ലണ്ടന്‍: ലണ്ടനിലുള്‍പ്പെടെ ബ്രിട്ടന്റെ പല ഭാഗത്തും ഇപ്പോള്‍ വ്യാപിക്കുന്നത് കോവിഡിന്റെ രൂപമാറ്റം വന്ന വൈറസാണെന്ന കണ്ടെത്തല്‍ ശാസ്ത്രലോകത്തെ വീണ്ടും ഞെട്ടിച്ചു. ഇതിന് ഇരയാകുന്നത് ഏറെയും കുട്ടികളാണെന്ന റിപ്പോര്‍ട്ടുകളും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
കോവിഡ് മഹാമാരി വീണ്ടും ആഞ്ഞടിക്കുന്ന ലണ്ടന്‍ നഗരം ഇന്നു മുതല്‍ ലോക്ക്ഡൗണിനു സമാനമായ ലെവല്‍ ത്രീ നിയന്ത്രണത്തില്‍. ക്രിസ്മസ് വരെയുള്ള പത്തുദിവസം നഗരജീവിതം കടുത്ത നിയന്ത്രണത്തിലാകും. എങ്കിലും നഗരാതിര്‍ത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിസ്മസ് അവധിക്കായി നേരത്തെ അടയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
മഹാനഗരത്തിനു കീഴില്‍ വരുന്ന 32 ലോക്കല്‍ കൗണ്‍സിലുകളും സൗത്ത് ആന്‍ഡ് വെസ്റ്റ് എസെക്‌സിലെ ബാസില്‍ഡണ്‍, ബ്രന്റ് വുഡ്, ഹാര്‍ലോ, എപ്പിംങ് ഫോറസ്റ്റ്, കാസില്‍ പോയിന്റ്, റോക്ക്‌ഫോര്‍ഡ്, മാല്‍ഡണ്‍, ബ്രയിന്‍ ട്രീ, ചെംസ്‌ഫോര്‍ഡ്, തറോക്ക്, സൌത്ത് എന്‍ഡ് ഓണ്‍ സീ എന്നീ കൌണ്‍സിലുകളും ഹെഡ്‌ഫോര്‍ഡ് ഷെയറിലെ ഏതാനും പ്രദേശങ്ങളുമാണ് ഇന്നുമുതല്‍ പുതിയതായി ടിയര്‍ ത്രീ നിയന്ത്രണത്തിലാകുന്നത്. മരണനിരക്കും രോഗവ്യാപനവും അതിവേഗം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇവിടങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബാറുകള്‍, പബ്ബുകള്‍, കഫേകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയ ഹോസ്പിറ്റാലിറ്റി സെക്ടറിനെയാണ് ടിയര്‍ ത്രീ നിയന്ത്രണങ്ങള്‍ കൂടുതലായും ബാധിക്കുക. അത്യാവശ്യം വേണ്ട യാത്രകള്‍ക്ക് മാത്രമാകും അനുമതി. സ്‌പോര്‍ട്‌സ് ഇവന്റുകളും ഇന്‍ഡോര്‍ എന്റര്‍ടെയിന്റുമെന്റുകളും, ലെഷര്‍ സെന്ററുകളും നിരോധിക്കും.
പാര്‍ക്കുകളിലും ബീച്ചിലും മറ്റു തുറസായ സ്ഥലങ്ങളിലും പരമാവധി ആറുപേര്‍ക്കാകും കൂട്ടംകൂടാന്‍ അനുമതി. സ്വന്തം കുടുംബാംഗങ്ങളോ സോഷ്യല്‍ ബബിള്‍സോ ആണെങ്കില്‍ മാത്രമാകും വീടിനുള്ളില്‍ ഒരുമിക്കാന്‍ അനുമതിയുണ്ടാകുക.