പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-2 : ഡോ. പോള്‍ മണലില്‍)
Published on 04 January, 2021
ഞാന്‍ ഇങ്ങനെ പ്രസംഗിക്കുന്നു
ഇന്ന് നഷ്ടപ്രായമായിക്കഴിഞ്ഞ ശ്രേഷ്ഠമായ വചനതലങ്ങളില്‍ ഒന്നാണ്, പണ്ട് പ്രസംഗം എന്നു പറഞ്ഞുപോന്നതും ഇന്ന് പ്രഭാഷണം എന്ന് പ്രൗഢമാക്കപ്പെട്ടതുമായ ആ കല. നല്ല പ്രസംഗം കേള്‍ക്കാന്‍ അവസരം കുറവായതിനാല്‍ പ്രസംഗമേ ചീത്തയാണ് എന്നൊരു ധാരണ ആലോചനയെന്യേ ആളുകള്‍ക്കിടയില്‍ പരന്നിട്ടുണ്ട്. ചീത്തയാക്കപ്പെട്ടത് നന്നാക്കപ്പെടാമല്ലോ. ആദ്യത്തേത് എളുപ്പവും മറ്റേത് പ്രയാസവും ആണ്. അതിനാല്‍ എളുപ്പത്തിന്റെ പക്ഷം പിടിച്ചും, പ്രസംഗം ചീത്തതന്നെ എന്നു ശപഥം ചെയ്യാന്‍ ജനങ്ങള്‍ മുതിര്‍ന്നുകളയുന്നു.
പഴയ കഥ
ഇവരില്‍ പലരും നല്ല പ്രഭാഷണത്തിന്റെ കഥകള്‍ എത്രയോ കേട്ടറിഞ്ഞവരായിരിക്കും. മനുഷ്യചരിത്രം തുടങ്ങിയ കാലം മുതല്‍ പ്രസംഗം തുടങ്ങിയിരിക്കണം. നാലാളെ ഒന്നിച്ചുകൂട്ടി അവരോട് രണ്ടു വാക്ക് പറയാന്‍ അവസരം ഇല്ലാതെ സമൂഹത്തില്‍ ജീവിതം സാധ്യമാവില്ല. മനുഷ്യന്‍ ചിന്തിക്കാനും സാമൂഹികമായി അഭിപ്രായം രൂപംകൊള്ളിക്കാനും തുനിഞ്ഞിറങ്ങിയ പരിഷ്കൃതദശതൊട്ട് പ്രഭാഷണകല വളരെയേറെ അഭിവൃദ്ധിപ്പെട്ടു. ഗ്രീസിന്റെ സുവര്‍ണദശയില്‍ ഉദിച്ചുയര്‍ന്ന പ്രഭാഷകരായ ഡെമോസ്തനീസും റോമാസാമ്രാജ്യത്തിലെ സിസറൊ, റീന്‍സി തുടങ്ങിയവരും പില്‍ക്കാലത്ത് വെബ്‌സ്‌നര്‍, ഇംഗര്‍ഡോള്‍, എഡ്മണ്ട് ബര്‍ക്ക്, വില്യം പിറ്റ് ഷെരിഡന്‍ മുതലായവരും നവീന കാലത്തുണ്ടായ ലോയിഡ് ജോര്‍ജ്, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ട്രോട്‌സ്കി, അഡ്‌ലേ സ്റ്റീവന്‍സണ്‍ തുടങ്ങിയവരും പ്രഭാഷണത്തിന്റെ ഉയര്‍ച്ചയും പ്രഭാവവും എത്രത്തോളം ആകുമെന്ന് തെളിയിച്ചു. ഹിറ്റ്‌ലര്‍ പ്രസംഗം മനുഷ്യത്വശൂന്യമായാല്‍ ഉണ്ടാകാവുന്ന ആപത്തിനെ തെളിയിച്ചു. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരകാലത്താണ് ആധുനിക പ്രഭാഷണത്തിന്റെ പ്രോജ്ജ്വലത മുഴുവനും തെളിഞ്ഞുവന്നത്. മഹത്തായ ലക്ഷ്യം വരുമ്പോള്‍ മഹാന്മാരായ പ്രഭാഷകര്‍ വരുന്നു. ഭാരതീയ വാഗ്മിതയുടെ വസന്തം അന്നായിരുന്നു. വിശ്വം വെന്ന വിവേകാനന്ദന്റെയും സ്വാമി രാമതീര്‍ഥന്റെയും സംന്യാസി പാരമ്പര്യം ഇങ്ങേയറ്റത്ത് രംഗനാഥാനന്ദസ്വാമി വരെ നീണ്ടുകിടക്കുന്നു. ബെപിന്‍ ചന്ദ്രപാല്‍, ഗോഖലെ, സത്യമൂര്‍ത്തി, രാജഗോപാലാചാരി, സുഭാഷ് ചന്ദ്രബോസ്, ജവഹര്‍ലാല്‍ നെഹ്‌റു, ശ്രീനിവാസശാസ്ത്രി, സരോജിനീ നായിഡു, ഡോ. രാധാകൃഷ്ണന്‍ തുടങ്ങി എണ്ണമില്ലാത്ത അതികായര്‍ അന്ന് ആ വേദിയില്‍ വിളിങ്ങിനിന്നു. കേരളത്തിലും ഈ ചരിത്രം ആവര്‍ത്തിക്കുന്നു. സത്യവ്രതസ്വാമികള്‍, വാഗ്ഭടാനന്ദന്‍ തുടങ്ങിയ ആത്മീയാചാര്യന്മാരും ടി.കെ. മാധവന്‍, മുഹമ്മദ് അബ്ദുറഹിമാന്‍, പനമ്പിള്ളി ഗോവിന്ദ മേനോന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക നേതാക്കളും കേരളത്തിന്റെ അഭിമാനങ്ങളാണ്. ലോകാചാര്യന്മാരും മതസ്ഥാപകരും സാധാരണ ജനങ്ങളോട് നേരിട്ടു സംസാരിച്ചു, അവരുടെ ഹൃദയങ്ങളില്‍ എന്നേക്കും സ്ഥാനം ഉറപ്പിച്ചവരാണ്. യാജ്ഞവല്ക്യന്‍ വിദ്വല്‍ സദസ്സുകളോട് ഉപനിഷത്തിന്റെ വക്താവായി സംവദിച്ചു. ബുദ്ധനും ക്രിസ്തുവും നബിയും സാധാരണ ജനങ്ങളോട് സംസാരിച്ചു. മഹാത്മഗാന്ധിയും ജനകോടികളെ ഉത്തേജിപ്പിച്ച് കര്‍മോന്മുഖരാക്കി മാറ്റി.
വിജയരഹസ്യം
എന്താണ് ഇവരുടെ പ്രസംഗത്തിന്റെ വിജയത്തിന്റെ ഹേതു? ഇവരില്‍ ഓരോരാളും പ്രസംഗത്തിനു തന്റെ വഴി കണ്ടെത്തി - അതുതന്നെ! ചര്‍ച്ചിലിന്റെയും ഗാന്ധിജിയുടെയും പ്രഭാഷണരീതികള്‍, അവരുടെ ജീവിതരീതികള്‍പോലെ വിഭിന്നങ്ങളാണ്. പക്ഷേ, രണ്ടിലും പൊതുഘടകമായി ജീവിതമഹത്ത്വവും അവരുടെ സ്വപ്നങ്ങളിലുള്ള ധീരവിശ്വാസവും വിലസുന്നു. സരോജിനീ നായിഡുവിന്റെ ശബ്ദസംഗീതം രാധാകൃഷ്ണനില്‍ കണ്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ ചിന്താഗഹനത സരോജിനീ ദേവിയിലും കാണില്ല. ഞാന്‍, അതുകൊണ്ട്, പ്രസംഗത്തില്‍ ആരെയും അനുകരിച്ചില്ല. എന്നെ അനുസരിച്ചും അവനവനെ കണ്ടെത്തുന്ന തോതനുസരിച്ചും പ്രഭാഷണത്തിന്റെ ഹൃദയസ്പര്‍ശന ശക്തി കൂടിവരും. സ്വയം കണ്ടെത്തുന്നവന്റെ വാക്ക് സത്യമായിത്തീരുന്നു. വാക്കിന്റെ സത്യമാണ് പ്രസംഗത്തിന്റെ വിജയത്തിന് ആധാരം. ഹിറ്റ്‌ലറുടെ കാഴ്ചപ്പാട് ചീത്തയായിരുന്നെങ്കിലും അദ്ദേഹത്തിന് സ്വന്തം നിലയില്‍ ആത്മാര്‍ഥമായ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് ഹിറ്റ്‌ലര്‍ തോറ്റപ്പോള്‍ അദ്ദേഹത്തിന്റെ പ്രഭാഷണം വിജയിച്ചു. പ്രഭാഷണത്തിന്റെ ടെക്സ്റ്റ് ബുക്കുകളില്‍ അക്കമിട്ട് നിരത്തിയ ഗുണഗണങ്ങളില്‍ ഒന്നെങ്കിലും ഗാന്ധിജിക്ക് ഉണ്ടായിരുന്നെന്ന് തോന്നുന്നില്ല. പക്ഷേ, ഒരെണ്ണം അദ്ദേഹത്തില്‍ നിറഞ്ഞുകവിഞ്ഞിരുന്നു - സത്യം, സത്യപ്രേമം, സത്യധീരത - എല്ലാം ഒന്നുതന്നെ. ഇതാണ് പ്രഭാഷണം ഒഴിവാക്കാന്‍ പാടില്ലാത്ത ഏകഗുണം. മറ്റു ഗുണങ്ങളെല്ലാം വട്ടപ്പൂജ്യങ്ങള്‍, ഇതിന്റെ പിന്നില്‍ നില്‍ക്കുന്നില്ലെങ്കില്‍! ഗാന്ധിജി പതുക്കെ ഏതോ ഗ്രാമത്തില്‍നിന്നു പറഞ്ഞ വാക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തറക്കല്ലുകളെ തകര്‍ക്കുന്ന ശക്തി ആര്‍ജിച്ചത് ഈ ആത്മബലത്തില്‍നിന്നായിരുന്നു. അദ്ദേഹം മെല്ലെപ്പറഞ്ഞാലും മൗനമായിരുന്നാലും ലോകത്തിന്റെ ചെവിയില്‍ അതെല്ലാം ആഞ്ഞലച്ചു.
സ്വന്തം വേഷം, ഭാഷ
ഈ പ്രസംഗരഹസ്യമാണ് ഞാന്‍ ഗ്രസിച്ചത്. അല്ലാതെ പ്രാസംഗികന്റെ പ്രത്യേക വേഷവും ഭാഷയും നില്പും നോട്ടവും ചിരിയും തമാശയും എല്ലാമായി വന്ന് അഭിനയിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. അതുകൊണ്ട് പ്രഭാഷണം മനഃപാഠം പഠിക്കുന്നതും പണ്ടേ ഒഴിവാക്കി. ഹൃദിസ്ഥമാക്കിയത് രംഗഭീതിമൂലം മറന്നുപോകും. മറക്കുമ്പോള്‍ വിയര്‍ക്കും, പ്രസംഗം തോല്‍ക്കും. മനസ്സില്‍ നേരത്തെ പഠിച്ചുറച്ചു കിടക്കുന്ന പാഠങ്ങള്‍ ഉറന്നൊഴുകുന്നത് ഏതു പ്രസംഗത്തില്‍നിന്നാണോ അതാണ് മികച്ച ഭാഷണം. നിഘണ്ടു മനസ്സില്‍ ഒളിപ്പിച്ച് സംസാരിക്കരുത്. വലിയ വാക്ക് ഉപയോഗിക്കാം. പക്ഷേ, അത് അപ്പോഴത്തെ സന്ദര്‍ഭത്തിനും അവസ്ഥയ്ക്കും വിഷയത്തിനും സദസ്സിനും ഇണങ്ങുന്നതാവണം. ഇല്ലെങ്കില്‍ കേള്‍വിക്കാരുടെ ഉള്ളില്‍ ചിരിയുടെ ചുരുള്‍ അഴിഞ്ഞുതുടങ്ങും. ചേരാത്ത വേഷം പോലെ ത്യാജ്യമാണ് ചേരാത്ത എന്തും - വാക്കാവട്ടെ, ഫലിതമാവട്ടെ, ആംഗ്യമാവട്ടെ. സ്വാഭാവികമല്ലാത്തത് പ്രകടിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍, അതിലാവും പ്രഭാഷകന്റെ ശ്രദ്ധ മുഴുവനും. തന്റെ ഭാഷണം എന്ന പ്രധാന കാര്യം അപ്പോള്‍ മാര്‍ജിനിലേക്ക് തള്ളപ്പെടും. പുതിയ ചെരിപ്പിട്ട് ക്ലാസ്സില്‍ പോകുന്ന അധ്യാപകന്റെ ആദ്യത്തെ ക്ലാസ്സിനെ ആ ചെരിപ്പ് ചീത്തയാക്കാതിരിക്കില്ല. പുതിയ ഡിന്നര്‍ ഡ്രസ്സ് ധരിച്ച് അമേരിക്കയില്‍ വിരുന്നില്‍ പങ്കെടുത്ത ഒരു ചങ്ങാതിക്ക് ഭക്ഷണമേ രുചിക്കാതെയായത്രെ. പുതിയ "നൈറ്റ് ഗൗണ്‍' ധരിച്ച് കിടന്നിട്ട് വിളക്കണയ്ക്കാന്‍ പറ്റാതെ ഉറക്കച്ചടവ് ബാക്കിയായി നേരം പുലര്‍ത്തിയ ഒരു കക്ഷിയെ എനിക്കറിയാം. ഇവരെയെല്ലാം നിങ്ങള്‍ക്ക് വേറെ പേരില്‍ പരിചയമുണ്ടായിരിക്കും! അതിനാല്‍ പ്രസംഗവേദിയെ ഭാസുരമാക്കാന്‍ ഇവയൊന്നിനെയും കൂട്ടുപിടിക്കാതെ ചെല്ലുക. ശ്രീരാമന്‍ ദണ്ഡകാരണ്യത്തിലൂടെ കടന്നു പോയത് വാല്മീകി വര്‍ണിക്കും - ഒറ്റയ്ക്ക്, തന്റെ തേജസ്സ് മാത്രം തുണയായി!
വീട്ടില്‍ പറയുമ്പോലെ
വീട്ടില്‍ അച്ഛനെ, അദ്ദേഹത്തോട് എത്ര വിരോധം തോന്നിയാലും, ആരും "അഭിവന്ദ്യ പിതാവേ' എന്നു വിളിക്കാറില്ലല്ലോ. ഇല്ലെങ്കില്‍, പ്രസംഗവേദിയിലെ ഭാഷണവിജയത്തിന്റെ രഹസ്യം മറ്റൊന്നല്ലെന്നു വിശ്വസിക്കാം. ""സമാരാധ്യനായ നേതാവിനെ പന്നഗം ദംശിച്ച് അദ്ദേഹം മൃതനായി'' എന്നു പറഞ്ഞാല്‍, കേള്‍വിക്കാര്‍, ചിലപ്പോള്‍, കടിച്ച പാമ്പിന്റെ ഭാഗത്ത് ചേര്‍ന്നുവെന്നു വന്നു കൂടായ്കയില്ല! പാപ്പാന്‍ ആനയോടു പറയുന്ന ഭാഷ ഉള്ളില്‍ത്തട്ടുന്നതാണ്. ആ ഭാഷയാണ് ഫലവത്താവുക. സംസ്കൃതപദങ്ങള്‍ ഒട്ടും പാടില്ലെന്നും നാടോടിവാക്കുകളേ പാടുള്ളുവെന്നും ധരിച്ചേക്കരുത്. നേരത്തെ പറഞ്ഞതുപോലെ വിഷയം, സദസ്സ്, സന്ദര്‍ഭം, വക്താവ് ഇവയെല്ലാം ഭാഷണത്തെ പലമട്ടില്‍ നിയന്ത്രിക്കും. എല്ലാറ്റിനും ഇണങ്ങുന്ന സ്വാഭാവികതയാണ് എന്റെ മനസ്സിലുള്ള ആശയം. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് ആശയം പ്രചരിപ്പിക്കുമ്പോള്‍ ഈ സ്വാഭാവികതയോട് നീതി പുലര്‍ത്താതെ വിജയിക്കില്ല.
ആശയവിനിമയമില്ല
ഇന്ന് ഇന്ത്യന്‍ പ്രഭാഷണത്തിന്റെ മുഖ്യപരാജയം ആശയവിനിമയം നടക്കുന്നില്ല എന്നതാണ്. അതുകൊണ്ട് കുറെ കഴിയവെ പ്രഭാഷകന് ശ്രോതാക്കള്‍ ഇല്ലാതെ വരുന്നു. കളവും അസംബന്ധവും കൃത്രിമമായ ആദര്‍ശബോധവും എല്ലാം, യഥാര്‍ഥത്തില്‍, "പ്രകടിപ്പിക്കുന്ന' ഒരു ലോകത്തില്‍നിന്ന് മനുഷ്യര്‍ ഓടി രക്ഷപ്പെടുന്നത് കുറ്റമല്ല. നമ്മുടെ പ്രഭാഷകര്‍ ജനങ്ങളോടു പറയേണ്ടത് മറന്നുപോയവരാണ്. ഈ മറവിയാണ് ഇന്ത്യയുടെ ദേശീയരോഗം. ഇത് ഹൃദയത്തില്‍ ഉറപ്പിച്ചാല്‍ വേദിയില്‍ വിജയിക്കും എന്നാണ് എന്റെ എളിയ അനുഭവം. സദസ്സുമായി ആത്മീയസൗഹൃദം സ്ഥാപിക്കുകയാണ് പ്രഭാഷകന്റെ പ്രഥമകര്‍ത്തവ്യം. അത് നിര്‍വഹിക്കാന്‍ അയാള്‍ക്ക് സമയം ഒട്ടുമില്ല - അല്പം നിമിഷങ്ങളേ ഉള്ളൂ. വിവേകാനന്ദസ്വാമികള്‍ ചിക്കാഗോവില്‍ ആദ്യത്തെ സംബോധന കൊണ്ടുതന്നെ ഈ സമ്പര്‍ക്കം നേടി. ലോകം ഇന്നും പുളകംകൊള്ളുന്നു. ആ സംബോധന മനസ്സില്‍ വീണ്ടും മുഴങ്ങുമ്പോള്‍ - ""അമേരിക്കയിലെ സഹോദരികളെ സഹോദരന്മാരേ.'' ആ പ്രസംഗം മുഴുവന്‍ അതിലുണ്ട്. ഇതൊക്കെ നൂറ്റാണ്ടുകളുടെ പുണ്യഫലമായി സംഭവിക്കുന്ന സാരസ്വത മഹാവിജയങ്ങളാണ്, എന്നും കിട്ടുന്നവയല്ല.
നെഹ്‌റുവിന്റെ പ്രസംഗം
ഈ ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍, പിന്നെ അത് പ്രസംഗം തീരുമ്പോഴേ പൊട്ടിക്കാന്‍ പാടുള്ളൂ. ഈ ബന്ധം ഉള്ളപ്പോള്‍, സദസ്സിനോട് നിങ്ങള്‍ക്ക് അഭ്യര്‍ഥിക്കാം, കോപിക്കാം, വളരെ കളിയാക്കാം, തെറ്റിപ്പോയാല്‍ അവര്‍ തിരുത്തിത്തരും, പൊറുക്കും. നെഹ്‌റുവിന്റെ ആഹ്ലാദവും ദുഃഖവും ഭയവും എല്ലാം, മുമ്പില്‍ നിറഞ്ഞുനിന്ന ജനക്കൂട്ടത്തിന്റേതായി മാറി. നെഹ്‌റുവിന് കോപം വരുമ്പോള്‍ ജനങ്ങളും കോപിക്കുന്നു. നെഹ്‌റു സംസാരിച്ചത് താനായിട്ടാണ്, മറ്റൊരാളായിട്ടല്ല. ഗാന്ധിജിയെപ്പോലെ സംസാരിക്കാന്‍ നെഹ്‌റു മുതിര്‍ന്നില്ല. അതുകൊണ്ട് നമുക്ക് ഗാന്ധിജിയെയും നെഹ്‌റുവിനെയും ലഭിച്ചു. ഇല്ലെങ്കില്‍ നെഹ്‌റു നഷ്ടമായിപ്പോയേനെ. മദ്യപിക്കുന്നവന്‍ ലോകത്തെ ഉദ്‌ബോധിപ്പിക്കാന്‍ നടക്കരുത്. മദ്യം എന്ന മഹാവിപത്തിന്റെ ദോഷം കാട്ടാന്‍ വേദിയില്‍ കയറാം. പ്രാസംഗികനായിട്ട് കയറരുത്. പക്ഷേ, മന്ത്രിമാരുടെ യുഗം വന്നതോടെ ഇത്തരം കെടുതികള്‍ ദിവസേന നാട്ടില്‍ നടക്കുന്നു. ഫലമോ, പ്രഭാഷണത്തിന്റെ നാശവും!
ലക്ഷ്യവും പ്രസംഗവും
മഹത്തായ ലക്ഷ്യവും ആദര്‍ശവും ജനങ്ങള്‍ക്കുവേണ്ടി പറയാനുള്ള ആര്‍ജവവും ഉള്ളവര്‍ക്ക് വിധിച്ചതാണ് പ്രസംഗം. വലിയൊരു ലക്ഷ്യത്തിനു വലിയ പ്രഭാഷകന്‍ വന്നുചേരും. എന്റെ വിശ്വാസം അതാണ്, അനുഭവവും മറ്റൊന്നല്ല. ലോകത്തിന്റെ അതിര് താനും തന്റെ കുടുംബവും ആയിരിക്കുന്ന ഒരു ലോകത്തില്‍ മഹാലക്ഷ്യങ്ങള്‍ അസ്തമിച്ചുപോയി. എങ്ങനെ ഇവിടെ മഹാനായ പ്രഭാഷകന്‍ വന്നുചേരും? ഗാന്ധിജിയെ ഈ നാട് ശ്രദ്ധിച്ചത്, വള്ളത്തോളിന്റെ ഭാഷയില്‍, ലോകത്തെ തറവാട് ആയി അദ്ദേഹം കണ്ടപ്പോഴാണ്. മറിച്ച് ഇന്നുള്ള നേതാക്കളുടെ ലോകം അവരുടെ ചെറിയ കുടുംബമാണ്. അവര്‍ പ്രസംഗിച്ചാല്‍ പ്രസംഗമാവുമോ? ഇവര്‍ പറയുന്നത് കേള്‍ക്കാന്‍ ആര്‍ വരും! അവരുടെ കുടുംബാംഗങ്ങള്‍ പോലും വരില്ല, വരാന്‍ ജനത്തിനു കാശ് കൊടുക്കണം. ഓരോ കുട്ടിയിലും ഏതോ വേദിയില്‍ തെളിയുന്ന ഒരു പ്രഭാഷകന്‍ ഉണ്ടായിരിക്കും. തന്റെ സത്യം ഗ്രഹിക്കാന്‍ കഴിഞ്ഞ വ്യക്തിക്ക് ആ വേദിയില്‍ വിജയസിംഹാസനം ഉറപ്പിക്കാം. ഇതൊക്കെ ഉള്ളില്‍ കുത്തിവെച്ചിട്ടാണ് ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങിയത്. ഇന്നും അങ്ങനെ തുടരുന്നു. (1995, ഓഗസ്റ്റ് 16, മാതൃഭൂമി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല