"അഭയ' ഭൂമിയിലഭയാര്‍ത്ഥിയായ്,
ആര്‍ദ്രമനസ്സുകള്‍ക്കാരോമലായ്,
ചിറകറ്റുപോയൊരു മാടപ്പിറാവായ്,
ഏതോ വിഹായസില്‍ ചേക്കേറിയോ?
ജന്മജന്മാന്തര പരിധിക്കുദൂരെ
നിത്യമരൂപിയായമരുന്നുവോ?
പഞ്ചഭൂതാത്മക വിസ്മയമായ നീ,
പഞ്ചഭൂതങ്ങള്‍ക്ക് വിസ്മൃതിയായ്,
പരമപദം വരമായിയമേയമാം.
ആത്മീയ നിര്‍വൃതിക്കുടമയെന്നോ?
സുഖദുഖവിത്തുകള്‍ പൊട്ടിമുളയ്ക്കുന്ന,
മണ്‍തട്ടിലറിയാതെ വന്നിറങ്ങി;
ഇരുളും വെളിച്ചവും പമ്പരമാകുന്ന,
ഋതുചക്രവീഥിയില്‍ സഞ്ചാരിയായ്;
എതിരേ കലിതുള്ളിയെത്തിയ ക്രൂരിത,
ഉയിരിന്നതിദ്രുതംകാലനായി,
അക്കിനാവള്ളിക്കരങ്ങളില്‍പ്പെട്ടുടന്‍,
നിര്‍ദയം ഞെരിഞ്ഞു തകര്‍ന്നൊടുവില്‍
കരളലിയിച്ച ദുരന്തകഥാഗതി,
കണ്ണീര്‍പ്പുക്കളാലഞ്ചിതമായ്;
നിര്‍മ്മലേ, പ്രിയജനത്തിന് നീയൊരു
ഉത്തരം കിട്ടാത്ത ചോദ്യമായി?
കരിമ്പടം മൂടിയ സത്യവും നീതിയും,
താഴിട്ട് തടവറയ്ക്കുള്ളിലാക്കി.
ദുഷ്ടത വിഹരിച്ചിടുന്നുവോ, സൈരമാ-
യിടറാത്ത ഹൃദയതാളങ്ങളോടെ?
അരക്കിട്ടുറപ്പിച്ച കള്ളത്തരങ്ങള്‍,
എവിടെയുമാര്‍ക്കും ദുരൂപതയോ?
നിയതിക്കതീത നിയോഗമായ്, യോഗിനീ,
ആശ്രമവനിയിലലങ്കാരമായ്;
നറുനിലാപ്പുഞ്ചിരിയാര്‍ന്നു വിടര്‍ന്നാരു-
മണിയിത്തൊരു പൂജാ കുസുമമായി;
ഇരുളിന്‍ മുഖമൂടി ചൂടിയ കശ്മലന്‍,
അബലേ, കശക്കിയെറിഞ്ഞ നിന്റെ,
നെടുവീര്‍പ്പുകള്‍ സദാനാദപ്രകൃതിയില്‍,
കാറ്റുകളേറ്റേറ്റു പാടുന്നുവോ?
കാതില്‍ നിലയ്ക്കാത്ത മൃതിഗീതമേ,
സ്മൃതികളില്‍ നീയൊരു ദുഖപുത്രി,
നിര്‍ഭയയായന്യ ലോകത്തിനിമുതല്‍
പ്രഭയായ് വിളങ്ങും നിനക്കായിതാ
മിഴിനീരില്‍ മുക്കി മിനുക്കിയ വാക്കുകള്‍,
അര്‍ച്ചനയാകട്ടെന്‍ പൂച്ചെണ്ടായി-
നേരുനിരങ്ങി വരുമെന്നു പാഴ്‌വാക്കോ?
കാലം ചെറുതിരി കത്തിച്ചിടട്ടെ.