Image

നീലച്ചിറകുള്ള മൂക്കുത്തികൾ45 സന റബ്സ്

Published on 26 December, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ45 സന റബ്സ്
“നീ പറഞ്ഞതിന് സമ്മതം മൂളുന്നു എന്നതിനര്‍ത്ഥം നിന്‍റെ എല്ലാ വിവരമില്ലായ്മയും ഞാന്‍ അംഗീകരിക്കുന്നു എന്നല്ല തനൂജാ... നീ റായുമായുള്ള വിവാഹത്തിന് ശരിയായി ആലോചിച്ചോ...?” അര്‍ജുന്‍ തിവാരി മകളെപഠിക്കാനെന്നപോലെ തറപ്പിച്ചു നോക്കി.

“ഡാഡി, നിശ്ചയം കഴിഞ്ഞത് ഡാഡി കണ്ടില്ലേ...”

“അതാണ്‌ ചോദിച്ചത്. റായ് ജീവിതത്തോട് ഈസിഗോയിംഗ് കാണിക്കുന്ന ആളാണ്‌. അയാള്‍ക്ക്‌ ബിസിനസ്സാണ് എല്ലാം, നിന്നെ ബിസിനസ്സിന്റെ ഉയര്‍ച്ചയിലേക്കുള്ള ചവിട്ടുപടിയായെ അയാള്‍ കണക്കാക്കൂ എന്നുറപ്പാണ്.” അര്‍ജുന്‍ തിവാരി തന്റെ സംശയം മറച്ചുവെച്ചില്ല.

“ഡാഡി, റായ് ഒരു കുഞ്ഞിനെ വല്ലാതെ ആഗ്രഹിക്കുന്നു. അതിലുപരി തന്റെ സാമ്രാജ്യത്തിന്റെ പതനം അയാളെ ആശങ്കപ്പെടുത്തുന്നു. ബിസിനസ് അയാള്‍ക്ക്‌ ലഹരിയാണ്. അത്തരമൊരാള്‍ രണ്ടിനേയും കൈപ്പിടിയില്‍ ഒതുക്കാന്‍ കിട്ടുന്ന അപൂര്‍വാവസരം ചവിട്ടിക്കളയുമെന്നു ഡാഡിക്ക് തോന്നുന്നുണ്ടോ...?” മിനുത്ത മുടിയിഴകളില്‍ തഴുകിക്കൊണ്ട് തനൂജ അച്ഛനെ നോക്കി. നേരിയ പുഞ്ചിരിയുണ്ടായിരുന്നു അവളുടെ ചുണ്ടുകളില്‍.

“ഡാഡിക്ക് ഇനി കാണാം, അയാള്‍ എന്നെ സ്നേഹിക്കാന്‍ തുടങ്ങുന്നത്. ഒരുവട്ടം ആ വീടിനുള്ളില്‍ കയറിക്കൂടിയാല്‍ ആ പരമ്പരയെ എന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ എനിക്കറിയാം. റായുടെ അമ്മ ഇനിയെത്ര കാലമാണ്! അത് കഴിഞ്ഞാല്‍ ആരാണ് ആ കൊട്ടാരത്തിന്റെയും പരമ്പരയുടെയും അവകാശി?”

മകള്‍ വിജയത്തിന്‍റെ ഉന്മാദാവസ്ഥയിലാണ്. പ്രയാഗ അവളെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു.                                  
  “ഒരമ്മയ്ക്ക് മകളോട് ചോദിക്കാന്‍ ലജ്ജയുള്ളൊരു കാര്യമാണ്, എങ്കിലും ചോദിക്കട്ടെ, എങ്ങനെയാണ് അയാള്‍ മിലാനുമായുള്ള അടുപ്പത്തിന് ഇടയിലും നിന്നിലേക്ക്‌ വന്നത്? ഒരു കുഞ്ഞുണ്ടാവാനുള്ള
അടുപ്പത്തിലേക്ക്?”

അര്‍ജുന്‍തിവാരിയുടെ മുഖം ചുവന്നു. അയാള്‍ പുറത്തേക്കു നോക്കി. മകളുടെ ചിന്തകള്‍ ഇപ്പോഴയാള്‍ക്ക് വായിക്കാം, ജയിക്കാന്‍ വേണ്ടി ഏതറ്റവും പോകാന്‍ മടിക്കാത്തവള്‍... 
കയറ്റി അയക്കുന്ന വജ്രക്കല്ലുകളില്‍ കൃത്രിമത്വം കാണിക്കുമ്പോള്‍ അത് കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിനു സമാനമാണെന്ന് പറഞ്ഞിട്ടും അവള്‍ കൂട്ടാക്കിയില്ല. തന്റെ ബിസിനസ് ആധ്യപത്യങ്ങള്‍ ഉപയോഗിച്ച്  വിദേശകമ്പനികളിലേക്കയക്കുന്ന കല്ലുകളില്‍ അവള്‍ മായം ചേര്‍ത്തു. റായ് അതറിഞ്ഞാല്‍...

അര്‍ജുന്‍തിവാരി ആ മുനമ്പില്‍വെച്ച് തന്റെ ചിന്തകളെ മുറിച്ചുകളഞ്ഞു.

താരാകമ്പനിയുടെ എംഡി ആയിക്കഴിഞ്ഞാല്‍ അയാളുടെ ഭാര്യയായിക്കഴിഞ്ഞാല്‍ അവളുടെ വിരല്‍ത്തുമ്പില്‍ കാര്യങ്ങളെത്തുമെന്ന ആത്മവിശ്വാസം ഉണ്ട് അവൾക്ക് ....
പക്ഷേ റായ് വിദേതന്‍ദാസ് അപകടകാരിയാണ്, അയാളിലേക്കുള്ള ഓരോ ചുവടും സൂക്ഷിക്കണം. അപകടമേഖല കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു എന്നത് മകള്‍ മനസ്സിലാക്കുന്നില്ല.

തനൂജ ചിരിയോടെ അമ്മയുടെ അരികിലേക്ക് വന്നു. “മമ്മീ, എന്തായാലും കുഞ്ഞുണ്ടായി. റായിയുടെ പരമ്പരയാണ്. വെറുതെയാണോ റായ് മൂക്കും കുത്തി വീണത്‌? നമുക്കിതെല്ലാം  ആസ്വദിച്ചു ജീവിക്കാം മമ്മീ... ഡോണ്ട് വറി.... ഈ നിശ്ചയം വെറുതെ നടന്നതല്ല.”

അമ്മയുടെ ചുമലുകളില്‍ തട്ടി തനൂജ അകത്തേക്ക് പോയി. 
രണ്ടു ദിവസം കഴിഞ്ഞാല്‍ തന്റെ വീട്ടിലേക്കു വരാന്‍ തനൂജയെ ദാസ്  ക്ഷണിച്ചിട്ടുണ്ട്. അതിനുള്ള ഒരുക്കങ്ങളിലേക്ക് അവള്‍ ആണ്ടിറങ്ങി. ഇടയില്‍ സോണിയ വിളിച്ചപ്പോഴും തനൂജ തിരക്കിലായിരുന്നു.
“ഞാന്‍ രണ്ടു ദിവസത്തിനുള്ളില്‍ റായ് വിദേതന്റെ കോട്ടയില്‍ എത്തും. അവിടെ ചെല്ലട്ടെ,  നിന്നെ വിശദമായി കാണുന്നുണ്ട്.” കൊഞ്ചിക്കുഴഞ്ഞായിരുന്നു തനൂജ സോണിയയോട് സംസാരിച്ചത്. സോണിയയ്ക്കും തനൂജയുടെ ഉള്ളില്‍ എന്തെന്ന് പിടികിട്ടിയില്ല.

ചിലതെല്ലാം ആലോചിച്ചു ഒടുവിൽ ദാസ് താരാദേവിയെ വിളിച്ചു.  പലവട്ടം  അവര്‍ അനങ്ങിയില്ല. ഈ നടന്ന കാര്യങ്ങളൊന്നും അവര്‍ക്കൊട്ടും ദഹിച്ചിട്ടില്ലായിരുന്നു.
ഒടുവിൽ അവർ വിളികേട്ടു.
“അമ്മ ഡല്‍ഹിയില്‍നിന്ന് ഇവിടെ ഫ്ലാറ്റില്‍ വരണം, തനൂജ തൊട്ടടുത്ത അപ്പാര്‍ട്മെന്‍റ് വാങ്ങിയിട്ടുണ്ട്. അമ്മ നാലു ദിവസമെങ്കിലും ഇങ്ങോട്ട് വരൂ, തനൂജ ഇവിടേയ്ക്ക് വരുമ്പോള്‍ പേരിനെങ്കിലും നാലുദിവസം അമ്മ എന്റെ കൂടെയുള്ളത് നന്നായിരിക്കും. ഇതൊരു വീടാവട്ടെ...” 
അവർ മിണ്ടാതെ  എല്ലാം കേട്ടു. 
ശത്രുപക്ഷത്തെ വിഷസര്‍പ്പവുമായി എങ്ങനെയാണ് ഇവന്‍ അടുത്തത്? അതും നിലാവുപോലൊരു പെണ്‍കുട്ടി അവനെ സ്നേഹിക്കാന്‍ കൂടെയുണ്ടായിട്ടും... ഇത്രയും തരംതാണ് തന്റെ മകന്‍ ജീവിക്കുമെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.  മിലാനെപ്പോലൊരു പെണ്‍കുട്ടിയെ എങ്ങനെ  ഒഴിവാക്കാന്‍ കഴിഞ്ഞു....    

  “കൂടുതൽ ആളുകള്‍ എന്തിനാണ് വിദേത്?  നീ എപ്പോഴും നിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ മാത്രമല്ലേ ഞാന്‍ അറിഞ്ഞിട്ടുള്ളൂ...നിനക്ക് രജിസ്ട്രാരുടെ മുന്‍പില്‍ ഒപ്പുവെച്ചാല്‍ പോരേ....അതിനുശേഷം എന്നെ അറിയിച്ചാലും മതിയല്ലോ...” അവര്‍ കനത്ത നീരസത്തോടെ ചോദിച്ചു.

“അതേ, മുന്‍പ് അമേരിക്കയിലെ വിവാഹത്തില്‍ റോസ്‌ലിന്റെ കാര്യത്തിലും  അങ്ങനെത്തന്നെ ആയിരുന്നു. ഇപ്പോഴിവിടെ അമ്മയുള്ളതുകൊണ്ടും ആളുകളെ അറിയിച്ചതുകൊണ്ടും ചോദിച്ചതാണ്. അമ്മയ്ക്ക് വയ്യെങ്കില്‍ വരണമെന്നില്ല.” ദാസും കനത്ത സ്വരത്തോടെ സംഭാഷണം അവസാനിപ്പിച്ചു.

തനൂജ ഗര്‍ഭിണിയായതിനാല്‍ അവളെ ദാസ്‌ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്ന വിവരം താരാദേവിയില്‍നിന്നും നിരന്ജനും അറിഞ്ഞിരുന്നു. കേട്ടപ്പോള്‍ അയാള്‍ക്ക്‌ അമ്പരപ്പാണുണ്ടായത്. എന്നാല്‍ ഫോണില്‍ ഈ കാര്യങ്ങള്‍ ദാസിനോട് ചോദിക്കാന്‍ അയാള്‍ മടിച്ചു. ദാസ്‌ ഇതുവരെ അതേപ്പറ്റി പറഞ്ഞില്ല. എങ്ങനെയാണ് കടന്നുകയറി ഒരാളുടെ പേര്‍സണല്‍ ലൈഫിനെപ്പറ്റി ചോദിക്കുക... 
മിലാന്‍ ഇതിനോടെല്ലാം   എങ്ങനെ പ്രതികരിച്ചു എന്നത് അയാള്‍ വെറുതെ സങ്കല്‍പ്പിച്ചുനോക്കി. ഒരു സ്ത്രീയില്‍നിന്നും മറ്റൊരു സ്ത്രീയിലേക്ക് പറന്നുനടക്കുന്ന ഒരാളെ തനിക്കു വേണ്ട എന്ന് മിലാന്‍ തീരുമാനിച്ചാല്‍ എങ്ങനെ തെറ്റുപറയും.... പ്രത്യേകിച്ച്ബന്ധങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്ന ഈ യുഗത്തില്‍....? ജീവിതത്തില്‍ ഒന്നിലും ആസക്തിയോടെയോ അഭിനിവേശത്തോടെയോ ഉറച്ചുനില്‍ക്കുന്നവനല്ല താനെന്നും ആരും എന്നെ നിയന്ത്രിക്കേണ്ടതില്ല എന്നും ജീവിതംകൊണ്ട് നിരന്തരം രേഖപ്പെടുത്തുന്ന ഒരു മനുഷ്യനായി വിദേത് മാറിത്തീര്‍ന്നിരിക്കുന്നു!

രണ്ടു ദിവസങ്ങള്‍ക്കുശേഷം റായ് തനൂജയെ വിളിച്ചു. 
“വിവാഹത്തെക്കുറിച്ച് എന്താണ് ഭവതിയുടെ സങ്കല്പം? ഒരാളെ പെട്ടെന്ന് ബോറടിക്കും എന്ന തന്റെ പഴയ തിയറി എനിക്കോര്‍മ്മയുണ്ട്”

“മൈ റായ്...അങ്ങനെ ബോറടിച്ചവരെയെല്ലാം അന്നേ ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ കുറച്ചുവര്‍ഷങ്ങളായി റായിയെ ഞാന്‍ വീക്ഷിക്കുന്നുണ്ട്. എന്നെ ആകര്‍ഷിക്കുന്ന എന്തോ ഒരു നിഗൂഢത  നിങ്ങളില്‍ ഉണ്ട്.”

ദാസ്‌ ചിരിച്ചു. “അതുകൊണ്ടാണല്ലോ വിവാഹം നിശ്ചയിച്ച എന്നെ താന്‍ തന്റെ ആകര്‍ഷണവലയത്തില്‍ പൂട്ടിക്കളഞ്ഞത്....”

“ഓ റായ്.... ആ രാത്രിയില്‍ സംഭവിച്ചത് നമുക്കു രണ്ടുപേര്‍ക്കും അറിയാം, ഞാന്‍......”  എന്തോ വിശദീകരണം കൊടുക്കാന്‍ വന്ന അവളെ ദാസ്‌ തടഞ്ഞു.

“നോ മൈ സ്വീറ്റ്ഹാര്‍ട്ട്‌....എന്ത് നടന്നാലും അതൊക്കെ കഴിഞ്ഞു. അതെല്ലാം നല്ലതിനുവേണ്ടിയായിരുന്നു എന്നതില്‍ എല്ലാം ശരിയാണ് എന്ന ക്ലോസ് ഉണ്ടല്ലോ... അതെല്ലാം മറന്നേക്കൂ....” അയാള്‍ തുടര്‍ന്നു. “ഞാന്‍ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാണ്.  എന്‍റെ ഫ്ലാറ്റില്‍ താനൊന്നു വരൂ... ഇവിടെ തനിക്കു എന്തെല്ലാം സൌകര്യങ്ങള്‍ കൂടുതല്‍ വേണമെന്ന് നോക്കൂ...”

“റിയലി... ഡൽഹി?"

“യാ....ഷുവര്‍..."

“അപ്പോള്‍ നമ്മള്‍ തറവാട്ടിലേക്ക് പോകുന്നില്ലേ....അമ്മയുടെ അടുത്തേക്ക്?"

 "യെസ് പോകാം...പക്ഷെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹിയാണല്ലോ നല്ലത്. അവിടെ വീട്ടില്‍ അമ്മയും മൈത്രേയിയും മാത്രമല്ലേ ഉള്ളൂ....”

“യാ.... ബട്ട്‌.....എനിക്കൊരാഗ്രഹമുണ്ടായിരുന്നു റായ്....” തനൂജ ആലോചനയോടെ പറയുന്നത് ദാസ്‌ കേട്ടു.

“പറയൂ...”

“തറവാട്ടില്‍ അല്പദിവസം നില്‍ക്കണമെന്ന്... എനിക്ക് നിങ്ങളുടെ കുടുംബപാരമ്പര്യത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍... എനിക്ക് യാതൊന്നും അറിയില്ലല്ലോ... അമ്മയുടെ കൂടെ നിന്നാല്‍ നന്നായിരുന്നു.... മാത്രമല്ല റായിയുടെ മകളും അവിടെയില്ലേ... ഞാന്‍ അവര്‍ക്ക് ടോട്ടലി സ്ട്രേന്ജര്‍ അല്ലേ....”

“ആയിക്കോട്ടെ....എന്നാല്‍ താന്‍ കുറച്ചു ദിവസം അവിടെ വന്നു നില്‍ക്കൂ... പക്ഷേ വിവാഹത്തിന് മുന്‍പേ വേണോയെന്നു  തനിക്കു തീരുമാനിക്കാം... അതോ ശേഷം മതിയോ...?”

“മുന്‍പ് വേണമെന്നാണ് എനിക്കുള്ളത്, എങ്കിലേ ഒരു റാപ്പോ ഉണ്ടാക്കാന്‍ കഴിയൂ...വാട്ട്‌  ഡൂ യൂ തിങ്ക്‌ റായ്..?”

“ഷുവര്‍....യുവര്‍ ചോയ്സ്... ഞാന്‍ അമ്മയോട് പറയാം....യു ആര്‍ വെല്‍ക്കം ആൽവേസ്  മൈ ഡിയര്‍....” ദാസ്‌ ഫോണില്‍ ഒരു ചുംബനം കൂടി കൊടുത്തിട്ടാണ് വെച്ചത്.

റായ് വിദേതന്‍ ആരുമായും ബന്ധം തുടര്‍ന്നാലും അവസാനിപ്പിച്ചാലും അയാളുടെ ഭാര്യാപദവി മാത്രം തനിക്കു മതി. ആ പദവി മറ്റൊരു സ്ത്രീ വന്നു തട്ടിയെടുക്കാന്‍ ഈ  തനൂജ സമ്മതിക്കില്ല. 
ദാസിന്റെ കുടുംബവീട്ടിലേക്ക് പോകുന്നു എന്ന തനൂജയുടെ പ്രഖ്യാപനം അവളുടെ മാതാപിതാക്കളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്.

“വിവാഹശേഷമാണ് നീ ഉദ്ദേശിക്കുന്ന സല്‍ക്കാരവും താമസവും നല്ലത്. നിന്റെ സുഹൃത്തുക്കള്‍ അവിടെ വരുന്നതും പോകുന്നതും നന്നായിരിക്കില്ല.” പ്രയാഗ ശക്തമായി എതിര്‍ത്തു.

“മമ്മീ... എന്റെ സുഹൃത്തുക്കളെ ക്ഷണിക്കാനല്ല ഞാനവിടെ പോകുന്നത്. ആ വീടിനു ചില പ്രത്യേകതകളുണ്ട്. വെറും കരിങ്കല്‍ത്തൂണുകള്‍ നിറഞ്ഞ കൊട്ടാരമല്ല, അത് റായ് വിദേതന്‍ദാസിന്റെ പരമ്പരയുടെ മുദ്ര ചൂടുന്ന കുടീരമാണ്. അവിടത്തെ ഓരോ സ്പന്ദനവും എനിക്ക് കിട്ടണം. അവിടെത്തെ വായുവിനു പറയാനുള്ളത് കേള്‍ക്കണം. ഒടുവില്‍ എന്റെ ശ്വാസവും ചിന്തയും അവിടെ അലിഞ്ഞുചേര്‍ന്നു ആ സ്മാരകം
നൂറ്റാണ്ടുകള്‍ നിലനില്‍ക്കണം. ഞാന്‍ ആഗ്രഹിച്ചുപോയി മമ്മീ...” 
തനൂജ പ്രയാഗയെ കെട്ടിപ്പിടിച്ചു. “മമ്മിയും വരൂ അങ്ങോട്ട്‌...മമ്മിക്ക്‌ അവിടെ ഇഷ്ടമാകും...”

പ്രയാഗ മകളെ വിടുവിച്ചു. “പറഞ്ഞല്ലോ തനൂജാ, നീ അയാളിലേക്ക് ഇടിച്ചു കയറിയവള്‍ ആണ് ... അത് നീ മറക്കരുത്..”

തനൂജ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. പുരാതനമായ ആ കൊട്ടാരവും നൂതനമായ അവിടുത്തെ അത്ഭുതങ്ങളും ആ കൊട്ടാരത്തിൽ ജീവിക്കുന്ന 
റായ് വിദേതനും  തനൂജാതിവാരി എന്ന സ്ത്രീയെ അവളുടെ അഭിനിവേശങ്ങളെ അവളുടെ ഭ്രമങ്ങളെ ഉന്മത്തയാക്കി ഉന്മാദത്തിന്റെ ചതുപ്പിൽ ആഴ്ത്തിക്കളഞ്ഞിരുന്നു.
  ദിവസങ്ങള്‍ക്കുള്ളില്‍ ദാസിനോടൊപ്പം തനൂജ ആ വീട്ടിലേക്കു പോകുകതന്നെ ചെയ്തു.

......................................................................

ഇതിനിടയില്‍ ദാസ്‌ മിലാനെ ഒരിക്കല്‍പോലും വിളിച്ചില്ല. മുന്‍പ് വിളിച്ചിട്ട് എടുത്തിരുന്നില്ല എങ്കിലും തനൂജയുമായുള്ള വിവാഹനിശ്ചയം ഒരിക്കലും മിലാന്‍ പ്രതീക്ഷിച്ചില്ലായിരുന്നു. അയാള്‍ ഒരിക്കല്‍പോലും പിന്നീട് വിളിച്ചില്ല എന്നത് ഒരു തീരാവേദനതന്നെയായിരുന്നു അവള്‍ക്ക്.

ദാസ്‌ വിളിക്കുമ്പോഴൊക്കെ കാളുകള്‍ റെക്കോര്‍ഡ്‌ ചെയ്യുന്ന സ്വന്തം സ്വഭാവത്തെ മിലാന്‍ ആദ്യമായി വെറുത്തു. കാരണം അവളുടെ ക്യാമറയിലെയും ഫോണിലെയും മെമ്മറികാര്‍ഡുകളില്‍ ആ സംഭാഷണവും അവരുടെ കൂടിക്കാഴ്ച്ചകളുടെ വീഡിയോകളും നിറഞ്ഞിരുന്നു. വീണ്ടും പ്ലേ ചെയ്യുമ്പോള്‍ വെറുപ്പിനിടയിലും അവള്‍ അയാളെ സ്നേഹിച്ചു. ദ്വേഷിച്ചു. 

അയാള്‍ മുന്നിലുള്ളത് പോലെ അയാളെ ക്രൂരമായി തള്ളുകയും തല്ലുകയും  മുറിവേല്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ അവശനായി അയാള്‍ വീഴുമ്പോള്‍ ഓടിപ്പോയി പിടിച്ചെഴുന്നേല്‍പ്പിക്കുകയും കരഞ്ഞുകൊണ്ട്‌ ആ മുറിവുകളില്‍ തലോടുകയും ചെയ്തു. 
ഒടുവിലൊടുവില്‍ വെറും നിലത്തുവീണു മിലാന്‍ ശ്വാസംമുട്ടിപ്പിടഞ്ഞു.

തമാശയ്ക്കുവേണ്ടിയാണെങ്കിലും തന്നെ സ്നേഹിച്ചു സ്നേഹിച്ചു ഭ്രാന്തു പിടിപ്പിച്ചവന്‍.... ഒറീസ്സയിലെ കൊണാര്‍ക്ക്‌ ക്ഷേത്രത്തിലെ ഉരുളന്‍രഥങ്ങള്‍ക്ക് തങ്ങളുടെ അടുപ്പം കണ്ട് അസൂയ ജ്വലിച്ചിരുന്നോ.... അവിടെ വെച്ചല്ലേ ആദ്യം കണ്ടത്....ലാപ്ടോപ്പില്‍ മിന്നിമറയുന്ന ഓരോ ഫോട്ടോയും അവളെ വേദനയുടെ കൊടുമുടിയില്‍ എത്തിച്ചു. തന്റെ മുടിയിലേക്ക് മുഖംപൂഴ്ത്തി നില്‍ക്കുന്ന ദാസിന്റെ ഫോട്ടോയായിരുന്നു ലാപ്‌സ്ക്രീനില്‍ നിശ്ചലം നിന്നത്. വിടുവിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മാറത്തേക്ക് കൂടുതല്‍ ആഴത്തിൽ  പറ്റിച്ചേരുന്ന  കൈക്കുഞ്ഞുപോലെയായിരുന്നു എന്നും വിദേത്.

അരികത്തുണ്ടെങ്കില്‍ ഒരിക്കലും അകലേക്ക്‌ നീങ്ങിയിരിക്കില്ല. അല്പം നീങ്ങിയിരിക്ക് എന്ന് പറഞ്ഞാലും അടുത്തേക്കടുത്തേക്ക് ഒട്ടിയൊട്ടി വരും.... 
ഉറക്കത്തില്‍ കട്ടിലില്‍നിന്നെഴുന്നേറ്റാല്‍ അറിയുമെന്ന് ബോധ്യമുള്ളതിനാല്‍ വളരെ പതുക്കെയേ എഴുന്നേല്‍ക്കാന്‍ ശ്രമിക്കാറുള്ളൂ, എന്നാല്‍പോലും അവസാനനിമിഷത്തില്‍ കൈകളിലോ അരയിലോ പിടിത്തം വീഴും.... 
അത്രപോലും താന്‍ അനങ്ങിയാല്‍ അറിഞ്ഞിരുന്ന ഒരാള്‍...

കൊഞ്ചിച്ചും ലാളിച്ചും രാവുകളെ മിന്നാമിന്നികള്‍ മിന്നുന്ന പകലാക്കിയും പകലിനെ നക്ഷത്രക്കുഞ്ഞുങ്ങള്‍ നിറഞ്ഞ രാത്രിയുമാക്കി മാറ്റിയ മാന്ത്രികനായിരുന്നു അയാള്‍... 
ആ സ്നേഹത്തില്‍നിന്നും നീന്തി കരക്കയറാന്‍ കഴിയാതെ വരുമ്പോള്‍ ചിറകുകള്‍ ഒതുക്കി കടലിനടിയിലേക്ക്‌ അതിവേഗം ഊളിയിടുന്ന മത്സ്യകന്യകയായിരുന്നു താന്‍...
 ഉണരുമ്പോള്‍ വീണ്ടും ആ ലാളനകളുടെ തീരത്തെത്തിക്കാന്‍ അയാളോട് കെഞ്ചുന്ന ജലറാണി... കാതോരം വന്നിരമ്പിയുരയുന്ന വാക്കുകള്‍...
 ഐ വില്‍ മേക്ക് യൂ മാഡ് മൈ ലിറ്റില്‍ ഏയ്ന്ജല്‍....

അതേ ലാളനയോടെ അയാള്‍ തനൂജയേയും സ്പര്‍ശിച്ചിരിക്കില്ലേ.... 
വല്ലാത്തൊരു നടുക്കത്തില്‍ മിലാന്‍ മുന്നോട്ടാഞ്ഞു. 
എങ്ങനെയാണ് ഇങ്ങനെയെല്ലാം സ്നേഹം അഭിനയിക്കാന്‍ കഴിയുക... അല്ലെങ്കില്‍ സ്നേഹിക്കുന്ന സമയം അതില്‍ മുഴുവനായും മുഴുകി പിന്നീടു പാമ്പിന്‍ശല്ക്കം പോലെ ഉപേക്ഷിച്ചുപോകാന്‍ കഴിയുക?
തനൂജയുമായി “ജസ്റ്റ്‌ ഫിസിക്കല്‍” ബന്ധമല്ലെന്നു മിലാന്‍ മനസ്സിലാക്കിയിരുന്നു. താനായിരുന്നു അയാളുടെ “കൗതുകം.”
ഉള്ളിലെ അഗ്നിപര്‍വതത്തില്‍നിന്നും ലജ്ജയും അപമാനവും തിളച്ചുരുകിയൊലിക്കുന്നു... വില കൊടുത്തു വാങ്ങാന്‍ കഴിയാഞ്ഞത് തന്ത്രമുപയോഗിച്ച് അയാള്‍ നേടിയെടുത്തതോര്‍ത്ത്....
താനയാള്‍ക്ക് ആരായിരുന്നു എന്നതിലുപരി ഒരുപാടു മുന്നറിയിപ്പുകള്‍ മുന്പിലുണ്ടായിട്ടും തന്നെപ്പോലൊരു പെണ്‍കുട്ടി അയാളുടെ മായാവലയത്തില്‍ വീണല്ലോ എന്നോര്‍ത്ത്....
അയാള്‍ക്ക്‌ മദിക്കുവാന്‍വേണ്ടി ആവശ്യപ്പെടുമ്പോഴെല്ലാം തുറന്നിട്ടുകൊടുത്ത തന്റെ ശരീരത്തെയോര്‍ത്ത്.....
 തഴുകിയുണര്‍ത്താനും ഞെരിച്ചുടയ്ക്കാനും സമ്മതം കൊടുത്ത തന്റെ മാനാഭിമാനങ്ങളേയോര്‍ത്ത്....
ദൈവമേ.... ഇതെല്ലാം ‘പാസിംഗ് ക്ലൌഡ്സ്’ പോലെ മായിക്കാന്‍ കഴിഞ്ഞെങ്കില്‍...

വിദേത്....നിങ്ങള്‍ ഇതുപോലെ എത്രയെത്ര സ്ത്രീകളെ സ്നേഹിച്ചു....  പറ്റിച്ചു....? എങ്ങനെയാണ് നിങ്ങൾക്ക്  ഇമോഷന്‍സ് ഇല്ലാതെ സ്ത്രീകളുടെ ശരീരം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്നത്?

 എങ്ങനെയാണ് അന്ധമായി സ്നേഹിച്ചിട്ട്, സ്നേഹിച്ചതായി നടിച്ചിട്ട്, ആ സ്നേഹം ആസ്വദിച്ചിട്ട് അടുത്ത നിമിഷം വലിച്ചെറിയാന്‍ കഴിയുന്നത്‌.... 
ആ മാന്ത്രികവിദ്യ തനിക്കും വശമുണ്ടായിരുന്നെങ്കില്‍.....

തനൂജാ....
നീയെന്റെ പ്രാണനെയാണ് ചീന്തിയെടുത്തത്... നിന്നോട് ഞാന്‍ ക്ഷമിക്കുമെന്നു ദുസ്വപ്നത്തില്‍ പോലും നീ കനവു കണ്ടേക്കരുത്.
മിലാന്‍ പ്രണോതി ആരെന്നു വരും ദിനങ്ങളില്‍ നീയറിയും. ചതിച്ചും ക്രൂരമായി വഞ്ചിച്ചും പ്രലോഭിപ്പിച്ചും നീ നേടിയത് ഞാന്‍ കൈവെള്ളയില്‍ എന്നും സൂക്ഷിക്കാന്‍ കൊതിച്ച മാണിക്യത്തെയാണെന്ന് നീ ഒരിക്കലും മറന്നുകൂടാ...

എപ്പോഴും ചിന്തകളില്‍ തീ കോരിയിടുന്ന മന്ത്രവാദിനിയായി തനൂജ മിലാന്റെ മുന്നില്‍ നിവര്‍ന്നുനിന്ന് അട്ടഹസിച്ചു.

അമ്മയും അച്ഛനും തന്‍റെ വിഷമം അറിയാതിരിക്കാന്‍ മിലാന്‍ വളരെ ശ്രദ്ധിച്ചിരുന്നു. എങ്കിലും ശാരികയും സഞ്ജയും മകളുടെ അടുത്തുനിന്നും മാറിയതേയില്ല. മകള്‍ക്ക് സംഭവിച്ചത് എത്ര ആഴത്തിലുള്ള അടിയാണെന്ന് രണ്ടുപേര്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു.

.....................................................................................

തനൂജ തന്റെ ആയമാരേയും കൂടെ കൂട്ടിയിരുന്നു. ദാസിനൊപ്പമാണ് തനൂജ വന്നത് എന്നതുകൊണ്ട്‌ സ്വാഭാവികമായി താരാദേവി തനൂജയെ സ്വീകരിച്ചു.

“ഞാന്‍ പറഞ്ഞല്ലോ തനൂജാ, തനിക്കു മാത്രമായി ഇനി മുറി വേണ്ടല്ലോ...നമുക്കായി ഇവിടെ മുറികളുണ്ട്.” സ്വന്തം മുറിയിലെത്തിയപ്പോഴായിരുന്നു ദാസ്‌ ഓര്‍മ്മിപ്പിച്ചത്‌ തനൂജയെ. അലസമായി തുറന്നുകിടന്ന തന്‍റെ സില്‍ക്ക്ഗൌണില്‍ തുളുമ്പിയ മാറിടത്തിലേക്ക് ദാസ്‌ ഒരിക്കല്‍പ്പോലും നോക്കിയില്ല എന്നത് തനൂജ ശ്രദ്ധിച്ചിരുന്നു. വാതില്‍ ചേര്‍ത്തടച്ചുകൊണ്ട് തനൂജ ദാസിന്‍റെ മുന്നിലേക്ക്‌ വന്നു.

“വേണ്ട റായ്...നാമിനി ഒന്നാണല്ലോ...എപ്പോഴും എവിടെയും ഒരുമിച്ചാണല്ലോ....”
അവള്‍ ദാസിന്‍റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി. കാല്‍പ്പാദങ്ങള്‍ നിലത്തൂന്നി
അവളുടെ ചുണ്ടുകള്‍ ആ ചുണ്ടിനോടടുത്തു.

അവളുടെ അരയിലേക്ക് കൈകള്‍ ചുറ്റി തന്നോടടുപ്പിച്ചുകൊണ്ട് ദാസ്‌ ആ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. വല്ലാതെ മുറുകിയ ഒരലിംഗനത്തിലേക്ക് വീഴും മുന്‍പേയുള്ള അര നിമിഷം!

“എന്താണിത്ര ധൃതി തനൂജാമാഡം..? രാത്രിയാവുംവരെ കാക്കാന്‍ വയ്യേ...” പ്രണയം ഓളംവെട്ടുന്ന കണ്ണുകളോടെയായിരുന്നു ദാസിന്‍റെ ചോദ്യം.

“ഉം....ധൃതിയുണ്ട്....എത്ര കാലമായി ഞാന്‍....” തനൂജയുടെ കണ്ണുകള്‍ അടഞ്ഞുപോകുന്നു. സ്വരം കാതരമാകുന്നു.

“അതേ...ഞാനും വളരെ കാലമായി ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് അന്ന് ഹോട്ടല്‍മുറിയില്‍ ആളറിയാതെ നമ്മള്‍ ഒന്നായത് മുതല്‍....ഇന്നിപ്പോള്‍ അറിഞ്ഞുകൊണ്ട് ഒന്നാവാന്‍ ആഗ്രഹം വല്ലാതുണ്ട്.... വല്ലാതെ...."

തനൂജയുടെ വിരലുകള്‍ അയാളുടെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ അഴിച്ചെടുത്തു. മിനുത്ത കവിളുകളിലൂടെ നീണ്ട മനോഹരമായ വിരലുകള്‍ ഒഴുകിനീങ്ങി. തന്റെ ദേഹത്തേക്കമര്‍ന്ന തനൂജയെ പതുക്കെ ഒരുവട്ടം  വട്ടംചുറ്റിച്ചുകൊണ്ട്‌ ദാസ്‌ അടര്‍ത്തിമാറ്റി. “വെയിറ്റ് മൈ സ്വീറ്റ് ഹാര്‍ട്ട്‌... ഓഫീസില്‍ അത്യാവശ്യമായി പോകണം...രാത്രി വരാം. നമ്മുടെ കുഞ്ഞിനോടുകൂടി ഇന്നത്തെ രാത്രി നമുക്ക് ഗംഭീരമാക്കണം. ലോകത്തേക്കുവെച്ചു  ഏറ്റവും മുന്തിയ സുഗന്ധലേപനം പൂശി കാത്തിരിക്കൂ... ഈ ലോകത്തിലെ ഏറ്റവും വിലപ്പെട്ട രാത്രിയെ ഇന്നു  നമ്മള്‍ വരവേല്‍ക്കും.” 

തന്‍റെ ചുണ്ടിലേക്കു വന്യതയോടെ വന്ന തനൂജയുടെ ചുണ്ടുകളെ അയാള്‍ വിരല്‍കൊണ്ട് തടുത്തു. കട്ടിലിലേക്ക് തനൂജയെ ഇരുത്തിയ ദാസ്‌ അവള്‍ക്ക് ഒരു ഫ്ലയിംഗ് കിസ് എറിഞ്ഞുകൊടുത്തു മനോഹരമായി പുഞ്ചിരിച്ച് വാതില്‍ തുറന്നിറങ്ങിപ്പോയി.

വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പതിവില്ലാതെ അയാള്‍ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നു. സെക്യൂരിറ്റിവിന്ഗ് അയാളെ പിന്തുടര്‍ന്നു.

ഓഫീസില്‍ നിരഞ്ജന്‍ ഉണ്ടായിരുന്നു. ദാസ്‌ അത് പ്രതീക്ഷിച്ചതും ആണ്.

“എന്താണ് വൈകിയത്? ഞാന്‍ നാലുദിവസം മുന്‍പേ പ്രതീക്ഷിച്ചു.”

“ഗുഡ്, പലതും പക്ഷെ ഞാന്‍ പ്രതീക്ഷിച്ചില്ല.” നിരഞ്ജന്‍ കടുപ്പത്തോടെ പ്രതികരിച്ചു.

“താനിരിക്ക്... അതോ പോകാന്‍ തീരുമാനിച്ചോ...” ദാസ്‌ അയാളെ കൺകോണിലൂടെ നോക്കി.

“പോകാന്‍ തന്നെയാണ് വന്നത്. പറഞ്ഞിട്ട് പോകാനാണ് കാത്തിരുന്നതും.”

മാര്‍ബിള്‍ തറയില്‍ വലിയ ഒച്ചയുണ്ടാക്കികൊണ്ട് ഒരു ചെയര്‍ വലിച്ചു നിരഞ്ജന്‍ ദാസിന്റെ തൊട്ടടുത്ത്‌ കൊണ്ടുവന്നിട്ടു. എന്നിട്ടതിന്റെ കൈയിൽ  കയറിയിരുന്നു.

“മിസ്റ്റര്‍ റായ് വിദേതന്‍, തനിക്ക് നാണം എന്ന് പറയുന്ന ഒരു സാധനം ഉണ്ടോ...ചിത്രശലഭത്തിന്റെ ജീവിതമൊക്കെ നല്ലതാണ്. പക്ഷെ ഒരു ശലഭത്തിനു പത്തോ പന്ത്രണ്ടോ ദിവസമേ ആയുസ്സുള്ളൂ, അതുപോലെയല്ല ഒരു മനുഷ്യജന്മം. മറക്കേണ്ട.
ചെറുപ്പക്കാലത്ത് തന്റെ കൂടെ കളിച്ചുവളര്‍ന്ന ആ അധികാരം കഴിഞ്ഞ ദിവസങ്ങള്‍വരെ ഞാന്‍ അന്തസ്സോടെ ഓര്‍ത്തിരുന്നു. പക്ഷെ തന്റെ ഓരോ സ്റ്റെപ്പും ഇപ്പോഴെന്നെ ലജ്ജിപ്പിക്കുന്നു. മനുഷ്യനായാല്‍ നട്ടെല്ല് വേണം, അല്ലാതെ ഏതെങ്കിലുമൊരു സ്ത്രീയുടെ മണമടിച്ചാല്‍ കൂമ്പിവാടിപ്പോകുന്ന വാഴത്തടയാകരുത് അഭിമാനവും നട്ടെല്ലും...” 

കൂര്‍ത്ത വാക്കുകള്‍ തുപ്പുന്ന നിരന്ജനെനോക്കി അക്ഷോഭ്യനായി ദാസ്‌ ഇരുന്നു. അയാളുടെ നിര്‍വികാരത നിരന്ജനെ കൂടുതല്‍ ചൊടിപ്പിച്ചു.

“എന്താണ് താന്‍ ശത്രുവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്? അതോ അവളുടെ കണക്കില്ലാത്ത സ്വത്തുക്കളും സ്വാധീനവും കണ്ടു കണ്ണ് മഞ്ഞളിച്ചോ... അവളുടെ പിടിവള്ളികളില്‍ തന്‍റെ സാമ്രാജ്യം തകരുമെന്ന ഭയമോ... അവളുടെ ശരീരത്തോടുള്ള ആര്‍ത്തിയോ...എന്താണ് തന്നെ ഭ്രമിപ്പിച്ചത്...ഐ നെവെര്‍ എക്സ്പെക്ട് ദിസ്‌ ഫ്രം യൂ....
ഞാന്‍ എന്തായാലും തന്‍റെ സാമ്രാജ്യത്തില്‍ കൂട്ടുകൃഷിക്കിനിയില്ല. തന്റെ നാശമാണ് ഇതിലൂടെ തന്‍ തുടങ്ങിവെക്കുന്നതെന്ന് മറക്കേണ്ട. താന്‍ അറിയാത്ത ഒരുകാര്യം കൂടി പറയാനാണ് ഞാനിപ്പോള്‍ വന്നത്. ഇതാ....” 
നിരഞ്ജന്‍ ആ മേശപ്പുറത്തേക്ക് ഒരു കവര്‍ കുടഞ്ഞിട്ടു. 
ഒരു ജോഡി ഷൂ!

“അന്തം വിടേണ്ട, താന്‍ ഇപ്പോള്‍ പ്രിയതമയായി വാഴ്ത്താന്‍ പോകുന്ന പ്രഭ്വിയുടെ സമ്മാനം തന്നെ. തന്റെ നീക്കങ്ങള്‍ അറിയാന്‍ വളരെ പവര്‍ഫുള്‍ ആയ സിഗ്നല്‍ ആന്‍ഡ്‌ വോയിസ്‌ റെക്കോര്‍ഡര്‍ ഇതില്‍ പിടിപ്പിച്ചിട്ടുണ്ട്. ഞാനീ ഷൂ അന്നേ എന്‍റെ സെക്രട്ടറി നീലത്തിനു കൊടുത്തിരുന്നു. തന്റെ നീക്കങ്ങള്‍ അറിയാന്‍ പലപ്പോഴും തനൂജക്ക് കഴിയാതെ പോയത് ഇതു എന്റെ കൈവശം ആയിപ്പോയതിനാല്‍ ആണെന്ന് ബുദ്ധിരാക്ഷസന്‍ മനസ്സിലാക്കിയാല്‍ കൊള്ളാം...”

ഷൂവിന്റെ അകത്തെ മൃദുലമായ ഭാഗം ഇളക്കി ഒരു ബട്ടനോളം പോന്ന സാധനം എടുത്തു നിരഞ്ജന്‍ ദാസിന്റെ മുന്നിലേക്കിട്ടു.

“ഇത് പള്‍സ് സെന്‍സിറ്റീവ് ഡിവൈസ് ആണ്. മനുഷ്യശരീരത്തിന്റെ ചൂടേറ്റാല്‍ ആക്റ്റീവ് ആകും. നമ്മുടെ ലൊക്കേഷന്‍, സംസാരം എല്ലാം പിടിച്ചെടുക്കും...ഷൂ ഊരിക്കഴിഞ്ഞാല്‍പോലും നമ്മുടെ സെന്‍സറി പ്രവര്‍ത്തനങ്ങള്‍ ഏകദേശം അരമണിക്കൂറോളം കണക്റ്റ് ചെയ്തുകൊണ്ടേയിരിക്കും... തനിക്കിനിയും അവളില്‍നിന്നും രക്ഷപ്പെടാന്‍ സമയമുണ്ട്.”

ദാസ്‌ എഴുന്നേറ്റു ആ ബട്ടന്‍ കയ്യിലെടുത്തു. “ഇനിയിതിന്റെ ആവശ്യം ഇല്ലല്ലോ നിരഞ്ജന്‍...ഞാന്‍ മുഴുവനായി എന്നെ അവള്‍ക്കു സമര്‍പ്പിച്ചില്ലേ..”                                                 വളരെ ലാഘവത്തോടെയുള്ള ദാസിന്റെ പ്രസ്താവന കേട്ട് നിരഞ്ജന്റെ ഞരമ്പുകള്‍ ദേഷ്യം കൊണ്ട് തുള്ളി. കോപത്തോടെ താന്‍ ഇരുന്ന കസേരയെ പിന്നിലേക്ക്‌ ഊക്കോടെ തള്ളി അയാള്‍ എഴുന്നേറ്റു.

“പോകും മുന്‍പേ താന്‍ ഒരു ഹെല്പ് എനിക്ക് ചെയ്യുമല്ലോ അല്ലേ...” ദാസ്‌ നിരന്ജനെ പിടിച്ചു നിറുത്തി.

“താന്‍ മിലാനെ വിളിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം പറയണം, തനൂജ എന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കയാണെന്ന്... അങ്ങനെയൊരു നിസ്സഹായതയില്‍ ആയപ്പോഴാണ് അവളെ വിവാഹം കഴിക്കേണ്ടി വന്ന.....”

അയാളെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ നിരഞ്ജന്‍ തന്റെ തിളച്ചുതൂവുന്ന മുഖം ദാസിന്റെ മുഖത്തോടടുപ്പിച്ചു ശബ്ദം വളരെ താഴ്ത്തി പരിഹാസത്തോടെ പറഞ്ഞു.

“തന്നെപ്പോലെ ആണത്തത്തെ തെര്‍മോമീറ്റര്‍ ആക്കി കൊണ്ടുനടക്കുന്നവരെ സ്വീകരിക്കാന്‍ ഇരിക്കുന്നവളല്ല  മിലാന്‍. എന്തായാലും അതിനുപറ്റിയ ആളെ തനിക്കിപ്പോഴാണ് കിട്ടിയത്.  രണ്ടു സൂപ്പർ ഫ്രോഡുകൾ! ഇപ്പോഴാണ് ചേരുംപടി ചേര്‍ന്നത്‌. ചെല്ല്... എന്നിട്ട് ഈ തെര്‍മോമീറ്റര്‍ ആ തിളച്ച മഷിക്കുപ്പിയിലേക്ക് തന്നെ ഇറക്കിവെയ്ക്ക്. ആള്‍ദി ബെസ്റ്റ്....”

ദാസ്‌ പൊട്ടിച്ചിരിച്ചു. നിരഞ്ജന്‍ തന്റെ ഫയലുകള്‍ എടുത്തുപുറത്തു മറയുന്നതുവരെ ദാസിന്റെ ചിരിയുടെ മുഴക്കം  കേള്‍ക്കാമായിരുന്നു.

                                                    (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ45 സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക