Image

കോവിഡ് വാക്‌സിന്‍: രണ്ട് ഡോസ്, 21 ദിവസത്തെ ഇടവേള; ഏഴു ദിവസത്തിനുള്ളില്‍ ഫലപ്രാപ്തി

Published on 15 December, 2020
കോവിഡ് വാക്‌സിന്‍: രണ്ട് ഡോസ്, 21 ദിവസത്തെ ഇടവേള; ഏഴു ദിവസത്തിനുള്ളില്‍ ഫലപ്രാപ്തി
കോവിഡ് മഹാമാരിയെ പിടിച്ച് കെട്ടാന്‍ പ്രതിരോധ വാക്സീനുകള്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങുകയാണ് ലോകം. ബ്രിട്ടനുള്‍പ്പെടെ ചില രാജ്യങ്ങളില്‍ കുത്തിവയ്പ്പ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയും വൈകാതെ കോവിഡ് കുത്തിവയ്പ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ്. മൂന്നു വാക്സീനുകളാണ് ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് മുന്നില്‍  അടിയന്തിര ഉപയോഗ അനുമതികാത്തിരിക്കുന്നത്.

രണ്ട് ഡോസുകളാണ് കോവിഡ് പ്രതിരോധം വളര്‍ത്താനായി ജനങ്ങള്‍ക്ക് നല്‍കുക. ഈ രണ്ട് ഡോസ് വാക്സീനുകള്‍ക്കിടയില്‍ 21 ദിവസത്തെ ഇടവേള പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസ് 21-ാം ദിവസമാണ് എടുക്കേണ്ടതെന്ന് ഫോര്‍ടിസ് ഹോസ്പിറ്റലിലെ പള്‍മണോളജി ഡയറക്ടര്‍ ഡോ. മനോജ് ഗോയല്‍ പറയുന്നു.

പ്രതിരോധ കുത്തിവയ്പ്പിന് ശേഷം ജനങ്ങള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തുടരാമെങ്കിലും സാമൂഹിക അകലം, മാസ്ക്, കൈകളുടെ വൃത്തി പോലുള്ള മുന്‍കരുതലുകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഏഴു ദിവസത്തിനുള്ളിലാണ് വാക്സീന്റെ പ്രതിരോധ സംരക്ഷണ വലയത്തിന്റെ ഫലപ്രാപ്തി ലഭിച്ച് തുടങ്ങുകയെന്ന് ഗുഡ്ഗാവ് മെദാന്ത ആശുപത്രിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഫിസിഷ്യന്‍ ഡോ. നേഹ ഗുപ്ത പറയുന്നു. അതിനാല്‍ ആദ്യ ഡോസ് കഴിഞ്ഞ് ജാഗ്രത തുടരണം.

വാക്സീനുകളുടെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലം അനുസരിച്ചാണ് അവയുടെ ഷെഡ്യൂള്‍ തീരുമാനിക്കുക. ഫൈസര്‍ വാക്സീന്റെ ഇടവേള 21 ദിവസമാണെന്നും ഓക്സ്ഫഡ് വാക്സീന് നിര്‍ദ്ദേശിക്കുന്ന ഇടവേള 28 ദിവസമാണെന്നും ന്യൂഡല്‍ഹിയിലെ ശ്രീ ബാലാജി ആക്ഷന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മൈക്രോബയോളജി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ജ്യോതി മുട്ട പറയുന്നു. വാക്സീന്‍ നല്‍കിയാല്‍ സാധാരണ മട്ടിലുള്ള ജീവിതത്തിന് ഇനിയും കാത്തിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക