Image

നിങ്ങളറിയാന്‍ (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 18 December, 2020
നിങ്ങളറിയാന്‍   (കവിത:  വേണുനമ്പ്യാര്‍)
നിങ്ങളറിഞ്ഞോ
അയലത്തെ കന്യാകുമാരിച്ചട്ടിയോടൊപ്പം
കയില്‍ ഒളിച്ചോടിപ്പോയ കാര്യം

നിങ്ങളറിഞ്ഞോ
പാതിരാക്ക് ഒരു ബംഗാളിപ്പയ്യന്‍      
അങ്ങിട്ടെ കൊല്ലന്റെ ആലയുടെ
പെരുംതക്കോല്‍ കൊണ്ട്
കൊല്ലത്തിയെ തുരക്കാന്‍ കിണഞ്ഞ കാര്യം

നിങ്ങളറിഞ്ഞോ
നൂറ്റെട്ട് തുള  വീണ ബനിയന്റെ  ഉടമയായ    
പാപ്പിനിശ്ശേരി  വീട്ടില്‍  കുമാരേട്ടന്‍ 
ഒരായുസ്സ് മുഴുവന്‍   ചാലിയപ്പുരയിലിരുന്ന്
നെയ്തു കൂട്ടിയ പട്ടിണിത്തുണിയുടെ കാര്യം  

നിങ്ങളറിഞ്ഞോ
കല്യാണച്ചെരിപ്പിന്റെ വാര്‍ പൊട്ടും  മുന്നെ
എട്ടാം വാര്‍ഡിലെ ഗള്‍ഫുകാരന്‍ മമ്മദ് ക്ക
സ്‌പെഷ്യല്‍ അദാലത്തിലേക്കു പറന്നെത്തിയ  കാര്യം  

നിങ്ങള്‍ അറിയുന്നതെന്തിനാണ്
ഭാര്യയെ  അറിയാനോ
അമ്മയെ അറിയാതിരിക്കാനോ
ബാങ്ക് ബാലന്‍സ് അറിയാനോ
പ്രെഷറും പ്രമേഹവും അറിയാതിരിക്കാനോ

ഗൂഗിളില്‍   തപ്പി   തൊട്ടടുത്ത   ബാറിന്റെയോ വൃദ്ധസദനത്തിന്റെയോ
അകലെയുള്ള മെട്രോനഗരത്തിലെ പരസ്ത്രീഗമനകേന്ദ്രത്തിന്റെയോ   
ലൊക്കേഷന്‍   അറിയാനോ
അതോ ഉന്നം  പിഴച്ച  സ്ഥിതിവിവരക്കണക്കുകൊണ്ട്   
പ്രത്യേകിച്ച് ഒരു ചുക്കും  അറിയാതിരിക്കാനോ

അല്ലെങ്കില്‍ എല്ലാം അറിഞ്ഞിട്ടും ഒന്നും
അറിയാത്ത മാതിരി ഇരുളില്‍ തപ്പുന്നതാകാം നിങ്ങളുടെ  ഇഷ്ടം.
എങ്കില്‍ ആ തന്നിഷ്ടം തന്നെ നടക്കട്ടെ;
അല്ലാതെന്തു പറയാന്‍!

നിങ്ങളറിയാന്‍   (കവിത:  വേണുനമ്പ്യാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക