MediaAppUSA

ആഘോഷങ്ങളും മഹാമാരിയും (ജോര്‍ജ് പുത്തന്‍കുരിശ്)

ജോര്‍ജ് പുത്തന്‍കുരിശ് Published on 16 December, 2020
ആഘോഷങ്ങളും മഹാമാരിയും (ജോര്‍ജ് പുത്തന്‍കുരിശ്)
  കഴിഞ്ഞകാലങ്ങളില്‍ നിന്നും വളരെ വ്യത്യസ്തവും വിഭിന്നവുമായ ആഘോഷ ദിനങ്ങളാണ് നമ്മെ വരവേല്ക്കാന്‍ കാത്തു നില്ക്കുന്നത്. ഈ കഴിഞ്ഞുപോയ താങ്ക്‌സ്ഗിവിങും, വരാനിരിക്കുന്ന കൃസ്തുമസ്സും, യരുശലെം ദേവാലയത്തെ പുനരര്‍പ്പണം ചെയ്തുകൊണ്ടുള്ള യഹൂദരുടെ ഹാനുക്കയും എല്ലാം തന്നെ മറ്റുകാലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരാഘോഷമായിരിക്കും. നാം ഒരു മഹാമാരിയുടെ നടുവിലാണെന്നു മാത്രമല്ല, നമ്മള്‍ക്ക ഒരുമിച്ചു കൂടാനും സന്തോഷപ്രദങ്ങളായ നിമിഷങ്ങളെ പങ്കുവയ്ക്കാനുമുള്ള അവസരങ്ങളുടെ മേല്‍ പരിമിതികള്‍ ഏര്‍പ്പെടുത്തികൊണ്ടും, നമ്മളുടെ ആരോഗ്യത്തിന്റെമേല്‍ ഭിഷണിമുഴക്കിക്കൊണ്ടും കോവിഡ്, ലോകം എമ്പാടും മരണനൃത്തം വയ്ക്കുന്നു. ഇതിലുപരിയായി കോടിക്കണക്കിന് ജനങ്ങള്‍ തൊഴിലില്ലാതെയും ഒരുനേരത്തെ ആഹാരത്തിന് വഴിയില്ലാതെയും മറ്റുള്ളവരിലേക്ക് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. അമേരിക്കയി ല്‍തന്നെ പന്ത്രണ്ടര മില്ലിയണ്‍ ജനങ്ങളാണ് തൊഴിലില്ലാതെ കഷ്ടപ്പെടുന്നത്. ആഹാരത്തിന് വേണ്ടി നില്ക്കുന്ന ആളുകളുടെ നീണ്ട വരികളും,   അവസാനം ആഹാരം കിട്ടാതെ മടങ്ങി പോകുന്ന കാഴ്ചയും ലോകത്തിലെ സമ്പന്നരാജ്യമായ അമേരിക്കയില്‍ ഹൃദയഭേദകമായ ഒരു നിത്യകാഴ്ചയായി മാറിയിരിക്കുന്നു. ആഘോഷങ്ങള്‍ക്ക് നാം കൊടുത്തിരുന്ന അര്‍ത്ഥവും നിര്‍വചനവും പുനര്‍ നിര്‍വചിക്കപ്പെടുന്നോ എന്ന് തോന്നിപോകുന്നു ഈ മഹാമാരി സമയത്ത്. 

പലരിലും മൂകത പരത്തിയാണ് ക്രിസ്തുമസ്സും മറ്റ് ആഘോഷദിനങ്ങളും  വന്നെത്താന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ നമ്മളുടെ നിരാശകളെയും എകാന്തതകളേയും മാറ്റി എങ്ങനെ ഈ ദിനങ്ങളെ ധന്യമാക്കാം എന്നുള്ളത് ഒരു വെല്ലുവിളിയായിരിക്കുന്നു. സെന്റേഷ്‌സ് ഫോര്‍ ഡിസീസ് കണ്‍ഡ്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) പഠനം അനുസരിച്ച,് കോവിഡ്19 ന്റെ വളരെ ശക്തമായ ഒരു സംക്രമണമാണ് ഈ തണുപ്പുകാലത്ത് അനുഭവപ്പെടാന്‍ പോകുന്നതെന്നാണ്. വീടുകളില്‍ നടത്തപ്പെടുന്ന ചെറിയ ആഘോഷ പാര്‍ട്ടികളാണ് ഇതിന് കാരണമെന്നാണ് സി.ഡി.സി ചൂണ്ടികാണിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ എങ്ങനെ ആഘോഷങ്ങള്‍ നടത്തപ്പെടാന്‍ കഴിയും എന്നുള്ള പലരേയും അലട്ടുന്ന ചോദ്യമാണ്. ഈ സമയത്ത് നമ്മളുടെ നിരാശകളെ മാറ്റി നിറുത്തി യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന ആപ്തവാക്യം ഈ തരുണത്തില്‍ പ്രായോഗികമാക്കാവുന്നതാണ് . അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ മഹാമാരി സമയത്ത് ആഘോഷങ്ങള്‍ മാറ്റി വച്ചാല്‍, കോവിഡിനെപ്പോലെയുള്ള വൈറസുകള്‍ക്ക പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി മറ്റൊരാളുടെ ജീവനെയായിരിക്കും രക്ഷിക്കുന്നത്. തീര്‍ച്ചയായും അത്തരം ഒരു നടപടിയില്‍ നിന്നുണ്ടാകുന്ന സന്തോഷം അഭൗമികവും നീണ്ടു നില്ക്കുന്നതുമായിരിക്കും. 

ആഘോഷങ്ങള്‍ വരുത്താവുന്ന അപകടങ്ങളെക്കുറിച്ചും,  മുന്‍കരുതലുകളെ ധര്‍മ്മനിഷ്ഠയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യകഥയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതുമാണ്. നമ്മള്‍ പാര്‍ക്കുന്ന ഇടങ്ങളിലെ കോവിഡിന്റെ സംക്രമണത്തെക്കുറിച്ചും, ആഘോഷങ്ങളുടെ ദൈര്‍ഘ്യത്തെക്കുറിച്ചും, എത്രപേര്‍ പങ്കെടുക്കാമെന്നുള്ളതിനെക്കുറിച്ചും നമ്മള്‍ക്ക ഒരവബോധം ഉണ്ടായിരിക്കേണ്ടതാണ്. ആഘോഷങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട ചില നിബന്ധനകളെക്കുറിച്ച് സി.ഡി.സി 
രേഖപ്പെടുത്തിയിട്ടുണ്ട്. എപ്പോഴും ആഘോഷങ്ങള്‍ പുറത്ത് വച്ച് നടത്തുക. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം താമസ്സിക്കുന്ന ഇടങ്ങളിലെ നിര്‍ദ്ദേശത്തിനനുസരിച്ച്  പരിമിതപ്പെടുത്തുക. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ സുരക്ഷപരമായ എല്ലാ മുന്‍കരുതലുകളേയും പാലിക്കാന്‍ പ്രോല്‍ത്സാഹിപ്പിക്കുക.  മാസ്‌ക്, ദൂരം, കൈ കഴുകല്‍ ഇവയെല്ലാം കൃത്യ നിഷ്ഠയോടെ പാലിക്കേണ്ടിയിരിക്കുന്നു. മിക്ക മലയാളികളുടെ വീട്ടിലും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവര്‍ ജോലി ചെയ്യുന്നതുകൊണ്ട് അവരുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുയും അതിന്റെ പ്രയോക്താക്കള്‍ ആകാനും ശ്രമിക്കുക. കോവിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയോടെ കേള്‍ക്കുക. ബന്ധുമിത്രതികളുമായി ബന്ധപ്പെടാനും അവരുമായി സംവദിക്കാനും ഇന്ന് സാങ്കേതികമായ പല മാര്‍ഗ്ഗങ്ങളും ഉള്ളതുകൊണ്ട്, അത് കഴിയുന്നതും പ്രയോജനപ്പെടുത്തി ക്രിസ്തുമസ്സും പുതുവത്സരവും സന്തോഷകരമാക്കുക.  ചെറുതോതില്‍ വ്യായാമം വീട്ടില്‍ നടത്തുവാന്‍ കഴിഞ്ഞാല്‍ അത് ഏറ്റവും നല്ലത്. നമ്മളുടെ ശ്വാസകോശത്തെ ബാധിക്കുന്നതായതുകൊണ്ട് ഡീപ്പ് ബ്രീത്തിങ്ങ് വ്യായാമം പരിശീലീക്കുന്നത് ഏറ്റവും ഉത്തമമായാരിക്കും. നാം മറ്റുള്ളവരോടൊപ്പം ചിലവഴിക്കുന്ന സമയം, പാലിക്കുന്ന ദൂരം, മാസ്‌ക് ധരിക്കല്‍ ഇവയെ മതിഷ്ഠയോടെ നടപ്പിലാക്കുക. കൊറോണ വൈറസിനെ ചെറുക്കാനുള്ള  വാക്‌സീന്‍ എടുത്താല്‍ തന്നെ, ഇപ്പോള്‍ പാലിക്കുന്ന മുന്‍കരുതലുകള്‍ തുടരുക. 

ഈ കൃസ്തുമസ്സും പുതുവര്‍ഷവും മുന്‍പ് രേഖപ്പെടുത്തിയതുപോലെ വ്യത്യസ്തമായി ആഘോഷിക്കപ്പെടുമ്പോഴും, ക്രിസ്തുവിന്റെ ജനനത്തിന്റെ ഉദ്ദേശ്യത്തെ സഫലമാക്കാന്‍ നമ്മള്‍ക്ക് ഒരോത്തര്‍ക്കും കഴിയുമെങ്കില്‍ അതില്‍പരം മഹത്ത്വകരമായി മറ്റെന്താണുള്ളത്? നഗ്‌നരും, വിശക്കുന്നവരും, ദാഹിക്കുന്നവരും, രോഗികളും, തടവുകാരും, അഭയാര്‍ത്ഥികളും മറ്റുകാലങ്ങളെ അപേക്ഷിച്ച് നമ്മുടെ ചുറ്റുപാടും വളരെ കൂടുതല്‍ ഉള്ളപ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാതിരിക്കുക. എല്ലാവര്‍ക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരു ക്രിസ്തുമസ്സും പുതുവത്സരവും ആശംസിക്കുന്നു. 
ചിന്താമൃതം:        
                'ക്രിസ്തു ആയിരം വര്‍ഷം
ബേതലഹേമില്‍ ജനിച്ചാലും
അവന്‍ നിന്റെ ഉള്ളില്‍ ജനിക്കുന്നില്ലെങ്കില്‍
നിന്റെ ആത്മാവ് ഒറ്റപ്പെട്ടതായിരിക്കും' (ഏന്‍ഞ്ചലസ് സൈലെഷ്യസ്)
see also

ആഘോഷങ്ങളും മഹാമാരിയും (ജോര്‍ജ് പുത്തന്‍കുരിശ്)
ദരിദ്രരെ സഹായിക്കുക 2020-12-16 13:01:42
സോഷ്യൽ ആനിമൽസ് - എന്ന് അറിയപ്പെടുന്ന മനുഷർക്ക് ആഘോഷങ്ങൾ, വിരുന്നുകൾ, ഉത്സവങ്ങൾ ഒക്കെ അനിവാര്യവും ആവശ്യവും, അവ വ്യക്തിക്കും സമൂഹത്തിനും ഗുണകരവും ആയതുകൊണ്ടാവാം അവ മനുഷൻ സാമൂഹ്യ ജീവിതം തുടങ്ങിയപ്പോൾ മുതൽ നിലനിൽക്കുന്നു. വിൻറ്റർ സോളിസ്റ്റിക്കിനോട് അനുബന്ധിച്ചു ലോകമെമ്പാടും പല ആഘോഷങ്ങൾ നിലനിക്കുന്നു. ശ്രീമാൻ പുത്തൻകുരിസ്സിൻറ്റെ ഇ ലേഖനത്തിൽ അദ്ദേഹത്തിൻറ്റെ ഉള്ളിലെ മനുഷസ്നേഹിയെ കാണാം. വിശക്കുന്നവരും, ദരിദ്രരും, രോഗികളും, എല്ലാം നമ്മുടെ തന്നെ ചുറ്റുപാടും ഉണ്ട്. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന മഹനീയ സന്ദേശം ആണ് ഇ ലേഖനത്തിൽ കാണുന്നത്. നമ്മൾ ധനം ഉള്ള കുടുംബത്തിൽ ജനിക്കുന്നത് തീർത്തും ആകസ്മികമായി സംഭവിക്കുന്നു. മുൻജൻമ്മ തിയറി ഒക്കെ വെറും പൊള്ളത്തരം. നമ്മുടേതല്ലാത്ത കഴിവുകൾ നിമിത്തം നമ്മളിൽ ചിലർ ദരിദ്ര കുടുംബത്തിലും, ചിലർ ധനിക കുടുംബത്തിലും ജനിക്കുന്നു. ധനിക കുടുംബത്തിൽ ജനിച്ചവരുടെ കടമയാണ് 'ലെസ്സ് ഫോറച്ചുനേറ്റ്' ആൾക്കാരെ സഹായിക്കുക എന്നത്. ദരിദ്രർ നമ്മുടെതന്നെ ചുറ്റുപാടിൽ ഇപ്പോഴും ഉണ്ട്, അവരെ സഹായിക്കാൻ മത ആഘോഷങ്ങൾക്കുവേണ്ടി കാത്തിരിക്കേണ്ട. ഇപ്പോളത്തെ അവസ്ഥയിൽ ജോലി നഷ്ടപ്പെട്ടവർ അനേകർ ഉണ്ട്. സൗജന്യ ആഹാരത്തിനുവേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നു, അവർക്കു നിങ്ങളുടെ സഹായം ആവശ്യം ഉണ്ട്. ചൈനീസ് നിർമ്മിത കളിപ്പാട്ടങ്ങൾ വാങ്ങി പരിസര മലിനീകരണം കൂട്ടുന്നതിന് പകരം; അ പണം അടുത്തുള്ള ഫുഡ് പാൻട്രിക്ക്‌ കൊടുക്കുക. എല്ലാർക്കും ആരോഗ്യവും സന്തോഷവും നിറഞ്ഞ നാളുകൾ നേരുന്നു! - ആൻഡ്രു. *എൻ്റെ കുട്ടിക്കാലത്തു ഹിന്ദുക്കളുടെയും ക്രിസ്തിയാനികളുടെയും ആഘോഷങ്ങളിൽ എല്ലാവരും പങ്കുകൊണ്ടിരുന്നു. അവയോട് അനുബന്ധിച്ചു ഉണ്ടാക്കുന്ന സ്‌പെഷ്യൽ ആഹാരങ്ങളും പങ്കുവെച്ചിരുന്നു.
Sudhir Panikkaveetil 2020-12-16 13:46:07
ആശയങ്ങളെ വ്യക്തതയോടെ ആവിഷ്കരിക്കാനുള്ള ശ്രീ പുത്തൻ കുരിശ്ശിന്റെ മികവ് പ്രശംസാര്ഹമാണ്. ഈ ലേഖനം ഉപസംഹരിക്കുമ്പോൾ ലേഖകൻ കൃസ്തുവിന്റെ സന്ദേശങ്ങളെ ഓർമ്മിപ്പിക്കുന്നു. . ഈ അവസരത്തിൽ അതിനു കൂടുതൽ പ്രാധാന്യമുണ്ട്. പരസ്പരസ്നേഹവും കരുതലും ഇപ്പോൾ ആവശ്യം. അതായിരിക്കട്ടെ യേശുദേവന് എല്ലാവരും നൽകുന്ന ജന്മദിനോപഹാരം. ശ്രീ ജോർജ് - താങ്കൾക്കും കുടുംബത്തിന് അനുഗ്രഹപ്രദമായ കൃസ്തുമസ്-പുതുവത്സര ആശംസകൾ.
Free Thinkers 2020-12-17 18:34:00
ആചാരങ്ങൾ സംരക്ഷിക്കാനിറങ്ങിയ ആചാര സംരക്ഷണ സമിതിക്കാരും കുലസ്ത്രീകളും എവിടെ? - കൊറോണ വൈറസിൻ്റെ തേരോട്ടത്തിൽ സ്വയം അടച്ചിടേണ്ടി വന്ന ആരാധനാലയങ്ങളും നിർത്തി വച്ച ആചാരങ്ങളും വിശ്വാസികൾക്ക് നൽക്കുന്ന പാഠം എന്ത്?. പരിശുദ്ധമാണെന്ന് കരുതി വൻ വില കൊടുത്ത് വീട്ടിൽ വാങ്ങി സൂക്ഷിച്ച ഗംഗാജലത്തിനും സംസം ജലത്തിനും കൊറോണ വൈറസുകൾക്ക് മുന്നിൽ സോപ്പു വെള്ളത്തിൻ്റെ ഗുണം പോലുമില്ല എന്നാണ് കാലം തെളിയിച്ചത്. സകല ദൈവങ്ങളും മാളത്തിലൊളിച്ചു വിശ്വാസികൾ പ്രാർത്ഥന ചടങ്ങുകളിൽ നിന്നും വിട്ടുമാറി തീർത്തും മതേതരമായ മാസ്ക്ക്, സാനിറ്റൈസർ തുടങ്ങിയവ നിത്യജീവിതത്തിൽ ആചരമാക്കി സ്വയം രക്ഷതേടുന്നു.- ദിനേശൻ പൊയിലൂർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക