കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗെല്ലോസിസ്. ഷിഗെല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് രോഗബാധയ്ക്ക് കാരണം. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗെല്ല ബാക്ടീരിയ.
രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗെല്ല രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. ഷിഗെല്ലോസിസിന് പ്രതിരോധമരുന്നില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പെട്ടെന്ന് പടരും. രണ്ടു മുതല്‍ ഏഴു ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്. സാധാരണഗതിയില്‍ ചികിത്സയില്ലാതെ തന്നെ രോഗം ഭേദമാകാറുണ്ട്. ഒ.ആര്‍.എസ്., ഐ.വി. ഫളൂയിഡ്, പാരസെറ്റമോള്‍ എന്നിവ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രാഥമികമായി നല്‍കുന്നത്.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജലീകരണം എന്നിവയാണ് ലക്ഷണങ്ങള്‍.