമരം തോറ്റിട്ടില്ല.”
പൊതു തെരഞ്ഞടുപ്പ് വന്നു.കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി ജയിച്ചു.1960 ഫെബ്രുവരി 22-ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. സഖാവ് നാരായണൻ നായർ അമിതമായ സന്തോഷം പ്രകടിപ്പിച്ചു.അത് സഖാവിൽ നിന്നും പ്രതീക്ഷിച്ചതല്ല. സഖാവ് പറഞ്ഞു.
“പട്ടം താണുപിള്ള വിപ്ലവകാരിയാണ്, സോഷ്യലിസ്റ്റാണ്.വാളിന്റെ മുനകൊണ്ടാണ് പട്ടം തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രം കുത്തിക്കുറിച്ചത്.”
പെട്ടെന്ന് സഖാവ് നാരായണൻ നായരുടെ ഭാവം മാറി. അയാൾ നിന്നനില്പിൽ 90 ഡിഗ്രി തിരിഞ്ഞു, ഘടികാരത്തിന്റെ സൂചി 9-ൽ നിന്ന് 12-ലേയ്ക്ക് പെട്ടെന്ന് മാറുന്നതുപോലെ. എന്നിട്ടയാൾ കൈയുയർത്തി മുഷ്ടിചുരുട്ടി ഇംഖ്വിലാബ് വിളിക്കുന്നതുപോലെ, പക്ഷേ പതിഞ്ഞസ്വരത്തിൽവിളിച്ചുപറഞ്ഞു.
“ഉണ്ണി വളർന്നാൽ ഊര് ഭരിക്കും.”
സഖാവ് നാരായണൻ നായർ പുതിയൊരു ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ശ്രീക്കുട്ടന് തോന്നി.
കാലചക്രം കറങ്ങി. വിമോചനസമരം കഴിഞ്ഞ് സംഭവബഹുലമായ അഞ്ചു ദശവത്സരങ്ങൾ ഒഴുകിപ്പോയി.ചരിത്രമുറങ്ങുന്ന കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്തിനരികിലുള്ള റോഡിലൂടെ കാറിൽ സഞ്ചരിച്ച ശ്രീക്കുട്ടൻ കാർ പെട്ടെന്ന് നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.ടെലിഫോൺ കേബിൾ സ്ഥാപിക്കാൻ കാന തോണ്ടുന്ന തൊഴിലാളികളുടെയിടയിൽ ഒരു പരിചിതമുഖം കണ്ടതുപോലെ ശ്രീക്കുട്ടനു തോന്നി. കാർ തുറന്ന് അയാൾ ആമനുഷ്യന്റെ സമീപത്തേയ്ക്ക് ചെന്നു.ശ്രീക്കുട്ടന് ആളു തെറ്റിയില്ല. പഴയ ജനറൽ മാത്തു.
നട്ടെല്ലുള്ള മാത്തു.
ശ്രീക്കുട്ടൻ ഉറക്കെ വിളിച്ചു..
“ജനറൽ മാത്തു.”
ആ വൃദ്ധൻ തലയുയർത്തി നോക്കി. അയാൾ ശ്രീക്കുട്ടനെ തിരിച്ചറിഞ്ഞു. ചിരിച്ചുകൊണ്ട് പ്രതിവചിച്ചു.
“പഴയ കഥകളൊന്നും മറന്നിട്ടില്ല, അല്ലേ?”
ശ്രീക്കുട്ടൻ ചോദിച്ചു.”നീ ഇവിടെ?”
ചോദ്യം അപ്രസക്തമാണെന്ന മട്ടിൽ ജനറൽ മാത്തു പറഞ്ഞു.
“ഞാനിവിടെ പണിയെടുക്കുന്നു. നീയോ?”
“ഞാൻ ആസ്ട്രേലിയായിൽ ആണ്.അവധിക്കുവന്നതാണ്.നമ്മുടെ പഴയ നേതാവ് കൊറ്റന്തറസുരേന്ദ്രൻ ഇപ്പോളെവിടെയാണ്?”
“അവനിപ്പോൾ പാർലമെന്റംഗമാണ്.”
“അപ്പോൾ നീ?”
ശ്രീക്കുട്ടന്റെ അമ്പരപ്പ് ജനറൽ മാത്തു മനസ്സിലാക്കി.അയാൾ പറഞ്ഞു.
“അവൻ പാർലമെന്റിൽ പണിയെടുക്കുന്നു. ഞാനിവിടെ.നീ ആസ്ട്രേലിയായിൽ പണിയെടുക്കുന്നു, സായ്പിനുവേണ്ടി.എന്താ വ്യത്യാസം?”
ജനറൽ മാത്തു ചിരിച്ചു. അദ്ദേഹം തുടർന്നു.
“മറ്റത്തു മാത്തുവിന് നട്ടെല്ല് മാത്രമല്ല, മാംസപേശിയുമുണ്ട്.” വൃദ്ധൻ കൈകൾ മടക്കി കൈമുട്ടിന് മുകളിലുള്ള മസിൽ ശ്രീക്കുട്ടനെ കാണിച്ചു.
“ഇതാ നോക്ക്. ഈ മസിൽ ദൈവം തന്നത് പണിയെടുക്കാനാണ്.” പിന്നെയും അയാൾ ചിരിച്ചു.
“നമ്മുടെ പഴയ സഖാവ് നാരായണൻ നായർ എവിടെയാണ്?” ശ്രീക്കുട്ടൻ ആരാഞ്ഞു.
“സഖാവ് പാർട്ടിയെല്ലാം ഉപേക്ഷിച്ചു. മറ്റൊരുപ്രസ്ഥാനത്തിന്റെ സംസ്ഥാന കാര്യദർശിയാണെന്നു കേട്ടു.”
യാത്ര പറയുമ്പോൾ ശ്രീക്കുട്ടൻ പോക്കറ്റിൽ പരതി.രണ്ടായിരം രൂപയുടെ രണ്ട് കറൻസിനോട്ടുകൾ തപ്പിയെടുത്തു.അത് ജനറൽ മാത്തുവിന്റെ കൈകളിലേയ്ക്ക് വച്ചുകൊടുക്കാൻ ശ്രീക്കുട്ടൻ ശ്രമിച്ചു. അയാൾ കുതറിമാറി.അയാളുടെ കണ്ണുകളിൽ തീപ്പൊരി പാറി.
“മറ്റത്തു മാത്തുവിന് നട്ടെല്ല് മാത്രമല്ല, മസിൽ മാത്രമല്ല, അഭിമാനവുമുണ്ട്. ഞാൻ ഭിക്ഷക്കാരനല്ല. ആരുടെയും ഔദാര്യം എനിക്കുവേണ്ട.”
പഴയ സുഹൃത്തിനോട് യാത്രപറയുമ്പോൾ ഹസ്തദാനം ചെയ്തില്ല. ആലിംഗനം ചെയ്തില്ല.
അവ നിഷേധിക്കപ്പട്ടു.
ശ്രീക്കുട്ടന്റെ തേച്ചുമിനുക്കിയ ഷർട്ടിൽ ചളിയും വിയർപ്പും പറ്റുമത്രേ.
തിരിച്ച് കാറിലേയ്ക്ക് കയറുമ്പോൾ ശ്രീക്കുട്ടന്റെ മനസ്സ് മന്ത്രിച്ചു.
“സമരം തീർന്നിട്ടില്ല.
ഒരണാസമരം തീർന്നു.
വിമോചനസമരവും തീർന്നു..
എന്നാൽ ജീവിതമെന്ന മഹാസമരം.
അതു തുടർന്നുകൊണ്ടേയിരിക്കുന്നു.
ആ സമരത്തിൽ ആരു തോല്ക്കും? ആരു ജയിക്കും?”